വചനമാരിക്കു കാതോർത്തു ഹൂസ്റ്റൺ; കണ്‍വന്‍ഷനു തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം
വചനമാരിക്കു കാതോർത്തു ഹൂസ്റ്റൺ; കണ്‍വന്‍ഷനു തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം
ഇന്ത്യയ്ക്ക് പുറത്തുള്ള പ്രഥമ സീറോ മലബാര്‍ രൂപതയായ ഷിക്കാഗോ സെന്‍റ് തോമസ് രൂപത നേതൃത്വം വഹിക്കുന്ന ഏഴാമത് സീറോ മലബാര്‍ നാഷണല്‍ കണ്‍വെന്‍ഷന് തിരിതെളിയാന്‍ മണിക്കൂറുകള്‍ മാത്രം. ഓഗസ്റ്റ് ഒന്നുമുതല്‍ നാലുവരെ നടക്കുന്ന കണ്‍വെന്‍ഷന് ഹൂസ്റ്റണിലെ ഹില്‍ട്ടണ്‍ അമേരിക്കാസ് കണ്‍വെന്‍ഷന്‍ സെന്‍ററാണ് വേദി. "മാര്‍ത്തോമാ മാര്‍ഗം വിശുദ്ധിയിലേക്കുള്ള മാര്‍ഗം; ഉണര്‍ന്നു പ്രശോഭിക്കുക' എന്ന ആപ്തവാക്യവുമായി അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസീസമൂഹം സംഗമിക്കുന്ന കണ്‍വെന്‍ഷന് ഹൂസ്റ്റണ്‍ ഫൊറോനയാണ് ആതിഥേയത്വം വഹിക്കുന്നത്.

സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നിര്‍വഹിക്കുന്ന കണ്‍വെന്‍ഷനില്‍ ഇന്ത്യയില്‍നിന്നും അമേരിക്കയില്‍നിന്നുമുള്ള നിരവധി പ്രഗത്ഭരാണ് ക്ലാസുകള്‍ നയിക്കുന്നത്. അഡള്‍ട്ട്സ്, കപ്പിള്‍സ്, യൂത്ത് അഡള്‍ട്ട്സ്, യൂത്ത് കോളജ്, യൂത്ത് ഹൈസ്‌കൂള്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ക്കായി 15 വേദികളില്‍ 45ല്‍പ്പരം സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

അമേരിക്കയിലെ സീറോ മലബാര്‍ സമൂഹത്തിന്‍റെ സര്‍വതോന്മുഖമായ വളര്‍ച്ച ലക്ഷ്യംവയ്ക്കുന്ന ക്ലാസുകള്‍ക്കും സിംബോസിയങ്ങള്‍ക്കുമൊപ്പം കലാസാംസ്‌കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ജപമാല അര്‍പ്പണം, ദിവ്യബലി എന്നിവയും ഓരോ ദിവസവും അര്‍പ്പിക്കപ്പെടും. കൂടാതെ, കുമ്പസാരത്തിനുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് ഒന്നിന് വൈകുന്നേരം 3.45ന് അര്‍പ്പിക്കുന്ന ദിവ്യബലിയോടെയാണ് കണ്‍വന്‍ഷന് തുടക്കമാകുക. വൈകിട്ട് 6.45നാണ് ഔദ്യോഗിക ഉദ്ഘാടനം. മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കും. അതേ തുടര്‍ന്ന് 8.00നാണ് 'എറൈസ്' എന്ന പേരിലുള്ള ഓപ്പണിംഗ് പ്രോഗ്രാം.

സുപ്രസിദ്ധ സംഗീതജ്ഞനും നിരവധി സൈറ്റ് ആന്‍ഡ് സൗണ്ട് ഷോകളുടെ സംവിധായകനുമായ ഫാ. ഷാജി തുമ്പേച്ചിറയില്‍ അണിയിച്ചൊരുക്കുന്ന 'മ്യൂസിക്കല്‍ ഡ്രാമ'യില്‍ ഹൂസ്റ്റണ്‍ സെന്‍റ് ജോസഫ് ഇടവകയിലെ 380 പേരാണ് അണിനിരക്കുക. കേരളീയ നാടന്‍ കലകള്‍ക്കൊപ്പം ഫ്യൂഷന്‍ ഡാന്‍സും കോര്‍ത്തിണക്കിയ, ഒന്നര മണിക്കൂര്‍ നീളുന്ന ദൃശ്യവിസ്മയം കണ്‍വെന്‍ഷന്‍റെ മുഖ്യ ആകര്‍ഷകങ്ങളില്‍ ഒന്നാകും.

