കോടതിയിൽ സ്നേഹമൂല തീർത്ത ന്യായാധിപൻ
Friday, November 30, 2018 1:22 AM IST
ടി. ദേവപ്രസാദ്
ജസ്റ്റീസ് കുര്യൻ ജോസഫിന്റെ കേരള ഹൈക്കോടതിയിലെ ബഞ്ചിന് ഒരു ഓമനപ്പേരുണ്ടായിരുന്നു- സ്നേഹമൂല. നീതിനിർവഹണത്തിൽ സ്നേഹത്തിന് അദ്ദേഹം കൊടുത്ത പ്രാധാന്യത്തിൽ നിന്ന് ഉണ്ടായതായിരുന്നു ആ ഓമനപ്പേര്. ജസ്റ്റീസ് കുര്യൻ ജോസഫിന്റെ നിലപാടുകളെക്കുറിച്ച് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നവർക്കും ആ സമീപനത്തെ ഇഷ്ടമായിരുന്നു.
തികഞ്ഞ ദൈവവിശ്വാസിയായ ജസ്റ്റീസ് കുര്യനു പരമോന്നത കോടതികളിൽ ദൈവം കൊടുത്ത അവസരങ്ങൾ ദൈവത്തെ മഹത്വപ്പെടുത്താൻ ശരിക്കും പ്രയോജനപ്പെടുത്തി എന്നതും ചരിത്രം. കേരള ഹൈക്കോടതിയിൽനിന്നു പോകുന്പോൾ ഏറ്റവും അധികം കേസുകളിൽ തീർപ്പുകല്പിച്ച ന്യായാധിപനായിരുന്നു അദ്ദേഹം. സുപ്രീംകോടതിയിൽ നിന്നു പടിയിറങ്ങുന്പോഴും ആയിരത്തിലധികം കേസുകളിൽ തീർപ്പുകല്പിച്ചതിന്റെ സംതൃപ്തിയോടെ അദ്ദേഹം വിടപറയുന്നു.
വിദ്യാർഥി രാഷ്ട്രീയപ്രസ്ഥാനത്തിൽ സജീവ പ്രവർത്തകനും കേരള സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറിയുമായിരുന്ന കുര്യൻ രാഷ്ട്രീയത്തേക്കാൾ നിയമരംഗമാണു തന്റെ സാമൂഹികസേവനത്തിനു നല്ലത് എന്നു ബോധപൂർവം തെരഞ്ഞെടുത്തതാണ്. അങ്കമാലിയിൽ കോണ്ഗ്രസിലെ പി.ജെ. ജോയിക്കു പകരം ഒരു പ്രമുഖ ജനാധിപത്യ പാർട്ടിയുടെ സ്ഥാനാർഥിയാക്കി അദ്ദേഹത്തെ നിയമസഭയിലേക്കു മത്സരിപ്പിക്കാൻ നീക്കം നടന്നിരുന്നു. എന്നാൽ, പ്രഫഷനിൽ മാത്രം ശ്രദ്ധിക്കാനാണ് ആഗ്രഹിക്കുന്നതെന്നു പറഞ്ഞ് അദ്ദേഹമതു നിരസിച്ചു.
പിന്നീടാണു കുര്യൻ അഡീഷനൽ അഡ്വക്കറ്റ് ജനറലായതും മറ്റ് ഉന്നത പദവികൾ നേടിയതും. പഴയകാല സുഹത്തുക്കളെ കാണുന്പോൾ പഴയ കുര്യനെപ്പോലെ തന്നെ പെരുമാറാൻ അദ്ദേഹത്തിന് എന്നും സാധിച്ചു. കഴിഞ്ഞ വർഷം തിരുവനന്തപുരത്തു വന്നപ്പോൾ അഡ്വക്കറ്റുമാരുമായി സംസാരിച്ചപ്പോൾ ലോ അക്കാദമിയിൽ പഠിച്ച കാലത്തെ തട്ടുകടകളുടെ കാര്യം പോലും ചോദിക്കാൻ മറന്നില്ലെന്നു സ്റ്റേറ്റ് നോട്ടറി അഡ്വ. റെക്സ് ജേക്കബ് പറഞ്ഞു. സുപ്രീം കോടതി കൊളീജിയത്തിലെ അംഗമായ ഒരു ജഡ്ജി ഒൗദ്യോഗിക സന്ദർശനത്തിനു വരുന്പോൾ പഴയ സതീർഥ്യരെയൊക്കെ പേരെടുത്തു വിളിച്ച് അഭിവാദ്യം ചെയ്യുന്നതു പലർക്കും വലിയ സ്നേഹം നിറഞ്ഞ അനുഭവമായിരുന്നു.
