ജനാധിപത്യരാജ്യത്ത് സംഭവിക്കാന്‍ പാടില്ലാത്തത്
റോജി എം. ജോണ്‍ എംഎല്‍എ
Thursday, July 31, 2025 2:42 AM IST
നിരപരാധികളായ രണ്ടു കന്യാസ്ത്രീകളാണ് ആറ് ദിവസമായി ദുര്‍ഗിലെ ജയിലില്‍ കഴിയുന്നത്. ദയനീയമായ ഈ സാഹചര്യം ഒരു ജനാധിപത്യ രാജത്ത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ്.
എല്ലാ പൗരന്മാര്ക്കും അവരുടെ മതത്തില്‍ വിശ്വസിക്കാനും പ്രചരിപ്പിക്കാനുമൊക്കെയുള്ള അവകാശവും സ്വാതന്ത്ര്യവും നല്കുന്ന രാജ്യമാണ് ഇന്ത്യ. എന്നാല്‍, ഇവിടെ തികച്ചും ഒരു കെട്ടുകഥ മെനഞ്ഞ് രണ്ടു കന്യാസ്ത്രീകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുന്ന സാഹചര്യമാണുണ്ടായത്. വിഷയം അറിഞ്ഞപ്പോള്‍തന്നെ ഞാന്‍ ഛത്തീസ്ഗഡിലെ ദുര്‍ഗിലെത്തി കന്യാസ്ത്രീകളെ കണ്ടു. മനസില്പോലും വിചാരിക്കാത്ത കാര്യത്തിന്റെ പേരില്‍ തെറ്റുകാരായി ചിത്രീകരിക്കുകയും ജയിലില്‍ കിടക്കേണ്ടിവരികയും ചെയ്യുന്നതില്‍ അവര്‍ വളരെയധികം വേദന അനുഭവിക്കുന്നു.
എല്ലാറ്റിനും മൗനസാക്ഷികളായി...
സംഭവദിവസം റെയില്‍വേ സ്റ്റേഷനിലും അതിനുശേഷം പോലീസ് സ്റ്റേഷനിലും നടന്ന സംഭവങ്ങള്‍ വിശദമായി അവര്‍ വിവരിച്ചു. കന്യാസ്ത്രീകളെ ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ വന്ന് റെയില്‍വേ പോലീസിന്റെയും സംസ്ഥാന പോലീസിന്റെയും സാന്നിധ്യത്തില്‍ റെയില്‍വേ സ്റ്റേഷനിലും പോലീസ് സ്റ്റേഷനിലും വച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി. ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു. വായ തുറക്കരുതെന്നും മിണ്ടിയാല്‍ അടിക്കുമെന്നും കന്യാസ്ത്രീകളെ ഭീഷണിപ്പെടുത്തി. കേസിനാസ്പദമായ സംഭവത്തിലെ മൂന്ന് പെണ്‍കുട്ടികളെ ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി കന്യാസ്ത്രീകള്‍ക്കെതിരേ പറയിക്കുകയായിരുന്നു. ഇതിനെല്ലാം കന്യാസ്ത്രീകള്‍ക്ക് മൗനസാക്ഷികളായി നില്ക്കേണ്ടിവന്നു.
