പൗരസ്വാതന്ത്ര്യം തടവറയിൽ
ജോസ് കെ. മാണി
Thursday, July 31, 2025 2:36 AM IST
ജയിലിൽ കഴിയുന്ന സിസ്റ്റർ വന്ദന ഫ്രാൻസിസിനെയും സിസ്റ്റർ പ്രീതി മേരിയെയും ഇടത് എംപിമാർക്കൊപ്പം ഇന്നലെ ജയിലിൽ പോയി കണ്ടപ്പോൾ ഹൃദയം തകർന്നുപോയി. പൊട്ടിക്കരയുകയായിരുന്നു ആ സഹോദരിമാർ രണ്ടുപേരും. പോലീസ് അറസ്റ്റ് ചെയ്തതിലോ ജയിലിൽ അടച്ചതിലോ ആയിരുന്നില്ല അവരുടെ വിഷമം. പോലീസ് ഉദ്യോഗസ്ഥന്മാർ ഉൾപ്പെടെയുള്ളവർ നിങ്ങൾ വിദേശികളാണ്, വിദേശികൾക്ക് എന്താണ് ഇന്ത്യയിൽ കാര്യം എന്ന് ചോദിച്ചത് എടുത്തുപറഞ്ഞാണ് അവർ പൊട്ടിക്കരഞ്ഞത്.
സന്യസ്തരുടെ വേഷമണിഞ്ഞവരെ ഇന്ത്യക്കാരായിപ്പോലും പരിഗണിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്തവരാണ് കേന്ദ്രത്തിലും ചില സംസ്ഥാനങ്ങളിലും ഭരണം നടത്തുന്നത് എന്ന ഭയാനകമായ സാഹചര്യത്തിലാണ് നമ്മുടെ നാട് കടന്നു പോകുന്നത് എന്നതാണു വസ്തുത. സിസ്റ്റർമാർ ഇരുവരുടെയും ജാമ്യാപേക്ഷ പരിഗണിക്കാൻ പോലും സെഷൻസ് കോടതി തയാറായില്ല. അതീവ ഗുരുതരമായ വകുപ്പുകൾ ചുമത്തിയ കുറ്റപത്രമായതുകൊണ്ട് കേസ് എൻഐഎ കോടതിയിലേക്ക് മാറ്റിയിരിക്കുന്നു എന്ന വിവരമാണ് പുറത്തു വരുന്നത്. എത്ര ആസൂത്രിതമായാണ് രണ്ട് ക്രൈസ്തവ കന്യാസ്ത്രീകളെ കേസിൽപ്പെടുത്തി പീഡിപ്പിക്കുന്നതെന്ന് വിശ്വാസീസമൂഹം കണ്ണുതുറന്നു കാണണം.
തടവറയിലാക്കിയിരിക്കുന്നത് പൗരസ്വാതന്ത്ര്യത്തെ
ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അരങ്ങേറിയ ആൾക്കൂട്ട വിചാരണയും ഒരു റെയിൽവേ ടിടിഇയുടെ പരാതിയും തുടർന്ന് മലയാളികളായ രണ്ടു കന്യാസ്ത്രീമാർ തടവറയിലായതും ഒറ്റപ്പെട്ട സംഭവമല്ല. മറിച്ച്, ഭരണകൂടത്തിന്റെയും പോലീസിന്റെയും പിൻബലത്തോടെയുള്ള ക്രൈസ്തവപീഡനമാണ് ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും നടന്നുകൊണ്ടിരിക്കുന്നതെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. കന്യാസ്ത്രീമാരെ ജയിലിലടച്ചവർ പൗരസ്വാതന്ത്ര്യത്തെയാണ് തടവറയിലാക്കിയിരിക്കുന്നത്.
