മുറിവുണങ്ങാതെ ദുരന്തബാധിതർ
Wednesday, July 30, 2025 2:40 AM IST
വീടുകൾ നിർമിച്ച് മാതൃകയായി സംഘടനകൾ
ഉരുൾവെള്ളം നൂറുകണക്കിന് വീടുകളും ജീവനുകളും കവർന്നപ്പോൾ അനാഥരായവർക്ക് ആശ്വാസമായി നിരവധി സംഘടനകളും വ്യക്തികളുമാണ് വീട് നിർമിച്ചു നൽകാനും സഹായം നൽകാനുമായി മുന്നോട്ടു വന്നത്. സർക്കാർ നിർമിക്കുമെന്ന് പ്രഖ്യാപിച്ച വീടുകളുടെ നിർമാണം വൈകിയതോടെ സംഘടനകൾ സ്വന്തമായി വീടുകളുടെ നിർമാണം ആരംഭിച്ചു.
കെസിബിസി വയനാട്ടിലും വിലങ്ങാടുമായി പ്രഖ്യാപിച്ച 100 വീടുകളിൽ 37 വീടുകളുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഫിലോകാലിയ പ്രഖ്യാപിച്ച 25 വീടുകളിൽ 21 വീടുകൾ നിർമാണം പൂർത്തിയാക്കി മാസങ്ങൾക്കു മുൻപേ തന്നെ ഗുണഭോക്താക്കൾക്ക് കൈമാറിയിരുന്നു.

മുസ്ലിം ലീഗിന്റെ വീട് നിർമാണം ഉടൻ ആരംഭിക്കുമെന്നാണ് സൂചന. സമസ്ത തമിഴ്നാട് ഘടകത്തിന്റെ 14 വീടുകളുടെയും സമസ്തയ്ക്ക് കീഴിൽ അൽബിർ നിർമിച്ച് നൽകുന്ന നാല് വീടുകളുടെയും നിർമാണവും അവസാനഘട്ടത്തിലാണ്. നാസർ മാനുവിന്റെ 27 വീടുകളുടെ നിർമാണം പൂർത്തിയാക്കി.
എറണാകുളം ജില്ല സംയുക്ത മഹല്ല് ജമാഅത്ത് കമ്മിറ്റി നിർമിച്ച 20 വീടുകളും നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്കു കൈമാറാനുള്ള ഒരുക്കത്തിലാണ്. മസ്കറ്റ് കെഎംസിസി ദുരന്തത്തിൽ കുടുംബത്തെ ഒന്നാകെ നഷ്ടപ്പെട്ട നൗഫലിന് വീട് നിർമിച്ച് താക്കോൽ കൈമാറി. കേരള പോലീസ് അസോസിയേഷൻ ദുരന്തം അതിജീവിച്ച സഹപ്രവർത്തകർക്ക് മൂന്ന് വീടുകൾ നിർമിച്ചു താക്കോൽ കൈമാറി.
അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള നിർമിച്ച ആറു വീടുകളുടെ താക്കോൽ ഗുണഭോക്താക്കൾക്ക് കൈമാറിയിട്ടുണ്ട്. ഐഎൻഎൽ അഞ്ചു വീടുകൾ പ്രഖ്യാപിച്ചതിൽ ഒരു വീടിന്റെ നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. നാല് വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കും. ജമാ അത്തെ ഇസ്ലാമി 30 വീടുകളുടെ നിർമാണം തുടങ്ങാനിരിക്കുകയാണ്.
കെഎൻഎം ഒരുവീട് ഗുണഭോക്താവിന് കൈമാറി. 20 വീടുകളുടെ നിർമാണം അടുത്തമാസം ആരംഭിക്കും. സേവാഭാരതി 50 വീടുകളാണ് പ്രഖ്യാപിച്ചത്. ഇതിൽ 20 വീടുകളുടെ നിർമാണ പ്രവൃത്തികൾ ആരംഭിച്ചിട്ടുണ്ട്. നീതൂസ് അക്കാദമി ഒരു വീട് നിർമിച്ച് താക്കോൽ ഗുണഭോക്താവിന് കൈമാറി.
