ദേശീയ ഹരിത ട്രൈബ്യൂണലും വേമ്പനാട് കായലും
ആന്റണി ആറിൽചിറ
Monday, August 4, 2025 12:56 AM IST
റാംസർ സൈറ്റ് സംരക്ഷണത്തിന്റെ ഭാഗമായി അഷ്ടമുടി, വേമ്പനാട് കായലുകളുടെ ശുചീകരണ സംരക്ഷണ നടപടികൾക്ക് വേഗം കൂട്ടുന്നതിനായി പത്തു കോടി രൂപ ഉറപ്പാക്കിയെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ സംസ്ഥാന ചീഫ് സെക്രട്ടറി കഴിഞ്ഞ ദിവസം അറിയിക്കുകയുണ്ടായി.
രാജ്യാന്തര പ്രാധാന്യമുള്ള തണ്ണീർത്തടങ്ങളുടെ പട്ടികയിൽ ഇന്ത്യയിലെ തന്നെ ഏറ്റുവും പ്രധാനപ്പെട്ടതും കേരളത്തിലെ ഏറ്റവും വിസ്തൃതവുമായ ഒന്നാണ് വേമ്പനാട് കായൽ. റാംസർ സൈറ്റുകൾ സംരക്ഷിക്കുന്നതിലെ വീഴ്ചയുടെ പേരിൽ 2023 മാർച്ചിൽ പിഴയ്ക്ക് തുല്യമായി 10 കോടി രൂപ ഉറപ്പു വരുത്തി ശുചീകരണ സംരക്ഷണ നടപടികളിലേക്ക് കടക്കാൻ ട്രൈബ്യൂണൽ നിർദേശിച്ചിരുന്നു.
വേമ്പനാട് കായലിനെ മണലൂറ്റ് കേന്ദ്രമാക്കുന്നതിനെതിരേ പ്രക്ഷോഭം നടത്തുമെന്ന് ഭരണപക്ഷത്തെ ഒരു പ്രമുഖ പാർട്ടിയുടെ തൊഴിലാളിയുണിയൻ നേതാവിന്റെ പ്രസ്താവനയുമുണ്ടായി. ദേശീയപാത നിർമാണത്തിന്റെ മറവിൽ വേമ്പനാട് കായലിൽനിന്ന് എടുക്കുന്ന മണൽ തണ്ണീർത്തടങ്ങൾ നികത്തുന്നതിന് അനധികൃതമായി ഉപയോഗിക്കുന്നു എന്നതാണ് ഇവിടെ ഉന്നയിക്കുന്ന പ്രധാന ആക്ഷേപം. വേമ്പനാട് കായലിന്റെ നിലനില്പിനെതന്നെ ദോഷകരമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ സംബന്ധിച്ച് നിയമസഭാ സമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾപോലും അവഗണിക്കപ്പെട്ടതാണ് ദേശീയ ഹരിത ട്രൈബ്യൂണൽ പിഴ ഇടാൻ കാരണമായത്.
കേരള ഫിഷറീസ് പഠന സർവകലാശാല അഞ്ചു വർഷമെടുത്ത് നടത്തിയ പഠന റിപ്പോർട്ട് സർക്കാരിന് കൈമാറിയിട്ട് വർഷം ഒന്നു കഴിഞ്ഞിരിക്കുന്നു. 2018ൽ മുല്ലക്കര രത്നാകരന്റെ നേതൃത്വത്തിലുള്ള നിയമസഭാ സമിതി സമർപ്പിച്ച റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ എന്ത് നടപടി ഉണ്ടായി? റിപ്പോർട്ടുകൾ കൊണ്ട് മാത്രം കായൽ നന്നാവില്ല. നടപടിയാണ് ആവശ്യം. എങ്കിലേ വേമ്പനാട് കായലും മറ്റ് ജലസ്ത്രോതസുകളും നിലവിലുള്ളതുപോലെയെങ്കിലും നിലനിർത്താൻ സാധിക്കു.
2018ലെ പ്രളയവും തുടർ വെള്ളപ്പൊക്കങ്ങളും
വിസ്തൃതിയും ആഴവും കുറഞ്ഞുവന്നിരുന്ന ഈ കായലിലേക്ക് 2018ലെ പ്രളയത്തിലും തുടർന്നുള്ള വെള്ളപ്പൊക്കങ്ങളിലും ഒഴുകിയെത്തിയ എക്കൽ വീണ്ടും ഇതിന്റെ ആഴം കുറച്ചു. വേലിയിറക്ക സമയത്ത് ചിലയിടങ്ങളിൽ ഒരു മീറ്റർ പോലും ആഴമില്ലാത്തതിനാൽ നേരിട്ട് സൂര്യപ്രകാശം അടിത്തട്ടിലെത്തുകയും അത് അടിത്തട്ടിലെ ചെടികൾക്ക് വളരാൻ സൗകര്യം ഒരുക്കുകയും ചെയ്യുന്നു.
