2017 നവംബർ അവസാനമാണ് ഹോണ് ഇന്ത്യൻ ക്യാന്പിൽ പരിശീലകനായി എത്തുന്നത്. കിട്ടിയ വാഗ്ദാനങ്ങളിൽ ഒന്നുപോലും നേരേചൊവ്വേ പാലിക്കാത്ത അവസ്ഥയിൽ തന്റെ ആവശ്യങ്ങളുമായി നിരവധി തവണ അത്ലറ്റിക് ഫെഡറേഷനെ സമീപിച്ചെങ്കിലും അവർ കേൾക്കാൻ പോലും തയാറാകുന്നില്ലെന്നാണ് അന്ന് ഉവേ ഹോണ് പറഞ്ഞത്.
മറ്റു രാജ്യങ്ങളിൽ തനിക്കൊപ്പമുള്ള പരിശീലകർക്കു ലഭിക്കുന്നതിലും വളരെ താഴ്ന്ന ശന്പളമാണ് ഇന്ത്യയിൽ തനിക്കു ലഭിക്കുന്നതെന്ന സങ്കടംകൂടി അദ്ദേഹം പറഞ്ഞു.
ഒളിന്പിക്സിനു പുറപ്പെടുന്നതിനു തൊട്ടുമുൻപും പട്യാലയിലെ പരിശീലന സൗകര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിൽ ഒന്നുമല്ലെന്ന് ഉവേ ഹോണ് കുറ്റപ്പെടുത്തിയിരുന്നു. സായിയും അത്ലറ്റിക് ഫെഡറേഷൻ അധികൃതരും പട്യാല ക്യാന്പിനെ വെറുതെ പൊക്കിപ്പറയുകയാണെന്നും ഉവേ പരിഹസിച്ചു.
കായികതാരങ്ങൾക്ക് ഇവിടെ നൽകുന്ന ഭക്ഷണം പോലും മതിയായ പോഷകമൂല്യമുള്ളതല്ല. 2019ൽ നീരജ് ചോപ്രയുടെ കൈമുട്ടിന് ശസ്ത്രക്രിയ ചെയ്തത് അടക്കമുള്ള കാര്യത്തിൽ തനിക്ക് ഇപ്പോഴും കടുത്ത അതൃപ്തിയുണ്ടെന്നു പറഞ്ഞാണ് ഉവേ ഒളിന്പിക്സിന് ഒരുക്കിയത്.
കാൽവർട്ടും മനസ് മടുത്തുനീരജിനെ പരിശീലിപ്പാക്കാനായി വിളിച്ചുവരുത്തിയ കാൽവർട്ടിന്റെ കഥയും വേറെയായിരുന്നില്ല. ഗാരി കാൽവർട്ട് 2016 ഫെബ്രുവരിയിലാണ് എഎഫ്ഐയിൽ എത്തുന്നത്. ആ വർഷം നടന്ന ജൂനിയർ ഗ്ലോബൽ മീറ്റിൽ നീരജ് ചോപ്ര 86.48 മീറ്റർ എറിഞ്ഞ് റിക്കാർഡിട്ടപ്പോൾ കാൽവർട്ട് പ്രതിഫലം കൂട്ടിച്ചോദിച്ചു.
എന്നാൽ, എഎഫ്ഐ ഇതു പരിഗണിക്കാതിരുന്നതിനെത്തുടർന്ന് 2017 ഏപ്രിൽ ഗാൽവർട്ട് ഇന്ത്യ വിട്ടു പോകുകയായിരുന്നു. കഴിഞ്ഞ വർഷം കാൽവർട്ട് അന്തരിച്ചു. തുടർന്ന് ആറു മാസത്തോളം ഇന്ത്യൻ ക്യാന്പിൽ ജാവലിന് പരിശീലകരില്ലായിരുന്നു. സ്പോണ്സർമാരുടെ സഹായത്തിൽ നീരജ് ജർമനിയിൽ പരിശീലനത്തിനു പോയപ്പോൾ പരിശീലകരില്ലാതെ മറ്റു താരങ്ങൾ വലഞ്ഞു.
2020 ടോക്കിയോ ഒളിന്പിക്സ് വരെയായിരുന്നു ഇന്ത്യൻ ക്യാന്പിൽ ഹോണിന്റെ കരാർ. അടുത്ത സെപ്റ്റംബറിൽ കാലാവധി അവസാനിക്കും. 2018ൽ പ്രതിമാസം 7500 ഡോളറായിരുന്നു ഇദ്ദേഹത്തിന്റെ പ്രതിഫലം. അന്താരാഷ്ട്ര പരിശീലകരുടെ പ്രതിഫലത്തിന്റെ അടിസ്ഥാനത്തിൽ ഇതിൽ 5000 ഡോളർകൂടി വർധിപ്പിക്കണമെന്നായിരുന്നു ഹോണിന്റെ അന്നത്തെ ആവശ്യം.
ഇതിനു പുറമേ ഇന്ത്യൻ ക്യാന്പിൽ പരിശീലനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലെന്നും ഇവ ഏർപ്പെടുത്തണമെന്നും പലവട്ടം ആവശ്യപ്പെട്ടിട്ടും എഎഫ്ഐ പരിഗണിക്കുന്നില്ലെന്ന് ഹോണ് പരാതിയും പറഞ്ഞു. എന്തായാലും ഇന്ത്യ വിടുന്ന കാര്യം കോമണ്വെൽത്ത് ഗെയിംസിനു ശേഷം തീരുമാനിക്കുമെന്നൊരു താക്കീതുകൂടി അന്ന് പറഞ്ഞിരുന്നു എങ്കിലും ഇന്നത്തെ നീരജിന്റെ സുവർണനേട്ടത്തിൽ ഈ 58കാരന്റെ പങ്ക് ദ്രോണതുല്യമാണ്.
സെബി മാത്യു