മാർ ഈവാനിയോസ് കോളജ് - വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ 75 വർഷം
ഡോ. പോൾ മണലിൽ
Friday, August 1, 2025 11:30 PM IST
വിദ്യാഭ്യാസത്തിലൂടെ കേരളത്തിൽ നവോത്ഥാനത്തിന്റെ പുതിയ ചരിത്രം സൃഷ്ടിച്ച കലാശാലയാണ് 75-ാം വാർഷികം ആഘോഷിക്കുന്ന തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ്. തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുടെ കീഴിൽ 1949ൽ 145 വിദ്യാർഥികളുമായി സമാരംഭിച്ച ഈ കോളജ് കഴിഞ്ഞ എഴുപത്തിയഞ്ച് സംവത്സരങ്ങളിലായി സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക, സാന്പത്തിക രംഗങ്ങളിൽ പുതിയൊരു പാത വെട്ടിത്തുറന്നിരിക്കുന്നു. ഒരു റെസിഡൻഷ്യൽ യൂണിവേഴ്സിറ്റി എന്ന സങ്കൽപ്പത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ പ്രഥമ ആർച്ച്ബിഷപ് ഗീവർഗീസ് മാർ ഈവാനിയോസ് സ്ഥാപിച്ച ഈ കലാശാല ഇപ്പോൾ ഒരു സ്വയംഭരണ കോളജ് എന്ന പദവിയിൽനിന്ന് ‘മാർ ഈവാനിയോസ് യൂണിവേഴ്സിറ്റി’ എന്ന പ്രതീക്ഷയിലേക്ക് എത്തിനിൽക്കുകയാണ്.
സ്വാതന്ത്ര്യലബ്ധിവരെയുള്ള കാലഘട്ടത്തിൽ തിരുവിതാംകൂർ പ്രദേശത്ത് കോളജുകളുടെ എണ്ണം കുറവായിരുന്ന സാഹചര്യത്തിലാണ് മാർ ഈവാനിയോസ് കോളജ് തുടങ്ങിയത്. അതിനുമുന്പ് തിരുവിതാംകൂർ പ്രദേശത്തുള്ളവർ കോളജ് പഠനത്തിനു മദ്രാസിലും തൃശിനാപ്പള്ളിയിലും മധുരയിലും ബോംബെയിലും മറ്റുമാണ് പൊയ്ക്കൊണ്ടിരുന്നത്. തിരുവനന്തപുരം സയൻസ് കോളജ്, ചങ്ങനാശേരി എസ്ബി കോളജ്, കോട്ടയം സിഎംഎസ് കോളജ്, ആലുവ യുസി കോളജ്, നാഗർകോവിൽ സ്കോട്ട് ക്രിസ്ത്യൻ കോളജ് എന്നിങ്ങനെ തിരുവിതാംകൂറിൽ കുറച്ചു കോളജുകൾ മാത്രമേ അന്നുണ്ടായിരുന്നുള്ളൂ. ഒരു റെസിഡൻഷ്യൽ യൂണിവേഴ്സിറ്റി മനസിൽ കരുതി ആർച്ച്ബിഷപ് മാർ ഈവാനിയോസ് നാലാഞ്ചിറയിൽ 137 ഏക്കർ സ്ഥലം വാങ്ങിയിരുന്നു. ദേവർകോട്ടയിലെ ഒരു ചെട്ടിയാരുടെ വകയായിരുന്ന ഈ സ്ഥലം 1943ൽ വാങ്ങുന്പോൾതന്നെ നാലാഞ്ചിറയിൽ സന്യാസികൾക്കായി ബഥനി ആശ്രമം മാർ ഈവാനിയോസ് തുടങ്ങിയിരുന്നു.
