പാദക്ഷാളനം
Thursday, April 13, 2017 12:53 AM IST
ലോകചരിത്രത്തിലിന്നോളം ദർശിച്ചിട്ടില്ലാത്ത എളിയ പ്രവൃത്തിയാണ് ക്രിസ്തു നിർവഹിച്ച പാദക്ഷാളനം. (യോഹ 13:115) തന്റെ ശിഷ്യന്മാരുടെ പാദങ്ങളോളം താണിറങ്ങി അവ കഴുകിത്തുടച്ച് ദാസന്മാരുടെ ദാസനായിത്തീർന്ന ക്രിസ്തുവിനെ അത്ഭുതാദരങ്ങളോടെ മാത്രമേ നമുക്ക് നോക്കിക്കാണാനാവൂ. ശിഷ്യന്മാരോടൊത്ത് അന്ത്യഭോജനം കഴിക്കാനിരുന്നപ്പോഴാണ് ഈ ദാസ്യവൃത്തി അവിടുന്ന് ചെയ്യുന്നത്. അതിലൂടെ തങ്ങളിൽ ആരാണ് വലിയവൻ എന്നതിനെക്കുറിച്ച് വഴക്കടിച്ചുകൊണ്ടിരുന്ന ശിഷ്യരെ അക്ഷരാർഥത്തിൽ അവിടുന്ന് ഞെട്ടിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്തു. വലിയവൻ മറ്റുള്ളവരുടെ ദാസനായിത്തീരുന്നവാണെന്ന് പ്രവൃത്തിയിലൂടെ അവിടുന്ന് കാണിച്ചു കൊടുത്തു.
പാദക്ഷാളനരംഗം ആരംഭിക്കുന്നത് ഇങ്ങനെയാണ് : "അത്താഴത്തിനിടയിൽ അവൻ എഴുന്നേറ്റ് മേലങ്കി മാറ്റി, ഒരു തുവാലയെടുത്ത് അരയിൽ കെട്ടി. അനന്തരം ഒരു താലത്തിൽ വെള്ളെടുത്ത് ശിഷ്യന്മാരുടെ പാദങ്ങൾ കഴുകാനും അരയിൽ ചുറ്റിയിരുന്ന തുവാലകൊണ്ട് തുടയ്ക്കാനും തുടങ്ങി..’ (യോഹന്നാൻ 13 :4) "തിത്തേസിൻ’ എന്ന ഗ്രീക്കു പദമാണ് "മേലങ്കി മാറ്റുക’ എന്ന് വിവർത്തനം ചെയ്തിരിക്കുന്നത്. നല്ല ഇടയന്റെ ആളുകൾക്കുവേണ്ടിയുള്ള ആത്മത്യാഗത്തെപ്പറ്റി പരാമർശിക്കുന്നിടത്തും "തിത്തേസിൻ’ എന്ന ഗ്രീക്കു പദമാണ് ഉപയോഗിച്ചിരിക്കുന്നത്. (യോഹ:10:11, 15, 17, 18) ഈ ക്രിയാപദത്തിന് "മാറ്റിവയ്ക്കുന്നു, "ഉപേക്ഷിക്കുന്നു’, "ഉഴിഞ്ഞുവയ്ക്കുന്നു’, "ബലിയർപ്പിക്കുന്നു’ എന്നെല്ലാം അർഥമുണ്ട്.
പാദക്ഷാളനത്തിനു മുന്പ് മേലങ്കി മാറ്റുന്നതിലൂടെ ആളുകൾക്കുവേണ്ടിയുള്ള ജീവത്യാഗമാണ് പ്രതീകാത്മകമായി സൂചിപ്പിക്കുന്നത്. പിറ്റേദിവസം കാൽവരിയിൽ യേശു നിർവഹിക്കാനിരുന്ന ആത്മബലിയുടെ മുൻകുട്ടിയുള്ള ആവിഷ്കാരമാണ് സെഹിയോൻ മാളികയിൽ അന്ത്യഭോജനവേളയിൽ നടന്ന പാദക്ഷാളനം. പാദക്ഷാളനത്തിനു ശേഷം യേശു മേലങ്കി ധരിച്ച് സ്വസ്ഥാനത്തിരുന്നു. (യോഹ:13:12) ഇവിടെ "ധരിച്ചു’ എന്നതിനു പകരം ഉപയോഗിച്ചിരുന്ന "എലാബൻ’ എന്ന ഗ്രീക്കുപദം യേശു മരണശേഷം പുനരുദ്ധാരണത്തിലൂടെ ജീവൻ തിരിച്ചെടുക്കുന്നതിനെ ധ്വനിപ്പിക്കുന്നവാക്കാണ്. നല്ല ഇടയൻ ജീവൻ തിരിച്ചെടുക്കുന്നതിനെപ്പറ്റി പരാമർശിക്കുന്പോഴും "എലാബൻ’ എന്ന ഗ്രീക്കു പദമാണ് സുവിശേഷകൻ ഉപയോഗിക്കുന്നത് (യോഹ 10: 17-18). "മേലങ്കി മാറ്റിയതും’ തിരിച്ചത്തിയതുമെല്ലാം യേശുവിന്റെ കുരിശിലെ ആത്മത്യാഗത്തേയും പുനരുദ്ധാരണത്തേയും വെളിപ്പെടുത്തുന്ന പ്രതീകാത്മക പദങ്ങളാണ്. താൻ നിർവഹിക്കുന്ന പാദക്ഷാളനം കുരിശിലെ രക്ഷാകര കർമത്തിന്റെ മുന്നനുഭവമാണ് എന്ന സന്ദേശമാണ് യേശു ശിഷ്യർക്ക് നൽകിയത്. യേശുവിനെപ്പോലെ മറ്റുള്ളവർക്കുവേണ്ടി ജീവനർപ്പിക്കുന്ന സ്നേഹത്തിലേക്ക് വളരാനുള്ള ആഹ്വാനമാണ് പാദക്ഷാളന സംഭവത്തിൽ അന്തർഹിതമായിരിക്കുന്നത്.
