റബർ ബിൽ 2022: നെഞ്ചിടിപ്പോടെ കർഷകർ
Thursday, January 20, 2022 11:21 PM IST
ലെ റബർ ആക്ട് റദ്ദാക്കിക്കൊണ്ട് റബർ (പ്രൊമോഷൻ & ഡെവലപ്മെന്റ്) ബിൽ 2022എന്ന പേരിൽ കേന്ദ്രസർക്കാർ പാർലമെന്റിൽ പുതിയ നിയമനിർമാണത്തിന് ഒരുങ്ങുകയാണല്ലോ. ബില്ലിന്റെ കരടുരൂപം പത്തിന് കേന്ദ്ര വാണിജ്യവകുപ്പിന്റെ വെബ്സൈറ്റിൽ (http://commerce.gov.in/) പ്രസിദ്ധപ്പെടുത്തുന്നതു വരെ ഇക്കാര്യം അതീവരഹസ്യമാക്കി വച്ചിരുന്നു. ഇന്നുവരെ മാത്രമാണു പൊതുജനങ്ങൾക്ക് നിർദേശങ്ങൾ സമർപ്പിക്കാവുന്നത്. നിഗൂഢമായും വേഗത്തിലും പുതിയ ഒരു ബില്ല് കൊണ്ടുവരുന്നതിനെ നെഞ്ചിടിപ്പോടെയാണു റബർ കർഷകർ കാണുന്നത്.
സർക്കാരിനു പാർലമെന്റിലുള്ള മൃഗീയ ഭൂരിപക്ഷമുപയോഗിച്ച് ഈ ബില്ലും എളുപ്പത്തിൽ പാസാക്കാൻ കഴിയും. പൊതുജനത്തിന് അഭിപ്രായം പറയാൻ ലഭിച്ചതു വെറും പത്തുദിവസം മാത്രം. പുതിയ റബർ ബില്ലിലെ വ്യവസ്ഥകൾ എത്രമാത്രം കർഷകവിരുദ്ധമാണെന്നു റബർ കർഷകരും കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനപ്രതിനിധികളും മനസിലാക്കേണ്ടതാണ്. പുതിയ റബർ ബില്ലിനെക്കുറിച്ച് ഈ അവലോകനം എഴുതാൻ എന്നെ പ്രേരിപ്പിച്ചതും അതാണ്.
ഒന്നുകൂടി വ്യക്തമാക്കട്ടെ, ഈ കുറിപ്പിൽ രാഷ്ട്രീയമില്ല; കേരളത്തിലെ, പ്രത്യേകിച്ച് മധ്യതിരുവിതാംകൂറിലെയും മലയോരമണ്ണിലെയും പതിനായിരക്കണക്കായ ചെറുതും വലുതുമായ റബർ കർഷകരുടെ ആശങ്കകൾക്ക് ശബ്ദംനൽകൽമാത്രം.
കൃഷിയിൽനിന്നു വ്യവസായത്തിലേക്ക്
1947ൽ പാസാക്കിയ റബർ ആക്ടിന്റെ പ്രസക്തി ഇപ്പോൾ നഷ്ടമായിരിക്കുന്നു എന്നും ഏറെ മാറിയിരിക്കുന്ന ആനുകാലികസാഹചര്യങ്ങൾ കണക്കിലെടുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പുതിയ ബില്ല് അവതരിപ്പിക്കുന്നതിന്റെ നിദാനമായി പറഞ്ഞിരിക്കുന്നു; ഇതു ശരിതന്നെ. എന്നാൽ അടുത്ത അരനൂറ്റാണ്ടിൽ വരാവുന്ന ശാസ്ത്ര-സാങ്കേതിക, സാമൂഹിക-സാന്പത്തിക മേഖലകളിലെ മാറ്റങ്ങളും വെല്ലുവിളികളുംകൂടി പുതിയ ബില്ലിൽ പരിഗണിക്കപ്പെടേണ്ടതായിരുന്നു. അങ്ങനെ ആയിരുന്നെങ്കിൽ റബർ കൃഷിക്കു കൂടുതൽ പരിഗണന പുതിയ ബില്ലിൽ ലഭിക്കുമായിരുന്നു. പകരം, റബർ കൃഷിപോലും റബർ വ്യവസായത്തിന്റെതന്നെ ഒരു ഭാഗമായിട്ടാണ് പുതിയ ബില്ലിൽ പറയുന്നത് (section 2(u)V).