മയാമിയിലെ പെന്‍സകോല രൂപതാ ബിഷപ്പ് വില്യം വോക്ക്, മിസിസാഗാ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജോസ് കല്ലുവേലില്‍, തലശ്ശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, ചങ്ങനാശേരി അതിരൂപതാ സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍, പ്രമുഖ വചനപ്രഘോഷകന്‍ ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍, സുപ്രീം കോടതി മുൻ ജസ്റ്റീസ് കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പം ട്രെന്‍റ് ഹോണ്‍, പോള്‍ ജെ. കിം, ജാക്കി ഫ്രാങ്കോയിസ് എയ്ഞ്ചല്‍, പാറ്റി ഷീനിയര്‍, ഡോ. ജെയ്‌സി എ. ജോസഫ്, മാത്യു ജേക്കബ് ഉള്‍പ്പെടെയുള്ളവര്‍ വിവിധ സെഷനുകള്‍ നയിക്കും. ക്രിസ്തുവിശ്വാസം സ്വീകരിച്ച, സിനിമാ താരം ക്രിസ്റ്റീന മോഹിനി ശ്രീനിവാസന്‍ സാക്ഷ്യം പങ്കുവെക്കും. ആത്മീയശുശ്രൂഷാരംഗത്ത് പ്രവര്‍ത്തിക്കുന്ന സംഗീതജ്ഞന്‍ ജോണ്‍ അന്‍ഗോട്ടിയുടെ കണ്‍സേര്‍ട്ടും ശ്രദ്ധേയമാകും.


കണ്‍വെന്‍ഷന്‍റെ സുപ്രധാന പരിപാടികളില്‍ ഒന്നായ വര്‍ണശബളമായ ഘോഷയാത്ര ഓഗസ്റ്റ് രണ്ടിനാണ് ക്രമീകരിച്ചിരിക്കുന്നത്. മിഷനുകളും ഇടവകകളും അതത് ബാനറുകളുടെ പിന്നിലായാരും പങ്കുചേരുക. ഫ്‌ളോട്ടുകളും അലങ്കാരങ്ങളും ചെണ്ടവാദ്യമേളങ്ങളും പരമ്പരാഗത വേഷവിധാനങ്ങളും റാലിയെ മനോഹരമാക്കും. സഭാപിതാക്കന്മാരും വൈദികരും വിശിഷ്ടാതിഥികളും ഉള്‍പ്പെടെ നാലായിരത്തില്‍പ്പരം പേര്‍ റാലിയില്‍ അണിനിരക്കും. ഹൂസ്റ്റണ്‍ ജോര്‍ജ് ആര്‍. ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍നിന്ന് രാവിലെ ഏഴിനു ആരംഭിക്കുന്ന റാലി മുഖ്യവേദിയില്‍ സമാപിക്കും. ഏറ്റവും മനോഹരമായി രീതിയില്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്ന മൂന്ന് ഇടവകള്‍ക്ക് പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അമേരിക്കയിലെ വിവിധ നഗരങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 40 സീറോ മലബാര്‍ ഇടവകകളില്‍ നിന്നും 45 മിഷനുകളില്‍ നിന്നുമായി നാലായിരത്തില്‍പ്പരം വിശ്വാസികള്‍ പങ്കെടുക്കും. വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ ഈവനിംഗും സംഘടിപ്പിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ മ്യൂസിക്കല്‍ ബാന്‍ഡായ 'തൈക്കൂടം ബ്രിഡ്ജും പരിപാടി അവതരിപ്പിക്കുന്നുണ്ട്. നാല്‍പ്പതില്‍പ്പരം വരുന്ന കമ്മിറ്റികളും ഉപ കമ്മിറ്റികളുമാണ് കണ്‍വെന്‍ഷനുവേണ്ടി പ്രവര്‍ത്തിക്കുന്നത്.

ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്താണ് ദേശീയ കണ്‍വെന്‍ഷന്‍റെ രക്ഷാധികാരി. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് ജനറല്‍ കണ്‍വീനറും ഫൊറോനാ വികാരി ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ കണ്‍വീനറുമാണ്. കണ്‍വന്‍ഷന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് ചെയര്‍മാന്‍ അലക്‌സ് കുടക്കച്ചിറ അറിയിച്ചു. നാലു ദിനങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ പരിപാടികള്‍ 'ശാലോം അമേരിക്ക' തത്സമയം സംപ്രേഷണം ചെയ്യും.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.