ആ കൂടിക്കാഴ്ചയിൽ ഫോട്ടോ എടുത്തു. അതിനിടയിൽ എന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടേതടക്കം വീഡിയോകൾ കാണിച്ചു. പ്രവർത്തനം വിവരിച്ചു. ഇതെല്ലാമറിഞ്ഞപാടെ എന്നെ കെട്ടിപ്പിടിച്ചുമ്മവച്ച് എല്ലാ പിന്തുണയും അറിയിക്കുകയായിരുന്നു. അങ്ങനെയാണ് മാറഡോണ ഞങ്ങളുടെ ബ്രാൻഡ് അംബാസഡറാകുന്നത്. എവിടെ വിളിച്ചാലും വരാമെന്ന് അറിയിക്കുകയും ചെയ്തു.
സ്വന്തം രാജ്യത്തിനുവേണ്ടി കളിക്കാനുള്ള തീരാത്ത ആഗ്രഹമാണ് മാറഡോണയെ വ്യത്യസ്തനാക്കുന്നത്. രാജ്യം കഴിഞ്ഞേയുള്ളു അദ്ദേഹത്തിന് ക്ലബ്. ആ നിലപാടിന്റെ പേരിലാണ് അദ്ദേഹം ലയണൽ മെസിയോട് അകലുന്നതും.
ഒരിക്കൽ മെസിയേയും ചെമ്മണൂർ ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറാക്കാൻ ആലോചിച്ചതാണ്. കേട്ടപാടെ മാറഡോണ രൂക്ഷമായാണ് പ്രതികരിച്ചത്. അതോടെ അതുപേക്ഷിച്ചു. സഹോദരനെപ്പോലെ കരുതിയിരുന്ന മെസി രാജ്യത്തെ അവഗണിക്കുന്നതായി തോന്നിയതാണ് മാറഡോണയെ പ്രകോപിപ്പിച്ചത്.
വ്യക്തിയെന്ന നിലയിൽ കൊച്ചുകുട്ടിയെപ്പോലാണ്. അപ്പപ്പോൾ തോന്നുന്നതുപോലെ പ്രതികരിക്കും. അടുത്ത നിമിഷം മറ്റൊരാളാകും. ഇത് അദ്ദേഹം കണ്ണൂരിലെത്തിയപ്പോൾ ഞാൻ നേരിട്ട് അനുഭവിച്ചതാണ്.