‘മാപ്പ്’- വൈറലായി റഫീക് അഹമ്മദിന്റെ കവിത; ആലാപനം: പാടുംപാതിരി
ഡേവിസ് പൈനാടത്ത്
Sunday, August 3, 2025 12:10 AM IST
നിസ്വാർഥമായ സേവനവഴിയിലൂടെ ചരിച്ചിട്ടും, വർഗീയവാദികളുടെ ആക്രോശങ്ങളെത്തുടർന്ന് അന്യായമായി അറസ്റ്റിലായി തുറുങ്കിലടയ്ക്കപ്പെട്ട കന്യാസ്ത്രീമാർക്ക് ഐക്യദാർഢ്യവുമായി പ്രസിദ്ധ കവിയും ഗാനരചയിതാവുമായ റഫീക് അഹമ്മദ് കുറിച്ച വരികൾ ശ്രദ്ധ നേടുന്നു. ആ വരികൾ മനോഹരമായി ചിട്ടപ്പെടുത്തി പാടുംപാതിരി റവ. ഡോ. പോൾ പൂവത്തിങ്കൽ ‘മാപ്പ്’ എന്ന പേരിൽ സംഗീതശില്പമാക്കിയതോടെ സോഷ്യൽ മീഡിയയിൽ വൈറലായി.
നിസ്വാർഥമായ മനുഷ്യസേവനത്തിന്റെ മാലാഖമാരായ സിസ്റ്റർമാർ ഛത്തീസ്ഗഡിൽ ഈ വിധത്തിൽ അപമാനിക്കപ്പെട്ടപ്പോൾ സ്വാഭാവികമായി ഉണ്ടായ പ്രതികരണമാണ് തന്റെ വരികളെന്നു റഫീക് അഹമ്മദ് ദീപികയോടു പറഞ്ഞു. “നമ്മളിൽ പലരും അറച്ചുനിൽക്കുന്ന കാര്യങ്ങൾപോലും നിസ്വാർഥമായി ചെയ്യുന്ന കന്യാസ്ത്രീമാരോട് എന്നും വളരെ ആദരം മാത്രമാണുള്ളത്. മറ്റു പലരും സ്വന്തം കാര്യങ്ങൾക്കുവേണ്ടി ഭക്തിമാർഗവും മറ്റും ഉപയോഗിക്കുന്നവരാണ്. പക്ഷേ, ഇവരങ്ങനെയല്ല. അത്രമാത്രം നല്ല മനസോടെ സേവനം ചെയ്യുന്നവരാണ് ഇത്തരത്തിൽ അപമാനിക്കപ്പെട്ടതും ക്രൂശിക്കപ്പെട്ടതും”- അദ്ദേഹം കൂട്ടിച്ചേർത്തു.
അർഥവത്തായ നല്ല വരികൾ ലഭിച്ചപ്പോൾ ട്യൂൺ ചെയ്ത് സംഗീതശില്പമാക്കി സ്വയം പാടുകയായിരുന്നുവെന്നു റവ. ഡോ. പോൾ പൂവത്തിങ്കൽ പറഞ്ഞു. ഹിന്ദോള രാഗത്തിലാണ് ചിട്ടപ്പെടുത്തിയത്. ചേതന സ്റ്റുഡിയോയിലായിരുന്നു റിക്കാർഡിംഗ്. പാട്ടിനു സ്വീകാര്യത ലഭിച്ചതിൽ വലിയ സന്തോഷമെന്നും അച്ചൻ പറഞ്ഞു.
റഫീക് അഹമ്മദിന്റെ കവിത: മാപ്പ്
ഭൂമിയിൽ നടക്കുന്ന മാലാഖമാരേ, ദേവ-
പാദത്തിലെരിയുന്ന മെഴുകുതിരികളേ
ആത്മനിർവൃതികരമാകുമെന്തിനോ വേണ്ടി
സ്വാർഥകാമനകളെ കൈവിട്ട ജന്മങ്ങളേ
ആർത്തരു മാലംബമില്ലാത്തോരു മായുള്ളോർക്കായ്
പ്രാർഥന പ്രവൃത്തിയായ് പരിവർത്തിക്കുന്നോരേ
നോക്കിനിൽക്കാറുണ്ട് ഞാൻ നിങ്ങളെ, മാടപ്രാക്ക-
ളെന്നപോൽ സുശാന്തരാം വിണ്ണിന്റെ വധുക്കളേ.
നിങ്ങളോ ത്യജിച്ചവർ പ്രണയം, ദാന്പത്യത്തിന്നുത്സവം,
മാതൃത്വത്തിൻ ഹർഷവുമുൽക്കർഷവും.
സ്വസ്ഥജീവിതസുഖ ലഹരി, വർണാഭകൾ,
രുചിയും സുഗന്ധവും, മാദക സൗന്ദര്യവും.
നിങ്ങളോ പ്രണയിപ്പു ദിവ്യമാമുന്മാദത്തോ-
ടീ പ്രപഞ്ചത്തെ, അതിൻ കാരണ സത്യത്തിനെ.
നിങ്ങൾ ശുശ്രൂഷിക്കുന്നു ലോക കുഷ്ഠത്തെ, നിങ്ങ-
ളൂട്ടുന്നു സ്നേഹസ്തന്യം കൊണ്ടനാഥത്വത്തിനെ.
നിങ്ങളക്ഷരവരം നൽകുന്നു, തമോബദ്ധ-
നിസ്വജീവിതങ്ങൾ തൻ തപ്തമാം നിറുകയിൽ
നിങ്ങളെ തൊഴാൻപോലുമർഹനല്ലിവൻ പല -
ദുർഭഗ ദുഷ്ച്ചിന്തതൻ വഴിയേ ചരിപ്പവൻ.
എങ്കിലും മാപ്പർഥിപ്പൂ ഭ്രാന്ത സോദരർക്കായി-
ട്ടവർ ചെയ്തവതെന്തെന്നതറിയുന്നോരല്ലവർ.