ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് 6 വിക്കറ്റ് ജയം
Monday, August 4, 2025 11:38 PM IST
ലണ്ടന്‍: വെല്‍ഡണ്‍ ടീം ഇന്ത്യ... ടെസ്റ്റ് ക്രിക്കറ്റിനെ അത്യുന്നതങ്ങളിലേക്കെത്തിച്ച് ഇംഗ്ലണ്ടിനെതിരായ ഓവല്‍ പോരാട്ടത്തില്‍ ഇന്ത്യക്കു രോമാഞ്ച ജയം. ഓവല്‍ മൈതാനത്തു നടന്ന അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ആറ് റണ്‍സിനു കീഴടക്കിയതോടെ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ പരമ്പര ഇന്ത്യ 2-2നു സമനിലയിലാക്കി.
അഞ്ചാംദിനമായ ഇന്നലെ 35 റണ്‍സ് നേടിയാല്‍ ഇംഗ്ലണ്ടിനും, നാലു വിക്കറ്റ് വീഴ്ത്തിയാല്‍ ഇന്ത്യക്കും ജയിക്കാമെന്ന അവസ്ഥ. എന്നാല്‍, 28 റണ്‍സ് വിട്ടുകൊടുത്ത് ശേഷിച്ച നാലു വിക്കറ്റും വീഴ്ത്തി ഇന്ത്യ ത്രില്ലിംഗ് ജയം സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ രോമാഞ്ചത്തില്‍. ഒറ്റക്കൈയുമായി ബാറ്റു ചെയ്യാന്‍ 11-ാമനായി ക്രീസിലെത്തിയ ഇംഗ്ലീഷ് പേസര്‍ ക്രിസ് വോക്സും, ഇംഗ്ലീഷ് ഇന്നിംഗ്സില്‍ ശേഷിച്ച നാലില്‍ മൂന്നു വിക്കറ്റും സ്വന്തമാക്കി പ്ലെയര്‍ ഓഫ് ദ മാച്ചായ മുഹമ്മദ് സിറാജുമായിരുന്നു ഓവലിലെ അഞ്ചാംദിനം ക്രിക്കറ്റ് ലോകത്തിന്റെ സല്യൂട്ടിനര്ഹരായത്.
ക്യാപ്റ്റനായി ഇന്ത്യയെ കന്നിപരമ്പരയില് മുന്നില്‍നിന്നു നയിച്ച ശുഭ്മാന്‍ ഗില്ലിനെയും ആരാധകര്‍ വണങ്ങി... അഞ്ച് മത്സര എവേ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരം ഇന്ത്യ ജയിക്കുന്നത് ചരിത്രത്തില്‍ ആദ്യം; ഒഎംജി (ഓ മൈ ഗോഡ്) മോഡ്. സ്കോര്‍: ഇന്ത്യ 224, 396. ഇംഗ്ലണ്ട് 247, 367.
സിറാജ് - പ്രസിദ്ധ്
76.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ അഞ്ചാംദിനമായ ഇന്നലെ ക്രീസിലെത്തിയത്. നാലാംദിനം മഴയെത്തുടര്‍ന്ന് മത്സരം അവസാനിപ്പിച്ചപ്പോള്‍ രണ്ട് റണ്‍സുമായി ജേമി സ്മിത്തും അക്കൗണ്ട് തുറക്കാതെ ജേമി ഓവര്ട്ടണുമായിരുന്നു ക്രീസില്‍. 77-ാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ പ്രസിദ്ധ് കൃഷ്ണ പന്തെടുത്തതോടെ അഞ്ചാംദിനത്തിനു തുടക്കമായി. അഞ്ചാംദിനത്തിലെ ആദ്യ രണ്ട് പന്തും ഓവര്ട്ടണ് ബൗണ്ടറി കടത്തി. അതോടെ ഇന്ത്യന്‍ ക്യാമ്പിലും ആരാധകരിലും ആശങ്ക.
78-ാം ഓവര്‍ എറിയാന്‍ എത്തിയ മുഹമ്മദ് സിറാജിന്റെ ആദ്യ രണ്ടു പന്തിലും റണ്ണെടുക്കാന്‍ ജേമി സ്മിത്തിനു സാധിച്ചില്ല. മൂന്നാം പന്തില്‍ വിക്കറ്റിനു പിന്നില്‍ ധ്രുവ് ജുറെലിന്റെ ലോ ക്യാച്ച്. റീപ്ലേയിലൂടെ ക്യാച്ച് സ്ഥിരീകരിച്ച് അമ്പയര്‍ കുമാര്‍ ധര്‍മസേന ചൂണ്ടുവിരല്‍ ഉയര്‍ത്തി, ജേമി സ്മിത്ത് ഔട്ട്. തുടര്‍ന്നു ക്രീസിലെത്തിയ ഗസ് ആറ്റ്കിന്സണ് അവസാന പന്തില്‍ ഡബിള്‍ സ്വന്തമാക്കി.