ബഥനി ഹിൽസ്
സന്യാസികളെ പരിശീലിപ്പിക്കുന്ന ബഥനി ആശ്രമം ഉൾക്കൊള്ളുന്ന നാലാഞ്ചിറയിൽ വാങ്ങിയ സ്ഥലം റോമാ നഗരിയെപ്പോലെ ഏഴു കുന്നുകൾ സ്ഥിതി ചെയ്യുന്ന ഒരു പ്രദേശമായിരുന്നു. ഇതിനു ബഥനി ഹിൽസ് എന്നാണ് അദ്ദേഹം പേരിട്ടത്. ആത്മീയമായ ഉത്ഥാനം മാത്രമല്ല, ഭൗതികമായ ഉത്ഥാനവും ആർച്ച്ബിഷപ് വിഭാവന ചെയ്തു. ആർച്ച്ബിഷപ്പിന്റെ കീഴിൽ ഈ ഘട്ടത്തിൽ പല സ്ഥലങ്ങളിലായി എഴുപതു പ്രൈമറി സ്കൂളുകളും അഞ്ച് ഇംഗ്ലീഷ് ഹൈസ്കൂളുകളും ആറ് ഇംഗ്ലീഷ് മിഡൽ സ്കൂളുകളും രണ്ടു മലയാളം ഹൈസ്കൂളുകളും അഞ്ചു മലയാളം മിഡിൽ സ്കൂളുകളും പ്രവർത്തിക്കുന്നുണ്ടായിരുന്നു. തിരുവനന്തപുരം പട്ടത്തു പ്രവർത്തിച്ചിരുന്ന ഇംഗ്ലീഷ് ഹൈസ്കൂളിൽ അന്ന് ആയിരക്കണക്കിനു കുട്ടികൾ പഠിക്കുന്നുണ്ടായിരുന്നു. മറ്റു സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ വേറെ. ഇവർക്കെല്ലാം കോളജ് വിദ്യാഭ്യാസം നൽകാൻ തിരുവിതാംകൂറിലെ കോളജുകളിൽ മതിയായ സൗകര്യം ഉണ്ടായിരുന്നില്ല. അതിനാൽ പട്ടത്തെ ഇംഗ്ലീഷ് ഹൈസ്കൂൾ ഒന്നാം ഗ്രേഡ് കോളജ് ആയി ഉയർത്താനാണ് 1945ൽ ആർച്ച്ബിഷപ് അപേക്ഷ നൽകിയത്.
ഇതിനിടെ നാലാഞ്ചിറയിൽ ആർച്ച്ബിഷപ് വാങ്ങിയ സ്ഥലം അക്വയർ ചെയ്യാൻ തിരുവിതാംകൂർ സർക്കാർ നിശ്ചയിച്ചു. അന്തരിച്ച അവിട്ടം തിരുനാൾ സ്മാരകമായി കുട്ടികൾക്കുവേണ്ടി ഒരു ആശുപത്രി പണിയാൻവേണ്ടി അമ്മ മഹാറാണിയും ചിത്തിര തിരുനാളും നാലാഞ്ചിറയിലെ ഈ സ്ഥലം വന്നുകാണുകയും ഏറ്റെടുക്കാൻ തീരുമാനമെടുക്കുകയും ചെയ്തു. എന്നാൽ, ആർച്ച്ബിഷപ് മറ്റൊരു സ്ഥലം ആശുപത്രിക്കായി നിർദേശിച്ചു. അവിട്ടം തിരുനാൾ ആശുപത്രി അവിടെ തുടങ്ങിയതിനുശേഷമാണ് 1945ൽ തിരുവിതാംകൂർ യൂണിവേഴ്സിറ്റിയുടെ പ്രഥമ വൈസ് ചാൻസലർകൂടിയായിരുന്ന സി.പി. രാമസ്വാമി അയ്യർക്കു കോളജ് അനുമതി തേടിയുള്ള അപേക്ഷ നൽകിയതും അനുമതി ലഭിച്ചതും. 1947ൽ ആയിരുന്നു കോളജ് കെട്ടിടത്തിന്റെ നിർമാണം തുടങ്ങിയത്.
കോളജിന്റെ ഉദയം
ഒരു റെസിഡൻഷ്യൽ യൂണിവേഴ്സിറ്റി എന്ന ആശയത്തെപ്പറ്റി ചിന്തിച്ചപ്പോൾ തന്റെ കോളജിന്റെ പേരും ആർച്ച്ബിഷപ് മാർ ഈവാനിയോസ് നിശ്ചയിച്ചിരുന്നു. തന്റെ ‘കാവൽപിതാവായ’ സ്വർണനാവുകാരൻ മാർ ഈവാനിയോസ് എന്ന ജോണ് ക്രിസോസ്റ്റം (എഡി 347-407) എന്ന ഗ്രീക്ക് സഭാപിതാവിന്റെ നാമധേയം. ജോൺ ഗ്രീക്കിൽ യോവാന്നേൻ ആണ്. പിന്നീട് ഈവാനിയോസ് എന്നായി. റഷ്യനിൽ ഇവാൻ. ക്രിസോസ്തോമോസ് എന്ന ഗ്രീക്ക് വാക്കിന്റെ അർഥം സ്വർണനാവുകാരൻ എന്നാണ്. മെത്രാനായി 1925ൽ താൻ അഭിഷേകം ചെയ്യപ്പെട്ടപ്പോഴും ഈ പൗരസ്ത്യ സഭാപിതാവിന്റെ നാമമാണ് പേരിനൊപ്പം ആർച്ച്ബിഷപ് സ്വീകരിച്ചിരുന്നത്. അങ്ങനെയാണ് ഉത്ഥാനത്തിന്റെ സങ്കല്പ കൊടുമുടിയായ നാലാഞ്ചിറയിലെ ബഥനിക്കുന്നിൽ മാർ ഈവാനിയോസ് കോളജിന്റെ ഉദയം. 1949 ജൂലൈ മാസത്തിലാണ് മാർ ഈവാനിയോസിൽ ആദ്യമായി ക്ലാസ് തുടങ്ങിയതെങ്കിലും 1948 ജൂലൈ 27ന് മാർ ഈവാനിയോസ് കോളജ് ഔദ്യോഗികമായി ഉദ്ഘാടനംചെയ്തു.
