നിരപരാധികൾക്കു പീഡനപർവമായി കിരാതനിയമം
സി.കെ. കുര്യാച്ചൻ
Thursday, July 31, 2025 10:58 PM IST
നിരപരാധികളെ ആൾക്കൂട്ട വിചാരണയ്ക്കു വിട്ടുകൊടുത്തും അറസ്റ്റ് ചെയ്തും ജയിലിലടച്ചും പീഡിപ്പിക്കാനുള്ളതു മാത്രമാകുകയാണ് വിവധ സംസ്ഥാനങ്ങൾ നടപ്പാക്കിയിരിക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ.
രാജ്യത്ത് ഇതിനകം നൂറുകണക്കിനു നിരപരാധികളാണ് ഈ കിരാതനിയമത്തിന്റെ മറവിൽ പീഡിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇതുവരെയും ഒരാളെപോലും അന്തിമമായി ശിക്ഷിക്കാൻ ഈ നിയമത്തിനു കഴിഞ്ഞിട്ടില്ല എന്നതാണ് ശ്രദ്ധേയമായ വസ്തുത.
പത്തിലധികം സംസ്ഥാനങ്ങളിൽ നിർബന്ധിത മതപരിവർത്തന നിരോധന നിയമം നിലവിലുണ്ട്. 1967ൽ ഒഡീഷയാണ് ഇത്തരമൊരു നിയമം സംസ്ഥാനതലത്തിൽ ആദ്യമായി നടപ്പാക്കിയത്. 1968ൽ മധ്യപ്രദേശും 1978ൽ അരുണാചൽ പ്രദേശും 2000ൽ ഛത്തീസ്ഗഡും 2003ൽ ഗുജറാത്തും ഇതേ മാതൃകയിൽ നിയമമുണ്ടാക്കി. പിന്നീട് ഉത്തർപ്രദേശ്, രാജസ്ഥാൻ തുടങ്ങി പല സംസ്ഥാനങ്ങളും നിയമമുണ്ടാക്കുകയും കൂടുതൽ കടുപ്പിക്കുകയും ചെയ്തു.
ഇത്രയേറെ സംസ്ഥാനങ്ങൾ നിയമം നടപ്പാക്കി നൂറുകണക്കിനു കേസുകളിലായി നിരവധിപ്പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടും ഒരേയൊരു കേസിൽ മാത്രമാണ് വിചാരണ കോടതി പ്രതികളെ ശിക്ഷിച്ചത്. ഉത്തർ പ്രദേശിലായിരുന്നു ഈ കേസ്. ഈ വർഷം ജനുവരി 22ന് പാസ്റ്റർ ജോസ് പാപ്പച്ചൻ, ഭാര്യ ഷീജ പാപ്പച്ചൻ എന്നിവരെയാണ് അംബേദ്കർ നഗർ ജില്ലയിലെ പ്രത്യേക കോടതി അഞ്ചു വർഷം തടവിനും 25,000 പിഴയടയ്ക്കാനും ശിക്ഷിച്ചത്. എന്നാൽ ഫെബ്രുവരി ആദ്യം ഇവർക്ക് അലാഹാബാദ് ഹൈക്കടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ഈ നിയമത്തിന്റെ മറവിലാണ് ഇപ്പോൾ തീവ്രഹിന്ദുത്വ ശക്തികൾ വ്യാപകമായി ആൾക്കൂട്ട വിചാരണയ്ക്ക് കളമൊരുക്കുന്നത്. ക്രൈസ്തവരാണ് ഇരകളിലേറെയും ഛത്തീസ്ഗഡിൽ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട രണ്ടു കന്യാസ്ത്രീമാരുടെ കാര്യത്തിലും ഈ നിയമത്തിന്റെ ദുരുപയോഗമാണ് ഉണ്ടായിരിക്കുന്നത്. മതംമാറ്റത്തിന് യാതൊരു ശ്രമവും ഉണ്ടാകാതിരുന്നിട്ടും രണ്ടു കന്യാസ്ത്രീമാർക്ക് ഒരാഴ്ചയായി ജയിലിൽ കിടക്കേണ്ടി വന്നിരിക്കുന്നു.
