സ്രാവ്, ആന, തിമിംഗലം, ദിനോസർ!
Friday, February 11, 2022 1:58 AM IST
മൃഗമെന്നു പറയുന്പോൾ ഒരു ആനയെങ്കിലും ഇല്ലാതെ എങ്ങനെയാ? അതുകൊണ്ടു ശിവശങ്കർജി പുസ്തകത്തിനു നെറ്റിപ്പട്ടം കെട്ടി പേരിട്ടു: ‘അശ്വത്ഥാമാവ് വെറും ഒരു ആന!’ പുറത്തിറങ്ങിയ ഈ തെളിവു കാലത്ത് അഴിക്കുള്ളിലെ ഒളിവുകാലത്തെക്കുറിച്ച് ഒരു പുസ്തകമെഴുതി നാട്ടുകാർക്കു വെളിവുണ്ടാക്കാനും അതുവഴി തനിക്ക് അല്പം മണിയുണ്ടാക്കാനും ആന തന്നെ ബെസ്റ്റ്. അല്ലെങ്കിലും ഈ ഐഎഎസുകാർക്കും ഐപിഎസുകാർക്കുമൊക്കെ ആനയോടും പുലിയോടും സ്രാവിനോടുമൊക്കെയാണ് പ്രിയമെന്നു തോന്നുന്നു.
കുറേക്കാലം മുന്പ് സർക്കാരുമായി കൊന്പുകോർത്ത ഐപിഎസുകാരൻ ജേക്കബ് തോമസ് ഇടഞ്ഞ കാലങ്ങളെക്കുറിച്ചും ഉടഞ്ഞ മോഹങ്ങളെക്കുറിച്ചുമൊക്കെ തടഞ്ഞ വിവരങ്ങളൊക്കെ വച്ച് ഒരു പുസ്തകമെഴുതി. പേരു തപ്പി പുള്ളി കരവിട്ടു കടലിലേക്കാണ് ഇറങ്ങിയത്. ‘സ്രാവുകൾക്കൊപ്പം നീന്തുന്പോൾ’ എന്നു പുസ്തകത്തിനു പേരിട്ടു. പിന്നെ കരയ്ക്കു കയറേണ്ടിവന്നിട്ടില്ല എന്നതാണു സത്യം.
സ്രാവിനൊപ്പം നീന്തുന്നതിനു മുന്പേ ചട്ടപ്രകാരം സർക്കാരിന്റെ അനുമതി വാങ്ങിയില്ല എന്ന ചൂണ്ടയിൽ സ്രാവും സ്രാവിന്റെ മുതലാളിയും കുരുങ്ങി. പിന്നെ സസ്പെൻഷനോടു സസ്പെൻഷൻ..!
ജേക്കബ് തോമസിന്റെ സ്രാവിനെ ചൂണ്ടയിട്ടു പിടിച്ച സർക്കാർ അനുമതിയില്ലാതെതന്നെ പുസ്തകമെഴുതിയ ശിവശങ്കറിന്റെ ആനയെ തോട്ടിയിട്ടു പിടിക്കുമോയെന്നുള്ള ആകാംക്ഷയിലായിരുന്നു മാധ്യമങ്ങളും നാട്ടുകാരും.
തോട്ടിയും ബഹളവുമൊന്നും കാണാതെ വന്നതോടെ മന്ത്രിമുഖ്യനോടു തന്നെ ഇക്കാര്യം ചോദിച്ചുകളയാമെന്നു മാധ്യമപ്രവർത്തകർ കരുതി. എന്നാൽ, അദ്ദേഹം ആനയെ കണ്ടഭാവം നടിച്ചില്ല, ചോദ്യം കേട്ടഭാവം നടിച്ചില്ല. ഒന്നുകൂടി ചോദിച്ചാൽ ‘കടക്കൂ പുറത്ത്’ എന്നു കേൾക്കേണ്ടിവരുമെന്നു തോന്നിയിട്ടാണോഎന്തോ ആരും പിന്നെ ഇക്കാര്യം കുത്തിക്കിഴിച്ചു ചോദിച്ചതുമില്ല. ഇഷ്ടമില്ലാത്തച്ചി തൊട്ടതു മാത്രമേ കുറ്റമാവുകയുള്ളൂയെന്നതാണ് ഇതിൽനിന്നുള്ള ഗുണപാഠം.