റബർ കൃഷിയോടൊപ്പം റബർ വ്യവസായത്തിനും പ്രാധാന്യം കൊടുക്കുമെന്നു കരടുബില്ലിൽ പറഞ്ഞിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. റബർകൃഷിയും വ്യവസായവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. അവ പരസ്പരപൂരകങ്ങളും ആയിരിക്കണം. ഒന്നു മറ്റതിനെ ആശ്രയിച്ചു മാത്രമാണിരിക്കുന്നത്. എന്നാൽ, കാലാകാലങ്ങളായി റബറിന്റെ 70-75 ശതമാനവും ഉപയോഗിക്കുന്ന ടയർ വ്യവസായികൾ ദശലക്ഷത്തിലേറെ വരുന്ന, ഒന്ന്-ഒന്നര ഏക്കർ മാത്രമുള്ള നമ്മുടെ നാട്ടിലെ ചെറുകിട റബർ കർഷകരുടെ അധ്വാനത്തിന്റെ ഫലം ചൂഷണം ചെയ്യുകയായിരുന്നു. ടയർ വ്യവസായികൾക്ക് ചെറിയ വിലയ്ക്കും ആവശ്യമായ അളവിലും ഗുണനിലവാരത്തിലും റബർ ഉത്പാദിപ്പിച്ചു കൊടുക്കാൻ കടപ്പെട്ടവരുടെ ഒരു സമൂഹം മാത്രമായിരുന്നു നമ്മുടെ കർഷകർ എക്കാലവും; 1947ലെ റബർ ആക്ടിൽ റബർ വ്യവസായത്തിന് പ്രത്യേക പരിഗണന എടുത്തു പറയാതിരുന്നിട്ടുകൂടി! അവസരവാദപരമായ ഇറക്കുമതിയിലൂടെ ആഭ്യന്തരവിപണി തകർക്കാൻ ടയർ ലോബിക്ക് പല ദശാബ്ദങ്ങളായി കഴിഞ്ഞിരുന്നു.
കർഷകർക്കും കർഷകത്തൊഴിലാളികൾക്കും ഗുണപ്രദമെന്ന് പ്രത്യക്ഷത്തിൽ തോന്നിക്കുന്ന പല വ്യവസ്ഥകളും നിർദിഷ്ട ബില്ലിലുണ്ട്. Section3 (IV) മുതൽ (VIII) വരെ കാണുക. അതുപോലെ Section 20(2)ലും കർഷകർക്കുവേണ്ടിയുള്ള ചില വ്യവസ്ഥകൾ കാണാം. ഇന്ത്യയിൽ റബർ കൃഷി വികസിക്കണമെന്നും റബർ ഉത്പാദനം കൂടണമെന്നും പുതിയ ബില്ല് വിവക്ഷിക്കുന്നുണ്ട്. എന്നാൽ കർഷകതാത്പര്യങ്ങളെ ആത്യന്തികമായി തകർക്കുന്ന വ്യവസ്ഥകൾ ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പെട്ടെന്നു ശ്രദ്ധയിൽ വരാത്തവിധമാണ് ഈ വ്യവസ്ഥകൾ എഴുതിച്ചേർത്തിരിക്കുന്നത്.
ഉദാഹരണത്തിന്, Section 7(1) കാണുക. ഏതൊരു വ്യക്തിക്കും റബർ ബോർഡിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി റബർ വാങ്ങുകയോ വിൽക്കുകയോ ചെയ്യാം. എന്നാൽ, കേന്ദ്രസർക്കാരിന് ഈ വ്യവസ്ഥയിൽനിന്നു വ്യക്തികളെയോ ഗ്രൂപ്പുകളെയോ ഒഴിവാക്കാമെന്നും കൂട്ടിച്ചേർത്തിരിക്കുന്നു. രജിസ്ട്രേഷൻ ഉള്ളവർ റബർ ബോർഡിൽ സമയാസമയങ്ങളിൽ റിട്ടേണ് നൽകണമെന്ന് Section 8(a) യിൽ വ്യവസ്ഥയുണ്ട്. എന്നാൽ, രജിസ്ട്രേഷനിൽനിന്നു കേന്ദ്രസർക്കാർ ഒഴിവു നൽകിയവർക്ക് ഇതു ബാധകമല്ലതാനും. ഒഴിവു നേടാത്തവർപോലും ഈ വ്യവസ്ഥ ലംഘിച്ചാൽ പതിനായിരം രൂപയുടെ സിവിൽ പെനൽറ്റി കൊടുത്താൽ പ്രശ്നം തീരും (Section 9(IV) (6). കോടികളുടെ കച്ചവട ഇടപാടുകൾ നടത്തുന്ന വ്യാപാരികൾക്കും വ്യവസായികൾക്കുമുള്ള ശിക്ഷയാണ് ഇതെന്നു മനസിലാക്കുക.
