പ്രതിസന്ധികൾക്കു നടുവിൽ പ്രതീക്ഷയോടെ...
അദീപ് ബേബി
Wednesday, July 30, 2025 2:31 AM IST
വയനാടിന്റെ ഉള്ളുലച്ച ഉരുൾ 298 പേരെ കവർന്നെടുത്തിട്ട് ഇന്ന് ഒരാണ്ട്. കലിതുള്ളിയെത്തിയ പേമാരിയിൽ പ്രകൃതി രൗദ്രഭാവം പൂണ്ടതോടെ പുഞ്ചിരിമട്ടത്ത് നഷ്ടമായത് നൂറുകണക്കിന് ജീവനും അതിലേറെ ജീവിതങ്ങളുമാണ്. മക്കളെ നഷ്ടപ്പെട്ട മാതാപിതാക്കളും മാതാപിതാക്കൾ നഷ്ടപ്പെട്ട മക്കളും ഉറ്റവരെ നഷ്ടപ്പെട്ട ബന്ധുക്കളും നൊന്പരക്കാഴ്ചയായി ഇപ്പോഴും അവശേഷിക്കുന്നു. കണ്ണീരുണങ്ങാത്ത മുഖവുമായി ഇന്നും മരിച്ചു ജീവിക്കുകയാണ് മുണ്ടക്കൈയിലും ചൂരൽമലയിലും താമസിച്ചിരുന്നവർ. സ്വന്തമായതെല്ലാം നഷ്ടപ്പെട്ട് ജീവിതം വഴിമുട്ടിയ ഇവർക്കായി നാടാകെ കൈകോർത്തെങ്കിലും ഇന്നും ദുരിതത്തിന്റെ നടുവിലാണ് ഉരുൾപൊട്ടൽ ദുരന്തത്തിലെ ഇരകൾ.
ജില്ലാ ദുരന്തനിവാരണ അഥോറിറ്റി സംസ്ഥാന സർക്കാരിനു നൽകിയ റിപ്പോർട്ടിൽ പറയുന്ന വിവരങ്ങൾ അനുസരിച്ച് ദുരന്തത്തിൽ 298 പേരാണു മരിച്ചത്. 32 പേരെ കണ്ടെത്താനുണ്ട്. 231 പൂർണ മൃതദേഹങ്ങൾ കണ്ടെത്തി. 223 ശരീരഭാഗങ്ങളും ലഭിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് കുറെയാളുകളെ തിരിച്ചറിഞ്ഞത്. 59 കുടുംബങ്ങൾ ദുരന്തത്തിൽ പൂർണമായും ഇല്ലാതായി. പരിക്കേറ്റ 37 ആളുകളിൽ 33 പേർ ഇപ്പോഴും ചികിത്സയിലാണെന്നും ദുരന്ത നിവാരണ അഥോറിറ്റിയുടെ റിപ്പോർട്ടിലുണ്ട്.
സ്വന്തമായിരുന്നവർക്കൊപ്പം വീടും കൃഷിയിടവും ഉപജീവനമാർഗങ്ങളുമടക്കം ജീവിതത്തിൽ സ്വരുക്കൂട്ടിയതെല്ലാം ഉരുൾവെള്ളം കവർന്ന് ഒരു വർഷമായിട്ടും ജീവിതത്തിലേക്കു തിരിച്ചുവരാൻ കഴിയാതെ പ്രയാസപ്പെടുകയാണ് അതിജീവിതർ. ദുരന്തബാധിതർക്കു പ്രധാനമന്ത്രിയടക്കമുള്ള നേതാക്കൾ നേരിട്ടെത്തി നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായവരുടെ കാര്യത്തിൽ സർക്കാരും മേപ്പാടി പഞ്ചായത്തും ഇരയായവരും തമ്മിൽ പൊരുത്തക്കേടുകളുണ്ട്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലുള്ളവരാണ് ഉരുൾ ദുരന്തത്തിന് ഇരയായത്. ഇതിൽ സർക്കാർ കണക്കിൽ 410 പേർക്കാണ് വീടുകൾ നഷ്ടമായത്. എന്നാൽ 545 ആളുകൾക്ക് വീട് നഷ്ടമായെന്നാണ് മേപ്പാടി പഞ്ചായത്ത് സർക്കാരിന് സമർപ്പിച്ച കണക്ക്.
