അല്ലെങ്കിൽ ആശാന്റെ ഇരട്ട നെഞ്ചത്ത്!
Sunday, April 9, 2017 1:47 AM IST
ചങ്കെടുത്തു കാണിച്ചാൽ ചെന്പരത്തിപ്പൂ ആണെന്നു പറയുന്നവരുടെ മുന്നിൽ ഇരട്ടച്ചങ്ക് എടുത്തു കാണിച്ചിട്ട് എന്തു പ്രയോജനം..! ഉള്ള ചങ്കും നെഞ്ചുമായിട്ടാണ് ഭരിക്കാൻ തുടങ്ങിയിരുന്നതെങ്കിൽ ഭരണത്തിന്റെ നെഞ്ച് പ്രതിപക്ഷം ഇങ്ങനെ ഇടിച്ചുകലക്കുമായിരുന്നുവെന്നു തോന്നുന്നില്ല. ഇരട്ടച്ചങ്കെന്നും ഇരട്ടിനെഞ്ചെന്നുമൊക്കെ കുട്ടിസഖാക്കൾ തട്ടിവിട്ടപ്പോഴേ പലർക്കും ചങ്കിടിക്കാൻ തുടങ്ങിയതാണ്. അങ്ങു വടക്കൊരു പുള്ളിക്കാരന്റെ ആദ്യ വരവും ഏതാണ്ട് ഇങ്ങനെ ചങ്കും നെഞ്ചുമായിട്ടായിരുന്നു. നെഞ്ചിന്റെ 56 ഇഞ്ച് അളന്നു കുറ്റിയടിച്ചിട്ടാണു മോദിജി വരുന്നതെന്ന് അണികൾ ആർപ്പുവിളിച്ചപ്പോൾ കൊഞ്ചം കൂടുതലാണെന്നു തോന്നിയെങ്കിലും മേരേ പ്യാരേ ദേശവാസികളൊന്നും മിണ്ടിയില്ല.
എന്നാൽ, വൈകാതെ ഭീകരാക്രമണവും നോട്ടുനിരോധനവും ആഡംബരക്കോട്ടുമൊക്കെ വന്നപ്പോൾ ഇഞ്ചിഞ്ചായിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ആക്രമണം. നോട്ടുനിരോധനത്തിലെത്തിയപ്പോൾ ഇഞ്ച് മാറ്റി എല്ലാം അടിക്കണക്കിലായി. അതിൽപ്പിന്നെ സംഘപരിവാരങ്ങൾ ഇഞ്ച് പോയിട്ടു സെന്റിമീറ്ററിന്റെ കാര്യംപോലും മിണ്ടിയിട്ടില്ല.
ഏതാണ്ട് അതുപോലെ തന്നെയാണ് ഇപ്പോൾ കേരളത്തിൽ ഒരു മുഖ്യൻ ഇരട്ടച്ചങ്കും ചുമന്നോണ്ടു നടക്കുന്നത്. നാട്ടിൽ ഒരു ചങ്ക് ഉള്ളവൻതന്നെ ബ്ലോക്കും ബൈപ്പാസും ഇല്ലാതാക്കാൻ നാടൊട്ടുക്കും തേരാപ്പാരാ നടപ്പാണ്. അപ്പോൾപ്പിന്നെ ഇരട്ടച്ചങ്കാണെങ്കിൽ വെറുതെ നടന്നാൽ പോരാ, നാലു കാലിൽ ഓടേണ്ടി വരും. അങ്ങനെ ചില കൂട്ടയോട്ടങ്ങൾക്കൊപ്പം നിൽക്കാതെ ഓടുകയാണു കേരളവും. സാധാരണ പോലീസ് എല്ലാവരെയും ഓടിക്കുകയാണു പതിവ്. വഴിയോരത്തു നിൽക്കുന്നവരോടും കലുങ്കിൽ ഇരിക്കുന്നവരോടുമൊക്കെ പൂഞ്ഞാർശൈലിയിൽ രണ്ടു നാട്ടുവർത്തമാനവും പറഞ്ഞ് ഓടിച്ചില്ലെങ്കിൽ പിന്നെന്തു പോലീസ്! എന്നാൽ, ഇപ്പോൾ പോലീസ് കാരണം, തെക്കുവടക്ക് നോണ്‍സ്റ്റോപ്പായി ഓടുന്നതു കേരള മുഖ്യനും പരിവാരങ്ങളുമാണെന്നതാണു രസകരം. ഇങ്ങനെ കിടന്നോടാൻ ഞങ്ങൾക്കു വയ്യെന്നു മൂന്നാറിലെ മൈൽക്കുറ്റിയിൽ കുത്തിയിരുന്നു ഘടകകക്ഷികൾ വരെ പറയാൻ തുടങ്ങിയിരിക്കുന്നു.
