ലോകം കീഴടക്കി നാട്ടുപാട്ട്
Tuesday, March 14, 2023 1:51 AM IST
വി.എസ്. ഉമേഷ്
രാജ്യമെന്നോ ഭാഷയെന്നോ വേർതിരിവില്ലാതെ ലോകത്തെ ഒന്നാകെ നൃത്തം ചെയ്യിച്ച ഒരു ഗാനം... ആർആർആർ (രുധിരം, രണം, രൗദ്രം) എന്ന രാജമൗലി ചിത്രത്തിനുവേണ്ടി ചന്ദ്രബോസ് രചിച്ച്, കീരവാണി ഈണമിട്ട്, രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ആലപിച്ച്, അഭ്രപാളിയിൽ ജൂണിയർ എൻടിആറും രാംചരണും ചേർന്നു ചുവടുവച്ച “നാട്ടു...നാട്ടു...’’എന്ന ഗാനത്തെ തേടി ഗോൾഡൻ ഗ്ലോബിനു പിന്നാലെ ഓസ്കർകൂടി എത്തിയത് അപ്രതീക്ഷിതമെന്നു പറയാനാകില്ല. നൃത്തം അറിയാത്തവരും ഒരിക്കൽപ്പോലും നൃത്തം ചെയ്യാത്തവരുംപോലും ഈ പാട്ട് കേട്ടാൽ മനസിലെങ്കിലും ഒരുതവണ ചുവടു വച്ചിട്ടുണ്ടാകും.
മധ്യമാവതി രാഗത്തിൽ അധിഷ്ഠിതമായ ദ്രുതതാളത്തിൽ ഡപ്പാംകുത്തും വെസ്റ്റേണും സമ്മേളിപ്പിച്ചിരിക്കുന്ന ഗാനം ഇറങ്ങിയപ്പോൾ മുതൽ ഹിറ്റ് ചാർട്ടിൽ ഒന്നാമതായിരുന്നു. മരകതമണിയും എം.എം. ക്രീമും ഒക്കെയായി വിവിധ പേരുകളിൽ വിവിധ ഭാഷകളിൽ സംഗീതമൊരുക്കുന്ന എം.എം. കീരവാണി ഈ ഗാനത്തിലൂടെ ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ ലോകവേദിയിലെ മേൽവിലാസമായി. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ലോക സിനിമാ സംഗീത രംഗത്തേക്ക് ചുവടുവച്ച അദ്ദേഹം ‘നാട്ടു നാട്ടു’വിലൂടെ തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
സംഗീതത്തിന്റെ വിവിധ ശാഖകളെ ഒരേപോലെ ഇഷ്ടപ്പെടുന്ന കീരവാണി അവയുടെ സമ്മേളനംകൂടിയാണ് ഈ ഗാനത്തിലൂടെ കൊണ്ടുവന്നത്. ആന്ധ്രയിലെ ചരിത്രപുരുഷന്മാരായ അല്ലൂരി സീതാരാമ രാജുവിന്റെയും കൊമരം ഭീമിന്റെയും ജീവിതത്തെ ആസ്പദമാക്കിയുള്ള ആർആർആറിൽ അവരെ ഒന്നിച്ചവതരിപ്പിച്ച ഗാനമെന്നതുകൊണ്ടും പ്രേക്ഷക ശ്രദ്ധയാകർഷിക്കാൻ ഈ ഗാനത്തിനായിരുന്നു.
ഗാനത്തിന്റെ ചടുതലയ്ക്കൊപ്പം തന്നെ പ്രേംരക്ഷിതിന്റെ കൊറിയോഗ്രഫിയും ജനഹൃദയങ്ങളിൽ മേൽക്കൈ നേടാൻ സഹായിച്ചു.