അങ്ങനെ ചെടികൾ വളർന്നുവന്ന് കാലക്രമേണ കായലിന്റെ പല ഭാഗങ്ങളും ചതുപ്പായി മാറിയേക്കാമെന്ന് പഠനങ്ങൾ വെളിവാക്കുന്നു. വഴിമാറി സഞ്ചരിക്കുന്ന ജലവാഹനങ്ങൾ പലപ്പോഴും കായലിലെ മണൽത്തിട്ടകളിലും ചതുപ്പുകളിലും അകപ്പെടുന്നത് സാധാരണമാണ്.
ദശാബ്ദങ്ങൾക്ക് മുമ്പ് കായലിന്റെ പരമാവധി ആഴം 12 മീറ്ററും ശരാശരി ആഴം ഒമ്പതു മീറ്ററും ആയിരുന്നത് മൂന്നിൽ രണ്ടായി കുറഞ്ഞിരിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. 2018ലെ പ്രളയത്തോടെ ആഴം വീണ്ടും കുറഞ്ഞു. യഥാസമയം മണ്ണും ചെളിയും മാറ്റപ്പെടുന്നില്ല. 2019ലും തുടർന്നുള്ള വർഷങ്ങളിലും ഉണ്ടായ വെള്ളപ്പൊക്കങ്ങളിലും കായലിന്റെ ആഴം കുറയത്തക്ക രീതിയിൽ മണ്ണും ചെളിയും ഒഴുകിയെത്തി. എന്നാൽ, പൂർണതോതിലുള്ള ആഴപ്പെടുത്തൽ പ്രാവർത്തികമാക്കാൻ നമുക്ക് സാധിച്ചോ? ഇപ്പോൾ പ്രതിഷേധം ഉയരുന്ന മണലെടുപ്പുപോലും കായൽ സംരക്ഷണം ലക്ഷ്യം വച്ചല്ല, ദേശീയപാതയുടെ നിർമാണത്തിനായുള്ള അശാസ്ത്രീയമായ മണലൂറ്റാണ് നടത്തുന്നത്.
കായൽജലം കാഴ്ചവസ്തു
പ്രധാനമായും വേമ്പനാട് കായലിലെ വെള്ളം ഉപയോഗയോഗ്യമല്ലാതാകുന്നത് പല കാരണങ്ങളാലാണ്. കോളിഫോം ബാക്ടീരിയയുടെ അമിതമായ സാന്നിധ്യം, കൂടിയ ലവണാംശം, കീടനാശിനികൾ... മുതലായവ പ്രധാന വില്ലൻ വേഷം കെട്ടുന്നു. വേമ്പനാട് കായലിലെ ലവണാംശം 11 പിപിടി (പാർട്ട് പെർ തൗസന്റ്) വരെ ആയിരുന്നു.
എന്നാൽ, അടുത്ത കാലത്ത് ഇത് 20ന് മുകളിലെത്തിയ സമയങ്ങളുണ്ട് (കടലിലെ പിപിടി 30 ആണ്). ഓരുജലം പലപ്പോഴും പരിധിയിൽ കവിഞ്ഞ നാശനഷ്ടങ്ങൾ ജീവജാലങ്ങൾക്കും കൃഷിക്കും ഉണ്ടാക്കുന്നുണ്ട്. “കായലിലുടനീളം കോളിഫോം ബാക്ടീരിയയുടെ അളവ് വർധിച്ചതായി കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. നൂറ് മില്ലീ ലിറ്റർ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് പത്ത് മുതൽ അൻപത് വരെ അനുവദനിയമാകാമെന്ന് കണക്കാക്കുന്നുണ്ടെങ്കിലും ഇവിടെ അവയുടെ അളവ് പതിൻമടങ്ങാണെന്ന് കണ്ടെത്തിയിരുന്നു.
ക്രോമിയം, കാഡ്മിയം, ലെഡ്, നൈട്രേറ്റ്, സൾഫേറ്റ് എന്നിവയുടെ ഉയർന്ന അളവിലുള്ള സാന്നിധ്യവും ഈ കായലിൽ കണ്ടെത്തിയിട്ടുണ്ട്.” - എന്ന് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ, പതിനാലാം കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി 2018 ജൂൺ 21ന് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.
