ചെന്നായ്ക്കളുടെ തേർവാഴ്ച!
Friday, August 1, 2025 11:34 PM IST
‘ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾ’ -ഏറ്റവും പരിചിതമായ പഴമൊഴിയാണിത്. ആടുകളുടെ വേഷമണിഞ്ഞ് നിങ്ങളുടെ അടുക്കൽ വരുന്ന കള്ളപ്രവാചകരെ സൂക്ഷിച്ചുകൊള്ളുക. അവർ യഥാർഥത്തിൽ കടിച്ചുകീറുന്ന ചെന്നായ്ക്കൾ ആകുന്നു എന്നാണ് ബൈബിളിൽ വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ ഏഴാം അധ്യായം പതിനഞ്ചാം വാക്യം പറയുന്നത്. രണ്ടായിരം വർഷംമുന്പു മുതൽ സ്നേഹിതന്റെ, സഹായിയുടെ രൂപത്തിലെത്തുന്ന ശത്രുക്കൾ ഉണ്ടായിരുന്നുവെന്നു വ്യക്തം.
ഛത്തീസ്ഗഡിൽ നിരപരാധികളായ രണ്ടു കന്യാസ്ത്രീകളെ ആൾക്കൂട്ടവിചാരണയ്ക്കുശേഷം അറസ്റ്റ് ചെയ്തു തുറുങ്കിലടച്ച സംഭവത്തിലും ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കളേറെ. ഏതെങ്കിലും ഒരു പാർട്ടിയിലോ മതത്തിലോ പെട്ടവർ മാത്രമാണ് ഈ ഗണത്തിൽ വരുന്നതെന്നു പറയാനാകില്ല. ന്യൂനപക്ഷ സംരക്ഷകരും സ്നേഹിതരുമായി ചമഞ്ഞാണു പലരും രംഗത്തുള്ളത്. ഛത്തീസ്ഗഡ് സംഭവം തിരിച്ചറിവിനുള്ളതാണ്.
ഷായുടെ ഉറപ്പ് പാഴായി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽനിന്നുള്ള എംപിമാർക്ക് ഉറപ്പു നൽകിയിട്ടും രണ്ടു കന്യാസ്ത്രീമാരുടെ മോചനം ഇന്നലെയും ഉണ്ടായില്ല. വെറും പ്രതീക്ഷയല്ല, ഉറപ്പാണ് ഷാ നൽകിയത്. തെറ്റായ കേസാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി തന്നെ എംപിമാരോടു പറഞ്ഞതാണ്. എൻഐഎ കോടതിയിലേക്കു വിടേണ്ട സാഹചര്യമില്ലെന്നും ഷാ പറഞ്ഞിരുന്നു. പക്ഷേ, ബിലാസ്പുരിലെ എൻഐഎ കോടതിയിൽ കന്യാസ്ത്രീമാരുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഡ് സർക്കാർ ഇന്നലെയും അനുകൂലിച്ചില്ല. ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തുവെന്ന് ഹിന്ദു സംഘടനകളുടെ അഭിഭാഷകർ പറയുന്നു.
നിയമസംവിധാനത്തിന്റെ സാങ്കേതികത്വത്തെയും കോടതികളെയും പഴിചാരി, ഒരു തെറ്റും ചെയ്യാത്ത കന്യാസ്ത്രീമാർ ഒന്പതാം ദിവസവും ഇരുന്പഴികൾക്കുള്ളിൽ കഴിയേണ്ടിവന്നത് അപകടകരമായ പ്രവണതയുടെ നേർസാക്ഷ്യമാണ്. ഇന്നു ജാമ്യം കിട്ടുമോയെന്നതിലും തീർച്ചയില്ല.
പ്രതീക്ഷയായി കേരള ജനത
കന്യാസ്ത്രീമാർക്ക് ഇന്നു ജാമ്യം കിട്ടിയാലും പ്രശ്നം തീരില്ല. സംശയങ്ങളുടെയും ആരോപണങ്ങളുടെയും അടിസ്ഥാനത്തിൽ ഒരു തെളിവുമില്ലാതെ എടുത്ത എഫ്ഐആർ റദ്ദാക്കേണ്ടതുണ്ട്. നിരപരാധികളായ രണ്ടു സ്ത്രീകളുടെയും ഒരു ആദിവാസി യുവാവിന്റെയും ജയിൽവാസത്തിനു കാരണമായ എഫ്ഐആർ അതീവ ഗുരുതരവും അപകടകരവുമാണ്. ഇതിനെതിരേ രാജ്യത്തെയും പ്രത്യേകിച്ചു കേരളത്തിലെയും മതനിരപേക്ഷ സമൂഹം ഒറ്റക്കെട്ടായി ഒരേ ശബ്ദത്തോടെ രോഷമുയർത്തിയെന്നതു വലിയ പ്രതീക്ഷയാണ്. കേരളത്തിൽനിന്നുള്ള എംപിമാർ പാർലമെന്റിലും പുറത്തും ഉയർത്തിയ പ്രതിഷേധം ശക്തമായിരുന്നു.
പാർട്ടി, മത ഭേദങ്ങളില്ലാതെ യുഡിഎഫ്, എൽഡിഎഫ് എംപിമാർ രണ്ടു തവണ ഛത്തീസ്ഗഡിലെത്തി നൽകിയ പിന്തുണയും ലോക്സഭയിലും രാജ്യസഭയിലും നടത്തിയ പോരാട്ടവും മതനിരപേക്ഷതയ്ക്കു മുതൽക്കൂട്ടാണ്. എന്നാൽ, കേരളത്തിൽനിന്നുള്ള രണ്ടു ബിജെപി മന്ത്രിമാരുടെ പാതിമൗനവും കള്ളക്കേസിനെ പൂർണമായി തള്ളിപ്പറയാനുള്ള വിസമ്മതവും ഞെട്ടിക്കുന്നതായി.