വിവിധ സംഘടനകൾ പ്രഖ്യാപിച്ച വീടുകളിൽ കർണാടക സർക്കാർ 100 വീടുകളുടെ തുകയും ഡിവൈഎഫ്ഐ 100 വീടുകളുടെ തുകയും സർക്കാരിന് കൈമാറിയിട്ടുണ്ട്.
എൻഎസ്എസ് 150 വീടുകളുടെ തുകയിൽ ആദ്യഗഡുവായി 4.5 കോടി സർക്കാരിലേക്ക് കൈമാറി. സർക്കാർ പ്രഖ്യാപിച്ച സഹായങ്ങൾക്കായി ദുരന്തബാധിതർ ഓഫീസുകൾ കയറിയിറങ്ങുന്പോഴാണ് സംഘടനകളും കൂട്ടായ്മകളും വീടുകൾ നിർമാണം പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറുന്നത്.
വീടുകൾ എന്നു പൂർത്തിയാകും?

ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ചവർ ഇപ്പോഴും താമസിക്കുന്നത് വാടക വീടുകളിലും ബന്ധുവീടുകളിലുമാണ്. അതിജീവിതരെ സ്വന്തം വീടുകളിൽ പുനരധിവസിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമെന്ന് മുഖ്യമന്ത്രിയും റവന്യുമന്ത്രിയും പറഞ്ഞത് ഏറെ ആശ്വാസത്തോടെയാണ് ഇവർ ശ്രവിച്ചത്. പിന്നാലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കരുണ വറ്റാത്ത കരങ്ങളിൽനിന്ന് പണം ഒഴുകി. 772,11,30,557 (എഴുനൂറ്റി എഴുപത്തി രണ്ട് കോടി പതിനൊന്ന് ലക്ഷത്തി മുപ്പതിനായിരത്തി അഞ്ഞൂറ്റി അന്പത്തി ഏഴ്) രൂപയാണ് ഉരുൾദുരന്ത അതിജീവിതർക്കായി ഇതുവരെ ലഭിച്ചത്. അതിവേഗം പുനരധിവാസം ലക്ഷ്യത്തിലെത്തുമെന്ന് ഇവർ പ്രത്യാശിച്ചു.
എന്നാൽ, സർക്കാരിന്റെ സ്ഥലമെടുപ്പ് വൈകിയതോടെ പല സന്നദ്ധ സംഘടനകളും സ്വന്തമായി സ്ഥലം കണ്ടെത്തി വീട് നിർമാണം ആരംഭിച്ചു. സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ നിയമപ്രശ്നങ്ങൾ സങ്കീർണമായതോടെ ഭൂമിയേറ്റെടുക്കൽ അനന്തമായി നീണ്ടു. ഒടുവിൽ നിയമപ്രശ്നങ്ങൾ പരിഹരിച്ച് മാർച്ച് 26നാണ് തറക്കല്ലിട്ടത്. അപ്പോഴേക്കും സന്നദ്ധ സംഘടനകളിൽ പലരും വീട് കൈമാറ്റത്തിലേക്ക് എത്തിയിരുന്നു. ഡിസംബർ അവസാനത്തോടെ വീടു നിർമാണം പൂർത്തിയാക്കുമെന്ന് റവന്യുമന്ത്രി കെ. രാജൻ പ്രഖ്യാപിച്ചിരുന്നു.
ലിസ്റ്റിനു പുറത്തും നിരവധി കുടുംബങ്ങൾ
402 കുടുംബങ്ങളാണ് സർക്കാരിന്റെ പുനരധിവാസ ലിസ്റ്റിൽ ഉൾപ്പെടുന്നത്. എന്നാൽ, മേപ്പാടി പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിനു സമർപ്പിച്ച ലിസ്റ്റിൽ 545 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത്രയും കുടുംബങ്ങൾ പുനരധിവാസത്തിന് അർഹരാണെന്നു സാക്ഷ്യപ്പെടുത്തിയതു പഞ്ചായത്ത് ഭരണസമിതിയായിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ സർക്കാർ തയാറായില്ല.
