കന്യാസ്ത്രീമാരുടെ ജയിൽവാസവും ജാമ്യവും ക്രെഡിറ്റ് ആർക്കൊക്കെ ?
വാർത്താ വീക്ഷണം / സി.കെ. കുര്യാച്ചൻ
Monday, August 4, 2025 1:16 AM IST
ഛത്തീസ്ഗഡിൽ രണ്ടു കന്യാസ്ത്രീമാർ ജനകീയ വിചാരണ ചെയ്യപ്പെട്ടതും ഒമ്പതു ദിവസം അന്യായമായി ജയിലിലടയ്ക്കപ്പെട്ടതും കേരള രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും ഏറെ ചർച്ചചെയ്യപ്പെട്ടു. അവർക്ക് ജാമ്യം കിട്ടിയെങ്കിലും കേസ് നിലനിൽക്കുന്നതിനാൽ ഈ വിഷയം ഇനിയും ചർച്ചചെയ്യപ്പെടുകയും ചെയ്യും.
തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കുന്ന സംസ്ഥാനത്ത് ഇത്തരം വൈകാരിക വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ സത്വരമായി ഇടപെടും എന്നതിൽ തർക്കമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ മുഖ്യധാരാ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ഇത്തരം വിഷയങ്ങൾ തലനാരിഴകീറി വിശകലനംചെയ്യുകയും ചെയ്യും.
രാജ്യത്തെ എല്ലാ ദേശീയ പാർട്ടികൾക്കും വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നിലപാടുണ്ടാവുക സ്വാഭാവികമാണ്. കാവേരി നദീജല വിഷയത്തിൽ കർണാടകയിലെയും തമിഴ്നാട്ടിലെയും കോൺഗ്രസിനും ബിജെപിക്കും വ്യത്യസ്ത നിലപാടായിരിക്കും. മുല്ലപ്പെരിയാർ വിഷയത്തിലും കേരളത്തിലെയും തമിഴ്നാട്ടിലെയും പാർട്ടിഘടകങ്ങൾക്ക് വ്യത്യസ്ത നിലപാടുണ്ടാകും.
ക്രൈസ്തവരോടുള്ള സമീപനത്തിലും വിവധ പാർട്ടികളുടെ വിവിധ സംസ്ഥാന ഘടകങ്ങൾക്ക് വ്യത്യസ്ത നിലപാടാണുള്ളത്. എന്നാൽ ഒരു കുറ്റകൃത്യത്തെ സംബന്ധിച്ച് ഇത്തരം ഭിന്നനിലപാട് സ്വീകരിക്കുന്നത് ആശാവഹമല്ല. ഇവിടെയാണ് ഛത്തീസ്ഗഡ് ബിജെപിക്കും അവരുടെ സർക്കാരിനും പിഴച്ചിരിക്കുന്നത്.
കന്യാസ്ത്രീമാർ അറസ്റ്റ് ചെയ്യപ്പെട്ട് ദുർഗ് സെൻട്രൽ ജയിലിലായ ആദ്യദിനങ്ങളിൽ അറസ്റ്റിലേക്ക് നയിക്കാനിടയായ കാരണങ്ങളാണ് ചർച്ചചെയ്യപ്പെട്ടതെങ്കിൽ ജാമ്യം ലഭിച്ചതോടെ ഇതിന്റെ ക്രെഡിറ്റ് ആർക്ക് എന്നതിലായി തർക്കം. നിരപരാധികളായ രണ്ടു സഹോദരിമാരും ഒരു ആദിവാസി യുവാവും അകാരണമായി ജയിലിലാക്കപ്പെട്ടത് കേരളത്തിന്റെ മാത്രമല്ല, രാജ്യത്തിന്റെതന്നെ സമൂഹമനഃസാക്ഷിയെ വല്ലാതെ വേദനിപ്പിച്ചു.
കേരളീയ സമൂഹം ഒറ്റക്കെട്ടായിത്തന്നെ ഈ കന്യാസ്ത്രീകൾക്കൊപ്പം നിലകൊണ്ടു. എന്നാൽ ചില തീവ്രഹിന്ദുത്വ ശക്തികൾ അവരുടെ സംഘടനകളുടെ നിലപാടിനൊപ്പം നിൽക്കുകയും അറസ്റ്റിനെ ന്യായീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലും കേരളത്തിലെ ബിജെപി നേതൃത്വം വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.
