ഒരേ വിശ്വാസവും ഒരേ കൂദാശകളും ഒരേ സഭാ നേതൃത്വവുമുള്ള വിവിധ സഭകളുടെ കൂട്ടായ്മയാണ് സാർവത്രികസഭ. എന്നാൽ, സാർവത്രികസഭയുടെ ഈ ഐക്യം വൈവിധ്യത്തിലാണ് നിലനിൽക്കുക. ആരാധനക്രമം, ആധ്യാത്മികത, ശിക്ഷണക്രമം, ദൈവശാസ്ത്രം, യാമപ്രാർഥനകൾ എന്നിവയിലെല്ലാം വൈവിധ്യമാർന്നതും തനിമയാർന്നതുമായ സഭാജീവിതശൈലിയാണ് ഓരോ സഭയ്ക്കുമുള്ളത്.
ഈ വൈവിധ്യം ശ്ലൈഹികപാരന്പര്യത്തിൽ അധിഷ്ഠിതമാണെന്നതാണ് അവയുടെ ആധികാരികതയ്ക്ക് അടിസ്ഥാനം. ശ്ലീഹന്മാരിൽനിന്നു ലഭിച്ച മിശിഹാനുഭവം വൈവിധ്യമാർന്ന സ്ഥലകാല സാഹചര്യങ്ങളിലൂടെ ജീവാത്മകമായി വളർന്നുവന്നതാണ് സാർവത്രികസഭാ കൂട്ടായ്മയിലെ വ്യക്തിസഭകളുടെ തനിമയാർന്ന വൈവിധ്യം. രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ ഈ സഭാദർശനമാണ് അഭിവന്ദ്യ പവ്വത്തിൽ പിതാവിനുണ്ടായിരുന്നതും എവിടെയും ഉയർത്തിക്കാട്ടിയതും.
അജപാലനശുശ്രൂഷയും സുവിശേഷപ്രഘോഷണവുംസാർവത്രികസഭയിലുള്ള എല്ലാ വ്യക്തിസഭകൾക്കും സഭാംഗങ്ങളുടെമേലുള്ള അജപാലനശുശ്രൂഷയ്ക്കും ലോകം മുഴുവനും സുവിശേഷപ്രഘോഷണത്തിനും തുല്യമായ അവകാശവും ഉത്തരവാദിത്വവുമുണ്ട്.
"റോമാമാർപാപ്പായുടെ അജപാലനഭരണത്തിന് തുല്യരീതിയിൽ ഇവയെല്ലാം (വ്യക്തിസഭകൾ) ഭരമേല്പിക്കപ്പെട്ടിരിക്കുന്നു. റീത്തിന്റെ കാര്യത്തിൽ അവയിലൊന്നും മറ്റുള്ളവയേക്കാൾ ഉത്കൃഷ്ടമല്ല. അവ ഒരേ അവകാശങ്ങൾ അനുഭവിക്കുന്നു. ഒരേ കടമകൾക്കു ബാധ്യസ്ഥരാകുന്നു.
റോമാ മാർപാപ്പായുടെ നിയന്ത്രണത്തിൽ ലോകം മുഴുവൻ സുവിശേഷം പ്രഘോഷിക്കുന്ന (മർക്കോ 16,15) കാര്യത്തിലും അങ്ങനെതന്നെ’’ (പൗരസ്ത്യസഭകൾ 3). വ്യക്തിസഭകളുടെ ഈ അവകാശത്തെയും ഉത്തരവാദിത്വത്തെയും എടുത്തുകാണിക്കുവാനും സംരക്ഷിക്കുവാനും അഭിവന്ദ്യ പവ്വത്തിൽ പിതാവ് ചെയ്തിട്ടുള്ള പരിശ്രമങ്ങൾ ആർക്കും മറക്കാനാവാത്തവയാണ്.
1975ൽറോമിൽ നടന്ന സഭയുടെ സുവിശേഷപ്രഘോഷണ ദൗത്യത്തെക്കുറിച്ചുള്ള സിനഡിനൊരുക്കമായി ഇന്ത്യയിലെ സിബിസിഐ മെത്രാൻസമിതി കൽക്കട്ടയിൽ മോണിംഗ്സ്റ്റാർ കോളജിൽ 1974 ജനുവരിയിൽ നടത്തിയ യോഗത്തിൽ മാർ പവ്വത്തിലിനൊപ്പം സംബന്ധിക്കാനും പ്രബന്ധമവതരിപ്പിക്കാനും ഈ ലേഖകനും ക്ഷണിക്കപ്പെട്ടിരുന്നു.
പ്രബന്ധത്തിന്റെ വിഷയം Undser tanding of Evangelization in the contetx of present day India (സുവിശേഷവത്്കരണം ഇന്നത്തെ ഭാരതീയപശ്ചാത്തലത്തിൽ) എന്നതായിരുന്നു. ഈ പ്രബന്ധത്തിൽ ഇന്ത്യയിലെ മൂന്നു വ്യക്തിസഭകൾക്കും (ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര) ഇന്ത്യ മുഴുവനും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും അജപാലനശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനും അവകാശവും ഉത്തരവാദിത്വവുമുണ്ടെന്നു ഞാൻ ദൈവശാസ്ത്രപരമായി സമർഥിക്കുകയുണ്ടായി. ആ നിലപാടിൽ എതിർപ്പുകളുണ്ടായപ്പോൾ അഭിവന്ദ്യപിതാവ് എന്റെ നിലപാടിനെ അനുകൂലിച്ച് സംസാരിച്ചു. എന്നാൽ, ആ സമ്മേളനത്തിൽ അത് ഔദ്യോഗികമായി സ്വീകരിച്ചില്ല.