വിധിന്യായങ്ങൾ, നിലപാടുകൾ
കുടുംബപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അദ്ദേഹം നിയമം കീറിമുറിച്ച് പരിശോധിക്കുന്ന ന്യായാധിപനെക്കാൾ സ്നേഹസന്പന്നനായ ഒരു കാരണവരുടെ മനസാണു പ്രകടമാക്കിയിരുന്നതെന്ന് അഭിഭാഷകർ തന്നെ പറയുന്നു. വേർപിരിയാനെത്തിയ എത്രയോ കുടുംബങ്ങളെ അദ്ദേഹം അനുരഞ്ജനത്തിലെത്തിച്ചു. അവരിൽ ഒരാളുടെ മകൻ എഴുതിയ കത്ത് തന്റെ വിധിന്യായത്തിൽ ഉദ്ധരിക്കാനും അദ്ദേഹം മറന്നില്ല.
അദ്ദേഹത്തിന് അത്ര വിശുദ്ധമാണു സ്വന്തം കുടുംബം. ഭാര്യ റൂബിയും മക്കളും ചേർന്ന് അവർ നയിക്കുന്നത് അസൂയപ്പെടുത്തുന്നവിധം വിശുദ്ധമായ കുടുംബജീവതമാണ്. മക്കളുടെ ആവശ്യങ്ങളിൽ ഒപ്പമുണ്ടാകാൻ സമയം കണ്ടെത്തുന്ന സുപ്രീംകോടതി ജഡ്ജി. റോമിൽ വിശുദ്ധ ജോണ് പോൾ പാപ്പായെ കണ്ട ഒരു സംഭവം അദ്ദേഹം പറഞ്ഞുകേട്ടിട്ടുണ്ട്. പാപ്പാ എല്ലാവർക്കും ഓരോ ജപമാല സമ്മാനമായി കൊടുത്തു. കുര്യൻ പറഞ്ഞു: പരിശുദ്ധ പിതാവേ എനിക്ക് ഒരു ഭാര്യയും ഉണ്ട്. ഒരു ഭാര്യ, എന്നാൽ തരാം: പാപ്പായും ഹൃദ്യമായി പ്രതികരിച്ചു.
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ അദ്ദേഹം താൻ ദൈവവിശ്വാസിയാണെന്നതിൽ എന്നും അഭിമാനിച്ചു. താൻ വിശ്വസിക്കുന്ന മതത്തിൽ ഉറച്ചുവിശ്വസിക്കുകയും അതു പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം മറ്റു മതവിശ്വാസികളുടെയും ഹൃദയത്തിൽ ഇടംതേടി. മുത്തലാഖ് കേസിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസായിരുന്ന ജെ.എസ്. കേഹറുടെ നിലപാടിനെ എതിർത്ത് അതു നിയമപരമല്ലെന്ന് വിധിച്ച ജഡ്ജിമാരിൽ കുര്യനും ഉണ്ടായിരുന്നു. മുത്തലാഖ് ഖുറാനും ശരിയത്തിനും നിരക്കാത്തതായതുകൊണ്ടു നിയമത്തിനും നിരക്കുന്നതല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ ന്യായം. ശബരിമലക്കേസിലെ വിധി വന്നപ്പോൾ ജസ്റ്റീസ് കുര്യൻ ജോസഫ് ബെഞ്ചിലുണ്ടായിരുന്നെങ്കിൽ വിശ്വാസികളുടെ വികാരം പാലിക്കപ്പെടുമായിരുന്നു എന്ന മട്ടിൽ തന്ത്രി കുടുംബാംഗമായ രാഹുൽ ഈശ്വർ നടത്തിയ പ്രതികരണം കേരളം കേട്ടതാണ്.