കേരള ബിജെപി നേതൃത്വം നേരിട്ട അഗ്നിപരീക്ഷ
മുൻ കേന്ദ്ര മന്ത്രിയും വ്യവസായിയുമായ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിൽ ചുമതലയേറ്റ കേരളത്തിലെ ബിജെപി നേതൃത്വം നേരിടുന്ന ആദ്യ അഗ്നിപരീക്ഷണമായി കന്യാസ്ത്രീകളുടെ അറസ്റ്റ് സംഭവം. ഈ പരീക്ഷണത്തിൽ രാജീവ് ചന്ദ്രശേഖറും വൈസ് പ്രസിഡന്റ് ഷോൺ ജോർജും ജനറൽ സെക്രട്ടറി അനൂപ് ആന്റണിയും അടങ്ങുന്ന നേതൃത്വം ഏറെക്കുറെ വിജയിച്ചു എന്നതാണ് യാഥാർഥ്യം. ഛത്തീസ്ഗഡിലെ ബിജെപി സർക്കാരിന്റെ നടപടികളും നിലപാടുകളും സ്വാഭാവികമായും കേരളത്തിലെ ബിജെപിക്ക് വലിയ പ്രഹരമുണ്ടാക്കുന്നതായിരുന്നു.
മുഖ്യമന്ത്രിതന്നെ അറസ്റ്റിനെ ന്യായീകരിച്ച് രംഗത്തുവന്നതും പ്രോസിക്യൂഷൻ കോടതിയിൽ നിലപാട് കടുപ്പിച്ചതും കേസിന്റെ ഗതിയിൽ നിർണായകമായിരുന്നു. വലിയ ഭൂരിപക്ഷത്തിൽ അധികാരം പിടിച്ച സംസ്ഥാനത്ത് തങ്ങളുടെ ശക്തമായ പിന്തുണക്കാരായ ബജ്രംഗ്ദളിനെ പിണക്കാൻ ഛത്തീസ്ഗഡിലെ ബിജെപിക്ക് കഴിയില്ല. ദേശീയതലത്തിലും കന്യാസ്ത്രീമാർക്കു പരസ്യപിന്തുണ നൽകാൻ ബിജെപിക്കാകില്ല. ഈ രണ്ടു പ്രതിസന്ധികളായിരുന്നു രാജീവ് ചന്ദ്രശേഖറിനും ടീമിനും മുന്നിലുണ്ടായിരുന്നത്. പാർലമെന്റിൽ ചർച്ച ചെയ്യാനോ പ്രോസിക്യൂഷനോട് കന്യാസ്ത്രീകൾക്ക് അനുകൂലമായ നിലപാടെടുക്കാൻ നിർദേശിക്കാനോ ബിജെപി കേന്ദ്ര നേതൃത്വത്തിനും കേന്ദ്ര സർക്കാരിനും കഴിയുമായിരുന്നില്ല.
രാജീവ് ചന്ദ്രശേഖറിന് തുണയായത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായുമായുള്ള അടുപ്പമാണ്. അദ്ദേഹം അത് ഭംഗിയായി ഉപയോഗപ്പെടുത്തുകയും ചെയ്തു. വിഷയത്തിന്റെ സങ്കീർണതയും ഇടപെടലിന്റെ വിവരങ്ങളും സഭാനേതൃത്വത്തെ നേരിട്ടു ധരിപ്പിക്കുന്നതിലും രാജീവ് ചന്ദ്രശേഖർ വിജയിച്ചുവെന്നുവേണം കരുതാൻ. സംഭവം വാർത്തായായപ്പോൾതന്നെ അനൂപ് ആന്റണിയെ ഛത്തീസ്ഗഡിലേക്കയച്ചതും നിർണായകമായി.
ഇതിനിടെ കേരളത്തിലെ ബിജെപിനേതാക്കളിൽനിന്ന് ഒളിഞ്ഞും തെളിഞ്ഞും വിമർശനമുണ്ടായതും രാജീവ് ചന്ദ്രശേഖറിനും അദ്ദേഹത്തിന്റെ ടീമിനും പ്രതസന്ധിയുണ്ടാക്കിയിരുന്നു. കേരളത്തിലെ തീവ്രഹിന്ദുത്വ ശക്തികൾ കടുത്ത വിമർശനമാണ് ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നത്. എന്നാൽ, സംഭവത്തിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുമ്പോൾ ബജ്രംഗ്ദളും ഛത്തീസ്ഗഡ് സർക്കാരും പ്രതിക്കൂട്ടിലാകുകയാണ്. ജനകീയ വിചാരണയും അന്യായ തടങ്കലും ന്യായീകരിക്കാൻ അവർ പ്രയാസപ്പെടും.
യുഡിഎഫ്, എൽഡിഎഫ് ഇടപെടൽ
മതപരിവർത്തനവും മനുഷ്യക്കടത്തുംപോലുള്ള കടുത്ത വകുപ്പുകൾ കേവലം ആരുടെയെങ്കിലും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ചുമത്താവുന്നതല്ല. നീതിന്യായവ്യവസ്ഥ നിലനിൽക്കുന്ന ഒരു സംസ്ഥാനത്ത് നിയമം നോക്കുകുത്തിയാകുന്നതിൽ പൊതുസമൂഹത്തിന്റെ ആശങ്ക ഇരട്ടിപ്പിക്കുന്നതാണ് ഛത്തീസ്ഗഡ് സംഭവം.
