ഇന്ത്യ-യുഎസ് ബന്ധം വീണ്ടും മാറുന്നു
ശശി തരൂർ
Monday, August 4, 2025 1:03 AM IST
ഇന്ത്യ-യുഎസ് ബന്ധം കുറേക്കാലമായി ഒരു ഞാണിൻമേൽകളിയാണ്. ഒരു വശത്ത് പരസ്പരം പങ്കുവയ്ക്കുന്ന ജനാധിപത്യ മൂല്യങ്ങൾ, മറുവശത്ത് പലപ്പോഴും വേറിട്ടുനിൽക്കുന്ന ദേശീയ താത്പര്യങ്ങൾ. എന്നാൽ, സമീപകാലത്ത് നയതന്ത്രബന്ധങ്ങളിലുണ്ടായ വിഭ്രമങ്ങൾ ഇന്ത്യയെ അസ്വസ്ഥമാക്കി. ഈ കൂട്ടുകെട്ട് വഴിത്തിരിവിലെത്തിയോ എന്ന് ചിന്തിക്കുന്ന അവസ്ഥ.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോകരാഷ്ട്രീയത്തിൽ വെറുപ്പിക്കുന്ന ‘വല്യമ്മാവൻ’ കളിക്കുകയാണെന്നാണ് ഇന്ത്യൻ ഉദ്യോഗസ്ഥർ കരുതുന്നത്. അതിന്റെ ഭാഗമായാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം തടഞ്ഞത് താനാണെന്ന അദ്ദേഹത്തിന്റെ അവകാശവാദം. അതും, വ്യാപാരബന്ധം മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണത്രേ സാധിച്ചത്. ഇത് ഇന്ത്യയെ ചൊടിപ്പിച്ചു. കാരണം, ഇന്ത്യക്ക് സ്വന്തം പരമാധികാരം പരമപ്രധാനമാണ്. അതുമാത്രമല്ല, ട്രംപിന്റെ ഈ അവകാശവാദത്തിന് ഒരു അടിസ്ഥാനവുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പറഞ്ഞതുപോലെ, സംഘർഷസമയത്ത് ട്രംപ് അവരെ ഫോണിൽ വിളിച്ചിട്ടുപോലുമില്ല. ഏറ്റുമുട്ടലിന്റെ സമയത്ത് ഒരു യുഎസ് ഉദ്യോഗസ്ഥനും ഉഭയകക്ഷി വ്യാപാരത്തെക്കുറിച്ചും മിണ്ടിയിട്ടില്ല.
അളന്നുതൂക്കി തിരിച്ചടിച്ചു
സംഘർഷം തീർക്കാൻ ട്രംപ് പാക്കിസ്ഥാനുമേൽ സമ്മർദം ചെലുത്തിയിരിക്കാം. എന്നാൽ, അതിന് ഇന്ത്യയെ പ്രേരിപ്പിക്കേണ്ട ആവശ്യമില്ല. സ്വന്തം സാന്പത്തിക വികസനത്തിൽ ശ്രദ്ധിക്കുന്ന തലപ്പൊക്കമുള്ള ശക്തി എന്ന നിലയിൽ ഇന്ത്യക്ക് നീണ്ടുനിൽക്കുന്ന സംഘർഷം ആവശ്യമില്ല.
അതിനാൽ, ഏപ്രിലിൽ പാക് ഭീകരർ പഹൽഗാമിൽ ഇന്ത്യക്കാരെ കൊന്നപ്പോൾ അതിവേഗത്തിൽ, ശക്തവും കൃത്യവുമായ തിരിച്ചടി നല്കി. പാക്കിസ്ഥാൻ മണ്ണിലെ അറിയപ്പെടുന്ന ഒന്പത് ഭീകരക്യാന്പുകളും മറ്റു കേന്ദ്രങ്ങളും ലക്ഷ്യമിട്ട ‘ഓപ്പറേഷൻ സിന്ദൂർ’, ഇന്ത്യൻ വിനോദസഞ്ചാരികളെ ആക്രമിച്ച പാക് ഭീകരരോടുള്ള പ്രതികാരമായിരുന്നു. അല്ലാതെ, പാക്കിസ്ഥാനുമായുള്ള യുദ്ധത്തിനു നാന്ദി കുറിച്ചതായിരുന്നില്ലെന്ന് എപ്പോഴും വ്യക്തമായിരുന്നു.
