ഞാൻ പണ്ടു കളിക്കുമ്പോൾ മാറഡോണയുടെ കളിനീക്കങ്ങൾ അനുകരിക്കാൻ ശ്രമിച്ചിരുന്നു. ടിവിയിൽ ഡിയേഗോയുടെ പല നീക്കങ്ങളും പാസുകളും കണ്ട് അതുപോലെ ചെയ്യാൻ ശ്രമിച്ച് പരാജയപ്പെട്ടവനാണു ഞാൻ. ഡിയേഗോ എവിടെ, ഞാനെവിടെ എന്നു മനസിലായ നിമിഷങ്ങൾ.
മാറഡോണയെ ആരാധിച്ച് ആരാധിച്ചാണ് അർജന്റീനയുടെ ആരാധകനായത്. വീട്ടിൽ ടിവിയില്ലാതിരുന്ന കാലത്തു ചെമ്പുക്കാവിലെ വൽസേട്ടന്റെ ചായക്കടയിലെ ടിവിയിലാണ് കളി കണ്ടിരുന്നത്. അന്നു മാറഡോണ കാലിൽ പന്തുമായി ഗോൾപോസ്റ്റ് ലക്ഷ്യമാക്കി പായുമ്പോൾ ചായക്കടയിൽ ഇരുന്നിരുന്നവരെല്ലാം ഗാലറികളിലെന്ന പോലെ ആരവം മുഴക്കാറുണ്ട്.
അതായിരുന്നു മാറഡോണ. അർജന്റീനയിലായാലും അമേരിക്കയിലായാലും അരണാട്ടുകരയിലായാലും ഇവിടെ ചെമ്പുക്കാവിലായാലും ആരാധകരെ ത്രസിപ്പിക്കുന്ന ഡിയേഗോ...
ഫുട്ബോളിന്റെ ദൈവത്തിനു മൈതാനം വെറും ഗ്രൗണ്ട് മാത്രമല്ലെന്നും ഫുട്ബോൾ വെറും പന്തായിരുന്നില്ലെന്നും മനസിലായതു കണ്ണൂരിൽവച്ചാണ്. ഫുട്ബോൾ ഗ്രൗണ്ടിന്റെ മാതൃകയിൽ ഒരു കേക്കും ഗ്രൗണ്ടിനു നടുവിൽ ഫുട്ബോളിന്റെ ആകൃതിയിൽ കേക്കും ഒരുക്കിയിരുന്നു. ഫുട്ബോൾ കേക്ക് മുറിക്കാൻ മാറഡോണയെ ക്ഷണിച്ചപ്പോൾ അദ്ദേഹം ആ കേക്ക് നോക്കിയശേഷം തനിക്കതു മുറിക്കാനാകില്ലെന്നു വളരെ സ്നേഹത്തിൽ പറഞ്ഞു.
യാതൊരു മയവുമില്ലാതെ ഫുട്ബോളിനെ ഗ്രൗണ്ടിലിട്ടു തട്ടുമെങ്കിലും, ആഞ്ഞടിക്കുമെങ്കിലും ഫുട്ബോളിന്റെ ദൈവത്തിനു ഫുട്ബോൾ ഒരു വിശുദ്ധ വിഗ്രഹമായിരുന്നു. പന്തു തട്ടിക്കളിക്കുന്ന മൈതാനം ആ വിഗ്രഹമിരിക്കുന്ന ആരാധനാലയവും. അതു മുറിക്കാൻ ഡിയേഗോയ്ക്ക് ആകുമായിരുന്നില്ല. മൈതാനത്തിന്റെ ആകൃതിയിലുള്ള കേക്കിന്റെ പുറത്തെ ചില ഭാഗങ്ങൾ മാത്രമേ അന്നു ഡിയേഗോ മുറിച്ചുള്ളു.
അതൊരു വലിയ അനുഭവമായിരുന്നു. അപ്പോഴാണ് ഒരു കാര്യംകൂടി മനസിലായത്...ഡിയേഗോ കാലിൽ പന്തു തൊടുന്നത് എത്ര സ്നേഹത്തോടെയാണെന്ന്....ആക്രമിച്ചു കളിക്കുമ്പോഴും ഡിയേഗോയുടെ കാലിൽ പന്ത് കൂട്ടുകാരനെപ്പോലെയായിരുന്നുവെന്ന്....
അദ്ദേഹം കാലത്തിന്റെ റെഡ് കാർഡ് കണ്ട് ഈ ഭൂമിയിൽനിന്നു മടങ്ങിയിരിക്കുന്നു...കൂട്ടുകാരന്റെ കാലനക്കമില്ലാത്ത മൈതാനത്തു ഫുട്ബോൾ മാത്രം ബാക്കിയാകുന്നു....
ഐ.എം. വിജയൻ(ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ)