ആദർശമുള്ള കോൺഗ്രസുകാരെ വേണം
ഉള്ളതു പറഞ്ഞാൽ / കെ.ഗോപാലകൃഷ്ണൻ
Thursday, July 31, 2025 10:51 PM IST
തെരഞ്ഞെടുപ്പുകൾ അടുത്തുവരുന്പോൾ കോൺഗ്രസ് ഹൈക്കമാൻഡും പാർട്ടിയുടെ കേരളത്തിലെ നേതാക്കളും ഐക്യത്തിനുവേണ്ടി ആത്മാർഥമായി മുറവിളി നടത്തുന്നുണ്ട്. ഒപ്പം ആശങ്കകൾ പങ്കുവയ്ക്കുന്നുമുണ്ട്. എന്നാൽ, അവയെല്ലാം ബധിരകർണങ്ങളിലാണു പതിക്കുന്നതെന്നു തോന്നുന്നു. കാരണം, വ്യാപകമാകുന്ന ഗ്രൂപ്പിസം എൽഡിഎഫിനെ വീണ്ടും അധികാരത്തിലെത്തിക്കുമോ എന്ന ഭയം പ്രവർത്തകരെ ബാധിച്ചിരിക്കുന്നു.
ഈ അപകടാവസ്ഥയെക്കുറിച്ചു പ്രാദേശിക, സംസ്ഥാന നേതാക്കൾ രഹസ്യമായും അടക്കിപ്പിടിച്ചും നൽകുന്ന ആത്മാർഥമായ ഉപദേശങ്ങൾപോലും ചോർന്നുപോകുന്നുണ്ട്. കഴിഞ്ഞ ആഴ്ചകളിൽ അത്തരം ചില റിക്കാർഡ് ചെയ്ത ഫോൺ സംഭാഷണങ്ങൾ പുറത്തുവന്നു. ചോർന്നുവന്ന ഒരു ടെലിഫോൺ സംഭാഷണത്തിൽ പാലോട് രവി സിപിഎമ്മിനു തുടർച്ചയായി മൂന്നാംതവണയും ഭരണം ലഭിക്കുമെന്നും കോൺഗ്രസിനു മോശം ദിനങ്ങളാണു വരാനിരിക്കുന്നതെന്നും പ്രവചിച്ചത് കർക്കടകാകാശത്തിലെ മിന്നൽപ്പിണർപോലെ അതിവേഗം പ്രചരിച്ചു. ഇത് സംസ്ഥാനത്തെ കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കി. ഇടതുപക്ഷ ജനാധിപത്യ മുന്നണിയും മറ്റ് പ്രതിപക്ഷ കക്ഷികളും ആശ്വാസംകൊള്ളുകയും ചെയ്തു. പുതിയ രാഷ്ട്രീയപങ്കാളികളെ തേടാൻ ഇതവർക്ക് പ്രതീക്ഷാനിർഭരമായ പ്രേരണയായി.
ഓഡിയോ ക്ലിപ്പ് പുറത്തുവന്നയുടൻ കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ യുഡിഎഫ് നേതാക്കൾ പ്രതികരിക്കാൻ തുടങ്ങി. അനന്തരഫലങ്ങളും തുടർനടപടികളും ചർച്ചചെയ്ത അവർ, രവിയുടെ രാജിയാണ് ഏറ്റവും മികച്ച ദുരന്തനിവാരണ നടപടിയെന്നു പെട്ടെന്ന് നിഗമനത്തിലെത്തി. ഉടൻതന്നെ ഇക്കാര്യം എഐസിസി നേതൃത്വത്തെ അറിയിച്ചു. ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയെ ഈ വിവരങ്ങൾ ധരിപ്പിക്കുകയും അദ്ദേഹം ഉടൻതന്നെ സ്ഥാനമൊഴിയുകയും ചെയ്തു. പകരം ആരെയും തീരുമാനിച്ചിരുന്നില്ല. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും കഴിയുന്നതോടെ കോൺഗ്രസ് കേരളത്തിൽ ഇല്ലാതാകും. ഇതാണ് ചോർന്നുകിട്ടിയ സംഭാഷണത്തിൽ രവി പറഞ്ഞത്. വരാനിരിക്കുന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാം സ്ഥാനത്താകുമെന്നും രവി പ്രവചിച്ചതായി വാർത്താ റിപ്പോർട്ടുകൾ പറയുന്നു.
വിധി വൈപരീത്യമെന്നോണം, രവി തുടർന്നു പറഞ്ഞു: “അതുപോലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടി നിലംപരിശാകും. 60 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി എന്തു ചെയ്യുമെന്ന് നിങ്ങൾ കാത്തിരുന്നു കാണുക. പാർലമെന്റ് തെരഞ്ഞെടുപ്പിൽ ചെയ്തപോലെ അവർ പണം കൊടുത്തു വോട്ട് വാങ്ങും. കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്കു തള്ളപ്പെടുകയും സിപിഎം അധികാരത്തിൽ വരികയും ചെയ്യും. ഇതാണ് കേരളത്തിൽ സംഭവിക്കാൻ പോകുന്നത്. അതിനുശേഷം കോൺഗ്രസ് ഇല്ലാതാകും. നമ്മളോടൊപ്പമുള്ള മുസ്ലിംകൾ ഇടതുപക്ഷത്തേക്കും മറ്റു പാർട്ടികളിലേക്കും കൂറുമാറും. കോൺഗ്രസ് ആർക്കും ഉപകാരമില്ലാത്ത പാർട്ടിയായി മാറും.” എട്ട് മിനിറ്റ് ദൈർഘ്യമുള്ള ക്ലിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ഇങ്ങനെ കാണുന്നു.