ഉദ്ഘാടനത്തിനു തയാറെടുത്തു നിൽക്കുന്ന മാർ ഈവാനിയോസ് കോളജിനെപ്പറ്റി 1948 ജൂണ് 12ന് ദീപികയിൽ പ്രസിദ്ധപ്പെടുത്തിയ റിപ്പോർട്ടിൽ ജൂലൈ 27നാണ് കോളജിന്റെ ഉദ്ഘാടനമെന്നു ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രസ്തുത റിപ്പോർട്ടിൽ ഇപ്രകാരം എഴുതിയിരിക്കുന്നു: “പാശ്ചാത്യരാജ്യങ്ങളിൽ പരിഷ്കൃത നഗരങ്ങൾ പലതും സന്ദർശിച്ച് അവിടെയുള്ള കലാശാലകളുടെ നടത്തിപ്പുകളും അധ്യാപനരീതികളും മറ്റും ശരിക്കു ഗ്രഹിച്ചിട്ടുള്ള ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ ഉപദേശവും പ്രവർത്തനവും അനുസരിച്ചു നിർമിക്കപ്പെടുന്ന ഈ സ്ഥാപനം യുവജനങ്ങളുടെ മാനസികവും കായികവുമായ അഭിവൃദ്ധിക്കു സഹായകമായി തീരാതിരിക്കുകയില്ല. ഈ കലാമന്ദിരത്തിനു ചുറ്റുമുള്ള പ്രദേശം ഒരു റസിഡൻഷ്യൽ കോളജിന്റെ സകല സംവിധാനങ്ങൾക്കും പറ്റിയതാണ്. ഈ സ്ഥലം സന്ദർശിക്കുന്ന ഏതൊരാൾക്കും ഓർമ വരുന്നത് ശാന്തിനികേതനം, സബർമതി ആശ്രമം തുടങ്ങിയ വിശിഷ്ട വിദ്യാലയങ്ങളെപ്പറ്റിയായിരിക്കും. വിദ്യാർഥികളുടെ ചിന്താഗതി പരിപോഷിപ്പിക്കുന്നതിന് ഏറ്റവും അനുകൂലമായ പരിതസ്ഥിതികൾ ഈ കോളജിന് ഉണ്ടെന്നതു പ്രത്യേകം സ്മരണീയമാണ്.” ഇപ്രകാരം ഇന്റർമീഡിയറ്റിന് ഒരു ബാച്ചും ബിഎ ഇക്കണോമിക്സിന് ഒരു ബാച്ചും ആയിട്ടാണ് മാർ ഈവാനിയോസിൽ 1949 ജൂലൈ 27ന് ക്ലാസുകൾ തുടങ്ങിയത്.
പേരും പെരുമയും
പ്രാരംഭകാലം മുതൽ മാർ ഈവാനിയോസ് കോളജിന്റെ പേരും പെരുമയും വർധിച്ചുകൊണ്ടിരുന്നു. വിദ്യാർഥികളുടെ സർഗവാസനകളെയും കായികമായ കഴിവുകളെയും പാഠ്യേതര പ്രവർത്തനങ്ങളെയും പ്രോത്സാഹിപ്പിക്കാനുള്ള ചിട്ടയായ പദ്ധതികൾ കോളജിൽ ആസൂത്രണം ചെയ്തിരുന്നു. പിൽക്കാലത്ത് ബനഡിക്ട് മാർ ഗ്രിഗോറിയോസ് എന്ന പേരിൽ ആർച്ച്ബിഷപ്പായി അവരോധിക്കപ്പെട്ട ഫാ. ബനഡിക്ട് ആയിരുന്നു കോളജിന്റെ പ്രഥമ പ്രിൻസിപ്പൽ. തുടർന്നു പ്രിൻസിപ്പലായത് ‘ഏഷ്യയിലെ മാർത്തോമ്മാസഭകൾ’ എന്ന വിഖ്യാത ഗ്രന്ഥമെഴുതിയ ഫാ. എൻ.എ. തോമസ് നങ്ങച്ചിവീട്ടിലായിരുന്നു. ഫാ. ഫ്രാൻസിസ് കാളാശേരിയായിരുന്നു മൂന്നാമത്തെ പ്രിൻസിപ്പൽ. തുടർന്നു പ്രിൻസിപ്പലായ റവ. ഡോ. ഗീവറുഗീസ് പണിക്കർ പതിനെട്ടു വർഷം ആ സ്ഥാനത്തു പ്രവർത്തിച്ചുകൊണ്ട് മാർ ഈവാനിയോസ് കോളജിനെ കേരളത്തിലെ കലാശാലകളിൽ ഏറ്റവും മഹനീയമായ സ്ഥാനത്ത് എത്തിക്കാൻ പ്രയത്നിച്ചു. ഫാ. ബനഡിക്ടും ഫാ. തോമസ് നങ്ങച്ചിവീട്ടിലും ഫാ. ഫ്രാൻസിസ് കാളാശേരിയും ആവിഷ്കരിച്ച ശിക്ഷണശൈലിയിലൂടെ ഫാ. ഗീവർഗീസ് പണിക്കർ വിദ്യാർഥിക്കു വളരാനും ചിന്തിക്കാനും പഠിക്കാനുമുള്ള കാന്പസാക്കി മാർ ഈവാനിയോസിനെ മാറ്റി.