അടുത്തകാലത്തു സ്വവർഗ വിവാഹത്തെക്കുറിച്ചും അന്യപുരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ വിവാഹിതകൾക്കുള്ള അവകാശത്തെക്കുറിച്ചും ഒക്കെയുള്ള വിവാദ വിധികൾ വന്നപ്പോൾ അദ്ദേഹം നടത്തിയ പ്രതികരണവും വളരെ ശ്രദ്ധേയമായിരുന്നു. കോടതി നിയമപരമായി കുറ്റമല്ല എന്നു പറഞ്ഞതുകൊണ്ട് ഒരു കാര്യം തെറ്റല്ലെന്നു വരുന്നില്ലെന്നും തെറ്റുകളെക്കുറിച്ചും പാപത്തെക്കുറിച്ചും മതങ്ങൾ വിശ്വാസികൾക്കു ബോധ്യങ്ങൾ കൊടുക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു. ജീവൻ ദൈവത്തിന്റെ മഹനീയ ദാനമാണെന്നും അതുകൊണ്ടു വധശിക്ഷ പാടില്ലെന്നുമുള്ള ഉറച്ച നിലപാട് കൈക്കൊണ്ടുകൊണ്ടാണ് അദ്ദേഹം പടിയിറങ്ങുന്നത്.
കോടതിയിൽ നടക്കുന്നത് എല്ലാം ശരിയല്ലെന്നു തുറന്നുപറയാനും അദ്ദേഹം മടിച്ചില്ല. ജനാധിപത്യത്തിന്റെ കാവൽ നായ്ക്കളായ മാധ്യമലോകവും കോടതികളും കുരച്ചാലും ഫലമുണ്ടാകാതെ വരുന്പോൾ കടിക്കേണ്ടി വരുമെന്ന് അദ്ദേഹം സമ്മതിച്ചു. അത്തരത്തിൽ ഒരു പ്രവൃത്തിയായിരുന്നു ഇപ്പോഴത്തെ ചീഫ് ജസ്റ്റീസിനൊപ്പം 2018 ജനുവരി 12ന് സുപ്രീം കോടതിയിലെ രീതികളെക്കുറിച്ച് എതിർത്തു നടത്തിയ പരസ്യമായ പത്രസമ്മേളനം. അന്നത്തെ ചീഫ് ജസ്റ്റീസ് ദീപക് മിശ്രയുടെ സമീപനങ്ങൾക്കെതിരേ പരസ്യപ്രതികരണത്തിനു മുതിർന്നില്ലെങ്കിൽ ചരിത്രം തങ്ങളെ കുറ്റക്കാരായി വിധിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു. കോടതിയിലെ കൊളീജിയത്തിന്റെ സമീപനങ്ങളിലെ പാളിച്ചകളെക്കുറിച്ചും തുറന്നുപറയാൻ അദ്ദേഹം മടിച്ചില്ല.
ക്രിമിനൽ പശ്ചാത്തലമുള്ളവരെ മന്ത്രിമാരാക്കുന്നത് തടയാൻ നിലിവിലുള്ള നിയമങ്ങൾ കോടതിക്ക് അധികാരം തരുന്നില്ലെന്നു തീർത്തുപറയുന്പോഴും എല്ലാത്തരത്തിലുമുള്ള ജാഗ്രത കോടതിയും പുലർത്തണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ദുഃഖവെള്ളി
2015 ലെ ദുഃഖവെള്ളിയാഴ്ച സുപ്രീം കോടതി ജഡ്ജിമാരുടെ സമ്മേളനം വിളിച്ചുകൂട്ടിയതിനെതിരേ ജസ്റ്റീസ് കുര്യൻ പരസ്യമായി രംഗത്തുവരിക മാത്രമല്ല അതിൽ തനിക്കുള്ള അതൃപ്തി പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയയ്ക്കുകയും ചെയ്തു. ഭാരതത്തിന്റെ മതേതര സ്വഭാവത്തിനു നിരക്കാത്ത സംഭവമായി ആ സമ്മേളനത്തെ കുര്യൻ ചിത്രീകരിച്ചു. ഏപ്രിൽ ഒന്നിനു ദുഃഖവെള്ളിയാഴ്ച സമ്മേളനം വിളിച്ചുകൂട്ടുന്നത് ശരിയല്ലെന്ന് അക്കാലത്തെ ചീഫ് ജസ്റ്റീസ് ദത്തുവിനോട് മാർച്ച് 18 നു തന്നെ പറഞ്ഞിട്ടും നടപടി ഉണ്ടാകാതെ വന്നപ്പോഴാണ് അദ്ദേഹം പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചത്. ജഡ്ജിമാർക്കു പ്രധാനമന്ത്രി ഒരുക്കുന്ന വിരുന്നിൽ താൻ ഉണ്ടാവില്ലെന്നു കാണിച്ച് അയച്ച കത്തിലാണ് ദുഃഖവെള്ളിയാഴ്ചത്തെ സമ്മേളനം ഭരണഘടനയുടെ ചൈതന്യത്തിനു നിരക്കാത്തതാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചത്.
