‘സ്നേഹിതൻ’ ചതിച്ചപ്പോൾ
റ്റി.സി. മാത്യു
Wednesday, July 30, 2025 11:54 PM IST
സ്നേഹിതൻ ചതിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഇങ്ങനെ പറഞ്ഞില്ല. പക്ഷേ ഇന്ത്യൻ ജനത അങ്ങനെ പറഞ്ഞു. വലിയ അടുപ്പം കാണിച്ചിരുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇത്രയും കടുപ്പത്തിൽ ചെയ്യും എന്നു മോദിയോ ഇന്ത്യക്കാരോ കരുതിയിട്ടില്ല. ഇന്ത്യക്ക് 26 ശതമാനം പകരച്ചുങ്കം എന്നു ട്രംപ് ഏപ്രിലിൽ ഭീഷണിപ്പെടുത്തിയതാണ്. പക്ഷേ അതു സാരമില്ല എന്നു കരുതി. രണ്ടാം വട്ടം സ്ഥാനമേറ്റ ട്രംപിനെ മൂന്നാഴ്ചയ്ക്കകം ഫെബ്രുവരി 13നു വെെറ്റ് ഹൗസിലെ ഈസ്റ്റ് റൂമിൽ കണ്ടു ചർച്ച നടത്തിയതാണ് മോദി. പരസ്പര വ്യാപാരം ഇരട്ടിപ്പിക്കാനും സമഗ്ര സ്വതന്ത്രവ്യാപാര കരാർ ഉണ്ടാക്കാനും അന്നു തീരുമാനിച്ചതാണ്. സെപ്റ്റംബറിൽ വ്യാപാര കരാർ എന്നും ധാരണയായി.
പിന്നീടാണ് ട്രംപിന്റെ അന്ത്യശാസനങ്ങളും തീരുവ പ്രഖ്യാപനങ്ങളും തുടങ്ങിയത്. അപ്പോഴും നേരത്തേ ചർച്ച തുടങ്ങിയ ഇന്ത്യക്കു സഹായകമായി കാര്യങ്ങൾ നീങ്ങും എന്ന് ഇന്ത്യ വിശ്വസിച്ചു. അഞ്ചു വട്ടമാണ് ഇന്ത്യയുടെയും അമേരിക്കയുടെയും പ്രതിനിധി സംഘങ്ങൾ ചർച്ച നടത്തിയത്. ചർച്ച ഓഗസ്റ്റ് 25നു തുടരാൻ ഇരിക്കേയാണ് ഇപ്പോഴത്തെ പ്രഖ്യാപനം.
ചുങ്കം ഇങ്ങനെ
ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക 25 ശതമാനം ചുങ്കം ചുമത്തുന്നു. പുറമേ റഷ്യയുമായുള്ള ബന്ധത്തിന്റെ പേരിൽ പിഴച്ചുങ്കവും. ഇതാണ് ട്രംപ് പറഞ്ഞത്. പിഴച്ചുങ്കം 100 ശതമാനം എന്നാണ് ട്രംപ് മുൻപ് പറഞ്ഞിട്ടുളളത്. അതു വിലയുടെ 100 ശതമാനമാണോ ചുങ്കത്തിന്റെ 100 ശതമാനമാണോ എന്നു വ്യക്തമായിട്ടില്ല. എന്തായാലും ഇന്ത്യക്കു കുറഞ്ഞ തീരുവ 50 ശതമാനമെങ്കിലും വരും. ഇത്രയും തീരുവ നൽകി കയറ്റുമതി പ്രായോഗികമല്ല. ഈ നിരക്കുകൾ വെള്ളിയാഴ്ച നടപ്പാക്കും. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിഭവങ്ങളെല്ലാം ഈ ചുങ്കം മൂലം കയറ്റുമതി അസാധ്യമാകുന്ന അവസ്ഥയിലാകും.