പ്രഗത്ഭരായ അധ്യാപകരുടെ സേവനം തുടക്കത്തിലേ കോളജിനു ലഭിച്ചു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിന്റെ മേധാവിയായി നിയമിച്ചതു പ്രഫ. എം.പി. പോളിനെ ആയിരുന്നു. മാർ ഈവാനിയോസിൽ പ്രവർത്തിക്കുന്പോൾ തിരുവനന്തപുരത്ത് അദ്ദേഹം സ്വന്തമായി പോൾസ് ട്യൂട്ടോറിയൽ എന്ന സ്ഥാപനം തുടങ്ങിയപ്പോഴാണ് കോളജിൽനിന്നു പിരിഞ്ഞത്. പ്രഫ. ടി. പദ്മനാഭ അയ്യർ, ഡോ. ശിവരാമ സുബ്രഹ്മണ്യ അയ്യർ തുടങ്ങിയ പ്രഗത്ഭരുടെ നിര ആദ്യകാലത്ത് ഇംഗ്ലീഷ് വിഭാഗത്തിൽ മാർ ഈവാനിയോസിലുണ്ടായിരുന്നു. മലയാളം ഡിപ്പാർട്ട്മെന്റിൽ തുടക്കത്തിൽ പ്രഫ. ജി. വൈദ്യനാഥ അയ്യരായിരുന്നു മേധാവി. ‘ക്രിസ്തുഭാഗവതം’ രചിച്ച പ്രഫ. പി.സി. ദേവസ്യ, എഴുത്തുകാരായ ജോർജ് ഓണക്കൂർ, ചെമ്മനം ചാക്കോ, ഡി. അയ്യനേത്ത്, ഒ. അയ്യനേത്ത്, വയലാ വാസുദേവൻ പിള്ള, തമിഴ് കവി നകുലൻ, തോട്ടം രാജശേഖരൻ, ചീഫ് സെക്രട്ടറിയായിരുന്ന ആർ. രാമചന്ദ്രൻനായർ, യു.എൻ. അംബാസഡർ ആയിരുന്ന ടി.പി. ശ്രീനിവാസൻ, മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് എന്നിവർ മാർ ഈവാനിയോസിൽ അധ്യാപകരായി പ്രവർത്തിച്ചിട്ടുണ്ട്.
മാർ ഈവാനിയോസിൽ പഠിച്ചിറങ്ങിയ എത്രയോ വിദ്യാർഥികൾ വിവിധ രംഗങ്ങളിൽ മികച്ച സംഭാവനകൾ നൽകി ഖ്യാതി നേടിയവരാണ്. ആയിരക്കണക്കിനു ഡോക്ടർമാരും ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും സർക്കാർ ഉദ്യോഗസ്ഥരും മറ്റും വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്നു. ഇന്ത്യൻ സിവിൽ സർവീസിൽ എത്രയോ പേർ. അധ്യാപകർ, അഭിഭാഷകർ, ബിസിനസ് പ്രമുഖർ, പട്ടക്കാർ, കലാ-സാഹിത്യ രംഗത്തുള്ളവർ, പത്രപ്രവർത്തകർ എന്നിങ്ങനെ എല്ലാ തുറകളിലും നേട്ടങ്ങൾ കൊയ്തവർ ഏറെയുണ്ട് മാർ ഈവാനിയോസിന്റെ പട്ടികയിൽ.