മാര്‍ തോമസ് പാടിയത്ത് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അനുശോചനസന്ദേശം വായിച്ചു. തുടര്‍ന്ന് ആഗോള കത്തോലിക്കാ സഭയിലെയും മറ്റു സഭകളിലെയും മേലധ്യക്ഷന്മാരുടെയും രാഷ്ട്രീയ ഭരണരംഗത്തുള്ളവരുടെയും അനുശോചന സന്ദേശവും വായിച്ചു. നാലാം ഭാഗത്തോടെ ഭൗതികശരീരത്തിൽ കാര്മികന് പുഷ്പമുടി അണിയിച്ചു.
തുടര്‍ന്ന് ദേവാലയത്തോടു മാര്‍ പവ്വത്തിൽ വിടപറയുന്ന രംഗം വികാരനിർഭരമായിരുന്നു. സഭയോടു വിടചൊല്ലുന്നതിന്റെ സൂചനയായി ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം അള്‍ത്താരയിലും ദേവാലയത്തിന്റെ ഇരുവശങ്ങളിലും ആനവാതിലിലും മുട്ടിക്കുന്ന ശുശ്രൂഷയും ഹൃദയങ്ങളെ സ്പർശിച്ചു.
ഗാര്‍ഡ് ഓഫ് ഓണറിനുശേഷം ഭൗതികശരീരം അടക്കം ചെയ്ത മഞ്ചം മാര്‍ പവ്വത്തിലിന്റെ ബന്ധുക്കള്‍ കബറടക്കപള്ളിയിലേക്ക് എടുത്തു. ചെമ്പ് പട്ടയില്‍ കൊത്തി ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാര്‍ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയില്‍ അടക്കം ചെയ്തു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും മാര്‍ ജോസഫ് പെരുന്തോട്ടവും ഭൗതികശരീരത്തില്‍ ചുംബിച്ചു. ""ഞങ്ങളുടെ പ്രിയപ്പെട്ട പിതാവേ, ഇതുവരെ ഞങ്ങള്‍ അങ്ങയെ അനുഗമിച്ചു. ഇനി ദൈവത്തിന്റെ മാലാഖമാര്‍ അങ്ങയെ അനുഗമിച്ചു കൊള്ളും'' എന്ന കാര്‍മികന്റെ പ്രാര്‍ഥനയോടെ അള്‍ത്താരയില്‍ മുന്‍ഗാമികളുടെ കല്ലറകള്‍ക്കരികെ ഭൗ തികശരീരം കബറടക്കി.