ന്യൂനപക്ഷ പീഡനം രാഷ്ട്രീയ അജണ്ടയുടെ ഭാഗമാക്കിയാണ് വർഗീയ പ്രചാരകരും വംശീയ വിദ്വേഷികളുമായവർ ഇത്തരം പ്രവർത്തനങ്ങൾ തടസങ്ങളില്ലാതെ നടത്തുന്നത്. ഇന്ത്യൻ ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും നിയമവാഴ്ചയെയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് രാഷ്ട്രീയാധികാരം നിലനിർത്താനും രാഷ്ട്രീയാധികാരത്തിലേക്ക് എത്താനും ഇന്ത്യ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയും അവരുടെ മുഖങ്ങളായവരും ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ക്രൈസ്തവ പീഡനം ഒരു രാഷ്ട്രീയ അജണ്ടയാണെങ്കിൽ കേരളത്തിൽ വേറിട്ട മറ്റൊരു മുഖമാണ് ഇക്കൂട്ടർ എടുത്തണിയുന്നതെന്ന വസ്തുത വിശ്വാസീസമൂഹം ഗൗരവത്തോടെ പരിശോധിക്കണം.
മണിപ്പുർ സൂചന മാത്രം
മണിപ്പുരിലെ കൂട്ടക്കൊലയും അക്രമസംഭവങ്ങളും ക്രൈസ്തവർക്കുള്ള സൂചന മാത്രമായിരുന്നു എന്നത് വീണ്ടും തെളിയുകയാണ്. ക്രൈസ്തവ മിഷനറിമാർക്കും വിശ്വാസികൾക്കും നേരേ ഒറ്റപ്പെട്ട ആക്രമണങ്ങൾ ഇന്ത്യയുടെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് ഉത്തരേന്ത്യയിലും നടന്നിരുന്നു. ഈ ആക്രമണങ്ങൾക്ക് ഒരു പൊതുസ്വഭാവം ഉണ്ടായിരുന്നു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കടന്നുവരാൻ കഴിയാതെ പാർശ്വവത്കരിക്കപ്പെട്ട ജനസമൂഹങ്ങൾക്കിടയിൽ അവരുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്ന ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളുമാണ് ആക്രമണലക്ഷ്യങ്ങളായത്. അവർ നേതൃത്വം കൊടുക്കുന്ന സാമൂഹിക സംരംഭങ്ങളും സ്ഥാപനങ്ങളും അടയാളപ്പെടുത്തിയാണ് ആക്രമണങ്ങൾ അരങ്ങേറുന്നത്. സാമൂഹിക പുരോഗതിക്കുവേണ്ടി മാനവസേവയെ ഈശ്വരസേവയായി പരിഗണിച്ച് സ്വയം സമൂഹത്തിനായി സമർപ്പിച്ച് ജീവിതം നയിക്കുന്നവരാണ് ക്രൈസ്തവ മിഷനറിമാർ. ഇവരുടെ സമർപ്പിതജീവിതത്തിന്റെ ഫലമായി പുതിയ ലോകത്തിന്റെ വെളിച്ചം ദർശിക്കാൻ അവസരമുണ്ടായ എത്രയോ ലക്ഷക്കണക്കിന് പാവപ്പെട്ടവർ ഇന്ത്യയിലുണ്ട്.
സാമൂഹ്യസേവനം ഒരു തപസ്യയായി കരുതി പതിറ്റാണ്ടുകളായി സേവനമനുഷ്ഠിക്കുന്ന നിരവധി ക്രൈസ്തവ വൈദികരും കന്യാസ്ത്രീകളും ഇന്ത്യയിലെമ്പാടുമുണ്ട്. ഇവരുടെ പ്രവർത്തനങ്ങളെ എന്നും സംശയത്തിന്റെ കണ്ണുകളോടെ മാത്രമേ രാജ്യത്ത് വർഗീയത വളര്ത്താൻ ശ്രമിച്ചവർ സമീപിച്ചിരുന്നുള്ളൂ. ആർക്കും വേണ്ടാത്ത മനുഷ്യർക്ക് ജീവിതവെളിച്ചം എത്തിക്കാൻ ഈശ്വരീയ കരസ്പർശത്തോടെ ഇറങ്ങിത്തിരിച്ച മദർ തെരേസയുടെ പ്രവർത്തനങ്ങളെപ്പോലും ഇക്കൂട്ടർ സംശയത്തോടെയാണ് എന്നും വീക്ഷിച്ചത്. ഒരു തുറന്ന പുസ്തകംപോലെയുള്ള മദർ തെരേസയുടെ കാരുണ്യപ്രവർത്തനത്തെ മതപ്രചാരവേലയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ സമൂഹം തള്ളിക്കളഞ്ഞു എന്നത് ചരിത്രമാണ്. പക്ഷേ, എന്നിട്ടും വർഗീയതയുടെ പ്രചാരകർ അടങ്ങിയിരുന്നില്ല.