വേട്ടയാടാൻ പുകമറകൾ
ബജ്രംഗ്ദൾ പ്രവർത്തകരുടെ കള്ളപ്രചാരണം ആവർത്തിക്കുകയും അവരെ പരസ്യമായി പിന്തുണയ്ക്കുകയുമാണു ഭരണഘടനാ പദവിയിലുള്ള മുഖ്യമന്ത്രി ചെയ്തത്. “വശീകരിച്ചു മതപരിവർത്തനം നടത്തുന്നതിന്റെ മറവിൽ മനുഷ്യക്കടത്തു നടത്തുന്ന കേസാണെന്നിതെന്നു തോന്നുന്നു” എന്നാണു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. കൃത്യവും വ്യക്തവുമായ തെളിവുകളില്ലാതെ എന്തടിസ്ഥാനത്തിലാണു മുഖ്യമന്ത്രി ഈ നിഗമനത്തിലെത്തിയത്? ‘തോന്നുന്നു’ എന്ന ട്വീറ്റിലെ വാക്കു മാത്രം മതി മുഖ്യമന്ത്രിയുടെ പക്ഷപാതത്തിനും അസംബന്ധ പ്രസ്താവനയ്ക്കും തെളിവ്. കേന്ദ്ര ആഭ്യന്തരമന്ത്രി മുതൽ കേരള ബിജെപി പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും ഷോണ് ജോർജും അനൂപ് ആന്റണിയും വരെയുള്ളവർ പറഞ്ഞതിനു കടകവിരുദ്ധമാണിത്.
ഉത്തരം വളഞ്ഞാൽ...
കന്യാസ്ത്രീമാരെ കുറ്റക്കാരാക്കി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിയമപ്രക്രിയയെ സ്വാധീനിക്കും. നീതിപൂർവവും സ്വതന്ത്രവുമായ നടപടിക്രമങ്ങളുടെ അടിസ്ഥാന ആശയംപോലും ലംഘിക്കുന്നതാണു ഛത്തീസ്ഗഡിലെ ഭരണത്തലവന്റെ പ്രസ്താവനകളും ചെയ്തികളും. മേലാളരുടെ താത്പര്യത്തിനനുസരിച്ച് ഏതുവിധേനയും ചില തെളിവുകളും സാക്ഷിമൊഴികളും തട്ടിക്കൂട്ടാനാകും പോലീസ് ശ്രമിക്കുക.
ഇരകളെ വേട്ടയാടുന്നവർ
ജാമ്യഹർജി എൻഐഎ കോടതിയുടെ പരിഗണനനയ്ക്കു വിട്ട ദുർഗ് സെഷൻസ് കോടതിയുടെ നടപടി സംശയം ഉയർത്തുന്നു. കന്യാസ്ത്രീമാരുടെ കേസ് എൻഐഎ കോടതിക്കു വിട്ട നടപടി ശരിയായില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിതന്നെ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ശിപാർശയോടെ കേന്ദ്രസർക്കാരാണു രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന കേസുകൾ എൻഐഎയ്ക്കു വിടേണ്ടത്. കോടതിയെ പഴിചാരി തലയൂരാമെന്ന കാപട്യം തത്പരകക്ഷികൾക്കുണ്ട്. ജാമ്യംപോലും നിഷേധിക്കുന്നതിനു ലക്ഷ്യമിട്ടാണു മതപരിവർത്തന, മനുഷ്യക്കടത്തു വകുപ്പുകൾ ചേർത്തതെന്നതു വ്യക്തം. അക്ഷന്തവ്യമായ തെറ്റാണിത്.
നോക്കുകുത്തിയായി പോലീസ്
പിതാവിന്റെ സമ്മതപത്രം അടക്കം ആശ്യമായ രേഖകളെല്ലാം പെണ്കുട്ടികളുടെ പക്കലുണ്ടായിരുന്നു. കന്യാസ്ത്രീമാർക്കെതിരേ വ്യാജമൊഴി നൽകാൻ ജ്യോതി ശർമ ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തുവെന്ന് കമലേശ്വരി പ്രധാൻ എന്ന 21 വയസുള്ള ആദിവാസി പെണ്കുട്ടി പത്രലേഖകരോടു പറഞ്ഞു. അഞ്ചുവർഷമായി ക്രിസ്തുമത വിശ്വാസികളായ തങ്ങളുടെ കുടുംബത്തെ മതം മാറ്റാൻ ശ്രമിച്ചുവെന്ന ആരോപണംപോലും അസംബന്ധമാണെന്ന് കമലേശ്വരി വ്യക്തമാക്കി.
കാക്കണം, മൗലികാവകാശം
തെറ്റായ കേസിൽ കന്യാസ്ത്രീമാരെ ഒടുവിൽ കുറ്റവിമുക്തരാക്കിയാലും അവർ അനുഭവിച്ച മാനസികാഘാതവും അപമാനവും ന്യൂനപക്ഷങ്ങൾക്കിടയിലെ ആശങ്കയും ഭയവും ഇല്ലാതാക്കാൻ കഴിയില്ല. കന്യാസ്ത്രീമാരെ അപമാനിക്കുകയും കള്ളക്കേസിൽ പെടുത്തി തുറുങ്കിലടയ്ക്കുകയും ചെയ്ത വർഗീയശക്തികൾക്കു കൂട്ടുനിന്ന പോലീസുകാർക്കുമെതിരേ നടപടി ഉണ്ടാകണം.