അവർ വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി ലിസ്റ്റ് തയാറാക്കി. ഇതോടെ അർഹരായ നിരവധി കുടുംബങ്ങൾ പുറത്തായി. ഒരു ലിസ്റ്റ് കൂടി വരാനുണ്ടെന്ന് അധികൃതർ പറയുന്പോഴും നിരവധി കുടുംബങ്ങൾ ഉദ്യോഗസ്ഥരുടെ ചില ഇടപെടലുകളുടെ ഫലമായി പുറത്തു നിൽക്കുകയാണ്.
പടവെട്ടിക്കുന്നിലെ 27 വീടുകൾ, തേയില എസ്റ്റേറ്റിലെ ലയങ്ങളിൽ താമസിക്കുന്ന നിരവധി കുടുംബങ്ങൾ, സർക്കാരിന്റെ മാനദണ്ഡം തിരിച്ചടിയായ മുണ്ടക്കൈയിലും അട്ടമലയിലും ചൂരൽമലയിലും വാടകയ്ക്കും മറ്റുമായി താമസിച്ചിരുന്ന കുടുംബങ്ങൾ, സ്വന്തം വീട് വാടകയ്ക്ക് കൊടുത്തതിനെത്തുടർന്ന് പുറത്താക്കപ്പെട്ട കുടുംബങ്ങൾ, വീട് നിർമാണം അവസാനഘട്ടത്തിൽ എത്തിയ ഭൂമി ദാനാധാരം ലഭിച്ച കുടുംബങ്ങൾ അടക്കം നിരവധി പേരാണ് ഇപ്പോഴും പുറത്തുനിൽക്കുന്നത്.
പ്രവേശനം നിരോധിച്ചിരിക്കുന്ന മേഖലയിലൂടെയാണ് പടവെട്ടിക്കുന്നിലെ 27 കുടുംബങ്ങൾക്കുള്ള വഴി. എന്നിട്ടും ഇവർ സർക്കാർ ലിസ്റ്റിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്നതാണ് വസ്തുത. ഉരുൾ അതിജീവിച്ചവർക്ക് വേണ്ടിയൊരുങ്ങുന്ന പുനരധിവാസ പദ്ധതിയിൽ ഒന്നാംഘട്ട ലിസ്റ്റിൽതന്നെ ഉൾപ്പെടാൻ അർഹതയുള്ളവരാണ് ലയങ്ങളിലെ മനുഷ്യരെല്ലാം.
എന്നാൽ, രണ്ടാംഘട്ട ബി ലിസ്റ്റിലും അവർ ഉൾപ്പെട്ടിട്ടില്ല. അതിനു കാരണമായി അധികൃതർ പറയുന്ന ന്യായമാണ് വിചിത്രം. പ്രവേശനം നിരോധിച്ചിരിക്കുന്ന മേഖലയിൽനിന്ന് 50 മീറ്റർ പരിധിയിലുള്ള പൂർണമായും ഒറ്റപ്പെട്ട വീടുകളാണ് രണ്ടാംഘട്ട ബി കരട് പട്ടികയിൽ പരിഗണിച്ചത്. അതിൽ എസ്റ്റേറ്റ് ലയങ്ങൾ(പാടി) എന്ന് പരാമർശിക്കാത്തതിനാൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നാണ് അധികൃതരുടെ ഭാഷ്യം.
മുണ്ടക്കൈയിൽ മാത്രം 26 കുടുംബങ്ങൾ ഇക്കാരണത്താൽ പട്ടികയിൽനിന്ന് പുറത്തായി. മുണ്ടക്കൈ എച്ച്എംഎൽ ഫാക്ടറിക്ക് സമീപവും(റാട്ടപ്പാടി) ചൂരൽമലയിലുമായി ഇരുപത്തഞ്ചിലധികം കുടുംബങ്ങളും ഇതുവരെ പ്രസിദ്ധീകരിച്ച മൂന്നു പട്ടികകളിലും ഉൾപ്പെട്ടിട്ടില്ല. പ്രവേശനം നിരോധിച്ചിരിക്കുന്ന മേഖലയിൽനിന്ന് 15 മീറ്റർ പരിധിയിൽ വരുന്ന ലയങ്ങളെ വരെ പരിഗണിക്കാതെയാണ് രണ്ടാംഘട്ട ബി കരട് പട്ടിക അധികൃതർ പ്രസിദ്ധീകരിച്ചത്.