ആഗോള തലത്തിൽ കത്തോലിക്കാ സഭയുടെ നിയമവും രീതിയുമനുസരിച്ച് ഒരാളെ സഭാംഗമാക്കണമെങ്കിൽ മാമ്മോദീസ നൽകണം. ശിശുവാണെങ്കിവും മുതിർന്നയാളാണെങ്കിലും ഒരാൾക്ക് മാമ്മോദീസ നൽകാനുള്ള അധികാരം പുരോഹിതനുമാത്രമാണുള്ളത്. ഇത്തരത്തിൽ ഇന്ത്യയിൽ മാമ്മോദീസ നൽകി മതപരിവർത്തനം നടത്തിയതിന്റെ പേരിൽ ഒരു കത്തോലിക്കാ പുരോഹിതനെപ്പോലും ശിക്ഷിച്ചിട്ടില്ല.
എന്നാൽ മതപരിവർത്തനത്തിന് യാതൊരധികാരവുമില്ലാത്ത കന്യാസ്ത്രീമാരെയാണ് ഇരകളാക്കുന്നത്. സഭാ വസ്ത്രം ധരിച്ച് പൊതു ഇടങ്ങളിൽ യാത്രചെയ്യാൻ ഇവരിൽ ഭയമുണ്ടാക്കുകയാണ് ബജ്രംഗ്ദൾഅടക്കുമുള്ള സംഘ്പരിവാർ സംഘടനകളുടെ ലക്ഷ്യം. മതപരിവർത്തനത്തിനായി പരിശ്രമിക്കുന്നുവെന്നതാണ് ഇവർക്കെതിരേ വർഗീയ ശക്തികൾ ഉന്നയിക്കുന്ന ആരോപണം. മതപരിവർത്തനത്തിന്റെ പുകമറ സൃഷ്ടിച്ച് ഹിന്ദു വോട്ട് ബാങ്കുകൾ ദൃഢമാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ ആൾക്കൂട്ട വിചാരണയ്ക്കു നേതൃത്വം നൽകി ബജ്രംഗ്ദളിന്റെ വനിതാനേതാവ് താൻ നടത്തുന്ന അതിക്രമത്തിന്റെ രംഗങ്ങളെല്ലാം ചിത്രീകരിച്ച് പ്രചരിപ്പിച്ചതും ഇതേ ലക്ഷ്യത്തിലാണ്.
ഈ നിയമം നടപ്പാക്കിയ സംസ്ഥാനങ്ങളിലടക്കം ഹൈന്ദവ ആരാധനാലയങ്ങളിലോ മഠങ്ങളിലോ പ്രാർഥനയ്ക്കും സമ്മേളനങ്ങൾക്കുമായി എത്തുന്ന അന്യമതസ്ഥരെ ആരും സംശയിക്കുകയോ ചോദ്യംചെയ്യുകയോ ഇല്ല. എന്നാൽ ക്രൈസ്തവർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽപോലും കടന്നുകയറി അതിക്രമം കാട്ടാൻ തീവ്രഹിന്ദുത്വ ശക്തികൾക്ക് യാതൊരു മടിയുമില്ല. ഇത്തരത്തിൽ രാജ്യത്ത് ക്രൈസ്തവരടക്കമുള്ള ന്യൂനപക്ഷങ്ങൾ കടുത്ത വിവേചനമാണ് നേരിടുന്നത്. ഈ കിരാത നിയമത്തിനെതിരേ നിയമപോരാട്ടംപോലും നടത്താനാകാത്ത അവസ്ഥയും നിലനിൽക്കുന്നു.
തത്പരകക്ഷികളുടെ ആരോപണത്തിലും വ്യാജപരാതിയിലും യാതൊരു അന്വേഷണവും നടത്താതെ ഈ നിയമപ്രകാരം കേസെടുത്ത് നിരപരാധികളെ ജയിലലടയ്ക്കുന്നതാണ് ഏറ്റവും സങ്കടകരം. ഛത്തീസ്ഗഡിലും അതുതന്നെയാണ് സംഭവിച്ചത്. ഇപ്പോൾ ദുർഗ് ജയിലിൽ കിടക്കുന്ന സിസ്റ്റേഴ്സ് നിരപരാധികളാണെന്ന് തെളിയുമ്പോഴും ആൾക്കൂട്ട വിചാരണയ്ക്കു നേതൃത്വം നൽകിയവരും അതിക്രമങ്ങൾക്കു കൂട്ടുനിന്ന റെയിൽവേ ടിടിഇയും പോലീസുകാരുമെല്ലാം സംരക്ഷിക്കപ്പെടുകയാണ്. അതാണ് ഇക്കൂട്ടർക്കു വളമാകുന്നതും.