പല ഘട്ടത്തിലും കന്യാസ്ത്രീകളെ ഉള്‍പ്പെടെ മര്‍ദിക്കുമെന്ന അവസ്ഥയിലെത്തിയിരുന്നു. തല്ലാനായി പല തവണ ഓങ്ങിവന്നു. ഇവരെ സഹായിക്കാനെത്തിയ ഛത്തീസ്ഗഡുകാരനായ യുവാവിനെ കന്യാസ്ത്രീകളുടെ മുമ്പില്വച്ചുതന്നെയാണ് ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചത്. ഇതെല്ലാം പോലീസ് സ്റ്റേഷനില്‍ ഉദ്യോഗസ്ഥര്‍ നോക്കിനില്‍ക്കെയാണ് നടക്കുന്നതെന്നതും ഞെട്ടിക്കുന്നതാണ്. മാത്രമല്ല, പെണ്‍കുട്ടികളുടെ ബാഗ് പരിശോധിക്കുന്നതും ചോദ്യം ചെയ്യുന്നതും എല്ലാം ബജ്രംഗ്ദള് പ്രവര്‍ത്തകരാണ്. ഇവരില്‍ ഒരാളുടെ പക്കല്‍നിന്ന് 2,000 രൂപയോളം കിട്ടി. ഇത് കന്യാസ്ത്രീകള്‍ നല്‍കിയതാണെന്ന് ഇവരെക്കൊണ്ട് നിര്‍ബന്ധിച്ച് പറയിക്കാനുള്ള ശ്രമവും നടന്നു. കന്യാസ്ത്രീകള്‍ക്കെതിരേ മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ചു കേസെടുക്കാനായി ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ പോലീസിനെ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെയാണ് കേസെടുക്കുകയും കന്യാസ്ത്രീകള്‍ ജയിലിലാകുകയും ചെയ്തിരിക്കുന്നത്.
ഇപ്പോഴും ഇവര്‍ക്ക് പുറത്തുവരാനുള്ള സാഹചര്യമുണ്ടായിട്ടില്ല. ഇതു ജനാധിപത്യത്തിന്റെയും പൗരാവകാശത്തിന്റെയും ധ്വംസനമാണ്. സഭാവസ്ത്രമണിഞ്ഞ, മിഷന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന, പ്രത്യേകിച്ച് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് സന്യസ്തരെ ഇത്തരത്തില്‍ കള്ളക്കേസില്‍ കുടുക്കിയെന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്.
ഇവര്‍ക്കു ജാമ്യം ലഭിക്കുന്നതിന് എല്ലാത്തരത്തിലുമുള്ള പരിശ്രമങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍, പോലീസിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്ന് ഇതു പരമാവധി വൈകിക്കുന്നതിനുള്ള ശ്രമങ്ങളാണു നടക്കുന്നത്. കോടതിയെപ്പോലും സമ്മര്‍ദത്തിലാക്കുന്ന തരത്തിലാണു ബജ്രംഗ്ദൾ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുള്ള സമീപനം.
നീതി ലഭിക്കുംവരെ പോരാടും
കന്യാസ്ത്രീകള്‍ കഴിയുന്ന ജയിലില്‍ പരിമിതമായ സാഹചര്യങ്ങളാണുള്ളത്. 53 പേരാണ് ഒരു സെല്ലില്‍ കിടക്കുന്നത്. ഒരാള്‍ക്ക് കിടക്കാവുന്ന സ്ഥലത്ത് രണ്ടുപേര്‍ കിടക്കേണ്ട അവസ്ഥ. കൂടാതെ, കന്യാസ്ത്രീകള്‍ക്ക് ആരോഗ്യപ്രശ്നങ്ങളുമുണ്ട്. മാത്രമല്ല, ഇവര്‍ വിദേശികളാണെന്ന് ചിത്രീകരിക്കുന്നതിനുള്ള ശ്രമവുമുണ്ട്. ഇവര്‍ മഹാപരാധം ചെയ്ത രീതിയില്‍ അവിടത്തെ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. ഇവര്‍ മനുഷ്യക്കടത്ത് നടത്തിയവരും മതപരിവര്‍ത്തനം നടത്തിയവരുമാണെന്ന പ്രസ്താവനകളും സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്തുനിന്നു വരുന്നു.
സ്വാഭാവികമായും ഇതു വലിയ രീതിയില്‍ മാനസിക പീഡനമുണ്ടാക്കുന്നതാണ്. ജയിലില്‍ ഇവരെ സന്ദര്‍ശിച്ചപ്പോള്‍ രണ്ടു കന്യാസ്ത്രീകളുടെയും സഹോദരങ്ങള്‍ കൂടെയുണ്ടായിരുന്നു. ഇവര്‍ പരസ്പരം കണ്ടപ്പോഴുണ്ടായ രംഗങ്ങള്‍ ആരുടെയും ഉള്ളുലയ്ക്കുന്നതാണ്.