ഭാഗികമായി തകർന്ന ലയങ്ങൾ വരെ സുരക്ഷിത മേഖലയായാണ് വിദഗ്ധ സമിതി അടയാളപ്പെടുത്തിയത്. സ്കൂൾ റോഡിലും പടിവെട്ടിക്കുന്ന് ഭാഗത്തുമായി 28 കുടുംബങ്ങളും മൂന്നു പട്ടികകളിലും പരിഗണിക്കപ്പെടാതെ ആശങ്കയുടെ മുൾമുനയിൽ നിൽക്കുന്നുണ്ട്.
അതിജീവിച്ച കുരുന്നുകൾ സുഖമായിരിക്കുന്നു

കരൾ പിളരും വേദന നൽകിയ പുഞ്ചിരിമട്ടം ദുരന്തത്തിന് ഒരു വയസ്. ദുരന്തത്തിൽ ഏഴ് കുട്ടികൾക്കാണ് നേരം ഇരുട്ടിവെളുത്തപ്പോൾ അമ്മയെയും അച്ഛനെയും ഒന്നിച്ചു നഷ്ടപ്പെട്ടത്. ഇതിൽ രണ്ട് പേർക്ക് 18 വയസ് പൂർത്തിയാകാൻ ഏതാനും മാസങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവർക്ക് ഇപ്പോൾ പ്രായപൂർത്തിയായി. ബാക്കി അഞ്ചു കുട്ടികളും അടുത്ത ബന്ധുക്കളുടെ കൂടെ ഒരു വർഷത്തെ കിൻഷിപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിലാണ്. വേറെ 11 കുട്ടികളുടെ അച്ഛനെയും മൂന്ന് കുട്ടികളുടെ അമ്മയെയും ഉരുളെടുത്തു. അച്ഛനെ നഷ്ടപ്പെട്ടവർ അമ്മയുടെ കൂടെയും, അമ്മയെ നഷ്ടപ്പെട്ടവർ അച്ഛന്റെ കൂടെയുമാണ് നിലവിൽ കഴിയുന്നത്. ഇതിൽ വെറും രണ്ടു മാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. ഈ കുഞ്ഞിന് അച്ഛനെയാണ് നഷ്ടപ്പെട്ടത്. ഈ 14 പേരിൽ രണ്ടുപേർ തമിഴ്നാട് സ്വദേശികളാണ്.
ഓരോ ആഴ്ചയും ഫോണ് വഴിയും ഓരോ മാസവും നേരിട്ടും വയനാട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥർ അവരെ സന്ദർശിക്കുന്നുണ്ട്. ഇവരുടെയെല്ലാം മാനസിക, ഉല്ലാസ, പഠന, പാഠ്യേതര കാര്യങ്ങളും ശിശു സംരക്ഷണ യൂണിറ്റ് ശ്രദ്ധിക്കുന്നുണ്ട്. നാട് ഇതുവരെ കാണാത്ത കനത്ത ആഘാതത്തിന്റെയും സങ്കടക്കടലിന്റെയും മുഖത്തുനിന്ന് അതിജീവിതരും ബന്ധുക്കളും നാടും പതിയെ ഉയിർത്തെഴുന്നേൽക്കുകയാണ്.
അഞ്ചു മുതൽ 16 വയസ് വരെയുള്ളവരാണ് ഇവർ. അഞ്ചു പേരിൽ മൂന്നും പെണ്കുട്ടികളാണ്.
എല്ലാവരും സ്കൂളിൽ പോകുന്നുണ്ട്. ചെറിയച്ഛന്റെയോ വലിയച്ഛന്റെയോ അതുപോലുള്ള അടുത്ത ബന്ധുക്കളുടെയോ വീടുകളിലാണ് അവർ കഴിയുന്നത്. ദുരന്തം സൃഷ്ടിച്ച നഷ്ടത്തിന്റെ വ്യാപ്തി തിരിച്ചറിയാനുള്ള പ്രായം ആകാത്തത് ഒരു കണക്കിന് അവർക്ക് അനുഗ്രഹമായെന്ന് ആശ്വസിക്കാം.