സ്വന്തമായി വീടും ജീവിതമാർഗവും നൽകുമെന്ന സർക്കാർ വാഗ്ദാനം ലഭിച്ച് ഒരു വർഷമായിട്ടും വാടകവീടുകളിലും ബന്ധുവീടുകളിലും കഴിയുകയാണിവർ. ഇതിനിടെ സർക്കാർ നൽകിയിരുന്ന വീട്ടുവാടക പലപ്രാവശ്യം മുടങ്ങി. ഇതേച്ചൊല്ലി അതിജീവിതർ പ്രതിഷേധവും ഉയർത്തി.
ദുരന്തബാധിതർക്കായി സർക്കാർ ടൗണ്‍ഷിപ്പ് വിഭാവന ചെയ്ത് നിർമാണം ആരംഭിച്ചു. ടൗണ്‍ഷിപ്പിൽ ഒരുങ്ങുന്നത് 410 വീടുകളാണ്. ഇതിൽ ഒന്നാംഘട്ട നിർമാണം മാത്രമാണ് ആരംഭിച്ചത്. ഇതിൽ 140 വീടുകളാണ് തയാറാകുന്നത്. ഓരോ കുടുംബത്തിനും ഏഴ് സെന്റിലാണ് വീട് നിർമിക്കുന്നത്.
എൽസ്റ്റണ്‍ എസ്റ്റേറ്റിൽ മുണ്ടക്കൈ, ചൂരൽമല ദുരന്ത അതിജീവിതർക്കായി നിർമിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് റവന്യൂ, ഭവനനിർമാണ മന്ത്രി കെ. രാജൻ ഏതാനും ആഴ്ചകൾക്കു മുൻപ് വയനാട് കളക്ടറേറ്റിൽ പറഞ്ഞിരുന്നു. രണ്ടാംഘട്ടത്തിൽ 51, മൂന്നാം ഘട്ടത്തിൽ 55, നാലാം ഘട്ടത്തിൽ 51, അഞ്ചാം ഘട്ടത്തിൽ 113 എന്നിങ്ങനെയാണ് വീടുകൾ നിർമിക്കുന്നത്. വീടുകളുടെ നിർമാണം പൂർത്തിയായതിനു ശേഷമാണ് ടൗണ്‍ഷിപ്പിലെ മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ പ്രവൃത്തികൾ ആരംഭിക്കുക.
ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടിക്കുന്നിലെ ആളുകളുടെ ആവശ്യം പരിശോധിക്കുമെന്നും ദുരന്തബാധിതരെ സർക്കാർ കൈവിടില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ, നിർമാണം നിശ്ചിതസമയത്തിനുള്ളിൽ പൂർത്തിയാകുമോയെന്ന ആശങ്കയിലാണ് ദുരന്തബാധിതർ.
ഉരുൾ ദുരന്തബാധിത പ്രദേശങ്ങളായ പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട്, പുതിയ വില്ലേജ് ഉന്നതികളിലെ 13 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. വെള്ളരിമല പുതിയ വില്ലേജ് പരിസരത്ത് സർവേ നന്പർ 126ൽപ്പെട്ട അഞ്ച് ഹെക്ടറിലാണ് ഇത്രയും കുടുംബങ്ങളിലെ 57 പേരെ പുനരധിവസിപ്പിക്കുന്നത്.
പുഞ്ചിരിമട്ടം, ഏറാട്ടുകുണ്ട് ഉന്നതികളിലെ അഞ്ച് വീതവും പുതിയ വില്ലേജിലെ മൂന്നും കുടുംബങ്ങൾക്കാണ് വീടും അനുബന്ധ സൗകര്യവും ഒരുക്കുന്നത്. കുടുംബങ്ങളെ ദുരന്തനിവാരണ അഥോറിറ്റിയുടെ പ്രത്യേക ഉത്തരവു പ്രകാരവും സർക്കാരിന്റെ അനുമതിയോടെയുമാണ് പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. പുനരധിവസിപ്പിക്കുന്ന ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമിയും വീടും നൽകും.