രവി സംസാരിച്ച പ്രാദേശിക നേതാവിനെതിരേ നടപടിയെടുക്കുക എന്നതായിരുന്നു കോൺഗ്രസ് നേതൃത്വം സ്വീകരിച്ച അടുത്ത നടപടി. തുടർന്ന് വാമനപുരം ബ്ലോക്ക് സെക്രട്ടറി എ. ജലീലിനെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്കു പാർട്ടിയിൽനിന്ന് പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. ഈ അച്ചടക്കനടപടി പാർട്ടിയിൽ ശാന്തിയും സമാധാനവും കൊണ്ടുവരുമെന്നു മുതിർന്ന നേതാക്കൾ കരുതിയിരിക്കാം. അതുപോലെ തെരഞ്ഞെടുപ്പു പ്രചാരണം തുടങ്ങുന്നതോടെ പ്രവർത്തകർ വഴക്കുനിർത്തി പാർട്ടിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിച്ച് പ്രവർത്തിക്കുമെന്നും അവർ ചിന്തിച്ചിട്ടുണ്ടാകും. അങ്ങനെ പോളിംഗ്ബൂത്തിലെ മികച്ച പ്രകടനം ഉറപ്പുവരുത്താമെന്നും.
ആരുടെയും ഭാവിയിലെ പെരുമാറ്റം പ്രവചിക്കാൻ കഴിയില്ല. അണികളിൽ മുന്പും അച്ചടക്കമില്ലായ്മയും ധിക്കാരവും ഉണ്ടായിട്ടുണ്ട്. പ്രചാരണവേളകളിൽ പല പിളർപ്പുകളും വഴിപിരിയലുകളും ഉണ്ടായിട്ടുണ്ട്. കൂടാതെ, പുതിയ സർക്കാരുണ്ടാക്കാൻ ചിലർ കൂറുമാറി മറ്റ് പാർട്ടികളിലേക്കു പോയിട്ടുമുണ്ട്. “ആയാ റാം, ഗയാ റാം” എന്നത് പല തെരഞ്ഞെടുപ്പുകൾക്കുശേഷവും ഇന്ത്യൻ രാഷ്ട്രീയത്തിലെ പതിവുകാഴ്ചയാണ്. അത്തരം സങ്കടകരമായ പഴങ്കഥകളിലേക്ക് പോകാൻ രാഷ്ട്രീയലേഖകനെ സ്ഥലപരിമിതി അനുവദിക്കുന്നില്ല.
രാഷ്ട്രീയ പാർട്ടികൾ സീറ്റുകൾ അനുവദിച്ചു കഴിഞ്ഞാലും കൂറുമാറ്റങ്ങളും പാർട്ടി ടിക്കറ്റിനായുള്ള പോരാട്ടങ്ങളും പ്രതീക്ഷിക്കാം. അതെല്ലാം പത്രങ്ങളിൽ മുൻപേജ് വാർത്തയുമാകും. പക്ഷേ പൊതുജനത്തിനിതു രസകരമായ കഥകളാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലെ തമാശകളായാണ് അവരിതിനെ കാണുക.