വയനാട് ജില്ലാ ശിശു സംരക്ഷണ ഓഫീസർ കാർത്തിക അന്ന തോമസിന്റെ നേതൃത്വത്തിലാണ് ഈ കുട്ടികളെ സന്ദർശിക്കുന്നതും മറ്റ് തുടർനടപടികൾ മുന്നോട്ടു പോകുന്നതും.
ഏറ്റവും പ്രായക്കുറവുള്ള അഞ്ചു വയസുകാരിക്ക് ബന്ധുവീട്ടിൽ സന്തോഷമായത് അമ്മയുടെ സഹോദരി അടുത്തിടെ ജൻമം നൽകിയ കുഞ്ഞാണ്. ആ കുഞ്ഞിന്റെ നോട്ടത്തിലും ചിരിയിലും ശബ്ദങ്ങളിലും മുഴുകി അവൾ തന്റെ ദുഃഖങ്ങളെ മറികടന്നു. മറ്റൊരു എട്ടുവയസുകാരിയുടെ ബന്ധുവീട്ടിൽ മൂന്ന് കുട്ടികളുണ്ട്. അവരുടെ ലോകത്തിലെ കളിചിരി വിശേഷങ്ങളാണ് അവളുടെ ജീവിതത്തിൽ നിറങ്ങൾ തിരികെ കൊണ്ടുവന്നത്.
പ്രായപൂർത്തിയായ രണ്ടുപേരിൽ ഒരാളുടെ ഡിഗ്രി വിദ്യാഭ്യാസത്തിന്റെ മുഴുവൻ ചെലവുകളും സുൽത്താൻ ബത്തേരി ഡോണ് ബോസ്കോ കോളജ് മാനേജ്മെന്റാണ് വഹിക്കുന്നത്. മറ്റൊരാൾ പ്ലസ് വണ്ണിന് കോഴിക്കോട് ജില്ലയിലാണ് പഠിക്കുന്നത്. നേരത്തെ ഡ്രോപ്പ് ഔട്ട് ആയ കുട്ടി ദുരന്തത്തിനു ശേഷം പഠനം പുനഃരാരംഭിക്കുകയായിരുന്നു.
ദുരന്തബാധിതർക്കായി ചെലവഴിച്ചത് 108.21 കോടി
ദുരന്തബാധിതർക്കായി സർക്കാർ ഇതുവരെ ചെലവഴിച്ചത് 108.21 കോടി രൂപ. കുടുംബശ്രീയുടെ മൈക്രോ പ്ലാൻ നടപ്പാക്കുന്നതിന് 3.6 കോടി, എൽസ്റ്റണ് എസ്റ്റേറ്റിൽ ഭൂമി ഏറ്റെടുത്തതിന് 43.77 കോടി, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 220 പേർക്കായി 13.3 കോടിയും നൽകി. വീടിന് പകരം 15 ലക്ഷം രൂപ വീതം 104 പേർക്ക് 15.6 കോടി രൂപയും ധനസഹായം നൽകി.
ജീവിതോപാധിയായി 1133 പേർക്ക് 10.1 കോടിയും ടൗണ്ഷിപ്പ് സ്പെഷൽ ഓഫീസ് പ്രവർത്തനത്തിന് 20 കോടിയും അനുവദിച്ചു. അടിയന്തര ധനസഹായമായി 1.3 കോടിയും വാടകയിനത്തിൽ 4.3 കോടിയും നൽകി. പരിക്ക് പറ്റിയവർക്ക് 18.86 ലക്ഷവും ശവസംസ്കാര ചടങ്ങുകൾക്കായി 17.4 ലക്ഷവും നൽകി.
