കൺതുറന്നു കാണണം കരുതലുള്ള അമ്മമാരെ
സിജോ പൈനാടത്ത്
Sunday, August 3, 2025 12:18 AM IST
മനുഷ്യരായി പിറന്നിട്ടും മനുഷ്യരെപ്പോലെ ജീവിക്കാനാവാതെ, അവഗണനകളുടെ അരികുകളിലേക്കു മാറ്റിനിർത്തപ്പെട്ടവരെ അലിവോടെ ചേർത്തുനിർത്തി മനുഷ്യരാക്കാൻ ശ്രമിച്ചതാണോ കത്തോലിക്കാ സഭയിലെ കന്യാസ്ത്രീകൾ ചെയ്ത തെറ്റ്? മതേതരഭാരതത്തിൽ മതപരിവർത്തനമെന്ന പെരുംനുണയുടെയും കള്ളക്കേസുകളുടെയും വിഷം വമിപ്പിച്ചുകൊണ്ടേയിരിക്കുന്നത് വർഗീയ പരിവാരങ്ങളോ അവർക്കു തണലൊരുക്കുന്ന കാവിഭരണക്കാരോ? വോട്ടിനുവേണ്ടിയല്ലാതെ ഇന്നോളം തിരിഞ്ഞുനോക്കാത്ത പാവങ്ങളെ തേടിയാണ് ആ കന്യാസ്ത്രീകൾ കാടും കല്ലും മുള്ളും താണ്ടി സേവനസന്നദ്ധരായി നടന്നുനീങ്ങുന്നത്.
തങ്ങൾക്കുവേണ്ടിയല്ലാതെ മറ്റുള്ളവർക്കായി മാത്രം ജീവിക്കാൻ സമർപ്പിക്കപ്പെട്ട കത്തോലിക്കാ പ്രേഷിതജീവിതങ്ങളെ ഭയപ്പെടുത്താൻ, ദൗത്യവഴികളെ ഉപേക്ഷിച്ചു മടങ്ങാൻ, ഇല്ലാതാക്കാൻ! ഉത്തരേന്ത്യയിൽ നടക്കുന്ന അത്തരം ക്രൂരശ്രമങ്ങളുടെ ഒടുവിലത്തെ അധ്യായമാണ് ഛത്തീസ്ഗഡിലെ ദുർഗ്!
ഉപാധികളില്ലാതെ സ്നേഹിക്കുന്നവർ
അന്യായമായ അരോപണങ്ങളും വ്യാജപരാതികളിലുള്ള കേസുകളും ചുമത്തി ഒന്‍പതു ദിവസം ദുർഗിലെ സെൻട്രൽ ജയിലിലടയ്ക്കപ്പെട്ട രണ്ടു മലയാളി കന്യാസ്ത്രീകൾ - സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് - അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എഎസ്എംഐ) സന്യാസിനീ സമൂഹാംഗങ്ങളാണ്. ഉപാധികളേതുമില്ലാതെ സഭയ്ക്കും സമൂഹത്തിനുമായി സേവനം ചെയ്യുന്ന സന്യാസിനിമാർക്കാണ്, കോടതി ‘ഉപാധികളോടെ ജാമ്യം’ അനുവദിച്ചതെന്നതും അറിയുക.
‘ഗ്രീൻ ഗാർഡൻസ് സിസ്റ്റേഴ്സ്’ എന്നുകൂടി അറിയപ്പെടുന്ന ഈ സമർപ്പിത സമൂഹം, കേരളത്തിൽ ആരംഭിച്ച് രാജ്യത്താകെയും വിദേശത്തും ഇന്നോളം ചെയ്തതും തുടരുന്നതുമായ അതുല്യമായ സേവനപുണ്യങ്ങളെ അറിഞ്ഞവർക്ക്, അന്യായമായി അറസ്റ്റിലാക്കപ്പെട്ട ഇരുവർക്കുംവേണ്ടി ശബ്ദമുയർത്താതിരിക്കാനാവില്ല. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കേരളത്തിലെന്പാടും അവർക്കായി ഉയർന്ന ശബ്ദങ്ങൾ, എഎസ്എംഐ ഉൾപ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളുടെ സേവനപുണ്യം കൂടിയാണ് പ്രഘോഷിച്ചത്.
