സഭയുടെ വളർച്ച യുവജനങ്ങളിലൂടെ: മാർ ജേക്കബ് അങ്ങാടിയത്ത്
സഭയുടെ വളർച്ച യുവജനങ്ങളിലൂടെ: മാർ ജേക്കബ് അങ്ങാടിയത്ത്
ഏഴാമത് സീറോ മലബാർ ദേശീയ കൺവൻഷൻ യുവജങ്ങൾക്കു വളരെ പ്രാധാന്യം നല്കിയുള്ളതാവുമെന്നു രൂപതാധ്യക്ഷൻ മാർ ജേക്കബ് അങ്ങാടിയത്ത്. ഹൂസ്റ്റണിൽ ഓഗസ്റ്റ് ഒന്നു മുതൽ നാലു വരെ നടക്കുന്ന ദേശീയ കൺവൻഷന്‍റെ മുന്നോടിയായി ഹൂസ്റ്റൺ ഫൊറോനാ ദേവാലയ ഓഡിറ്റോറിയത്തിൽ നടന്ന അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏഴ് എന്ന സംഖ്യ ദൈവത്താൽ നിർണയിക്കപ്പെട്ട പൂർണതയെ കുറിക്കുന്നു. സഭയുടെ വളർച്ച യുവജനങ്ങളിലൂടെയാണ്. പതിനെട്ടു വയസിലേക്കു പ്രവേശിക്കുന്ന അമേരിക്കയിലെ സീറോ മലബാർ രൂപതയും വളർച്ചയുടെ പടവിലാണ്. ഹൈസ്‌കൂൾ, കോളജ് വിദ്യാഭ്യാസം കഴിഞ്ഞവർ ഉൾപ്പെടെ 1200 യുവജനങ്ങൾ ഇതു വരെ കൺവൻഷനു രജിസ്റ്റർ ചെയ്തു കഴിഞ്ഞു. യൂത്ത് അപ്പോസ്തലേറ്റ് ഉൾപ്പെടെ നിരവധി യുവജന കൂടായ്മകൾ മുന്നോട്ടു വന്നു ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് മാർ ജേക്കബ് അങ്ങാടിയത്ത് ആഹ്വാനം ചെയ്തു.

യോഗത്തിൽ സഹായമെത്രാനും ജനറൽ കൺവീനറുമായ മാർ ജോയ് ആലപ്പാട്ട്, ചാൻസലർ ഫാ. ജോണിക്കുട്ടി പുലിശേരി, ഫൊറോനാ വികാരിയും കൺവൻഷൻ കൺവീനറുമായ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, രൂപത യൂത്ത് കോ-ഓർഡിനേറ്റർ ഫാ. പോൾ ചാലുശേരി, അസി. കോ-ഓർഡിനേറ്റർ ഫാ. രാജീവ് വലിയവീട്ടിൽ, ഡോ. എബ്രഹാം മാത്യു (മനോജ്‌) തുടങ്ങിയവർ സംബന്ധിച്ചു.

നാല്പതോളം വരുന്ന കമ്മിറ്റികളുടെയും ഉപകമ്മിറ്റികളുടെയും ഭാരവാഹികൾ പ്രവർത്തന അവലോകനം നടത്തി. സുനിൽ കുര്യൻ രജിസ്ടേഷന്‍റെ പുരോഗതി വിലയിരുത്തി. ഫിനാൻസ് ചെയർ ബോസ് കുര്യൻ സാമ്പത്തിക അവലോകനം അവതരിപ്പിച്ചു. ചടങ്ങിൽ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ സ്വാഗതവും കൺവൻഷൻ ചെയർമാൻ അലക്സ് കുടക്കച്ചിറ നന്ദിയും പറഞ്ഞു.

റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.