Section 29(1) പ്രകാരം റബറിന്റെ ഇറക്കുമതി തീരുമാനിക്കാനുള്ള അധികാരം കേന്ദ്രഗവണ്മെന്റിൽ നിക്ഷിപ്തമായിരിക്കുന്നു. റബർ ബോർഡിനോട് അഭിപ്രായം ആരായുകപോലും വേണ്ട. മാത്രമല്ല Section 30(1) പ്രകാരം റബറിന്റെ വില നിശ്ചയിക്കുന്നതിനുള്ള അധികാരവും കേന്ദ്രസർക്കാരിനായിരിക്കും.
ഈവക സുപ്രധാന നയപരമായ കാര്യങ്ങളിൽ റബർ ബോർഡിനോട് ആലോചിക്കാൻ നിലവിലുള്ള റബർ ആക്ടിൽ വ്യവസ്ഥയുണ്ടായിരുന്നു. പുതിയ ബില്ലനുസരിച്ച് കേന്ദ്രസർക്കാർ നിശ്ചയിക്കുന്ന വിലയ്ക്ക് റബർ ബോർഡ് അറിയാതെതന്നെ എത്ര വേണമെങ്കിലും റബർ ഇറക്കുമതി ചെയ്യപ്പെടാം. പുതിയ ബില്ലിന്റെ അവതരണവാക്യത്തിൽ പറഞ്ഞിരിക്കുന്ന ‘നവീനമായ റബർ ബോർഡ്’ രാജ്യത്തുള്ള റബറിന്റെ കണക്കുപോലും അറിയണമെന്നില്ല (Section 20(1) (h).
ഇറക്കുമതിക്കു പ്രോത്സാഹനമോ?
രാജ്യത്ത് റബർ ഉത്പാദനം കൂട്ടാൻ വിവക്ഷിക്കുന്ന പുതിയ റബർ ബിൽ ടയർ വ്യവസായികളുടെ താത്പര്യമനുസരിച്ച്, അവർക്കു വേണ്ടതോ അതിലധികമോ റബർ കേന്ദ്രസർക്കാർ സ്വമേധയാ തീരുമാനിക്കുന്ന വിലയ്ക്ക് ഇറക്കുമതി ചെയ്യാൻ ഒത്താശ ചെയ്യുന്നതുകൂടിയാണ് എന്നു പറയേണ്ടിവരും. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന റബറിന്റെ ഗുണനിലവാരം നല്ലതായിരിക്കണമെന്ന് എടുത്തുപറയുന്ന പുതിയ ബില്ല് ഇറക്കുമതി ചെയ്യുന്ന റബറിന്റെ ഗുണനിലവാരത്തെക്കുറിച്ച് മൗനമാണ് അവലംബിക്കുന്നത്.
കർഷകന്റെ നാളിതുവരെയുള്ള അനുഭവത്തിന്റെ വെളിച്ചത്തിലും പുതിയ കരടു ബില്ലിലെ മേൽവിവരിച്ച വ്യവസ്ഥകളുടെ അടിസ്ഥാനത്തിലും നോക്കുന്പോൾ റബർ കൃഷിക്കും വ്യവസായത്തിനും ഒരേ പ്രാധാന്യമാണെന്നു പ്രഘോഷിക്കുന്നത് തികച്ചും വൈരുധ്യമാണ്.
റബർ ബോർഡിന്റെ പ്രസക്തി
റബർ ബോർഡ് കർഷകർക്കുവേണ്ടി ചെയ്തിട്ടുള്ള വിലയേറിയ സംഭാവനകൾ ഒരിക്കലും തള്ളിക്കളയാവുന്നതല്ല. രാജ്യത്തെതന്നെ ഏറ്റവും അഭിനന്ദനാർഹമായ പ്രവർത്തനങ്ങൾ കാഴ്ചവച്ച ഒരു സ്ഥാപനമാണിത്. മുൻകാലങ്ങളിൽ റബർബോർഡിന്റെ മേൽനോട്ടത്തിൽ ലക്ഷക്കണക്കിനു ചെറുകിട കർഷകർ റബർകൃഷിയിലേക്കു വരുകയും അതുവഴി ഇവിടത്തെ റബർ വ്യവസായത്തിന് ആവശ്യമായ ഏതാണ്ട് മുഴുവൻ റബറും കുറഞ്ഞ നിരക്കിൽ ഇവിടെത്തന്നെ ഉത്പാദിപ്പിക്കുകയും ചെയ്തിരുന്നു. ഇന്ത്യയിലെ ടയർ വ്യവസായം വളർന്നു പന്തലിച്ചത് റബർ കർഷകരുടെ അധ്വാനം ഒന്നുകൊണ്ടു മാത്രമാണ്. എന്നാൽ, ഈ വസ്തുത പാടേ മറന്ന് അവരെ ചൂഷണം ചെയ്യുന്നത് ഇനിയും ഭൂഷണമല്ല.