ആപ്പിളിനു ക്ഷീണം
ആപ്പിളിന്റെയും ആൻഡ്രോയ്ഡ് ഫോണുകളുടെയും വലിയ ഉത്പാദന- അസംബ്ലിംഗ് കേന്ദ്രമായി ഇന്ത്യ സമീപ വർഷങ്ങളിൽ മാറിയിരുന്നു. അവയുടെ കയറ്റുമതി ബുദ്ധിമുട്ടിലാകുന്നത് ആപ്പിളിനും മറ്റു പ്രമുഖ ഇലക്ട്രോണിക് കമ്പനികൾക്കും ക്ഷീണമാകും. ഇന്ത്യയിൽ നിർമിക്കുന്നതിനെതിരേ ട്രംപ് അവർക്കു നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ആപ്പിളും മറ്റും അതു വകവച്ചില്ല.
അമേരിക്കയിലെ ജനറിക് (പേറ്റന്റ് കാലാവധി കഴിഞ്ഞ) മരുന്നുകളുടെ 40 ശതമാനം ഇന്ത്യയാണു നൽകുന്നത്. അതു മുടങ്ങിയാൽ അമേരിക്കയിലെ രോഗികൾക്കാണു ദുരിതം - പ്രത്യേകിച്ചും ട്രംപിനു വോട്ട് ചെയ്ത തൊഴിലാളികൾക്കും പെൻഷൻകാർക്കും. അതും ട്രംപ് പ്രശ്നമാക്കില്ല.
മറ്റുള്ളവരുടെ നില മെച്ചം
ഇന്ത്യക്കു കയറ്റുമതിയിൽ മത്സരിക്കേണ്ട രാജ്യങ്ങൾക്ക് ഇതിലും കുറവ് ചുങ്കമേ നൽകേണ്ടതുള്ളൂ. ഇന്ത്യയുടെ ചുങ്കം 50 ശതമാനമായി നിശ്ചയിച്ചാൽ കുറഞ്ഞ ചുങ്കമുള്ള ബംഗ്ലാദേശും (ചുങ്കം 35 ശതമാനം) ശ്രീലങ്കയും (30%) വിയറ്റ്നാമും (19%) ഫിലിപ്പീൻസും (20%) ഇന്തോനേഷ്യയും (19%) ഇന്ത്യയേക്കാൾ വിപണി പിടിക്കും. ആ രാജ്യങ്ങൾ ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങി കയറ്റുമതി ചെയ്യുന്ന സാഹചര്യവും ക്രമേണ ഉണ്ടാകാം.
ഇലക്ട്രോണിക് അസംബ്ലിംഗ്, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സമുദ്രോത്പന്നങ്ങൾ തുടങ്ങി വളരെയേറെ തൊഴിൽ നൽകുന്ന മേഖലകളിലാണ് ഇന്ത്യ ഇതുവഴി പിന്നോട്ടടിക്കുക.
കേരളത്തിനും ക്ഷീണം
അമേരിക്കയിലേക്കുള്ള കയറ്റുമതിക്കു തിരിച്ചടി വരുന്നത് കേരളത്തിനും വലിയ തിരിച്ചടിയാകും. കേരളത്തിൽനിന്ന് അമേരിക്കയിലേക്കു കൂടുതൽ കയറ്റുമതി നടത്തുന്ന വിഭവങ്ങൾ സമുദ്രാോത്പന്നങ്ങൾ, കയറും കയറുത്പന്നങ്ങളും, റെഡിമെയ്ഡ് വസ്ത്രങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കറിപ്പൊടികൾ, സുഗന്ധവ്യഞ്ജന സത്ത്, കശുവണ്ടിപ്പരിപ്പ്, കാപ്പി, തേയില, പഴങ്ങൾ തുടങ്ങിയവയാണ്.
