പരിത്യാഗ മാഹാത്മ്യം
Saturday, April 1, 2017 11:24 PM IST
മനുഷ്യനെ മിക്കപ്പോഴും നയിക്കുന്നത് ഭോഷത്തമാണെന്നും ഭോഗതത്വത്തിന് അിടമപ്പെടുന്നതാണ് എല്ലാ മാനസിക വിഭ്രാന്തികളുടേയും കാരണമെന്നും സിഗ്മണ്ട് ഫ്രോയിഡ് മനഃശാസ്ത്ര വിശകലനത്തിലൂടെ സ്ഥാപിച്ചിട്ടുണ്ട്. ഭോഗതത്വത്തിൽനിന്ന് യാഥാർഥ്യത്തിന്റെ തത്വത്തിലേക്ക് ഇപ്പോൾ ഉയരാൻ സാധിക്കുമോ അപ്പോഴാണ് മനുഷ്യന് സ്വസ്ഥതയും ശാന്തിയും ലഭിക്കുന്നത്. ഈ ഉണർവും ഉയർച്ചയും സാധ്യമാകുന്നതിന് മനുഷ്യനെ സഹായിക്കുന്ന ദിവ്യമന്ത്രമാണ് പരിത്യാഗം. യേശുക്രിസ്തുവിന്റെ ജീവിതവും കുരിശിലെ മഹാത്യാഗവും പരിത്യാഗത്തിന്റെ പാതിയിലൂടെ ജീവിതം സഫലമാക്കാൻ നമ്മെ ആഹ്വാനം ചെയ്യുന്നു.
യേശു തന്റെ പീഡാനുഭവത്തിന്റെ അർഥം ശിഷ്യരെ പഠിപ്പിക്കുന്നത് പ്രധാനമായും മൂന്ന് പീഡാനുഭവ പ്രവചനങ്ങളിലൂടെയാണ്. ഓരോ പ്രവചനത്തിനുശേഷവും ശിഷ്യന്മാർ ഗുരുവിനോട് കലഹിക്കുന്നുണ്ട്. അപ്പോൾ യേശു തന്റെ പീഡാനുഭവത്തിന്റെ ആഴമായ അർഥത്തിലേക്ക് അവരെ നയിക്കും. പത്രോസിന്റെ വിശുദ്ധ പ്രഖ്യാപനത്തെ തുടർന്നാണ് യേശു ആദ്യത്തെ പീഡാനുഭവ പ്രവചനം നടത്തുന്നത്. "മനുഷ്യപുത്രൻ വളരെയേറെ സഹിക്കുകയും ജനപ്രമാണികളാലും പുരോഗിതന്മാരാലും തിരസ്കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങൾക്കുശേഷം ഉയിർപ്പിക്കപ്പെടുകയും ചെയ്യേണ്ടിയിരിക്കുന്നു (മർക്കോ. 8.31) പത്രോസ് ഇത് തുറന്നെതിർത്തു. യേശു പത്രോസിനെ ശാസിച്ചു: "നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്’ ( മർക്കോ 8.33). തുടർന്ന് യേശു എല്ലാവരേയും അടുത്തുവിളിച്ച് ശിഷ്യത്വത്തിന്റെ അർഥമെന്തെന്ന് പഠിപ്പിച്ചു. ’ആരെങ്കിലും എന്നെ അനുഗമിക്കാൻ ആഗ്രഹിക്കന്നെങ്കിൽ അവൻ തന്നെത്തനെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കുക എന്ന ത്രിവിധ കർമങ്ങളാണ് ഓരോ ശിഷ്യനും ചെയ്യേണ്ടത്. സ്വാർഥമോഹങ്ങളും പാപാസക്തികളും ഉപേക്ഷിക്കുന്പോഴാണ് ആത്മപരിത്യാഗത്തിൽ എത്തിച്ചേരുന്നത്.
"കുരിശ്’ പേർഷ്യക്കാരും റോമാക്കാരും ഉപയോഗിച്ചിരുന്ന ക്രൂരമായ പീഡനോപാധിയായിരുന്നു. യേശു സ്വമേധയാ കുരിശുമരണം വരിച്ചതോടെ പീഡനത്തിന്റെ ഉപാധി സ്നേഹത്തിന്റെയും സഹനത്തിന്റെയും മാധ്യമമായി പരിവർത്തനപ്പെട്ടു. "കുരിശെടുക്കുക’ എന്നതിലൂടെ ആത്മദാനപരമായ പരസ്നേഹം തോളിൽ പേറുക എന്നാണ് യേശു അർഥമാക്കുന്നത്. മറ്റുള്ളവരുടെ ക്ഷേമത്തിനുവേണ്ടി എന്തും സഹിക്കാൻ തയാറാകുന്ന ത്യാഗോദാരമായ സ്നേഹത്തെ കുറിക്കുന്ന ചിന്തയാണ് കുരിശ്. "അനുഗമിക്കുക’ എന്നാൽ യേശുവിന്റെ വചനമനുസരിച്ച് ജീവിക്കുക എന്നാണർഥം.