ചേര്‍ത്തലയില്‍ തുടക്കം
ഒരുകാലത്ത് സമൂഹം മാറ്റിനിര്‍ത്തിയിരുന്ന കുഷ്ഠരോഗികളെ ചേര്‍ത്തുപിടിച്ച്, അവരെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍ മനസുവച്ചൊരു വൈദികന്റെ വിശുദ്ധമായ ദര്ശനധാരയില്നിന്നാണ് എഎസ്എംഐ സന്യാസിനീ സമൂഹത്തിന്റെ പിറവി. ദൈവദാസൻ മോണ്‍. ജോസഫ് കണ്ടത്തില്‍. കുഷ്ഠരോഗികളെ അദ്ദേഹം മക്കളെന്നു വിളിച്ചു, സ്നേഹിച്ചു, പരിചരിച്ചു, കരുതലേകി.
കുഷ്ഠരോഗവും മന്തും മലമ്പനിയുമൊക്കെ വ്യാപകമായിരുന്ന കാലത്ത്, ഒറ്റപ്പെട്ടുപോയ അത്തരം രോഗികളെ കണ്ടെത്തി, അവരെ പരിചരിക്കാന്‍ ഇടമൊരുക്കുകയായിരുന്നു മോണ്‍. കണ്ടത്തിലിന്റെ ലക്ഷ്യം. നല്ല മനസുകളുടെ സഹായത്തോടെ ആ ലക്ഷ്യത്തിലേക്ക് അദ്ദേഹം പ്രതിസന്ധികളെ തരണം ചെയ്തു നടന്നു. 1942 ഫെബ്രുവരി രണ്ടിന് ചേർത്തലയിൽ കുഷ്ഠരോഗ ആശുപത്രി സജ്ജമാക്കി. ഈ സ്നേഹമനസിന്റെ തുടര്‍ച്ചയ്ക്കാണ് 1949 ഏപ്രിൽ രണ്ടിന് എഎസ്എംഐ സന്യാസിനീ സമൂഹത്തിന് അദ്ദേഹം തുടക്കമിട്ടത്.
എറണാകുളം-അങ്കമാലി അതിരൂപത വൈദികനായ ഫാ. കണ്ടത്തിൽ ചേർത്തല മുട്ടം പള്ളി സഹവികാരിയായിരിക്കുന്പോഴാണ് കുഷ്ഠരോഗികൾക്കായി ആശുപത്രി സ്ഥാപിച്ചതും തുടർന്ന് സന്യാസിനീ സമൂഹത്തിനു രൂപം നൽകിയതും. 1986 ഏപ്രിൽ 28ന് എഎസ്എംഐ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെട്ടു.
മതിലകം മുതൽ മഡഗാസ്കർ വരെ
ദേശീയപാതയിൽ ചേർത്തല മതിലകത്താണ് എഎസ്എംഐ മദർ ഹൗസ്. ഇതിനു സമീപത്തായി പ്രത്യാശ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്, പുവർ ലെപ്രസി ഹോസ്പിറ്റൽ, സേക്രഡ് ഹാർട്ട് ജനറൽ ഹോസ്പിറ്റൽ, ലിറ്റിൽ ഫ്ളവർ എൽപി സ്കൂൾ, ലില്ലി നഴ്സറി സ്കൂൾ, ശാലോം കൗൺസലിംഗ് സെന്റർ തുടങ്ങിയ സ്ഥാപനങ്ങൾ ചേർത്തലയിൽ ഈ സന്യാസിനിമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സ്ഥാപനങ്ങളുടെയും പ്രധാന ഗുണഭോക്താക്കൾ പാവപ്പെട്ടവരും സാധാരണക്കാരും തന്നെ.