ഇവയെല്ലാറ്റിന്റെയും കയറ്റുമതി അസാധ്യമാക്കുന്നതാണ് ട്രംപിന്റെ ചുങ്കം. നൂറു കണക്കിനു സംരംഭങ്ങളിലെ ലക്ഷക്കണക്കിനു തൊഴിലുകൾ നഷ്ടമാകാം. യുഎസിലേക്കുളള കയറ്റുമതി ലക്ഷ്യംവച്ചു തുടങ്ങിയ സംരംഭങ്ങളും അവയ്ക്കു വായ്പ നൽകിയ ബാങ്കുകളും ബുദ്ധിമുട്ടിലാകും.
ട്രംപിന്റെ വിഭജന തന്ത്രം
വിഭജിച്ചു കീഴടക്കുന്ന തന്ത്രമാണ് ട്രംപ് പയറ്റുന്നത്. വലിയ വാണിജ്യ ബ്ലോക്കുകളുമായുള്ള ചർച്ചകൾ മിക്കവാറും കഴിഞ്ഞു. കരാറുകളായി. ഇന്ത്യ ഇനി ഒറ്റയ്ക്കാണ്. പൊരുതാൻ കൂട്ടുകാർ ഇല്ല.
ഇന്തോനേഷ്യയും വിയറ്റ്നാമും വഴങ്ങിയതുപോലെ വെറുതേ വഴങ്ങാൻ ഇന്ത്യക്കു പറ്റില്ല. റഷ്യയോടുള്ള സെെനിക, സാമ്പത്തിക ബന്ധങ്ങളെയാണ് ട്രംപ് ലക്ഷ്യം വച്ചിരിക്കുന്നത്. അതങ്ങനെ പെട്ടെന്ന് മുറിച്ചെറിയാൻ പറ്റില്ല. അമേരിക്കൻ യുദ്ധവിമാനങ്ങളും മിസൈൽ പ്രതിരോധവും ഒക്കെ വാങ്ങാനുള്ള അധികച്ചെലവ് ഇന്ത്യക്കു താങ്ങാവുന്നതുമല്ല. ഇന്ത്യയുടെ ചിരകാല വിദേശനയം മാറ്റാനാണ് ട്രംപ് നിർബന്ധിക്കുന്നത്. അതിന് മോദി വഴങ്ങുമോ?
വഴങ്ങാതെ എന്തു വഴി എന്ന ചോദ്യവും ഉണ്ട്. കാരണം പഴയ സോവ്യറ്റ് യൂണിയൻ അല്ല ഇന്നത്തെ റഷ്യ. വളരെ ദുർബലമാണ് ആ രാജ്യം. ഇന്ത്യയുടെ പകുതി ജിഡിപി പോലും ഇല്ലാത്ത റഷ്യക്ക് 1970ലെ സോവ്യറ്റ് യൂണിയൻപോലെ ഇന്ത്യയുടെ കാവലാൾ ആകാനും പറ്റില്ല. യുക്രെയ്നിൽ മൂന്നാം വർഷവും വെള്ളം കുടിക്കുന്ന റഷ്യയെ ചൈന പണം കൊണ്ടും ഉത്തര കൊറിയ ആളും ആയുധവും കൊണ്ടും താങ്ങി നിർത്തുകയാണ് എന്നത് എല്ലാവർക്കും അറിയാവുന്ന സത്യം മാത്രം. അപ്പോൾ ഇന്ത്യക്കു വഴി വ്യക്തമാണ്.
പ്രധാന കയറ്റുമതി ഇനങ്ങൾ
സ്മാർട്ട് ഫോണുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, മുത്ത്, രത്നങ്ങൾ, ആഭരണങ്ങൾ, റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, പെട്രോളിയം ഉത്പന്നങ്ങൾ, ഔഷധങ്ങൾ, സമുദ്രോത്പന്നങ്ങൾ, ലോഹങ്ങൾ, വാഹന ഭാഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കരകൗശല വസ്തുക്കൾ, സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ, സോളർ പാനലുകൾ.