ജോൺപോൾ രണ്ടാമൻ ദൈവത്താൽ അയയ്ക്കപ്പെട്ട മനുഷ്യൻ: ഫ്രാൻസിസ് മാർപാപ്പ
Tuesday, May 19, 2020 11:13 AM IST
വത്തിക്കാൻ സിറ്റി: ദൈവത്താൽ പ്രത്യേകം അയയ്ക്കപ്പെട്ട വ്യക്തിയായിരുന്നു വിശുദ്ധ ജോൺപോൾ രണ്ടാമൻ എന്ന് ഫ്രാൻസിസ് മാർപാപ്പ. ജോൺപോൾ രണ്ടാമന്റെ ജന്മശതാബ്ദി ദിനമായ ഇന്നലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ ദിവ്യബലിയർപ്പണമധ്യേ സന്ദേശം നൽകുകയായിരുന്നു മാർപാപ്പ.
രണ്ടു മാസത്തിനുശേഷമാണു ബസിലിക്കയിൽ പൊതുദിവ്യബലി നടന്നത്. സാമൂഹിക നിയന്ത്രണം പാലിച്ചുകൊണ്ട്, വളരെ ചുരുക്കം പേരേ ദിവ്യബലിയിൽ സംബന്ധിച്ചിട്ടുള്ളൂ. പ്രയാസ വേളകളിൽ പ്രവാചകരെയും വിശുദ്ധാത്മാക്കളെയും ദൈവം അയയ്ക്കാറുണ്ട്. അങ്ങനെ അയയ്ക്കപ്പെട്ട ഒരാളാണു വിശുദ്ധ ജോൺപോൾ രണ്ടാമൻ. ദൈവം അദ്ദേഹത്തെ അതിനായി ഒരുക്കി. ദൈവം തന്റെ ജനത്തെ സന്ദർശിച്ചു എന്ന് ഇന്നു നമുക്കു പറയാൻ അവസരമൊരുക്കി: ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.
പ്രാർഥന, കാരുണ്യം, അടുപ്പം എന്നീ മൂന്നു സവിശേഷതകൾ വിശുദ്ധ ജോൺപോൾ രണ്ടാമന് ഉണ്ടായിരുന്നു. മെത്രാന്റെ പ്രഥമ ചുമതല പ്രാർഥനയാണെന്നു മനസിലാക്കി പ്രവർത്തിച്ചയാളാണദ്ദേഹം. അദ്ദേഹം എപ്പോഴും പ്രാർഥനയ്ക്കു സമയം കണ്ടെത്തി.
എല്ലായ്പ്പോഴും ജനങ്ങളോട് അടുപ്പവും സാമീപ്യവും പുലർത്തി. കാരുണ്യത്തിനും അതിനാൽ നീതിക്കും വേണ്ടി നിലകൊണ്ടയാളാണ് ജോൺപോൾ രണ്ടാമൻ: ഫ്രാൻസിസ് മാർപാപ്പ അനുസ്മരിച്ചു.