വിശ്വാസത്തിനുവേണ്ടി ഇത്തരം നിലപാടുകൾ എടുക്കുന്പോൾ പലർക്കും ഇഷ്ടപ്പെടില്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അദ്ദേഹം ആ നിലപാട് എടുത്തത്. കേരളത്തിൽ നിന്നുള്ള ഒരു മുൻ സുപ്രീം കോടതി ജഡ്ജിയായ കെ.ടി. തോമസ് ദുഃഖവെള്ളിയാഴ്ച ജോലി ചെയ്താൽ യേശുവിനു സന്തോഷമാകുമെന്ന് പത്രക്കാരോട് അന്നു പ്രതികരിച്ചതും ചേർത്തുവായിക്കണം
ലാളിത്യം മുഖമുദ്ര
വിശുദ്ധ കുർബാനയിൽ ദിവസവും ഭക്തിയോടെ സംബന്ധിക്കുക അദ്ദേഹത്തിന്റെ പതിവായിരുന്നു. അതേക്കുറിച്ചു പരിഹസിക്കുന്ന സഹജഡ്ജിമാർ പോലും ഉണ്ടായിരുന്നു. ഹൈക്കോടതി ജഡ്ജിയുടെ കാർ രാവിലെ ബസലിക്കാപ്പള്ളിയുടെ മുന്നിലും ഉച്ചകഴിഞ്ഞ് കപ്പൽപള്ളിയുടെ മുന്നിലും കിടക്കുന്നതിനെ പരിഹസിച്ചു ചിരിക്കുന്നവർ. വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്പോൾ ലേഖനം വായിക്കാനും അദ്ദേഹം റെഡി. ഫരീദാബാദ് ബിഷപ്പിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ അദ്ദേഹമാണു വചനം വായിച്ചതെന്നത് അക്കാലത്തെ പത്രങ്ങൾക്കു വലിയ വാർത്തയായിരുന്നു. അവിടെ മാത്രമല്ല കഴിഞ്ഞവർഷം അദ്ദേഹത്തിന്റെ സുഹൃത്ത് കേരള കോണ്ഗ്രസ് നേതാവായിരുന്ന പി.എം. മാത്യുവിന്റെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തപ്പോഴും അദ്ദേഹമാണു ലേഖനം വായിച്ചത്.
ഉറച്ച മരിയഭക്തനാണ് കുര്യൻ ജോസഫ്. കോടതികളിൽ കസേരയിൽ ഇരിക്കുന്നതിനുമുന്പ് ബോധജ്ഞാനത്തിന്റെ സിംഹാസനമേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ എന്ന പ്രാർഥന ഒരിക്കലും ചൊല്ലാതിരുന്നിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ദുഃഖവെള്ളി വിവാദത്തിനു ശേഷം കോടതിയിൽ പോകുന്നതിനു മുന്പ് ഒരാഴ്ച ധ്യാനം കൂടാൻ അദ്ദേഹം സമയം ഉണ്ടാക്കി.
മരിയൻ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതും പ്രാർഥിക്കുന്നതും അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഭക്തകൃത്യമാണ്. അടുത്ത കാലത്ത് ക്രിസ്റ്റീൻ ശുശ്രൂഷകരോടൊപ്പം മെജുഗോറെ സന്ദർശിച്ചു പ്രാർഥിച്ചതിനെക്കുറിച്ചും അവിടെനിന്നു ലഭിച്ച മരിയൻ അനുഭവത്തെക്കുറിച്ചും അദ്ദേഹം എഴുതിയിരുന്നു.
പരമോന്നത കോടതിയിലെ ജഡ്ജിയുടെ പദവിയുടെ ഭാരമൊന്നും ജസ്റ്റീസ് കുര്യന്റെ തലയ്ക്ക് ഒരിക്കലും ഉണ്ടായില്ല. എന്നും എപ്പോഴും സാധാരണക്കാരനായി വർത്തിച്ചു അദ്ദേഹം. 2018 ഓഗസ്റ്റിൽ കേരളത്തിലുണ്ടായ പ്രളയത്തെത്തുടർന്നു ഡൽഹിയിൽ നടത്തിയ സഹായശേഖരണത്തിനു തുടക്കം മുതൽ ജസ്റ്റീസ് കുര്യൻ ജോസഫ് ബാറിലെ അഭിഭാഷകർക്കൊപ്പം സാധാരണപ്രവർത്തകനായി കൂടെയുണ്ടായിരുന്നതു സമകാലിക ചരിത്രം.