അധികാരം ഉറപ്പിക്കാനുള്ള മുതലെടുപ്പ്
ഇന്ത്യയിലെ കോടാനുകോടി വരുന്ന അധഃസ്ഥിത ജനവിഭാഗങ്ങൾ രോഗങ്ങളുടെയും പട്ടിണിയുടെയും വിദ്യാഭ്യാസമില്ലായ്മയുടെയും സാമൂഹിക പിന്നാക്കാവസ്ഥയുടെയും പിടിയിൽ അമർന്നാണ് ജീവിക്കുന്നതെന്ന യാഥാർഥ്യത്തെയല്ല ഇടുങ്ങിയ ചിന്താഗതിയുടെ പിൻമുറക്കാർ നോക്കിക്കാണുന്നത്. മറിച്ച് ഏതുവിധേനയും സമൂഹത്തിൽ ഭിന്നതകൾ വളർത്തി അസ്വസ്ഥതകൾ സൃഷ്ടിച്ച് അതിൽനിന്നു മുതലെടുപ്പു നടത്തി രാഷ്ട്രീയ അധികാരം ഉറപ്പിക്കാനുള്ള വഴികളിലേക്കാണ് അവരുടെ ശ്രദ്ധ പതിഞ്ഞത്.
കേരളത്തിൽ ക്രൈസ്തവർ അടക്കമുള്ള മതന്യൂനപക്ഷങ്ങൾ സുരക്ഷിതരായി ജീവിക്കുന്നു. സംഘടിതമായ ഒരാക്രമണത്തിനും ആർക്കും ധൈര്യമില്ലാത്ത വിധത്തിൽ സാമുദായിക സൗഹാർദവും മതനിരപേക്ഷതയും പുലരുന്ന നാടായി കേരളം അഭിമാനത്തോടുകൂടിയാണ് ശിരസ് ഉയർത്തി മുന്നോട്ടു പോകുന്നത്. ഈ കേരളത്തെയും കേരളത്തിലെ മതന്യൂനപക്ഷങ്ങളെയും തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് ഉത്തരേന്ത്യയിലെ അക്രമരാഷ്ട്രീയത്തിന്റെ വക്താക്കൾ കേരളത്തിൽ പയറ്റുന്നത്.
നിരപരാധികളായ രണ്ട് കന്യാസ്ത്രീമാരെ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് തടവിലാക്കിയ സംഭവം ചർച്ച ചെയ്യണമെന്ന ആവശ്യം പാർലമെന്റിൽ ഉയർത്തിയപ്പോൾ അതിനെ നിഷ്കരണം തള്ളിക്കളയുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. തങ്ങളുടെ രാഷ്ട്രീയ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന മനുഷ്യത്വരഹിതമായ നീതിനിഷേധത്തിന്റെ സത്യാവസ്ഥ മൂടിവയ്ക്കാനാണ് പാർലമെന്റിൽ സർക്കാർ ചർച്ചയ്ക്ക് വഴങ്ങാതിരിക്കുന്നത്. ഭാരത സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ്, ഈ രാജ്യത്തിന് ഒരു വലിയ സാമ്പത്തികബാധ്യതയും നോക്കുകുത്തിയുമായാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന സത്യം ആർക്കും വിസ്മരിക്കാൻ കഴിയില്ല.