ബിജെപി ഭരണത്തിൽ ന്യൂനപക്ഷങ്ങൾക്കു രക്ഷയില്ലേ?
അഡ്വ. മേരി സ്കറിയ
Thursday, July 31, 2025 11:00 PM IST
ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാരെ വ്യാജകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു ജയിലിലാക്കിയതിനെത്തുടർന്ന് രാജ്യമെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. ഭാരതീയ ന്യായസംഹിത (ബിഎൻഎസ്)യുടെ സെക്ഷൻ 143 പ്രകാരം മനുഷ്യക്കടത്തും1968ലെ മതപരിവർത്തനവിരുദ്ധ നിയമത്തിലെ സെക്ഷൻ 4 പ്രകാരവുമാണ് സിസ്റ്റർമാർക്കും കൂടെയുണ്ടായിരുന്ന നാരായൺപുരിൽനിന്നുള്ള സുക്മൻ മൻഡാവി എന്ന യുവാവിനും എതിരേ കേസെടുത്തിട്ടുള്ളത്. ഈ സാഹചര്യത്തിൽ എന്താണ് മനുഷ്യക്കടത്ത് എന്ന് പരിശോധിക്കാം.
മനുഷ്യക്കടത്ത്?
മനുഷ്യരെ ചൂഷണം ചെയ്യുന്നതിനായി ഭീഷണിപ്പെടുത്തിയോ ബലം പ്രയോഗിച്ചോ തട്ടിക്കൊണ്ടുപോകലിലൂടെയോ ചതിയിലൂടെയോ അധികാരദുർവിനിയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ ഒരു വ്യക്തിയെ അല്ലെങ്കിൽ വ്യക്തികളെ റിക്രൂട്ട് ചെയ്യുക, കൊണ്ടുപോകുക, കൈമാറുക, ഒളിപ്പിക്കുക/അഭയംനൽകുക, സ്വീകരിക്കുക എന്നതാണ് മനുഷ്യക്കടത്തിന്റെ നിർവചനം.
പ്രലോഭനം എന്നുവച്ചാൽ, ഒരു വ്യക്തിയെ റിക്രൂട്ട് ചെയ്യുമ്പോൾ, അയാളുടെ സമ്മതം നേടുന്നതിനായി പണമോ മറ്റ് ആനുകൂല്യങ്ങളോ നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നത് മനുഷ്യക്കടത്ത് എന്ന കുറ്റകൃത്യമാണ്. മനുഷ്യക്കടത്ത് എന്ന കുറ്റം നിർണയിക്കുന്നതിൽ ഇരയുടെ സമ്മതം അപ്രസക്തമാണ്.
മനുഷ്യക്കടത്തിന് ഏഴുവർഷത്തിൽ കുറയാത്ത ശിക്ഷയാണ് നിയമത്തിൽ പറയുന്നത്. ഇതു പത്തുവർഷം വരെയാകാം. അതോടൊപ്പം പിഴശിക്ഷയുമുണ്ടാകും. ഒന്നിൽ കൂടുതൽ വ്യക്തികൾ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ കുറഞ്ഞത് പത്തുവർഷവും അങ്ങേയറ്റം ജീവപര്യന്തം തടവുമാണ് ശിക്ഷ. ഇതിനുപുറമെ പിഴയും.
നിയമവിരുദ്ധമായ മതപരിവർത്തനം കൈകാര്യം ചെയ്യുന്നതാണ് 1968ലെ മതപരിവർത്തനനിരോധനനിയമത്തിലെ സെക്ഷൻ നാല്. ബലം പ്രയോഗിച്ചോ ചതിയിലൂടെയോ പ്രലോഭനത്തിലൂടെയോ ഒരാളെ മതംമാറ്റിയതായി തെളിഞ്ഞാൽ, ഒരു വർഷം തടവോ 5000 രൂപ പിഴയോ രണ്ടുംകൂടിയോ ആണ് ശിക്ഷ. സ്ത്രീ, പ്രായപൂർത്തിയാകാത്തയാൾ, ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ് എന്നിവർ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ശിക്ഷ രണ്ടു വർഷം തടവോ 10,000 രൂപ പിഴയോ ആകും.
ഈ കന്യാസ്ത്രീമാരുടെ കാര്യത്തിൽ ആരോപിക്കപ്പെടുന്ന കുറ്റങ്ങൾ നിലനിൽക്കില്ലെന്നു വ്യക്തമാണ്. കാരണം, ഈ സ്ത്രീകൾ സ്വമേധയാ സ്വന്തം വിവേചനാധികാരത്തിലും സമ്മതത്തോടെയുമാണ് വന്നത്. അവർക്ക് വേണ്ട ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ കൂടാതെ മാതാപിതാക്കളുടെ സമ്മതപത്രവും ഉണ്ടായിരുന്നു.
കൊലപാതകക്കേസ് വിചാരണ ചെയ്യാനും വധശിക്ഷയും ജീവപര്യന്തവുമടക്കം ശിക്ഷ വിധിക്കാനും അധികാരമുള്ളതാണ് സെഷൻസ് കോടതികൾ. എന്നിട്ടും ഛത്തീസ്ഗഡ് ദുർഗിലെ സെഷൻസ് കോടതി തങ്ങൾക്ക് അധികാരമില്ലെന്നു പറഞ്ഞു കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നത് എന്തുകൊണ്ട് എന്നു മനസിലാകുന്നില്ല.