അടുത്ത ഓവറിനെത്തിയ പ്രസിദ്ധ് കൃഷ്ണയ്ക്കെതിരേ ആറ്റ്കിന്‍സണും ജേമി ഓവര്‍ട്ടണും ചേര്‍ന്ന് നാലു റണ്‍സ് നേടി. ഇംഗ്ലണ്ടിന്റെ ജയം 21 റണ്‍സ് അകലെ. അഞ്ചാംദിനം സിറാജിന്റെ രണ്ടാം ഓവര്‍, ഇന്നിംഗ്സിലെ 80-ാം ഓവര്‍. ആദ്യ മൂന്നു പന്തിലും റണ്ണില്ല. നാലാം പന്ത് ലെഗ് ബൈയിലൂടെ ഒരു റണ്‍. അതോടെ സ്ട്രൈക്കറായി ഓവര്ട്ടണ് ക്രീസില്‍. സിറാജിന്റെ പന്ത് വിക്കറ്റിനെ മറച്ച ഓവര്‍ട്ടണിന്റെ പാഡില്‍. ഒരുനിമിഷം ചിന്തിച്ചശേഷം ധര്‍മസേന ചൂണ്ടുവിരല്‍ ആകാശത്തേക്കുയര്‍ത്തി. ഓവര്ട്ടണ് റിവ്യൂ ചെയ്തെങ്കിലും പരാജയപ്പെട്ടു. ബൗണ്ടറികള്‍ തടയാനായി ലൈനിലൂടെ ഫീല്‍ഡിംഗ് വിന്യസിച്ചാണ് ക്യാപ്റ്റന്‍ ഗില്‍ ഇംഗ്ലണ്ടിനെ നേരിട്ടത്.
ട്വിസ്റ്റ് ആന്‍ഡ് ടേണ്‍
തുടര്‍ന്നുള്ള രണ്ട് ഓവറില്‍ വിക്കറ്റ് വീണില്ല. ഇംഗ്ലണ്ട് നേടിയത് രണ്ട് റണ്‍സ്. 83-ാം ഓവര്‍ എറിയാന്‍ പ്രസിദ്ധ് കൃഷ്ണ പന്ത് എടുത്തു. നാലാം പന്തില്‍ ആറ്റ്കിന്‍സണിന്റെ സിംഗിള്‍. ആറാം പന്തില്‍ ജോഷ് ടങിന്റെ പാഡിലേക്കു കട്ട് ചെയ്ത് കയറിയ പന്ത് വിക്കറ്റ് ഇളക്കി. ഇംഗ്ലണ്ട് 357/9. പരിക്കിലും ആവശ്യമെങ്കില്‍ ക്രിസ് വോക്സ് ബാറ്റ് ചെയ്യാനെത്തുമെന്നു നാലാംദിനം ജോ റൂട്ട് പറഞ്ഞതു വെറുതേയല്ലെന്നു തെളിയിച്ച്, ബാന്‍ഡേഡ് ഇട്ട ഇടതുകൈ ജമ്പറിനുള്ളില്‍ മറച്ച് വലതു കൈയില്‍ ബാറ്റുമായി വോക്സ് മൈതാനത്തേക്ക്. ഇംഗ്ലണ്ടിനു ജയിക്കാന്‍ 17 റണ്‍സ്, ഇന്ത്യക്ക് ഒരു വിക്കറ്റ്.
സിറാജ് എറിഞ്ഞ 84-ാം ഓവറിന്റെ രണ്ടാം പന്തില്‍ ആറ്റ്കിന്‍സണിന്റെ സിക്സ്. ബൗണ്ടറി ലൈനില്‍വച്ച് പന്ത് ഡൈവ് ചെയ്തു പിടിക്കാനുള്ള ശ്രമത്തിനിടെ ആകാശ് ദീപിന്റെ കൈയില്‍തട്ടി പന്ത് സിക്സ് പോകുകയായിരുന്നു. ഓവറിന്റെ അവസാന പന്തില്‍ ബൈ സിംഗിള്‍ ഓടി ആറ്റ്കിന്സണ് വോക്സിനെ ബാറ്റ് ചെയ്യുന്നതില്‍നിന്നു രക്ഷിച്ചു. റണ്ണൗട്ടിനുള്ള അവസരം മുതലാക്കാന്‍ ഇന്ത്യന്‍ കീപ്പര്‍ ധ്രുവ് ജുറെലിനു സാധിച്ചില്ല.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 85-ാം ഓവറില്‍ ആദ്യ പന്തില്‍ ആറ്റ്കിന്‍സണിന്റെ ഡബിള്‍. വേദനയാല്‍ പുളഞ്ഞായിരുന്നു വോക്സിന്റെ ഓട്ടം. അവസാന പന്തില്‍ സിംഗിള്‍ എടുത്ത് ആറ്റ്കിന്സണ് സ്ട്രൈക്ക് കീപ്പ് ചെയ്തു. ഇംഗ്ലണ്ടിന് ജയം ഏഴ് റണ്‍സ് അകലെ. 86-ാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജിന്റെ ആദ്യ പന്തില്‍ ആറ്റ്കിന്‍സണിന്റെ ഓഫ് സ്റ്റംപ് തെറിച്ചു. ത്രില്ലര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് ആറ് റണ്‍സ് ജയം.