ഒരുവശത്ത് ബിജെപി ഇവരെ സഹായിക്കുമെന്നു പറയുമ്പോഴും മറുവശത്ത് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മോചനം നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണു നടക്കുന്നത്. മാത്രവുമല്ല, കോടതിയിലുള്‍പ്പെടെ ബജ്രംഗ്ദൾ പ്രവര്‍ത്തകര്‍ സമ്മര്‍ദമുണ്ടാക്കുന്നു. ഇതിലെല്ലാം ശക്തമായ പ്രതിഷേധമുണ്ട്. എന്നാലും ഇവര്‍ക്ക് നീതി ലഭിക്കുന്നതുവരെ പോരാടും.
ബിജെപിയുടെ ഇരട്ടത്താപ്പ്
ബിജെപിയുടെ വലിയ ഇരട്ടത്താപ്പാണ് പുറത്തുവന്നിരിക്കുന്നത്. ക്രൈസ്തവസമൂഹത്തെയും കന്യാസ്ത്രീകളെയും സഹായിക്കാന്‍വേണ്ടി നില്‍ക്കുന്നുവെന്നാണ് അവരുടെ അവകാശവാദം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുമായും ഉപമുഖ്യമന്ത്രിയുമായും ബിജെപി നേതാക്കള്‍ സംസാരിച്ചിട്ടുണ്ടെന്നും കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് ജാമ്യത്തെ എതിര്‍ക്കില്ലെന്നുമാണ് പറഞ്ഞത്.
എന്നാല്‍, കോടതി ഉത്തരവ് വന്നപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുവെന്നും കോടതിക്ക് പരിഗണിക്കാനാവില്ലെന്നും പറഞ്ഞതായി വളരെ കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്. പബ്ലിക് പ്രോസിക്യൂട്ടര്‍ ജാമ്യാപേക്ഷയെ എതിര്ത്തതിന്റെകൂടി അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളുകയും എന്‍ഐഎ കോടതിക്ക് വിടുകയും ചെയ്തിരിക്കുന്നത്. ഒരു കാരണവശാലും ഇവര്‍ക്കു ജാമ്യം ലഭിക്കരുതെന്ന നിലപാടിലാണ് ബിജെപിയും സംഘപരിവാറും. നമ്മുടെ നാട്ടില്‍ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ക്കു സ്വതന്ത്രമായും നീതിയുക്തമായും പ്രവര്‍ത്തിക്കാനുള്ള അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണിത്. മിഷന് പ്രവര്‍ത്തനങ്ങള്‍ക്കു പോലും തടസംനില്‍ക്കുന്ന തരത്തിലുള്ള സമീപനമാണ് സര്‍ക്കാരിന്റെയും ബിജെപിയുടെയും ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവിടെ വ്യാപകമായി ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കു നേരേയും മിഷനറിമാര്‍ക്കു നേരേയും അക്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണു മനസിലാക്കാന്‍ സാധിക്കുന്നത്.
ഇവിടെ മിഷന് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്യസ്തരെയും പാസ്റ്റര്‍മാരെയും സന്ദര്‍ശിച്ചു. ഇവരെല്ലാം പറയുന്നത് ഞായറാഴ്ചകളില്‍ പ്രാര്‍ഥന നടക്കുമ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വന്നു പ്രശ്നങ്ങളുണ്ടാക്കുന്നുണ്ടെന്നാണ്. ഭയം കൂടാതെ ജീവിക്കാന്‍ സാധിക്കുന്നില്ല. മാധ്യമങ്ങളിലും ഇത്തരം വിഷയങ്ങള്‍ ഉയര്‍ന്നുവരുന്നില്ല. പൊതുസമൂഹത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഇടപെടലുകള്‍ നടത്തണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.