എന്തായാലും ഉള്ളിലുള്ളത് ആനയാണോ ചേനയാണോ എന്നറിയുന്നതിനുമുന്പേ മാധ്യമങ്ങൾ എല്ലാംകൂടി പുസ്തകത്തിന്റെ മുകളിലേക്കു ചാടിവീണു. വലിച്ചുകീറിയും കടിച്ചുകീറിയും പരിശോധിക്കുന്നതിനിടയിലാണ് ദാ കിടക്കുന്നു പുസ്തകത്തിൽ സ്വപ്ന! സ്വപ്നയെക്കുറിച്ചു സ്വപ്ന സ്വപ്നത്തിൽപ്പോലും വിചാരിക്കാത്ത കാര്യങ്ങൾ ആനപ്പുസ്തകത്തിൽ ഉണ്ടെന്നു മാധ്യമങ്ങളുടെ കാക്കദൃ ഷ്ടി കണ്ടുപിടിച്ചു.
പുസ്തകത്തിലാകെ ആനവാലു പോലെ അഞ്ചോ ആറോ സ്വപ്നവരികളേ ഉണ്ടായിരുന്നുള്ളെങ്കിലും മാധ്യമങ്ങൾക്കു കത്തിക്കാൻ അതു ധാരാളം. ഇതോടെ ജയിലിൽനിന്ന് ഇറങ്ങിയതിനു ശേഷം മൗനവ്രതത്തിലായിരുന്ന സ്വപ്നമാഡം സ്വപ്നലോകത്തുനിന്നു ഞെട്ടിയെഴുന്നേറ്റു. ഞാൻ കണ്ട ശിവശങ്കർജി ഇങ്ങനയല്ലെന്നു തുറന്നടിച്ചു. ഈ ആനയെ തളയ്ക്കാനുള്ള ചങ്ങലയും തോട്ടിയുമെല്ലാം തന്റെ കൈവശമുണ്ടെന്ന മട്ടിലായിരുന്നു മാഡത്തിന്റെ പടപ്പുറപ്പാട്.
എന്നാൽ, ഈ ആനയെ തളയ്ക്കൽ അത്ര എളുപ്പമാകില്ലെന്നാണ് ഒടുവിലത്തെ കാഴ്ചകളിൽ കാണുന്നത്. അല്ലെങ്കിലും ആന മെലിഞ്ഞാലും തൊഴുത്തിൽ കെട്ടാൻ പറ്റില്ലല്ലോ. മാധ്യമങ്ങളിൽ അഭിമുഖങ്ങൾ വന്നതിനു പിന്നാലെ മാഡത്തിനെതിരേയുള്ള പഴയ ഒരു കേസിൽ കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. വെള്ളത്തിലെ സ്രാവല്ല കരയിലെ ആനയെന്ന് ഇപ്പോൾ മാഡത്തിനു മനസിലായി വരുന്നുണ്ടാകണം. ഇനിയിപ്പോൾ അറ്റകൈ പ്രയോഗമെന്ന നിലയിൽ മാഡത്തിനും പുസ്തകമെഴുതാം. ആനയും സ്രാവുമൊക്കെ പോയെങ്കിൽ പോട്ടെ, സിംഹവും തിമിംഗലവും ദിനോസറുമൊക്കെ ബാക്കിയുണ്ടല്ലോ!
മിസ്ഡ് കോൾ
=വോട്ടുതെറ്റിയാൽ യുപി
കേരളമാകുമെന്നു യോഗി.
- വാർത്ത
=നിലവിൽ സ്വിറ്റ്സർലൻഡ് ആണ്!
ഔട്ട് ഓഫ് റേഞ്ച് / ജോണ്സണ് പൂവന്തുരുത്ത്