വിവേചനമില്ലാത്ത ആക്രമണങ്ങളിലൂടെ പാക്കിസ്ഥാൻ തിരിച്ചടിച്ചപ്പോൾ ഇന്ത്യ അളന്നുതൂക്കി തലയ്ക്കുതന്നെ അടിച്ചു. ഇത്തവണ പാക്കിസ്ഥാന്റെ 11 വ്യോമകേന്ദ്രങ്ങളിൽ. ഒരുപക്ഷേ, പാക്കിസ്ഥാനുമേൽ അമേരിക്ക ചെലുത്തിയ സമ്മർദത്തോടൊപ്പം ഇന്ത്യയുടെ ഈ നീക്കമാണ് പിൻവാങ്ങാൻ പാക്കിസ്ഥാനെ പ്രേരിപ്പിച്ചത്. ഇക്കാര്യത്തിൽ ട്രംപിനൊരു കേമത്തവും പറയാനില്ല.
എന്നിട്ടും പതിവുപോലെ അദ്ദേഹമതു സ്വന്തമാക്കാൻ ശ്രമിക്കുന്നു. പക്ഷേ, ട്രംപിന്റെ പൊങ്ങച്ചം ഇന്ത്യൻ അധികൃതർ അർഥശങ്കയില്ലാത്തവിധം തള്ളി. ഇന്ത്യ സ്വന്തം സ്വാതന്ത്ര്യത്തിൽ അഭിമാനിക്കുന്നു. അതുകൊണ്ട് ട്രംപിന്റെ ഭീഷണിക്കോ പ്രലോഭനത്തിനോ വഴങ്ങി എന്ന ധ്വനി ഒരുകാരണവശാലും സഹിക്കാനാകില്ല.
ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടം
ഇന്ത്യയെ ചിന്തിപ്പിച്ച ട്രംപിന്റെ ഒരേയൊരു നീക്കമല്ല ഇത്. ജൂണിൽ അദ്ദേഹം പാക്കിസ്ഥാൻ സൈനികമേധാവി ഫീൽഡ് മാർഷൽ അസിം മുനീറിന് ആതിഥ്യമരുളി. ഇന്ത്യയുടെ ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒരുപോലെ കടുത്ത ഇസ്ലാമിക സൈദ്ധാന്തികനായി കണക്കാക്കുന്ന ആളാണ് അസിം മുനീർ. പാക്കിസ്ഥാന്റെ സിവിലിയൻ നേതൃത്വം ആ കൂടിക്കാഴ്ചയിൽ ഉണ്ടായിരുന്നില്ല.
ചൈനയോടുള്ള ട്രംപിന്റെ നിലപാടുകളിലെ ചാഞ്ചാട്ടവും ഇന്ത്യക്ക് പ്രശ്നമാണ്. ആദ്യ ഭരണകാലയളവിൽ വിശ്വസനീയമായ കടുത്ത നിലപാടാണ് അദ്ദേഹത്തിന് ചൈനയോടുണ്ടായിരുന്നത്. എന്നാൽ, ട്രംപ് 2.0ൽ ചൂടും തണുപ്പും മാറിമാറി വീശുകയാണ്. ഒരു നിമിഷം ചൈനയ്ക്കെതിരേ കടുത്ത താരിഫ് ഏർപ്പെടുത്തുന്നു. അടുത്ത നിമിഷം വ്യാപാരപരമായ സമാധാനത്തിനു ചർച്ചയ്ക്കൊരുങ്ങുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ക്ഷണിച്ചാൽ ബെയ്ജിംഗ് സന്ദർശിക്കുമെന്നും പറയുന്നു.
ഈ കണക്കുകൂട്ടലുകൾക്കിടയിൽ ഇന്ത്യക്കെവിടെയാണ് സ്ഥാനം എന്നതൊരു ചോദ്യമാണ്. ട്രംപിന്റെ ആദ്യ ഭരണകാലത്തും ജോ ബൈഡന്റെ കാലത്തും അമേരിക്ക ഇന്ത്യയെ ഇൻഡോ-പസഫിക് മേഖലയിലെ ഒരു പ്രധാന പങ്കാളിയായി കണ്ടിരുന്നു. അതുപോലെ, ചൈനയ്ക്കെതിരേയുള്ള ജനാധിപത്യപരമായ ഒരു എതിർശക്തിയായും അവർ ഇന്ത്യയെ പരിഗണിച്ചു.