ഈ സംഭവം ദേശീയ ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ കേരളത്തിൽനിന്നുള്ള യുഡിഎഫ്, എൽഡിഎഫ് എംപിമാർ സമർഥമായി ഇടപെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപിയുടെയും കർക്കശമായ നിലപാടുകൾ എടുത്തുപറയേണ്ടതാണ്. കോൺഗ്രസും മുസ്ലിം ലീഗും സിപിഎമ്മും സിപിഐയും കേരള കോൺഗ്രസ് പാർട്ടികളും ആർഎസ്പിയും ശക്തമായ ഇടപെടലുകളാണ് നടത്തിയത്.
പാർലമെന്റിലും പുറത്തും എംപിമാർ സ്വീകരിച്ച നിലപാട് വിഷയത്തിന്റെ ഗൗരവം ഉൾക്കൊള്ളുന്നതായിരുന്നു. എംപിമാരുടെയും എംഎൽഎമാരുടെയും നേതാക്കളുടെയും ജയിൽ സന്ദർശനവും ഇടപെടലുകളും കേന്ദ്ര-ഛത്തീസ്ഗഡ് സർക്കാരുകൾക്കുമേൽ വലിയ സമ്മർദമാണ് സൃഷ്ടിച്ചത്. അമിത് ഷാതന്നെ കേരളഎംപിമാരുമായി വിഷയം ചർച്ചചെയ്യാൻ തയാറായതും ഇതുകൊണ്ടാണ്.
സഭയുടെ പ്രതിഷേധം
സിബിസിഐയും കെസിബിസിയും ഏകസ്വരത്തിൽ കന്യാസ്ത്രീമാർക്കൊപ്പം നിലകൊള്ളുകയും ക്രൈസ്തവ സഭ ഒന്നടങ്കം പ്രതിഷേധിക്കുകയും ചെയ്തു. എല്ലാ രൂപതകളിലും ശക്തമായ പ്രതിഷേധമാണുണ്ടായത്. സ്ത്രീകളടക്കം ആയിരങ്ങൾ തെരുവിലിറങ്ങി. വിവിധ ക്രൈസ്തവ സഭകളും പ്രതിഷേധത്തിൽ അണിനിരന്നു.
ഹൈദരാബാദിലും ബംഗളൂരുവിലുമെല്ലാം പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇതെല്ലാം ബിജെപി കേന്ദ്ര നേതൃത്വത്തെ സ്വാധീനിക്കുകതന്നെ ചെയ്തു.
പ്രധാനമന്ത്രി തന്റെ ദൂതനായി രാജീവ് ചന്ദ്രശേഖറെ സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെയും സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴ്ത്തിന്റെയും അടുക്കലേക്ക് അയച്ചത് ഇതിനാലാകണം. എത്രയുംപെട്ടെന്ന് കന്യാസ്ത്രീമാർക്ക് ജാമ്യം കിട്ടണം എന്ന നിലപാടിലേക്ക് ബിജെപിയെയും കേന്ദ്ര സർക്കാരിനെയും എത്തിക്കുന്നതിൽ ഈ പ്രതിഷേധങ്ങൾ വഴിവച്ചു.
പൊതുസമൂഹത്തിന്റെ നന്മ
അനീതിക്കെതിരേ പൊതുമനഃസാക്ഷി ഉണരുമെന്നും സത്യത്തിനും നീതിക്കുംവേണ്ടി ശബ്ദമുയർത്താൻ ഭയക്കാത്തവർ രാജ്യത്തെമ്പാടുമുണ്ടെന്നുംകൂടി തെളിയിക്കുന്നതായി ഛത്തീസ്ഗഡ് സംഭവം. പ്രതീക്ഷാനിർഭരമായ ഒരു അവസ്ഥയാണിത്.
മാധ്യമങ്ങളുടെ ജാഗ്രതയോടെയുള്ള ഇടപെടൽ ഇത്തരമൊരവസ്ഥ സൃഷ്ടിക്കുന്നതിൽ നിർണായകമായി. സന്യസ്തർ ലാഭേച്ഛയില്ലാതെ നടത്തുന്ന നിസ്വാർഥ സേവനങ്ങളെ തിരിച്ചറിയാനും ചർച്ചചെയ്യാനും ഇടനൽകിയതിലൂടെ രണ്ടു കന്യാസ്ത്രീകൾ സഹിച്ച യാതനകളും ത്യാഗങ്ങളും വൃഥാവിലായില്ല എന്നും സമാധാനിക്കാം.