മാർപാപ്പയുടെ ഇന്ത്യാ സന്ദർശനംജോണ് പോൾ രണ്ടാമൻ മാർപാപ്പ 1986 ഫെബ്രുവരിയിൽ ഇന്ത്യാ സന്ദർശത്തിനായി വരുകയും സന്ദർശനത്തിന്റെ ആദ്യദിവസമായ ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ നടത്തിയ പ്രസംഗത്തിൽ പൗരസ്ത്യസഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗണ്‍സിൽ ഡിക്രിയിൽ അജപാലനശുശ്രൂഷയെക്കുറിച്ചും സുവിശേഷപ്രഘോഷണത്തെക്കുറിച്ചും പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്ത്യയിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അതിനുശേഷം ചങ്ങനാശേരി അതിരൂപതയിൽപ്പെട്ട ദൈവദാസരായ ചാവറയച്ചനെയും അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കുവാനും സീറോ മലബാർ സഭയുടെ പുതിയ കുർബാനക്രമം ഉദ്ഘാടനം ചെയ്യുവാനും ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ കോട്ടയത്തു വന്നപ്പോൾ മാർപാപ്പയെ ഒൗദ്യോഗികമായി സ്വീകരിച്ചതും കേരളത്തിലെ ഓർത്തഡോക്സ്-യാക്കോബായ സഭകളുമായി സഭൈക്യ സംവാദങ്ങൾക്കു കളമൊരുക്കിയതും മാർ പവ്വത്തിൽതന്നെയാണ്.
1987 മേയ് 28ന് ഇന്ത്യയിലെ എല്ലാ മെത്രാന്മാർക്കുമായി പരിശുദ്ധ പിതാവ് ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ ഒരു കത്തെഴുതുകയും പൗരസ്ത്യസഭകളെക്കുറിച്ചുള്ള രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്റെ നിർദേശങ്ങൾ നടപ്പിൽ വരുത്താനുതകുന്ന ബോധവത്കരണം വൈദികർക്കും സന്യസ്തർക്കും അല്മായർക്കും നൽകണമെന്ന് നിർദേശിക്കുകയും ചെയ്തു. അതിനുശേഷം 1988 ഏപ്രിൽ 30-ാം തീയതി ബോംബെ, പൂന, നാസിക് എന്നീ ലത്തീൻ രൂപതകളിലുള്ള സീറോ മലബാർ സഭാംഗങ്ങൾക്കായി കല്യാണ്‍ രൂപത സ്ഥാപിക്കുകയും ചെയ്തു.
സീറോ മലബാർ സഭയുടെ വളർച്ചമാർ പവ്വത്തിൽ പിതാവിന്റെ ശക്തമായ ഈ സഭാത്മക നിലപാടാണ് പിന്നീട് സീറോമലബാർ സഭയ്ക്കുണ്ടായ വളർച്ചയ്ക്കു നിർണായകമായിത്തീർന്നത്.
1994 മുതൽ 1998 വരെ രണ്ടു പ്രാവശ്യം സിബിസിഐ പ്രസിഡന്റായി മാർ പവ്വത്തിൽ സേവനം ചെയ്തു എന്നത് അഖിലേന്ത്യ തലത്തിൽ പിതാവിന്റെ സഭാദർശനം അംഗീകരിക്കപ്പെട്ടു എന്നതിന്റെ ഒരടയാളമാണ്. പിന്നീട് സീറോ മലബാർ സഭയ്ക്കുണ്ടായ വളർച്ച പിതാവിന്റെ സഭാത്മക നിലപാടിന്റെ അംഗീകാരമായി കണക്കാക്കാവുന്നതാണ്.
1992 ൽ സീറോ മലബാർ സഭ ഒരു സ്വയാധികാരസഭയായി ഉയർത്തപ്പെടുകയും അമേരിക്ക, ഓസ്ട്രേലിയ, യൂറോപ്പ്, ഇംഗ്ലണ്ട് തുടങ്ങിയ സ്ഥലങ്ങളിൽ സീറോ മലബാർ രൂപതകൾ സ്ഥാപിതമാകുകയും അവിടെയെല്ലാം അജപാലനശുശ്രൂഷയ്ക്കും സുവിശേഷപ്രഘോഷണത്തിനും സാധ്യത ലഭിക്കുകയും ചെയ്തു.
അതുപോലെതന്നെ 2017ൽ ഷംഷാബാദ് രൂപത സ്ഥാപിക്കപ്പെട്ടതിന്റെയും അഖിലേന്ത്യ അജപാലനാധികാരം സീറോ മലബാർ സഭയ്ക്ക് ലഭ്യമായതിന്റെയും പിന്നിൽ പിതാവിന്റെ ഈ സഭാദർശനവും ഇടപെടലുകളും നിർണായകമായി സ്വാധീനിച്ചിട്ടുണ്ട് എന്നതിന് സംശയമില്ല