പത്രോസും യേശുവും തമ്മിലുള്ള സംഭാഷണത്തിലെ ശ്രദ്ധേയമായ വാക്യം: "ഞാൻ നിന്നെ കഴുകുന്നില്ലെങ്കിൽ നിനക്ക് എന്നോടു കൂടെ പങ്കില്ല' (യോഹ 13: 8) . യേശുവിനോട് പങ്കാളിത്തമുണ്ടാകണമെങ്കിൽ ശിഷ്യൻ യേശുവിൽ നിന്ന് ക്ഷാളനം സ്വീകരിക്കണം. യേശു നൽകുന്ന പങ്ക് നിത്യ ജീവനാണ്. കുരിശുമരണത്തിന്റെ ഫലമാണ് നിത്യജീവൻ. യേശുവുമായുള്ള ഗാഢബന്ധത്തിലൂടെ യേശുവിനാൽ ക്ഷാളനം ചെയ്യപ്പെടുന്നവർ നിത്യജീവന് അവകാശികളാകുമെന്നു മാത്രമല്ല, മറ്റുള്ളവരെ ക്ഷാളനം ചെയ്യാനുള്ള ആത്മീയശക്തി കൈവരിക്കുകയും ചെയ്യും. യേശുവുമായുള്ള സജീവബന്ധത്തിൽ ജീവിക്കുന്നവർക്കേ യേശുവിനെപ്പോലെ വിനീത ശുശ്രൂഷ ചെയ്യാനാവൂ.
കുരിശുമരണത്തോളം എളിമപ്പെട്ട യേശുവിന്റെ ശൂന്യവത്ക്കരണമാണ് പാദക്ഷാളനം നൽകുന്ന സന്ദേശം. അധികാരം മേധാവിത്വമോ മേൽക്കോയ്മയോ അല്ല, കുരിശുമരണത്തോളമെത്തുന്ന ശൂന്യവത്ക്കരണവും ശുശ്രൂഷയുമാണ്. ""നിങ്ങളുടെ കർത്താവും നാഥനുമായ ഞാൻ നിങ്ങളുടെ പാദങ്ങൾ കഴുകിയെങ്കിൽ നിങ്ങളും പരസ്പരം പാദം കഴുകണം. ഞാൻ നിങ്ങൾക്കൊരു മാതൃക നൽകിയിരിക്കുന്നു...'' (യോഹന്നാൻ 13:1314). യേശുവിന്റെ കുരിശുമരണത്തിലുള്ള പങ്കാളിത്തവും അതിന്റെ തുടർച്ചയുമാണ് ശിഷ്യന്റെ ശുശ്രൂഷാ ജീവിതം. അധികാര വിനിയോഗവും നേതൃത്വവും കുരിശുമരണത്തിന്റെ വ്യാഖ്യാനമാകത്തക്കവിധം ശുശ്രൂഷയായി പരിണമിക്കണമെന്ന് ചുരുക്കം. ഈ ശുശ്രൂഷ സൗഹൃദബന്ധത്തിൽ അധിഷ്ഠിതമായിരിക്കണം. തനിക്ക് ഭരമേല്പിക്കപ്പെട്ടവരെ തനിക്കു തുല്യരായും തന്റെ സുഹൃത്തുക്കളായും കണ്ടുകൊണ്ടുള്ള ശുശ്രൂഷയാണ് ശ്രേഷ്ഠമായ സേവനം. അവിടെ മേലാളനോ കീഴാളനോ ഇല്ല. എല്ലാവരും തുല്യർ. എല്ലാവരും സഹോദരീ സഹോദരന്മാർ, എല്ലാവരും ഉറ്റ സ്നേഹിതർ. അങ്ങനെ സ്നേഹിതക്കു വേണ്ടി മരണം വരിച്ച (യോഹ 15: 13) ക്രിസ്തുവിന്റെ സമത്വദർശനം പ്രായോഗികമാക്കിക്കൊണ്ട് സേവനമനുഷ്ഠിക്കാനുള്ള പ്രവാചകപരമായ ആഹ്വാനമാണ് യേശു നിർവഹിച്ച പാദക്ഷാളനം.