ശിഷ്യത്വത്തിന്റെ മർമമായി നിലകൊള്ളുന്ന പരിത്യാഗവും കുരിശെടുക്കലും അനുഗമവും വീരോചിതമായി പരസ്നേഹം അഭ്യസിക്കാനുള്ള ആഹ്വാനമാണ്. ’സ്വന്തം ജീവൻ രക്ഷിക്കാൻ ആഗ്രഹിക്കുന്നവൻ അത് നഷ്ടപ്പെടുത്തും. സുവിശേഷത്തിനുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തുന്നവൻ അത് കണ്ടെത്തും’ (മർക്കോ 8:35) മറ്റുള്ളവർക്കാ തന്നെത്തന്നെ സ്വയം ചെയ്യുന്നതാണ് പരസ്നേഹത്തിന്റെ പരമോന്നതായ പ്രകാശനം.
പീഡാനുഭവത്തെക്കുറിച്ചുള്ള രണ്ടാമത്തെ പ്രവചനം (മർക്കോ 9: 30-31) ശിഷ്യർക്ക് തീർത്തും ദുർഗ്രഹമായിരുന്നു. തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെച്ചൊല്ലി അവർ തർക്കിക്കാൻ തുടങ്ങി. യേശു ഒരു ശിശുവിനെ എടുത്ത് മധ്യേ നിർത്തിയിട്ട് പറഞ്ഞു. ’ഇതുപോലുള്ള ഒരു ശിശുവിനെ സ്വീകരിക്കുന്നവർ എന്നെ സ്വീകരിക്കുന്നു"(മർക്കോ 9:37) സമൂഹത്തിലെ ദുർബലരുടെയും പാർശ്വവത്ക്കരിക്കപ്പെട്ടവരുടെയും പ്രതീകമാണ് ശിശു.
ശിഷ്യൻ ദുർബലരെ പരിചരിക്കുന്പോൾ ദൈവത്തെ സ്വീകരിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്നു. പാവപ്പെട്ടവരേയും പ്രാന്തസ്ഥരേയും ശുശ്രൂഷിക്കാൻ നമ്മെ നിർബന്ധിക്കുന്ന പ്രവാചകപരമായ അടയാളമാണ് കുരിശ്. ഒരു വ്യക്തിയുടെ വലിപ്പവും മഹത്വവും അടങ്ങിയിരിക്കുന്നത് എളിയവരെ ശുശ്രൂഷിക്കുന്നതിലാണ്. മൂന്നാമത്തെ പീഡാനുഭവ പ്രവചനം കേട്ടപ്പോൾ (മർക്കോ 10: 3234) സെബദിപുത്രന്മാരായ യാക്കോബും യോഹന്നാനും മാത്രമല്ല, ശിഷ്യസമൂഹം മുഴുവൻ അധികാരത്തിനു വേണ്ടി കലഹിക്കാൻ തുടങ്ങി (മർക്കോ 10: 35-45). അപ്പോൾ യേശു യഥാർഥ അധികാരം വിനീതമായ ശുശ്രൂഷയാണെന്നും സ്വജീവൻ മറ്റുള്ളവർക്കായി മോചന ദ്രവ്യമായി നൽകുന്നിടത്തോളമെത്തുന്ന ശൂന്യവത്ക്കരണമായിരിക്കണം ശിഷ്യന്റെ ജീവിതലക്ഷ്യമെന്നും അവരെ പഠിപ്പിച്ചു.
കുരിശ് ശൂന്യവത്ക്കരണത്തിലൂടെ ശുശ്രൂഷ ചെയ്യാൻ നമ്മെ ആഹ്വാനം ചെയ്യുന്ന പരമോന്നതമായ പരസ്നേഹത്തിന്റെ അടയാളമാകുന്നു. ആത്മപരിത്യാഗം, മറ്റുള്ളവർക്കായിതന്നെത്തന്നെ വ്യയം ചെയ്യുന്ന പരാർഥതയുടെ ജീവിതം പാവപ്പെട്ടവരോടും മുൻഗണനാപരമായ സ്നേഹത്തിലൂന്നിയ സേവനം, ശൂന്യവത്ക്കരണത്തോളമെത്തുന്ന ശുശ്രൂഷ -ഇവയാണ് കുരിശിന്റെ അർഥങ്ങൾ.