ഏതാനും സന്യാസിനിമാരായി തുടങ്ങിയ എഎസ്എംഐ സഭയിൽ ഇന്ന് തൊള്ളായിരത്തോളം സമർപ്പിതർ സേവനം ചെയ്യുന്നുണ്ടെന്ന് എഎസ്എംഐ അസി. ജനറലും മിഷൻ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയുള്ള ജനറൽ കൗൺസിലറുമായ സിസ്റ്റർ റെജിസ് മേരി പറഞ്ഞു.
സെന്റ് ജോസഫ് കേരള പ്രോവിൻസിൽ 30 ഹൗസുകളും അത്രതന്നെ സേവനസ്ഥാപനങ്ങളുമുണ്ട്. കേരളത്തിനു പുറത്ത്, എസ്എച്ച് നാഗ്പുർ, നിർമലമാതാ ഭോപ്പാൽ, ലിറ്റിൽ ഫ്ളവർ വാറങ്കൽ എന്നീ പ്രൊവിൻസുകളിലും സന്യാസിനിമാർ സേവനം ചെയ്യുന്നുണ്ട്.
രാജ്യത്തിനു പുറത്ത്, പാപ്പുവ ന്യൂഗിനിയ, ജർമനി, കെനിയ, ടാൻസാനിയ, മഡഗാസ്കർ എന്നിവിടങ്ങളിലും ഇന്ന് എഎസ്എംഐ സന്യാസിനിമാർ തങ്ങളുടെ ദൗത്യം നിർവഹിക്കുന്നു.
സ്നേഹം, പരിചരണം
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളിലുൾപ്പെടെ കുഷ്ഠരോഗങ്ങളും മറ്റു മാരകവ്യാധികളും പിടിപെട്ടവരെ പരിചരിക്കുന്ന നിരവധി സ്ഥാപനങ്ങൾ എഎസ്എംഐ സന്യാസിനിമാർ നടത്തുന്നുണ്ട്. ചേർത്തലയിലെ ലെപ്രസി ആശുപത്രിയിലും നിലവിൽ രോഗികളുണ്ട്.
മെഡിക്കൽ സേവനം ലഭ്യമല്ലാത്തയിടങ്ങളിൽ രോഗികളെയും നിരാലംബരെയും പരിചരിക്കുകയാണ് സന്യാസിനിമാരുടെ പ്രധാന സേവനം. ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ പരിചരിക്കാനും പഠിപ്പിക്കാനും കേരളത്തിനകത്തും പുറത്തും എഎസ്എംഐ സന്യാസിനിമാരുടെ വിവിധ സ്ഥാപനങ്ങളുണ്ട്.
തലയോലപ്പറന്പ് നീർപ്പാറ, മൂവാറ്റുപുഴ, മലാപ്പറന്പ് എന്നിവിടങ്ങളിൽ ഭിന്നശേഷി വിദ്യാർഥികൾക്കായി സ്പെഷൽ സ്കൂളുകൾ മികച്ച രീതിയിൽ നടത്തുന്നു. മറ്റു സംസ്ഥാനങ്ങളിലും ഇത്തരം സ്ഥാപനങ്ങളുണ്ട്.
“ഇതുപോലെ ജീവിക്കാനാകുമോ...
ഇതുപോലെ സ്നേഹിക്കാനാകുമോ...
ഇതുപോലെ സഹിക്കാനാകുമോ...
ഇതുപോലെ സ്വയം മുറിച്ചു വിളന്പാനാകുമോ...
ഇതുപോലെ ദൈവത്തെ മുറുകെപ്പിടിക്കാനാകുമോ...’’
തങ്ങളുടെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ മോൺ. കണ്ടത്തിലിനെക്കുറിച്ച് എഎസ്എംഐ സന്യാസിനി സിസ്റ്റർ ധന്യ ഫ്രാൻസിസ് കുറിച്ച വരികളാണിത്.