ഒന്നുകിൽ കളരിക്കു പുറത്ത്, അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്... ആശാന്റെ നെഞ്ചത്ത് എന്നു പറയുന്പോൾ ഏതാണ്ട് ഇരട്ടച്ചങ്കിന്റെ ഭാഗത്തായിട്ടുവരും.
എന്നാൽ, ആശാന്റെ നെഞ്ചത്തു കയറുന്നത് ഉമ്മൻ ചാണ്ടിയുടെ കളരിയിലെ പോലീസ് ആണെന്നാണു പാർട്ടിക്കാരുടെ പക്ഷം. അല്ലെങ്കിൽപ്പിന്നെ കാമറകൾ കണ്ണുമിഴിച്ചു നിൽക്കുന്പോൾ ഒരമ്മയെ പോലീസ് വലിച്ചിഴച്ചു വാനിൽ കയറ്റുമോ? ചങ്കുള്ളവർക്കൊന്നും കണ്ടുനിൽക്കാൻ കഴിയുന്ന കാഴ്ചയല്ല ഇതെന്നു പറഞ്ഞു മാധ്യമങ്ങൾ നെഞ്ചത്തടിച്ചതോടെ മുഖ്യനും സംഘവും വീണ്ടും വെട്ടിലായി. ഇത്രയുമായ സ്ഥിതിക്ക് അല്പം ഹർത്താൽകൂടി പൊടിച്ചുചേർത്താൽ സംഗതി ഗംഭീരമാകുമെന്നു കരുതി ബിജെപിക്കാർ തിരുവനന്തപുരത്തും ജിഷ്ണുവിന്റെ ജന്മനാട്ടിലും ഹർത്താൽ പ്രഖ്യാപിച്ചു. ഇത്രയുംനേരം തങ്ങൾ തട്ടിക്കളിച്ച പന്തുപിടിച്ച് അവസാന ഘട്ടത്തിൽ കാവിപ്പാർട്ടി ഗോൾ അടിക്കാൻ പോവുകയാണോയെന്നു തോന്നിയപ്പോൾ യുഡിഎഫുകാർ ഞെട്ടി. പിന്നൊന്നും ആലോചിച്ചില്ല, സംസ്ഥാന ഹർത്താലിന്റെ വിസിൽ നീട്ടിയടിച്ചു. എങ്കിൽ കോണ്‍ഗ്രസുകാരെ തോൽപ്പിക്കാൻ ദേശീയ ഹർത്താൽ പ്രഖ്യാപിച്ചാലെന്താ എന്നുവരെ ബിജെപിക്കാർ ചിന്തിച്ചതാ. പക്ഷേ, കോണ്‍ഗ്രസുകാർ ഏഷ്യൻ ഹർത്താൽ പ്രഖ്യാപിക്കുമോയെന്ന പേടികൊണ്ടു വേണ്ടന്നുവച്ചതാണത്രേ.
"ചങ്ക് ബ്രോ’യ്ക്ക് ഇപ്പോൾ ഒരു കാര്യം മനസിലായിട്ടുണ്ടാവണം; പാർട്ടിയെ ഭരിക്കാൻ ഇരട്ടച്ചങ്കോ മുരട്ടച്ചങ്കോ ഒക്കെ വേണമായിരിക്കാം, പക്ഷേ, ഈ നാടു ഭരിക്കാൻ ഒരു സാധാരണക്കാരന്റെ ചങ്ക് മാത്രമേ വേണ്ടൂ!
മിസ്ഡ് കോൾ
ഡിജിപിയെ ഫോണിൽ വിളിച്ചു വി.എസ്.അച്യുതാനന്ദൻ ശാസിച്ചു. - വാർത്ത
ക്ഷമിക്കണം, മുഖ്യമന്ത്രിയുടെ ഫോണ്‍ നന്പർ അറിയാഞ്ഞിട്ടാണ്!