നാലിന് 332 എന്ന നിലയില്‍നിന്നാണ് ഇംഗ്ലണ്ടിനെ 367ന് എറിഞ്ഞിട്ട് ഇന്ത്യയുടെ തിരിച്ചുവരവു ജയമെന്നതും ശ്രദ്ധേയം.
06
ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ ഇന്ത്യയുടെ ജയം ആറ് റണ്‍സിന്. റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ ജയം. 2004 നവംബറില്‍ ഓസ്ട്രേലിയയ്ക്കെതിരേ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നേടിയ 13 റണ്‍സ് ജയമായിരുന്നു ഇതുവരെയുള്ള റിക്കാര്‍ഡ്.
21
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ട്രോഫി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ പിറന്നത് 21 സെഞ്ചുറി. ഒരു പരമ്പരയിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറി എന്ന റിക്കാര്ഡിനൊപ്പമാണിത്. 1955ല്‍ ഓസ്ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് മത്സര പരമ്പരയിലും 21 സെഞ്ചുറി പിറന്നിരുന്നു.
03
ഇംഗ്ലണ്ടില്‍ ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര സമനിലയില്‍ അവസാനിപ്പിക്കുന്നത് ഇതു മൂന്നാം തവണ. 2002ല്‍ നാലു മത്സര പരമ്പര 1-1 സമനിലയില്‍ എത്തിച്ചതാണ് ആദ്യത്തേത്. 2021-22ല്‍ അഞ്ച് മത്സര പരമ്പര 2-2 സമനിലയിലും എത്തിച്ചിരുന്നു. ഇംഗ്ലണ്ടിലെ അവസാന രണ്ട് പരമ്പരയും ഇന്ത്യ 2-2 സമനിലയില്‍ അവസാനിപ്പിച്ചു എന്നതാണ് ശ്രദ്ധേയം.
1932 മുതല്‍ ഇംഗ്ലണ്ടില്‍ പര്യടനം ആരംഭിച്ച ഇന്ത്യ, ഇതുവരെയായി മൂന്നു തവണ മാത്രമേ (1971, 1986, 2007) ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിട്ടുള്ളൂ.
23
ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ പരമ്പരയില്‍ മുഹമ്മദ് സിറാജ് വീഴ്ത്തിയത് 23 വിക്കറ്റ്. ഇംഗ്ലീഷ് മണ്ണില്‍ ഒരു പരമ്പരയില്‍ ഇന്ത്യന്‍ ബൗളറിന്റെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേട്ടത്തിനൊപ്പമാണിത്. 2021-22ല്‍ ജസ്പ്രീത് ബുംറയും 23 വിക്കറ്റ് വീഴ്ത്തിയിരുന്നു.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 224, രണ്ടാം ഇന്നിംഗ്സ്: 396.
ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സ്: 247.
രണ്ടാം ഇന്നിംഗ്സ്: സാക്ക് ക്രാളി ബി സിറാജ് 14, ബെന്‍ ഡക്കറ്റ് സി രാഹുല്‍ ബി പ്രസിദ്ധ് 54, ഒല്ലി പോപ്പ് എല്‍ബിഡബ്ല്യു ബി സിറാജ് 27, ജോ റൂട്ട് സി ജുറെല്‍ ബി പ്രസിദ്ധ് 105, ഹാരി ബ്രൂക്ക് സി സിറാജ് ബി ആകാശ് ദീപ് 111, ജേക്കബ് ബെഥേല്‍ ബി പ്രസിദ്ധ് 5, ജേമി സ്മിത്ത് സി ജുറെല്‍ ബി സിറാജ് 2, ജേമി ഓവര്ട്ടണ് എല്‍ബിഡബ്ല്യു ബി സിറാജ് 9, ഗസ് ആറ്റ്കിന്സണ് ബി സിറാജ് 17, ജോഷ് ടങ് ബി പ്രസിദ്ധ് 0, ക്രിസ് വോക്സ് നോട്ടൗട്ട് 0, എക്സ്ട്രാസ് 23, ആകെ 85.1 ഓവറില്‍ 367.
വിക്കറ്റ് വീഴ്ച: 1-50, 2-82, 3-106, 4-301, 5-332, 6-337, 7-347, 8-354, 9-357, 10-367.
ബൗളിംഗ്: ആകാശ് ദീപ് 20-4-85-1, പ്രസിദ്ധ് കൃഷ്ണ 27-3-126-4, മുഹമ്മദ് സിറാജ് 30.1-6-104-5, വാഷിംഗ്ടണ്‍ സുന്ദര്‍ 4-0-19-0, രവീന്ദ്ര ജഡേജ 4-0-22-0.