പ്രളയവും തുടർ വെള്ളപ്പൊക്കങ്ങളും ഈ റിപ്പോർട്ടിന് ശേഷം ആയിരുന്നതിനാൽ അതുമായി ബന്ധപ്പെട്ട് ഉണ്ടായ ആഘാതത്തിന്റെ തീവ്രത ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നില്ല. അതിന്റെ കൂടി പഠനം നടത്തിയാൽ കണക്കുകൾ അതിശയിപ്പിക്കുന്നതാവും. എൻഡോസൾഫാൻ മുതൽ മാലാത്തിയോൺ വരെയുള്ള 13 തരം കിടനാശിനികളുടെ സാന്നിധ്യം വേമ്പനാട്ട് കായലിൽ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും സമിതിയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നടപടികൾ എവിടെയെത്തി എന്നറിയില്ല.
ഇതിനെല്ലാം പുറമേയാണ് വിനോദസഞ്ചാര മേഖലയിൽനിന്ന് പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും വെള്ളത്തിൽ കലരുന്ന എണ്ണയും. വേമ്പനാട് കായലിലെ വെള്ളത്തിലെ ഓക്സിജൻ ഘടനയിൽതന്നെ മാറ്റം സംഭവിച്ചിരിക്കുന്നു. ഇത് കായലിലെ മത്സ്യസമ്പത്തിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. അതുവഴി മത്സ്യ ബന്ധനം തൊഴിലാക്കിയിരുന്നവരുടെ ജീവിതമാർഗവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. കായലിന്റെ സമീപവാസികൾക്ക് പലവിധ രോഗങ്ങളും ഉണ്ടാകുന്നു.
തണ്ണീർമുക്കം ബണ്ട്
കുട്ടനാട്ടിൽ രണ്ട് കൃഷി നടത്തുന്നതിനായി രൂപപ്പെടുത്തിയ തണ്ണീർമുക്കം ബണ്ട് വേമ്പനാട്ട് കായലിലെ ഒഴുക്ക് തടസപ്പെടുത്തുന്നതുകൊണ്ടാണ് കായൽ മലിനമാകുന്നത് എന്നതാണ് ഒരു ആക്ഷേപം.
കൊച്ചി കായലിൽനിന്നു വേനൽക്കാലത്ത് ഉപ്പുവെള്ളം കയറി കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും കൃഷി നശിക്കാതിരിക്കാൻ ലക്ഷ്യമിട്ട് നിർമിച്ച തണ്ണീർമുക്കം ബണ്ട് അടച്ചിടുന്നത് കായലിലെ ഒഴുക്ക് ഒരു പരിധി വരെ തടയുന്നു. ഈ ആക്ഷേപം കുറെയൊക്കെ ശരിയെങ്കിലും നാടിന്റെ ഭക്ഷ്യ സുരക്ഷയ്ക്കു വേണ്ടി കുട്ടനാട്ടിലെ നെൽകൃഷി നല്കുന്ന സംഭാവനയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ആക്ഷേപത്തിന് നിലനില്പില്ലാതെ പോകുന്നു.
ബണ്ടിലെ ഷട്ടറുകൾ യഥാവിധി സമയബന്ധിതമായി പ്രവർത്തിപ്പിക്കാത്തതായിരുന്നു യഥാർഥ പ്രശ്നം. യഥാസമയം ബണ്ട് ഷട്ടറുകൾ തുറക്കുകയും അടയ്ക്കുകയും ചെയ്യുമ്പോൾ വെള്ളത്തെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ട്. എന്നാലും വേനൽക്കാലത്ത് വേലിയേറ്റ സമയത്ത് കുട്ടനാടൻ പാടശേഖരങ്ങളിൽ വെള്ളം കയറി മടവീഴ്ച്ച ഉണ്ടായി കൃഷി നശിച്ചിരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
കായൽ ക്ഷീണിക്കുന്നു
കായലിന്റെ വിസ്തൃതി മൂന്നിൽ രണ്ടായി കുറഞ്ഞിട്ടുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. കൈയേറ്റം ഒഴിപ്പിച്ച് സർവേ നടത്തി അതിർത്തി നിർണയിച്ച് കല്ലുകൾ സ്ഥാപിക്കണമെന്ന് ജലവിഭവ വകുപ്പ് നിർദേശിച്ചിരുന്നു. കൂടാതെ, ജലപാതകൾ വികസിപ്പിച്ച് ഗതാഗതത്തിനും ചരക്ക് നീക്കത്തിനും വിനോദ സഞ്ചാരത്തിനും ഉതകുന്ന വിധത്തിലുള്ള പദ്ധതികൾ നടപ്പിലാക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും വകുപ്പ് അധികൃതർ പറഞ്ഞിരുന്നതാണ്.
