അങ്ങനെ ഭൂഗുരുത്വത്തെ കീഴ്പ്പെടുത്തി ചാഞ്ഞും ചെരിഞ്ഞും ഞൊടിയിടയിൽ വെട്ടിയൊഴിഞ്ഞും എതിർ പ്രതിരോധക്കാർക്കിടയിലൂടെ ചാട്ടുളിപോലെ മാറഡോണ പന്തുമായി കുതിച്ചു. തുരുതുരെ കാൽ പറിച്ചുവച്ച് ചടുലമായ ഓട്ടവും ഡ്രിബ്ലിംഗും കൊണ്ട് അഞ്ചും ആറും എതിരാളികളെ കബളിപ്പിച്ച് ഗോളടിക്കുന്ന മാറഡോണ അർജന്റീനയുടെ സ്വകാര്യ അഹങ്കാരമായി.
കാരിരുന്പിന്റെ കരുത്തുള്ള കാലുകളും ശരീരവും ആ കുതിപ്പിൽ മാറഡോണയ്ക്ക് കുതിരശക്തിയേകി. ഡ്രിബ്ബിൾ ചെയ്യുന്പോൾ പന്ത് മാറഡോണയുടെ കാലുകളിൽ ഒട്ടിച്ചേർന്നിരുന്നു എന്നതായിരുന്നു യഥാർഥ മാന്ത്രികത.
ഡിയേഗോൾ!ഫുട്ബോൾ ലോകത്തെ എക്കാലത്തെയും രണ്ട് മഹാദ്ഭുതങ്ങൾ സംഭവിച്ചത് 1986 ജൂണ് 22ന്. ഒന്ന് ദൈവത്തിന്റെ കൈ കൊണ്ട് നേടിയെന്നു വിശേഷിപ്പിക്കപ്പെട്ട നെഗറ്റീവ് ചുവയുള്ള ഗോൾ. രണ്ടാമത്തേത് നൂറ്റാണ്ടിന്റെ ഗോളായി ഇന്നും വാഴ്ത്തപ്പെടുന്നു. ഈ രണ്ട് ഗോളിന്റെയും 34-ാം വാർഷികത്തിൽ അതിന്റെ ഉടയോനായ മാറഡോണ ഓർമയായി.
ജനസാഗരങ്ങൾ ആർത്തിരന്പുന്ന ഗാലറികളിൽ ‘മെക്സിക്കൻ തിരമാലകൾ’ രൂപം കൊണ്ട 1986 ഫുട്ബോൾ മാമാങ്കം. ലോകകപ്പിലെ മൂന്നാം ക്വാർട്ടർ പോരാട്ടത്തിനായി അർജന്റീനയും ഇംഗ്ലണ്ടും മൈതാനത്തിലേക്ക്.
ഇംഗ്ലണ്ടിനെ നയിക്കുന്നത് അക്കാലത്തെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളും മാറഡോണ മാറഡോണയേക്കാൾ 20 സെന്റി മീറ്റർ ഉയരക്കൂടുതലുള്ള പീറ്റർ ഷിൽട്ടൻ, അർജന്റീനയുടെ ക്യാപ്റ്റൻ ഫുട്ബോൾ ഇതിഹാസം ഡിയേഗോ മാറഡോണയും.
51-ാം മിനിറ്റിൽ അതു സംഭവിച്ചു, ദൈവത്തിന്റെ സ്പർശമുള്ള ഗോളെത്തി. മാറഡോണയുടെ കൈയിൽകൊണ്ട് പന്ത് വലയിൽ. റഫറി ആ കരസ്പർശം കണ്ടില്ല.
നാലു മിനിറ്റിനുശേഷം മറ്റൊരു അദ്ഭുതം. നൂറ്റാണ്ടിന്റെ ഗോൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മാറഡോണ മാജിക് ഗോൾ 55-ാം മിനിറ്റിൽ പിറന്നു. 60 വാര പന്തുമായി ഒറ്റയ്ക്ക് മുന്നേറി 11 ടച്ചുകളിലൂടെ ആ ഗോൾ നേടാൻ മാറഡോണയ്ക്കുവേണ്ടി വന്നത് വെറും 10 സെക്കൻഡ് മാത്രം.
റേഡിയോയിൽ ആ നിമിഷങ്ങളുടെ തത്സമയ വിവരണം നൽകിക്കൊണ്ടിരുന്ന കളിപറച്ചിൽകാരന് പലപ്പോഴും വാക്കുകൾ കിട്ടിയില്ല. അയാൾ സന്തോഷംകൊണ്ട് കരയുകയായിരുന്നു. ‘വിരിഞ്ഞ നെഞ്ചുള്ള കോസ്മിക് പ്രതിഭാസം...
ഏത് ഗ്രഹത്തിൽ നിന്നു വന്നാണ് അയാൾ കുറെ ഇംഗ്ലീഷുകാരെ പിന്നിലാക്കിയത് ’എന്നു പറയാൻ മാത്രമേ അദ്ദേഹത്തിനു കഴിഞ്ഞുള്ളൂ. ആ മാറഡോണ ഇനിയില്ല. ജീവിക്കുന്ന ഓർമകൾ ബാക്കിവച്ച് ആ 10-ാം നന്പർ ജഴ്സിക്കാരൻ ഭൂഗുരുത്വത്തിനും അപ്പുറത്തേക്ക് യാത്രയായി...
അനീഷ് ആലക്കോട്