ഇന്ത്യ തങ്ങളുടെ വിദേശനയങ്ങളിലെ തന്ത്രപരമായ സ്വയംഭരണം കാത്തുസൂക്ഷിക്കുകയും ചൈനയുമായി ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തപ്പോഴും, ഈ മേഖലയിൽ അമേരിക്കയുടെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. കൂടാതെ, 2017ൽ ഓസ്ട്രേലിയ, ജപ്പാൻ, യുഎസ് എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ‘ക്വാഡ്’ സഖ്യത്തിന്റെ പുനരുജ്ജീവനത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. കാരണം, ഇന്ത്യക്ക് ചൈനയുമായി സ്വന്തമായ പ്രശ്നങ്ങളുണ്ട്. വർഷങ്ങളായി തർക്കത്തിലുള്ള അതിർത്തികളിൽ ചൈനയുടെ കൈയേറ്റം കൂടിവരികയാണ്. കൂടാതെ, പാക്കിസ്ഥാന് നിർണായക സഹായം നൽകുന്നതും ചൈനയാണ്.
ചൈന ഒരു ഭീഷണി?
ഇപ്പോൾ ചൈന നേരിട്ട് ഇന്ത്യൻ വ്യവസായമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ്. ഇന്ത്യയിലേക്കുള്ള എൻജിനിയർമാരുടെ ഒഴുക്കു തടഞ്ഞും ഇന്ത്യൻ ഫാക്ടറികൾക്ക് ഉയർന്ന നിലവാരത്തിലുള്ള ചൈനീസ് യന്ത്രസാമഗ്രികൾ ലഭ്യമാക്കാതെയുമാണിത്. ഇലക്ട്രോണിക്സ്, ഉത്പാദന മേഖലകളിൽ ഇതിന്റെ പ്രത്യാഘാതം ഇപ്പോൾതന്നെ കാണാം. അതേസമയം, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവിടങ്ങളിലായി ദക്ഷിണേഷ്യയിൽ ചൈനയുടെ സ്വാധീനം വർധിച്ചുവരികയാണ്.
ഇന്ത്യൻ ഉദ്യോഗസ്ഥരും വ്യവസായസ്ഥാപനങ്ങളും ചൈനയെ ഒരു ഭീഷണിയായി കാണുന്നു. എന്നാൽ, അമേരിക്കയുടെ നിലപാട് മനസിലാക്കാൻ പ്രയാസമാണ്. പ്രത്യേകിച്ച്, ചൈന പാക്കിസ്ഥാനു നൽകിയ ഇന്റലിജൻസ് സഹായത്തെ ട്രംപ് പരസ്യമായി വിമർശിക്കാത്ത സാഹചര്യത്തിൽ. ഈയിടത്തെ സംഘർഷത്തിൽ പാക്കിസ്ഥാന് ചൈന തത്സമയ ഉപഗ്രഹ ഡാറ്റ നൽകിയത് ഇന്ത്യൻ സൈനിക താവളങ്ങളെ ആക്രമിക്കാൻ പാക്കിസ്ഥാനെ സഹായിച്ചതായി റിപ്പോർട്ടുകൾ പറയുന്നു.
ഇന്ത്യ നിലപാടുകൾ മാറ്റിയേക്കാം
ഇന്ത്യ പരിഭ്രാന്തരാകില്ല, പക്ഷേ, നിലപാടുകൾ മാറ്റിയേക്കാം. കരാറുകളുടെ കെട്ടുപാടുകളില്ലാത്തതിനാൽ, ജപ്പാൻ, ദക്ഷിണ കൊറിയ പോലുള്ള യുഎസിന്റെ ഔദ്യോഗിക സഖ്യകക്ഷികളെക്കാൾ സ്വാതന്ത്ര്യം ഇന്ത്യക്കുണ്ട്. ഈ സാധ്യത ഉപയോഗിച്ച് ഇന്ത്യയുടെ വിദേശനയം ക്രമീകരിക്കാൻ സാധ്യതയുണ്ട്. ജൂലൈയിൽ ജയ്ശങ്കർ ബെയ്ജിംഗ് സന്ദർശിച്ചത് ചൈനയുമായുള്ള ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ആഗ്രഹവുമായാണ്. അമേരിക്കയുമായുള്ള ബന്ധം ഇന്ത്യ രണ്ടാംകിടയായി കാണുന്നില്ലെങ്കിലും, ഇപ്പോൾ സ്വയംപര്യാപ്തതയ്ക്കാണ് ഊന്നൽ. ഇത് ഒരുപക്ഷേ, ആദർശങ്ങളേക്കാൾ താത്പര്യങ്ങൾ അടിസ്ഥാനമാക്കിയുള്ള ഉഭയകക്ഷി ബന്ധത്തിലേക്കു നയിച്ചേക്കാം.