റബർ ബോർഡിന്റെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കണമെന്നു പറയുന്ന പുതിയ ബില്ല് ബോർഡിന് എല്ലാ വിധത്തിലും കൂച്ചുവിലങ്ങിടുകയാണ്. സുപ്രധാന തീരുമാനങ്ങളിൽപ്പോലും റബർ ബോർഡ് അറിയാതെ കേന്ദ്രസർക്കാരിന് സ്വമേധയാ വ്യവസായികൾക്ക് അനുകൂലമായി തീരുമാനങ്ങൾ എടുക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. കേന്ദ്രസർക്കാരിന്റെ നിർദേശം ബോർഡിൽ പാസാകാതെ വന്നാൽ ബോർഡിനെ മറികടക്കാമെന്നും ബോർഡിനെ സസ്പെൻഡ് ചെയ്ത് കേന്ദ്രം നിശ്ചയിക്കുന്ന വ്യക്തിയെക്കൊണ്ട് കേന്ദ്രതീരുമാനം നടപ്പാക്കാമെന്നും വ്യവസ്ഥ ചെയ്യുന്നു.
റബർ ബോർഡിനെ നവീകരിക്കാനുള്ള പുതിയ ബില്ലിൽ ബോർഡ് അംഗസംഖ്യ കൂട്ടി 30 ആക്കിയപ്പോൾ കേരളത്തിനും (എട്ട്) തമിഴ്നാടിനും (രണ്ട്) ഉണ്ടായിരുന്ന 10 അംഗത്വം ഇല്ലായ്മ ചെയ്തിരിക്കുന്നു. കേരളത്തിൽനിന്നു മൂന്ന് ചെറുകിട കർഷകർക്ക് ബോർഡിൽ അംഗത്വം ഉറപ്പു നൽകിയിരുന്ന പഴയ റബർ നിയമം ഇല്ലായ്മ ചെയ്തപ്പോൾ, പുതിയ 30 അംഗബോർഡിൽ ഒരു ചെറുകിട കർഷകനുപോലും അംഗത്വം ഉറപ്പുനൽകുന്നില്ല. രാജ്യത്തെ 70-75 ശതമാനം കൃഷിയും ഉത്പാദനവും കേരളത്തിലായിട്ടുകൂടി എന്തിനാണ് കേരളത്തിലെ റബർ കർഷകരെ പാടേ മറക്കുന്നത്? റബർ കൃഷി മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കുന്നതല്ല, കേരളത്തെ മനഃപൂർവം തുടർന്നും അവഗണിക്കുന്നതാണു പ്രശ്നം.
ചെയർമാന്റെ അസാന്നിധ്യത്തിൽ ബോർഡിൽ ഉള്ള മറ്റേതെങ്കിലും ഒരംഗമായിരിക്കണം മീറ്റിംഗുകളിൽ അധ്യക്ഷസ്ഥാനം വഹിക്കേണ്ടത് എന്നാണ് പുതിയ ബില്ലിലെ വ്യവസ്ഥ (Sec 16(2). റബറിനെക്കുറിച്ച് യാതൊരുവിധ അറിവുമില്ലാത്തവർക്കും ബോർഡിൽ അംഗമാകാമെന്നുകൂടി പുതിയ ബില്ലിൽ എടുത്തുപറയുന്നു (Sec 14).
റബർ ബോർഡിന്റെ മീറ്റിംഗുകൾ നിയന്ത്രിക്കുന്നത് ഈ അധ്യക്ഷനായിരിക്കും. ചുരുക്കത്തിൽ, റബർ ബോർഡിന്റെ ഗതിയെ കാര്യമായി സ്വാധീനിക്കാൻ റബറുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ബോർഡ് അംഗത്തിന് സാധിക്കും. റബർ കൃഷിപോലും ടയർ ലോബിയുടെ നിയന്ത്രണത്തിലാകുന്നതിന്റെ ലക്ഷണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പുതിയ കൃഷി വ്യാപനപദ്ധതി എന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.