സിസ്റ്റർമാർക്കെതിരേ രണ്ടു പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ) ഫയൽ ചെയ്തെന്നതും പ്രധാനമാണ്. ഒന്ന് ബിഎൻഎസിന്റെ സെക്ഷൻ 154 അനുസരിച്ചും മറ്റൊന്ന് സെക്ഷൻ 173 പ്രകാരവും. ആദ്യത്തെ എഫ്ഐആറിൽ ‘മനുഷ്യക്കടത്ത്’ എന്ന കോഗ്നിസബിൾ കുറ്റം (ജാമ്യമില്ലാക്കുറ്റം) മാത്രമാണ് ആരോപിച്ചിരുന്നത്. എന്നാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോൾ ‘മതപരിവർത്തനം’ എന്ന അധികകുറ്റം കൂടി പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്താണ് അതിനവരെ പ്രേരിപ്പിച്ചത്? ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളെ അല്ലെങ്കിൽ ആ കന്യാസ്ത്രീമാരെ ഉപദ്രവിക്കാനുള്ള ഒരു പുനർവിചിന്തനമായിരുന്നോ? അതോ, ബിജെപി മുൻ എംപി അശ്വിനികുമാർ ഉപാധ്യായ, മതപരിവർത്തനമെന്ന വിഷയത്തിൽ 2022ൽ സുപ്രീംകോടതിയിൽ ഫയൽ ചെയ്ത കേസിന് ആക്കം കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമോ? അശ്വിനികുമാർ ഉപാധ്യായയുടെ കേസിൽ, ക്രൈസ്തവരുടെ എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളും - വിദ്യാഭ്യാസം, അനാഥരെയും പ്രായമായവരെയും ദുർബലരെയും സംരക്ഷിക്കൽ എന്നിവയുൾപ്പെടെ - ഇന്ത്യയെ ഒരു ക്രൈസ്തവരാജ്യമാക്കി മാറ്റാനുള്ള അഖിലേന്ത്യാ പദ്ധതിയുടെ ഭാഗമാണെന്ന് ഹർജിക്കാരൻ ആരോപിക്കുന്നു. ഈ കേസിൽ വിവിധ സംസ്ഥാനങ്ങളോട് അവരുടെ പ്രതികരണം എതിർസത്യവാങ്മൂലമായി സമർപ്പിക്കാൻ സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുകയാണ്.
അതുകൊണ്ട്, ന്യൂനപക്ഷ സമുദായങ്ങളെ അപകീർത്തിപ്പെടുത്താനും, മേൽപ്പറഞ്ഞ ഹർജിയിൽ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതിനുള്ള തെളിവുകൾ ഉണ്ടാക്കിയെടുക്കാനും ഒരു പ്രത്യേക സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ട്.
ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും രാഷ്ട്രീയനേതാക്കൾ കന്യാസ്ത്രീമാർ നിരപരാധികളാണെന്ന് ഉറപ്പിച്ചു പറയുന്പോഴും, അവർ ഇപ്പോഴും ജുഡീഷൽ കസ്റ്റഡിയിൽ കഴിയുന്ന, ഇത്തരം കെട്ടിച്ചമച്ച കേസുകൾക്ക് പിന്നിലെ പ്രേരണ എന്താണ്? അധികാരമില്ലെന്നു പറഞ്ഞ് സെഷൻസ് കോടതി അവരുടെ ജാമ്യാപേക്ഷ കേൾക്കാൻപോലും തയാറാകുന്നില്ല. ദൗർഭാഗ്യവശാൽ ന്യൂനപക്ഷങ്ങൾ കടുത്ത മാനസിക സമ്മർദത്തിലാണ്.
ആർട്ടിക്കിൾ 25 അനുസരിച്ചു മതസ്വാതന്ത്ര്യത്തിനും സ്വതന്ത്രമായി സഞ്ചരിക്കാനുമുള്ള ഭരണഘടനാ അവകാശം അവർക്ക് നിഷേധിക്കപ്പെടുന്നു. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. രാജ്യത്തെ എല്ലാ മതങ്ങളെയും സംരക്ഷിക്കാൻ ഭരണകൂടം ബാധ്യസ്ഥമാണ്. എന്നിട്ടും വേലിതന്നെ വിളവു തിന്നുന്നു എന്നതാണ് ഏറ്റവും അസ്വാസ്ഥ്യജനകമായ കാര്യം! ആർഎസ്എസ് പിന്തുണയുള്ള, ബിജെപി സർക്കാർ അധികാരത്തിൽവന്ന 2014 മുതൽ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള ആക്രമണം വർധിച്ചുവരികയാണ്. ഭരണകക്ഷി നൽകുന്ന സംരക്ഷണമാണ് ബജ്രംഗ്ദൾ പോലുള്ള തീവ്രവാദ ഹിന്ദുത്വ സംഘടനകൾക്ക് എന്തുംചെയ്യാൻ ധൈര്യം നല്കുന്നത്.
സഭാനേതാക്കൾ ഒരുപാട് ചെയ്തിട്ടുണ്ട്. ഇനിയുമേറെ ചെയ്യേണ്ടതുമുണ്ട്. അധികാരികളോടു സത്യം തുറന്നുപറയാൻ മടിക്കരുത്. അതുപോലെ കേരള രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ മുന്നോട്ടുവയ്ക്കുന്ന വ്യാജവാഗ്ദാനങ്ങളിൽ വഴിതെറ്റാതിരിക്കാനും കരുതൽ വേണം.