ഇന്ത്യൻ വിദേശനയം മോദിയുടെ പുതിയ തന്ത്രപരമായ നിലപാടുകളായ പ്രതിരോധം, ഉറച്ച തീരുമാനമെടുക്കൽ, ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ലായ്മ എന്നിവയിൽ അടിയുറച്ചതായിരിക്കും. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾക്കെതിരേയുള്ള ഇന്ത്യയുടെ ആക്രമണം ഈ പ്രതിബദ്ധതയുടെ ഉറച്ച അടിത്തറ വ്യക്തമാക്കുന്നു. അമേരിക്കയുമായുള്ള ബന്ധത്തിൽ ഇന്ത്യ വളരെ സൂക്ഷ്മതയോടെതന്നെ മുന്നോട്ടുപോകും. ഈ ബന്ധം എപ്പോൾ വേണമെങ്കിലും അപകടത്തിലാകാം എന്ന കാര്യം ഇന്ത്യക്ക് നന്നായി അറിയാം.
അമേരിക്ക വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളി
വ്യാപാരത്തിന്റെ കാര്യത്തിൽ പലപ്പോഴും ശത്രുരാജ്യങ്ങളെക്കാൾ കർശനമായ നിലപാടാണ് ട്രംപിന് പങ്കാളികളോടുള്ളത്. ജൂലൈ 30ന് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് 25% താരിഫ് പ്രഖ്യാപിച്ചു. ഇത് ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തിൽ വന്നു. കൂടാതെ, റഷ്യയിൽനിന്ന് ഊർജവും സൈനിക ഉപകരണങ്ങളും ഇന്ത്യ വാങ്ങുന്നത് തുടരുന്നതിനാൽ അതിനു മറ്റൊരു ‘പിഴ’ (ഒരുപക്ഷേ 10% അധികം) ചുമത്തുമെന്നും പറഞ്ഞു. വ്യാപാരം ഒരു ആയുധമായി ഉപയോഗിക്കാൻ കഴിയുമെങ്കിൽ, പ്രതിരോധബന്ധങ്ങളെയും അങ്ങനെ ചെയ്യാൻ കഴിഞ്ഞേക്കും.
ട്രംപിന്റെ ഈ ചാഞ്ചല്യം ഇന്ത്യയുടെ തന്ത്രപരമായ ആശങ്കകൾ കൂട്ടുന്നു. വിശ്വസിക്കാൻ കൊള്ളാത്ത പങ്കാളിയാണെന്ന് അമേരിക്ക മുന്പും തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, 1999ലെ കാർഗിൽ യുദ്ധത്തിൽ, അമേരിക്ക ഇന്ത്യക്ക് നിർണായകമായ ജിപിഎസ് ഡാറ്റ നൽകിയിരുന്നില്ല. ഇതു കാരണം ഇന്ത്യക്കു സ്വന്തമായി ജിപിഎസ് സംവിധാനം വികസിപ്പിക്കേണ്ടിവന്നു.
ഇപ്പോൾ, ഇന്ത്യൻ നയരൂപകർത്താക്കൾ ആശയക്കുഴപ്പത്തിലാണ്: ഇന്ത്യ ചൈനയുമായി അകന്ന് അമേരിക്കയെ വിശ്വസിച്ച് മുന്നോട്ടുപോകണോ, അതോ അമേരിക്ക ചൈനയുമായി അടുക്കുമോ എന്ന ഭയത്തിൽ ചൈനയുമായി പ്രായോഗികമായി ഇടപെഴകണോ? ഇത് കൂടുതൽ അടിസ്ഥാനപരമായ ഒരു ചോദ്യമുയർത്തുന്നു: ഒരു വ്യക്തിയുടെ തന്നിഷ്ടങ്ങൾക്ക് വിധേയമാകുന്ന കൂട്ടുകെട്ടിന് എന്ത് മൂല്യമാണുള്ളത്?