കാരുണ്യമില്ലാതെ ബാങ്കുകളും സർക്കാരും
കുത്തകകളുടെയും കോർപറേറ്റുകളുടെയും കോടികൾ എഴുതിത്തള്ളാൻ മടികാണിക്കാത്ത കേന്ദ്രം ദുരിതബാധിതരുടെ കടത്തിനോട് മുഖം തിരിച്ചിരിക്കുകയാണ്. ദുരന്തബാധിത മേഖലയിൽ 3220 വായ്പക്കാരുടെ 35.32കോടി രൂപ മാത്രമേ എഴുതിത്തള്ളേണ്ടതുള്ളു. ഇതിൽ 2460 പേരും കർഷകരാണ്.
19.81 കോടി രൂപ മാത്രമേ കർഷകരുടെ വായ്പയായി എഴുതിത്തള്ളേണ്ടതുള്ളൂ. 110 ഹെക്ടർ കൃഷി ഭൂമി പൂർണമായി നഷ്ടപ്പെട്ടതായും 25 ഹെക്ടറിൽ മണ്ണൊലിപ്പും 165 ഹെക്ടറിൽ വിളനാശവും കൃഷിവകുപ്പ് കണക്കാക്കിയിട്ടുണ്ട്.
65 കോടിയുടെ നാശനഷ്ടങ്ങളാണ് കാർഷികമേഖലയിൽ ഉണ്ടായിട്ടുള്ളത്. നഷ്ടപരിഹാരം കാത്തു കഴിയുകയാണ് കർഷകർ. മുണ്ടക്കൈ ദുരിതാശ്വാസനിധിയിലേക്ക് 772 കോടിയിലേറെ എത്തിയിട്ടും സംസ്ഥാന സർക്കാരും കർഷകരുടെ വായ്പ ഏറ്റെടുക്കാൻ തയാറായിട്ടില്ല.
കുടുംബശ്രീയുടെ മൈക്രോ പ്ലാൻ
ദുരന്തബാധിതരുടെ അതിജീവനത്തിനായി സമഗ്രമായ മൈക്രോ പ്ലാനാണ് കുടുംബശ്രീ തയാറാക്കിയത്. പഞ്ചായത്തിലെ 10, 11, 12 വാർഡുകളിലുള്ള 1084 കുടുംബങ്ങളിലായി 4636 പേരെയാണ് ദുരന്തം നേരിട്ടോ അല്ലാതെയോ ബാധിച്ചതെന്നാണ് മൈക്രോ പ്ലാനിൽ പറയുന്നത്. ഹ്രസ്വകാലം 4900, ഇടക്കാലം 1027, ദീർഘകാലം 60 എന്നിങ്ങനെയാണ് ആവശ്യമുള്ള സേവനങ്ങൾ റിപ്പോർട്ടിൽ പറയുന്നത്.
ആരോഗ്യം 1271, ആഹാരം പോഷകാഹാരം 331, വിദ്യാഭ്യാസം 737, ഉപജീവനം 1879, നൈപുണ്യം 629, ഉപജീവന വായ്പ ഇടപെടലുകൾ 1140 എന്നിങ്ങനെയാണ് മറ്റ് മേഖലയിലെ ആവശ്യങ്ങളുമായി റിപ്പോർട്ടിൽ പറയുന്നത്.
ദുരന്തബാധിതർ നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാര നടപടികളും ഇടപെടലുകളും ഇതിനായി വേണ്ടിവരുന്ന ചെലവും സമയക്രമവും ഉൾപ്പെടെ മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, ഉപജീവനം, നൈപുണി വികസനം, മാനസിക സാമൂഹിക പരിരക്ഷ തുടങ്ങിയ ആറ് മേഖലകളിൽ ദുരന്തബാധിത കുടുംബങ്ങളുടെ ആവശ്യങ്ങളാണ് മൈക്രോ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടിള്ളത്.
ഇതും അതിജീവിക്കുമിവർ...
