തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഒരു സാക്ഷ്യം...
Thursday, July 31, 2025 2:40 AM IST
മനുഷ്യക്കടത്ത് എന്ന നുണ ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീമാരെ ഛത്തീസ്ഗഡിലെ തടവറയിലടച്ചിരിക്കുകയാണ്. ഹൃദയഭേദകമായ ഈ വാർത്തയോട് പ്രതികരിക്കുന്ന എഴുത്തുകാരനായ കെ.എസ്. രതീഷിന്റെ വാക്കുകൾ വൈറലാകുന്നു.
സമകാലിക മലയാള കഥാസാഹിത്യത്തിൽ തന്റേതായ ഇടം കണ്ടെത്തിയ എഴുത്തുകാരനാണ് രതീഷ്. സാധാരണക്കാരുടെ ജീവിതവും അവരുടെ നോവുകളും പോരാട്ടങ്ങളുമാണ് അദ്ദേഹത്തിന്റെ എഴുത്തിന്റെ വിഷയം.
തിരുവനന്തപുരം ജില്ലയിലെ നെയ്യാർ സ്വദേശിയായ രതീഷ് ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകനാണ്. നാലര വയസിൽ കൊല്ലത്തെ അനാഥാലയത്തിലെത്തിയ രതീഷിന്റെ ഈ ജീവിതാനുഭവങ്ങൾ രചനകളിൽ വലിയ സ്വാധീനം ചെലുത്തി. നിരവധി കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്രൈസ്തവ മിഷനറിമാരിലൂടെ ഉയിർത്തെഴുന്നേറ്റ സ്വന്തം ജീവിതത്തെക്കുറിച്ചാണു രതീഷ് പറയുന്നത്.
കെ.എസ്. രതീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മിഷനറി പ്രവർത്തനം മനുഷ്യക്കടത്തെന്നാണ് എന്റെ അനുഭവം...
നെയ്യാറിന്റെ കരയിലെ പുല്ലുമേഞ്ഞ ഒറ്റമുറി വാറ്റുപുര. ഇത്തിരിക്കൂടെ വെള്ളം പൊങ്ങിയാൽ മണ്ണിട്ട് കെട്ടിയ ചുവര് ഇടിഞ്ഞ് ഒരു തള്ളയും മൂന്ന് മക്കളും ചാവും. പുറത്ത് പെരുമഴയും കാറ്റും. ആകെയുള്ള ഒരു സാരിയിൽ മൂന്നിനെയും പുതപ്പിച്ചു കിടത്തി കർത്താവിനെ വിളിച്ചു കരയുന്ന ക്രിസ്തുമത വിശ്വാസിയായ എന്റെ അമ്മ. വാറ്റും കള്ളത്തടി വെട്ടും അംബാസഡർ കാറും തലയിണയിൽപ്പോലും ഒളിപ്പിച്ച പണവുമുള്ള ഹിന്ദുവായ, വേറെ പെണ്ണുകെട്ടിയ എന്റെ അപ്പൻ.
അതിലെ നടുക്കത്തെ കരിമൻ ചെറുക്കനെ “എന്റെ ഏറ്റവും എളിയ മനുഷ്യന് ചെയ്തതെല്ലാം എനിക്ക് ചെയ്തതാകുന്നു.” മത്തായി 25ന്റെ 40-ാം വാക്യം. അതായത്, ഹിന്ദുക്കളുടെ മാനവസേവ മാധവസേവ ലക്ഷ്യമാക്കിയ മിഷനറിമാർ മൂന്ന് നേരം തീറ്റിയും കിടക്കാൻ ഇരുമ്പു കട്ടിലും പഠിക്കാൻ റിങ്കിൽ റൗബെ എന്ന മിഷനറി സ്ഥാപിച്ച സ്കൂളിലെ സൗജന്യ വിദ്യാഭ്യാസവും കൊടുത്തു. വായിക്കാൻ ബൈബിളും.
അവൻ പ്ലസ്ടു പഠിക്കുമ്പോൾ വിശന്ന് തലകറങ്ങി വീണപ്പോൾ തുണയായത് ഒരു ലുഡ്വിനാ മേരി എന്ന കന്യാസ്ത്രീയാണ്. അവരാണ് നല്ലൊരു ചെരുപ്പും ഉടുപ്പും ആദ്യമായി വാങ്ങിക്കൊടുത്തത്.
ആ കരിമനിന്ന് മതവും മതഭ്രാന്തുമില്ലാത്ത ഞാനായി. എനിക്ക് മതവും ജാതിയുമില്ലാത്ത രണ്ടു മക്കളുമായി. ജീവിക്കാനുള്ള വഴിയുമായി.
ഇതിപ്പോൾ ഇവിടെ പറയാൻ കാരണം, എന്നെപ്പോലെയുള്ള മനുഷ്യരെ ജീവിതത്തിലേക്ക് കടത്തിവിടാൻ പോയ കന്യാസ്ത്രീകളെ ജയിലിൽ കിടത്തിയെന്നു കേട്ടതു മുതൽ നെഞ്ചിനുള്ളിൽ പാറക്കല്ല് ഉരുട്ടിവച്ചതു പോലെയാണ്...
സത്യത്തിൽ മിഷനറി പ്രവർത്തനം മനുഷ്യക്കടത്ത് തന്നെയാണ്. “ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്ന ക്രിസ്തുവാക്യം തിരിച്ചറിയാത്ത കാസക്കാരനും, ‘മാനവസേവ മാധവസേവ’ തിരിച്ചറിയാത്ത ഹിന്ദുത്വ തീവ്രവാദികൾക്കും അതിന്റെ ഹിക്മത്ത് പിടികിട്ടില്ല.
അങ്ങനെ അവർ കടത്തിയ അക്കാലം ഓർക്കാൻ ബ്ലാക്ക് ആന്ഡ് വൈറ്റ് ചിത്രം പോലും ഇല്ലാത്ത അവർ വീട്ടിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫറെ വരുത്തിച്ചെടുത്ത ചിത്രമാണിത്. അടച്ചുറപ്പുള്ള വീടൊക്കെ ആയെങ്കിലും കാറ്റിലും മഴയിലും ആ അമ്മ ഇന്നും അതേ പ്രാർഥനയും നിലവിളിയുമാണ്.
ഏതു കോടതി എതിരു നിന്നാലും ഞാനെങ്കിലും തടവറയിൽ കിടക്കുന്ന അമ്മമാർക്കായി ഇങ്ങനെ ഒരു സാക്ഷ്യം പറയേണ്ടേ? ഇന്ത്യയുടെ അഭിമാനമായ മദർ തെരേസ ഇന്നുണ്ടായിരുന്നെങ്കിൽ?