പാലോട് രവിയുടെ വോയ്സ് ക്ലിപ് വിഷയത്തിൽ പരിഹാരനടപടികളാണ് കോൺഗ്രസ് നേതാക്കൾ ഇഷ്ടപ്പെട്ടത്. കാരണം, അല്ലെങ്കിലിത് പ്രതിപക്ഷത്തിന് ആയുധമാകും. അവരുടെ സ്വന്തം വ്യാഖ്യാനങ്ങളോടെ കോൺഗ്രസിനെ ആക്രമിക്കുന്നതിനു മാത്രമേ വഴിവയ്ക്കൂ. വിശേഷിച്ചും, സിപിഎം അധികാരത്തിൽ തിരിച്ചുവരുമെന്ന രവിയുടെ പ്രവചനം. നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങളേയുള്ളൂ എന്നതും പ്രധാനം. മാത്രവുമല്ല, വരുന്ന നിയമസഭയിൽ യുഡിഎഫ് 100 സീറ്റ് നേടുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം. ചോർന്നുപോയ ശബ്ദരേഖ കോൺഗ്രസിനെ നാണംകെടുത്തി. പാർട്ടി തെരഞ്ഞെടുപ്പുകളിൽപോലും ഇതു പ്രതികൂല വ്യാഖ്യാനങ്ങൾക്കു വഴിതെളിച്ചേക്കാം. കോൺഗ്രസിനുള്ളിൽ പാർട്ടി താത്പര്യങ്ങൾക്ക് വിരുദ്ധമായ തീവ്രവിമർശനങ്ങൾക്കു കാരണമാകാനുള്ള സാധ്യതയുമുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെയും എസ്എൻഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെയും പ്രസ്താവനകളും ഇതിനിടെ വാർത്തകളിൽ ഇടംനേടി. ബുദ്ധിമാനും കൗശലക്കാരനുമായ സതീശൻ ഈ വിഷയത്തിൽ കൂടുതൽ ചർച്ച അനുവദിച്ചില്ല. സതീശൻ ഈഴവ വിരുദ്ധ നിലപാട് എടുക്കുന്നു എന്ന വെള്ളാപ്പള്ളിയുടെ പരാമർശത്തിന് സതീശൻ പ്രതികരിച്ചു, “എന്നെ എന്റെ വോട്ടർമാർക്ക് നന്നായറിയാം. എന്റെ മണ്ഡലത്തിലെ 52 ശതമാനം വോട്ടർമാരും ഈഴവരാണ്. ഞാൻ ഈഴവ സമുദായത്തിനെതിരേ എന്തു പറഞ്ഞു? ഞാൻ ഗുരുവിനെ ഇഷ്ടപ്പെടുന്നു, അദ്ദേഹത്തിന്റെ തത്വശാസ്ത്രത്തിൽ വിശ്വസിക്കുന്നു.
അത്തരം വർഗീയ പ്രസ്താവനകൾ നടത്തുന്ന ആരെയും ഞാൻ എതിർക്കും.” മുൻ മുഖ്യമന്ത്രിമാരായ ഉമ്മൻചാണ്ടിയുടെയും വി.എസ്. അച്യുതാനന്ദന്റെയും അന്ത്യയാത്രകളെ താരതമ്യം ചെയ്തു സാമൂഹിക മാധ്യമങ്ങളിൽ വന്ന പ്രചാരണത്തെ തള്ളി സതീശൻ പറഞ്ഞു, “ഉമ്മൻചാണ്ടിയുടെ മൃതദേഹം വഹിച്ച വാഹനം എംസി റോഡിലൂടെ കോട്ടയത്തേക്ക് പോയി. വിഎസിന്റെ വിലാപയാത്ര എംജി റോഡിലൂടെ സഞ്ചരിച്ച് മൃതദേഹം ആലപ്പുഴയിൽ സംസ്കരിച്ചു. ഈ രണ്ടു നേതാക്കളെയും ജനങ്ങൾ ഇഷ്ടപ്പെട്ടു. വിഎസിനെതിരേ മോശം പരാമർശങ്ങൾ നടത്തിയവരെ സർക്കാർ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്തു. എന്നാൽ, ഉമ്മൻചാണ്ടിയെ അപകീർത്തിപ്പെടുത്തിയവർക്കെതിരേ പോലീസ് നടപടിയെടുത്തില്ല.”
നല്ല ഭരണവും ജനകീയതീരുമാനങ്ങളും മുൻനിർത്തി വിഎസിനോടും ഉമ്മൻചാണ്ടിയോടും ജനങ്ങൾ ഊഷ്മളമായും വാത്സല്യത്തോടെയും പ്രതികരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. ഓഡിയോ ക്ലിപ്പിലൂടെ കോൺഗ്രസിനെ വിഷമത്തിലാക്കി ഡിസിസി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ പാലോട് രവി പറഞ്ഞതും ശ്രദ്ധേയമാണ്. പ്രവർത്തകനോട് കൂടുതൽ കരുതലോടെയിരിക്കാൻ ആവശ്യപ്പെട്ടതേയുള്ളൂ എന്നാണ് ഓഡിയോ പുറത്തുവന്നശേഷം രവി പറഞ്ഞത്. ഒരു ടീമായി പ്രവർത്തിക്കാനും ജനങ്ങളുമായി ബന്ധപ്പെടാനുമുള്ള സന്ദേശമാണ് ഡിസിസി എപ്പോഴും നൽകിയിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ജനങ്ങൾക്കു ഭരണമാറ്റം വേണം. ഞാൻ മുതിർന്ന കോൺഗ്രസ് നേതാവാണ്. രാഷ്ട്രീയ എതിരാളികളുമായി ഞാൻ കൂട്ടുകൂടിയെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. ബിജെപിയും തെരഞ്ഞെടുപ്പുരംഗത്തുള്ളതുകൊണ്ട് ഞങ്ങൾ പ്രവർത്തകരോടു ജാഗ്രത പാലിക്കാൻ ആവശ്യപ്പെടുകയായിരുന്നു” - രവി ചൂണ്ടിക്കാട്ടി.
കേരളത്തിന് ആദർശനിഷ്ഠയുള്ള കോൺഗ്രസ് പ്രവർത്തകരെയും ഉറച്ചബോധ്യമുള്ള ഖദർധാരികളെയും ശരിക്കും ആവശ്യമാണ്.