മലിനീകരണ കാരണമാകുന്ന സിന്തറ്റിക് റബർ
പ്രകൃതിദത്ത റബറിന്റെ ഉപയോഗം ഒരുവശത്ത് കുറയുന്നതും മറുവശത്ത് സിന്തറ്റിക് റബറിന്റെ ഉത്പാദനം ചില വൻകിട സ്വകാര്യകന്പനികൾ പതിന്മടങ്ങ് വർധിപ്പിച്ചുവരുന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. ഇത് ആത്യന്തികമായി കർഷകർക്കു ഭീഷണിയാകും.
രാജ്യത്തെ ഏറ്റവും വലിയ കന്പനികൾക്കാണ് സിന്തറ്റിക് റബർ ഉത്പാദനത്തിന്റെ കുത്തക എന്നതും ശ്രദ്ധേയമാണ്. പ്രകൃതി സൗഹൃദപരമായ സ്വഭാവിക റബറിനെ തള്ളി അന്തരീക്ഷമലിനീകരണത്തിനും ആഗോളതാപനത്തിനും സഹായകവുമായ സിന്തറ്റിക് റബർ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നത് കർഷകരോടോ പ്രകൃതിയോടോ ഉള്ള കൂറുകൊണ്ടായിരിക്കുകയില്ലല്ലോ.
ചുരുക്കത്തിൽ, റബർ ബോർഡിൽനിന്നു കാര്യങ്ങളുടെ നിയന്ത്രണം മുഴുവനും മാറുന്ന വിധത്തിലാണ് പുതിയ ബില്ല് രൂപപ്പെടുത്തിയിരിക്കുന്നത്. അത് ടയർവ്യവസായികളെ വളർത്താൻവേണ്ടിയാണെന്നത് സ്പഷ്ടവുമാണ്. അവരുടെ ആവശ്യങ്ങളെല്ലാം നിർബാധം നിയമതടസങ്ങളില്ലാതെ കൊണ്ടുപോകാനുള്ള വഴികൾ പുതിയ ബില്ലിൽ ഒളിഞ്ഞും തെളിഞ്ഞും ഉണ്ട്. കർഷകതാത്പര്യം സംരക്ഷിക്കുന്നതിനായുള്ള പല കാര്യങ്ങളും പുതിയ ബില്ലിൽ ഉണ്ടെങ്കിൽകൂടി അതെല്ലാം ഇല്ലാതാക്കുന്ന വേറെ വ്യവസ്ഥകൾ കടന്നുകൂടിയിട്ടുണ്ട്.
ദശാബ്ദങ്ങളായി റബർ കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ റബർ ബോർഡിന് സാധിച്ചിരുന്നു. ടയർ വ്യവസായികൾക്ക് അതു തീരെ സ്വീകാര്യമായിരുന്നില്ലതാനും. പുതിയ ബില്ലുവഴി ടയർവ്യവസായികൾ റബർ ബോർഡിനെ പൂർണമായും കൈക്കലാക്കി അവരുടെ ഇംഗിതത്തിനനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കും.
നാളിതുവരെ റബർ ബോർഡിൽ നിക്ഷിപ്തമായിരുന്ന ഉപദേശകറോൾപോലും (ഉദാ: ഇറക്കുമതി, കയറ്റുമതി, കുറഞ്ഞതും കൂടിയതുമായ വിലനിർണയം) എടുത്തുമാറ്റിയിരിക്കുന്നു. നമ്മുടെ നാട്ടിലെ കർഷകരെ മാത്രമല്ല, രാജ്യത്തെ എല്ലാ റബർ കർഷകരെയും ദോഷമായി ബാധിക്കുന്നതാണ് പുതിയ ബില്ലിലെ കർഷകവിരുദ്ധമായ വ്യവസ്ഥകൾ. പ്രത്യേകിച്ച് റബർ വിലയും ഇറക്കുമതിയും കേന്ദ്രസർക്കാർ ഏകപക്ഷീയമായി തീരുമാനിക്കുകയും റബർ ബോർഡിനെ ഇരുട്ടിൽ നിർത്തുകയും ചെയ്യുന്ന വ്യവസ്ഥകൾ.
ബന്ധപ്പെട്ടവർ അടിയന്തരമായി ഈ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ നമ്മുടെ നാട്ടിൽ റബർ കർഷകർ ഉന്മൂലനം ചെയ്യപ്പെടാൻ അധികനാൾ വേണ്ടിവരില്ല; ഒപ്പം കേരളത്തിന്റെ സന്പദ്വ്യവസ്ഥയും തകരും.