അതുവഴി കായലിൽ കാലാകാലങ്ങളിൽ അടിഞ്ഞു കൂടിയിട്ടുള്ള മണ്ണും മാലിന്യങ്ങളും കളകളും നീക്കം ചെയ്ത് ജലയാനങ്ങൾക്ക് സഞ്ചരിക്കാൻ ആവശ്യമായ ‘ഡ്രാഫ്റ്റ് ഡെപ്ത്’ ഉറപ്പ് വരുത്തണമെന്നും മാലിന്യം തള്ളുന്നതു തടയാൻ 24 മണിക്കൂർ നീരീക്ഷണ സംവിധാനം ഉറപ്പു വരുത്തണമെന്നും ജലവിഭവ വകുപ്പ് നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. ഇവയിൽ എന്തൊക്കെ പ്രാവർത്തികമാക്കാൻ സാധിച്ചു എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
നിയമസഭാസമിതിയുടെ പ്രധാന ശിപാർശകൾ
*വേമ്പനാട് കായലുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഒരു കമ്മിറ്റിയുടെ കീഴിൽ കൊണ്ടുവരണം. ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും സഹകരണം ഈ കമ്മിറ്റിക്ക് ഉണ്ടാവണം.
*ജലാശയങ്ങളുടെയും കായലുകളുടെയും സംരക്ഷണാവകാശം സംബന്ധിച്ച് വ്യക്തമായ വ്യവസ്ഥകൾ ഉണ്ടാകണം.
*വേമ്പനാട് കായലിലേക്ക് പതിക്കുന്ന നദികളുടെ സംരക്ഷണവും മാലിന്യ മുക്തമാക്കുന്നതിനുള്ള പദ്ധതികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾവഴി നടപ്പിലാക്കണം. മാലിന്യങ്ങൾ കായലിലേക്ക് എത്തുന്നില്ല എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പു വരുത്തണം.
*കായലിനോടും അനുബന്ധ ജലാശയങ്ങളോടും ചേർന്നുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിയും പരിശോധനയും വേണം.
*കൈയേറ്റം പരിശോധിക്കാൻ കായൽപ്രദേശത്ത് സർവേ നടത്തണം.
*കായലിലെ ചെളിമണ്ണ് ശേഖരിച്ച് അതിലുള്ള പോഷകങ്ങളെക്കുറിച്ച് പഠിച്ച് ജൈവ വളമായി മാറ്റാൻ കഴിയണം. അതു വഴി ജലവാഹകശേഷി മെച്ചപ്പെടുത്താൻ സാധിക്കും.
*കണ്ടൽക്കാടുകൾ വച്ചു പിടിപ്പിക്കണം.
*ഹൗസ് ബോട്ട്, ജലയാനങ്ങൾ എന്നിവയുടെ സർവീസ്, കായലിന്റെ ശേഷിക്കനുസൃതമായി നിജപ്പെടുത്തണം, പരിഷ്കരിക്കണം.
*നഗരങ്ങളിലെ ഹോട്ടലുകൾ, ആശുപത്രികൾ, വ്യവസായ യൂണിറ്റുകൾ, തുടങ്ങിയവയിൽനിന്ന് തോടുകളിലേക്കും കായലുകളിലേക്കും മാലിന്യം തള്ളുന്നത് തടയണം.
*കീടനാശിനി, കളനാശിനി, രാസവസ്തുക്കൾ എന്നിവ ഉപയോഗിച്ചുള്ള കൃഷി ഒഴിവാക്കി ജൈവകൃഷി നടപ്പിൽ വരുത്തണം.
*അന്താരാഷ്ട്ര പ്രാധാന്യമുള്ള ഈ കായലിന്റെ പുനരുദ്ധാരണത്തിന് ഐക്യരാഷ്ട്ര സംഘടനയുടെ ധനസഹായം ലഭ്യമാക്കണം. അതിനായി ശ്രമം നടത്തണം.
*വെള്ളത്തിന്റെ ഒഴുക്കിനെ തടസപ്പെടുത്തുന്ന പോള മൂല്യവർധിത ഉത്പന്നമാക്കാൻ വേണ്ട ശ്രമം ഉണ്ടാവണം.
*പ്ലാസ്റ്റിക്കിന്റെ ഉപയോഗം കായലിൽ അനുവദിക്കരുത്.
നിയമസഭാ സമിതി മുന്നോട്ടു വച്ചിരിക്കുന്ന ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ ഒരു ശുഷ്കാന്തിയുമുണ്ടായിട്ടില്ല. ഹരിത ട്രൈബ്യൂണലിനു മുന്നിൽ നല്ലപിള്ള ചമയാനുള്ള പൊടിക്കൈകൾ അല്ല ഉണ്ടാവേണ്ടത്. പുതിയ സമിതികളും പഠനങ്ങളുംകൊണ്ട് കായലുകൾ നിലനില്ക്കില്ല. സത്വരമായ നടപടികളാണ് ഉണ്ടാകേണ്ടത്.