കര്‍ണാടക സംഗീതത്തിലെ മേളകർത്താ രാഗങ്ങളിലൊന്നാണ് കീരവാണി. സാധാരണ ജനസാമാന്യത്തിന് ഈ രാഗത്തിന്റെ പേരെന്നതു പോലെതന്നെ സംഗീതസംവിധായകന്റെ പേരും അത്ര പരിചിതമാകാനിടയില്ല. പക്ഷേ, പാട്ടുകൾ കേട്ടുതുടങ്ങിയാൽ രാഗവും സംഗീതസംവിധായകനും പരിചിതരാകും. ഓ പ്രിയേ പ്രിയേ..., ചാന്തുകുടഞ്ഞൊരു സൂര്യൻ മാനത്ത്...., എൻ പൂവേ... തുടങ്ങിയ ഗാനങ്ങൾ കീരവാണി രാഗത്തെ പരിചിതമാക്കുന്പോൾ മലയാളികൾ നെഞ്ചോടു ചേർക്കുന്ന സൂര്യമാനസത്തിലെ തരളിത രാവിൽ..., ദേവരാഗത്തിലെ ശിശിരകാല മേഘമിഥുന... അടക്കമുള്ള ഗാനങ്ങൾ കീരവാണിയെന്ന സംഗീത സംവിധായകനെയും മലയാളി മനസിൽ അടയാളപ്പെടുത്തുന്നതാണ്.
ആന്ധ്രപ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ കൊവ്വൂരിൽ 1961 ജൂലൈ നാലിന് സംഗീതജ്ഞനും ഗാനരചയിതാവുമായ ശിവശക്തിദത്തയുടെ മകനായാണ് എം.എം. കീരവാണിയുടെ ജനനം. തെലുങ്ക് സംഗീത സംവിധായകൻ കെ. ചക്രവർത്തി, സംഗീത സംവിധായകൻ സി. രാജാമണി എന്നിവരോടൊപ്പം സഹസംഗീത സംവിധായകനായാണ് കീരവാണിയുടെ കരിയര്‍ തുടങ്ങുന്നത്.
1990ൽ പുറത്തിറങ്ങിയ ‘കൽക്കി’യിലൂടെയാണ് സ്വതന്ത്ര സംഗീതസംവിധായകനായത്. നിർഭാഗ്യവശാൽ സിനിമ പുറത്തിറങ്ങിയില്ല. പിന്നീട് രാജമൗലിയുടെ "മനസു മമത' എന്ന ചിത്രത്തിനുവേണ്ടി കീരവാണി പാട്ടുകളൊരുക്കി. രാം ഗോപാൽ വർമ സംവിധാനം ചെയ്ത ക്ഷണാ ക്ഷണം എന്ന ചിത്രത്തിലൂടെ കീരവാണിയുടെ പേര് ഇന്ത്യന്‍ സംഗീതലോകത്തേക്ക് ഉയർന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം അടക്കമുള്ള ഭാഷകളിലായി ഇരുന്നൂറോളം ഗാനങ്ങൾക്ക് ഈണമിട്ടിട്ടുണ്ട് കീരവാണി.
ക്രിമിനൽ, ജിസം, മഗധീര, മലയാളത്തിൽ നീലഗിരി, സൂര്യമാനസം, ദേവരാഗം തുടങ്ങിയ സിനിമകൾ ഏറെ ജനശ്രദ്ധ നേടിയവയാണ്. 1997ൽ അണ്ണാമയ്യയിലെ ഗാനങ്ങൾക്കു ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചു. മഗധീര, ക്രിമിനൽ തുടങ്ങി അഞ്ചു സിനിമകൾക്കു ഫിലിം ഫെയർ അവാർഡും കീരവാണിയെത്തേടിയെത്തി. അഴകൻ എന്ന സിനിമയ്ക്ക് പാട്ടൊരുക്കിയതിനു തമിഴ്നാട് സർക്കാരിന്റെ മികച്ച സംഗീത സംവിധായകനുള്ള അവാർഡും കീരവാണിക്കു ലഭിച്ചു. പത്മശ്രീയും ഇദ്ദേഹത്തിന് ലഭിച്ചു.