ഉരുൾ ദുരന്തം തകർത്തെറിഞ്ഞ വെള്ളാർമല സ്കൂൾ പഴയപടിയാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് ഇവിടത്തെ അധ്യാപകരും വിദ്യാർഥികളും. സ്കൂളിന്റെ പ്രവർത്തനം മറ്റൊരിടത്താണ് ഇപ്പോൾ നടക്കുന്നത്. എങ്കിലും പഴയ ഓർമകളും പഠന അന്തരീക്ഷവും കൂട്ടുകാരും ഇനിയും പഴയപോലെ ആകില്ലല്ലോ എന്ന സങ്കടവും ഇവരുടെ ഉള്ളിലുണ്ട്. പുന്നപ്പുഴയുടെ ഓരത്തെ വെള്ളാർമല സ്കൂൾ ആരെയും ആകർഷിക്കുന്നതും മനോഹരവുമായിരുന്നു. അധ്യാപകരും വിദ്യാർഥികളും പഠിപ്പിക്കാനും പഠിക്കാനും മത്സരബുദ്ധിയോടെ പരിശ്രമിച്ചിരുന്നു.
ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന അധ്യാപകരും വിദ്യാർഥികളും എല്ലാവർക്കും മാതൃകയായിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അധ്യാപകർ ഈ കലാലയത്തിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും തങ്ങളുടെ കുടുംബത്തിലെ അംഗമായാണ് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അവരെ കണ്ടിരുന്നത്.
അധ്യാപകർക്ക് അവധി ദിവസങ്ങളിൽ ഭക്ഷണം എത്തിച്ചുനൽകിയും വീട്ടിലേക്കു ക്ഷണിച്ചുമൊക്കെയാണ് അവർ തങ്ങളുടെ സ്നേഹം പകുത്തു നൽകിയിരുന്നത്. ഇക്കാര്യങ്ങൾ ഓർക്കുന്പോൾ പല അധ്യാപകരുടെയും ഉള്ള് ഇപ്പോഴും നീറുകയാണ്.
വെള്ളാർമല സ്കൂളിലെ അധ്യാപകൻ ഉണ്ണി, കുട്ടികളും അധ്യാപകരും സ്നേഹത്തോടെ വിളിക്കുന്ന അവരുടെ സ്വന്തം ഉണ്ണിമാഷ് ഇവിടെ എത്തിയിട്ടു രണ്ട് പതിറ്റാണ്ടാകാനായി. നാട്ടിലേക്കു പോയതിന്റെ തൊട്ടടുത്ത ദിവസമാണ് ഉരുൾ ദുരന്തം നടന്നത്. ഉരുൾപൊട്ടിയ കാര്യം അറിഞ്ഞെങ്കിലും തിരിച്ചെത്തിയപ്പോഴാണ് ഹൃദയഭേദകമായ കാഴ്ചകൾ കണ്ട് ഉള്ളുപൊട്ടിയത്.
പഠനവും കളികളും കുസൃതികളുമായി നടന്നിരുന്ന നിരവധി വിദ്യാർഥികൾ ഈ ലോകത്തോട് വിടപറഞ്ഞു. ഇന്ന് ആ സ്കൂളും കെട്ടിടങ്ങളും ആരുടെയും ഉള്ളുലയ്ക്കുന്ന സ്മാരകമായി നിൽക്കുകയാണ്.
പ്രഖ്യാപിക്കപ്പെട്ട വീടുകൾ
കെസിബിസി 100
കോണ്ഗ്രസ് 100
ഡിവൈഎഫ്ഐ 100
എൻഎസ്എസ് 150
മുസ്ലിം ലീഗ് 105
കർണാടക സർക്കാർ 100
കെഎൻഎം 50
സേവാഭാരതി 50
യൂത്ത് കോണ്ഗ്രസ് 30
ജമാ അത്തെ ഇസ്ലാമി 30
നാസർ മാനു 27
ഗോകുലം ഗോപാലൻ 25
ഫിലോകാലിയ 25
എറണാകുളം സംയുക്ത മഹല്ല് ജമാ അത്ത് 20
സമസ്ത തമിഴ്നാട് 14
ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള 6
ഐഎൻഎൽ 5
സമസ്ത കോ-ഓർഡിനേഷൻ 4
പോലീസ് അസോസിയേഷൻ 3
മസ്കറ്റ് കെഎംസിസി 1
നീതൂസ് അക്കാദമി 1
ആകെ 946