നിസ്വാർഥ സേവനസപര്യയിൽ തീക്ഷ്ണമായി ജ്വലിക്കുന്ന കത്തോലിക്കാ സഭയിലെ ഓരോ സമർപ്പിത ജീവിതത്തെയും നോക്കി, വലിയ സ്നേഹത്തോടും ആദരവോടുംകൂടി കാലം ഈ വരികൾ നിശബ്ദം പാടുന്നുണ്ട്.
തളരില്ല; സേവനവഴിയിൽ മുന്നോട്ട്

സിസ്റ്റർ ഇസബെൽ ഫ്രാൻസിസ് (മദർ ജനറൽ, എഎസ്എംഐ)
ഉത്തരേന്ത്യയിൽ മുപ്പതു വർഷത്തോളമായി ആതുരശുശ്രൂഷ ചെയ്യുന്ന അമലോത്ഭവമാതാവിന്റെ അസീസി സഹോദരിമാർ (എഎസ്എംഐ) സന്യാസിനീ സമൂഹാംഗങ്ങളാണ് സിസ്റ്റർ പ്രീതി മേരിയും സിസ്റ്റർ വന്ദന ഫ്രാൻസിസും. പാവപ്പെട്ട രോഗികൾക്കു താങ്ങാവുന്ന ശുശ്രൂഷകളാണ് അവർ നിർവഹിച്ചുവരുന്നത്.
മതപരിവർത്തനം, മനുഷ്യക്കടത്ത് പോലുള്ള അന്യായമായ കുറ്റങ്ങൾ ആരോപിക്കപ്പെട്ട് അകാരണമായി കേസെടുത്താണ് അവരെ ജയിലിലാക്കിയത്. ആരോഗ്യസംബന്ധമായ ബുദ്ധിമുട്ടുകളുള്ളവരാണ് ഇരുവരും. അതെല്ലാം സഹിച്ചാണ് അവർ ജയിലിൽ കഴിഞ്ഞത്.
ക്രിസ്തുവിനുവേണ്ടി ജോലി ചെയ്തതിന്റെ പേരിലാണ് ഞങ്ങളുടെ സന്യാസിനിമാർ പീഡിപ്പിക്കപ്പെടുന്നത്. ആരോപിക്കപ്പെടുന്ന ഒരു കുറ്റവും ചെയ്തവരല്ലിവർ. ഇല്ലാത്ത കാര്യങ്ങൾ കെട്ടിച്ചമച്ചാണ് ഇവരെ കുടുക്കിയത്.
തങ്ങളുടെ ശുശ്രൂഷയിലുണ്ടാകുന്ന സഹനങ്ങൾ ക്രിസ്തുവിനെപ്രതി അഭിമാനത്തോടെ ഏറ്റെടുക്കാൻ ഞങ്ങൾ തയാറാണ്. ജയിലിലടയ്ക്കപ്പെട്ട ഞങ്ങളുടെ രണ്ടു സഹോദരിമാരുടെയും മനോഭാവവും അങ്ങനെതന്നെ.
ഇത്തരത്തിലുള്ള പീഡനങ്ങൾ കാണുന്പോൾ തളരുന്നവരല്ല ക്രിസ്തുവിനെപ്രതി സമർപ്പിത ശുശ്രൂഷയ്ക്കിറങ്ങിയ സന്യാസിനിമാർ. സഭയുടെ ഒരു പ്രവർത്തനങ്ങൾക്കും ഇത്തരം സംഭവങ്ങൾ ഒരു തളർച്ചയും ഉണ്ടാക്കില്ല. ഇതെല്ലാം പുതിയ കാലത്തെ വെല്ലുവിളിയായി ഏറ്റെടുത്ത് കൂടുതൽ ഊർജത്തോടെ ഞങ്ങളുടെ സഹോദരിമാർ മുന്നോട്ടുനീങ്ങുക തന്നെ ചെയ്യും.