വർഗീയതയുടെ ഭീകരക്കുരുക്കുകൾ
അനന്തപുരി / ദ്വിജൻ
Sunday, August 3, 2025 12:12 AM IST
ഇന്ത്യൻ ജനാധിപത്യത്തിൽ വർഗീയശക്തികൾ വിരിച്ചിരിക്കുന്ന ഭീകര സ്വാധീനത്തിന്റെ പ്രകടമായ സാക്ഷ്യമായി ഛത്തീസ്ഗഡിലെ ദുർഗിൽ മിഷണറിമാരായ രണ്ടു കന്യാസ്ത്രീമാരെ മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത സംഭവവും അനന്തര സംഭവവികാസങ്ങളും. ഹിന്ദു തീവ്രവാദികൾ ഏറെ ശക്തമായ സംസ്ഥാനമാണ് ഛത്തീസ്ഗഡ്.
ഭാരതത്തിലെ എല്ലാ സംസ്ഥാനത്തും വർഗീയത ശക്തമാകുന്നു എന്നതാണ് നാടിനെക്കുറിച്ചുള്ള ഏറ്റവും ഭീതിപ്പെടുത്തുന്ന യാഥാർഥ്യം. ജനാധിപത്യ സംവിധാനത്തിൽ വോട്ടുബാങ്ക് നോക്കി മാത്രം രാഷ്ട്രീയ പാർട്ടികൾ പ്രവർത്തിക്കുന്പോൾ ആദ്യം അപകടത്തിലാകുക നാട്ടിലെ മതേതരത്വമാണ്; ഒപ്പം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളും. സംസ്കാരസന്പന്നമായ ഒരു സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല ഈ അവസ്ഥ.
കോണ്ഗ്രസ് ഭരണകാലത്തും ക്രൈസ്തവർക്കും ക്രൈസ്തവ മിഷണറിമാർക്കും ഏറെ പീഡനങ്ങൾ അനുഭവിക്കേണ്ടിവന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ് എന്നത് ആർക്കും മറക്കാനാവില്ല.
2022 ഡിസംബറിൽ നാരയണ്പുർ വില്ലേജിലുണ്ടായ ആക്രമണത്തിൽ 1,000 ആദിവാസി ക്രൈസ്തവർക്കു പലായനം ചെയ്യേണ്ടിവന്നു. ബസ്തർ, കോണ്ടാഗാവോൻ ജില്ലകളിലാണ് ഈ ആക്രമണം കൂടുതൽ. 2023ൽ ഇവിടെ 63 സംഭവങ്ങളുണ്ടായി.
2018 മുതൽ 23 വരെ ഛത്തീസ്ഗഡ് ഭരിച്ച കോണ്ഗ്രസ് സർക്കാരോ 2023 മുതൽ ഭരിക്കുന്ന ബിജെപി സർക്കാരോ ഈ അതിക്രമങ്ങൾക്കെതിരേ ഫലപ്രദമായ ഒരു നടപടിയും കൈക്കൊണ്ടില്ല. ഹിന്ദുവികാരത്തിന് ഒപ്പം നിന്നില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ കടന്നുകൂടാനാവില്ല എന്ന ഭയം തന്നെയാണു കാരണം.
ഛത്തീസ്ഗഡിൽ കന്യാസ്ത്രീമാരെ അറസ്റ്റ് ചെയ്തതിൽ മുന്പൊരിക്കലും കാണാത്തവിധം രാജ്യത്ത് പ്രതിഷേധമുയർന്നു. കേരളത്തിലാകമാനം സഭയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനങ്ങൾ നടന്നു. കന്യാസ്ത്രീമാർക്കെതിരേ പോലീസ് കൈക്കൊണ്ട ഹീനമായ നടപടിയിൽ സ്വീകരിക്കാവുന്ന നിയമപരമായ എല്ലാ നടപടികളും സഭാ നേതൃത്വവും സഭാ നേതാക്കളും കൈക്കൊണ്ടു.
പ്രിയങ്ക ഗാന്ധി അടക്കം കേരളത്തിൽനിന്നുള്ള ഇടതു-വലത് എംപിമാർ വെവ്വേറെ, പാർലമെന്റിനു മുന്നിലും പാർലമെന്റിലും പ്രതിഷേധിച്ചു. ഇതുതന്നെ ഇക്കാര്യത്തിലുള്ള ഓരോ മുന്നണിയുടെയും രാഷ്ട്രീയ ലക്ഷ്യം പ്രകടമാക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന ഹീനകൃത്യത്തിൽ പ്രതിഷേധിച്ചു ബിജെപിപോലും പ്രത്യേക സംഘത്തെ അയച്ചു. കന്യാസ്ത്രീമാർ നിർബന്ധിത മതപരിവർത്തനം നടത്തിയിട്ടില്ലെന്ന് കേരളത്തിലെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വരെ പറഞ്ഞു.
ഈ വർഷം പഞ്ചായത്ത് തെരഞ്ഞെടുപ്പും അടുത്തവർഷം ആദ്യം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതുകൊണ്ടും കേരളത്തിൽ ക്രൈസ്തവർ ഇപ്പോഴും താരതമ്യേന ശക്തമായ ഗ്രൂപ്പായതുകൊണ്ടും കേരളത്തിൽ കണ്ണുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ഛത്തീസ്ഗഡിലെ കന്യാസ്ത്രീമാരുടെ കാര്യത്തിൽ ഏറെ താത്പര്യം കാണിക്കുന്നു. അതിനപ്പുറം അവരുടെ ഛത്തീസ്ഗഡിലെ നേതാക്കളാരും ഈ സംരംഭത്തിൽ പങ്കാളിത്തം വഹിക്കുന്നതായി കാണുന്നില്ല. ക്രൈസ്തവരോടുള്ള സ്നേഹംകൊണ്ടാണ് നേതാക്കളെല്ലാം ഈ യാത്ര നടത്തുന്നതെന്ന് ആരും കരുതാൻ ഇടയില്ല.