ചുരത്തുന്നതത്രയും നഷ്ടക്കണക്കുകള്‍
Tuesday, September 9, 2025 12:34 AM IST
ക്ഷീണിക്കുന്ന ക്ഷീര ജീവിതം -1 / സിജോ പൈനാടത്ത്
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു ഞാൻ വേറെ പണി നോക്കും..!’’ഇടുക്കി നാരകക്കാനത്തെ ബോബി ജോസ് എന്ന കര്‍ഷകന്റെ ആത്മരോഷവും സങ്കടവും കലര്‍ന്ന വാക്കുകള്‍.
മക്കളിലൊന്നിനെപ്പോലെതന്നെ കരുതലോടും സ്നേഹത്തോടുംകൂടിയാണ് ബോബി ആ പശുവിനെയും വളര്‍ത്തിയത്. രാവിലെ 23 ലിറ്റര്‍ വരെ പാല് തന്ന പശുവാണ്. വൈകുന്നേരത്തേതു കൂടിയാകുമ്പോള്‍ 40 ലിറ്ററോളം പാല് കിട്ടിയിരുന്നു. കൃത്രിമ ബീജാ ധാനത്തിലെ (ആര്‍ട്ടിഫിഷല്‍ ഇന്സെമിനേഷന്) പ്രസവശേഷം കിട്ടിയത് എട്ടു ലിറ്റര്‍! അകിടുകള്‍ മൂന്നും പാല് ചുരത്താതായി. പശുവിന്റെ ആരോഗ്യവും പാലുത്പാദനശേഷിയും നന്നേ കുറഞ്ഞു.
സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കേരള ലൈവ്സ്റ്റോക്ക് ഡെവലപ്മെന്റ് ബോര്‍ഡ് (കെഎല്‍ഡിബി) വഴി കൃത്രിമ ബീജാ ധാനം നടത്തിയ പശുവാണ്. അകിടുവീക്കം ഉള്‍പ്പെടെ പല രോഗങ്ങള്‍ പിടിമുറുക്കിയതും രോഗപ്രതിരോധശേഷി കുറഞ്ഞതും പ്രതിസന്ധിയായി. ഒടുവില്‍ കിട്ടിയത് മൂന്നു ലിറ്റര്‍ പാല്.
മൂന്നു വര്‍ഷത്തെ പരിപാലനത്തിന് 80,000 രൂപയോളം ചെലവിട്ട പശുവിനെ സങ്കടത്തോടെയെങ്കിലും ബോബി 28,000 രൂപയ്ക്കു വിറ്റു...!
“കഞ്ഞി കുടിക്കാന്‍ വേറെ വക കിട്ടിയാല്‍ ഇനിയുള്ള നാലു പശുക്കളെക്കൂടി വിറ്റു വേറെ പണി നോക്കും..!’’അന്പത്തിയേഴുകാരനായ ഈ കര്‍ഷകന്റെ പരിഭവം ഒരു വ്യക്തിയിലൊതുങ്ങുന്നതാവില്ല. ചെറുപ്പം മുതലേ കന്നുകാലികളെ വളര്‍ത്തിയത് അതില്‍നിന്ന് അതിശയിക്കുന്ന വരുമാനം കിട്ടിയിട്ടല്ല. ബോബിയുടെതന്നെ വാക്കുകളില്‍, കുടുംബത്തിനു കഞ്ഞികുടിച്ചുപോകാന്‍ പറ്റുന്ന നല്ലൊരു മാര്‍ഗം, കാലികളോടുള്ള ഇഷ്ടം... ഇതു തന്നെയാണ് അതില്‍ തുടരാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.
പശുക്കളെ വളര്‍ത്തുന്നതിനു ഭാരിച്ച ചെലവ്, തീറ്റയ്ക്ക് അധികവില, പാലിന് ഉത്പാദന ച്ചെലവു പോലും കിട്ടാത്ത സ്ഥിതി, രോഗബാധ... പ്രതിസന്ധികള്‍ ഏറെയാണ്.
“ഈ പണി നഷ്ടത്തിന്റെ പണിയാണ്... കാലിവളര്‍ത്തലില്‍ ഇനിയിങ്ങനെ മുന്നോട്ടു പോകാന്‍ വയ്യ..!’’- ബോബി ആവലാതി മറച്ചുവയ്ക്കുന്നില്ല. ബോബി ഒരാളല്ല!
‘ഗോക്കളെ മേച്ചും കളിച്ചും ചിരിച്ചും കേളികളാടി’യതിനെക്കുറിച്ചുള്ള പഴയ സിനിമാഗാനത്തിലെ (സര്‍ഗം-യേശുദാസ്, കെ.എസ്. ചിത്ര) വരിപോലെ ഇപ്പോള്‍ അത്ര സന്തോഷകരമല്ല ഗോപരിപാലനം.
നാരകക്കാനത്തെ ബോബിയെന്ന ചെറുകിട കര്‍ഷകന്റെ കാലിത്തൊഴുത്തിലെ മാത്രമല്ല, കേരളത്തിലെ ഏതു ചെറുകിട കര്‍ഷകന്റെ ജീവിതത്തിലേക്കു യാത്ര നടത്തിയാലും സ്ഥിതി വ്യത്യസ്തമല്ല. കൃഷി പൊതുവേ നഷ്ടത്തിലാണെന്നു പറയേണ്ടിവരുന്ന പുതിയ കാലത്ത് കാലിവളര്‍ത്തലിനും പറയാന്‍ നഷ്ടക്കണക്കുകള്‍ മാത്രം. അപ്പോഴും മുന്‍തലമുറയില്‍ നിന്നു പകര്‍ന്നുകിട്ടിയ മനസിനിഷ്ടപ്പെട്ട പണിയെന്ന നിലയിലാണ് പലരും ഇതു തുടരുന്നത്.
നല്ല പാലില്‍ രാവിലെ വൃത്തിയായി ഒരു ചായ, അയല്പക്കങ്ങളിലും ചുറ്റുപാടുകളിലും മായം കലരാത്ത പാല് നല്‍കുന്നതിലെ സംതൃപ്തി. പശുവളര്‍ത്തലിനോടുള്ള പ്രിയത്തിന് കര്‍ഷകനു പറയാന്‍ ഇങ്ങനെയും ചില നാട്ടുവിശേഷങ്ങള്‍. കണികണ്ടുണരുന്ന നന്മയെന്ന പരസ്യവാചകവും കൊള്ളാം. അപ്പോഴും, ലാഭമില്ലെങ്കിലും നഷ്ടമില്ലാതെ ഈ പണി തുടരാനുള്ള സാഹചര്യം കേരളത്തിലുണ്ടോ?
ചെലവേറെ, വരവ് തുച്ഛം
സൂപ്പര്‍ മാര്‍ക്കറ്റില്‍നിന്നു 56 രൂപ നൽകി (നിലവിലെ വില) ഒരു ലിറ്റർ പാക്കറ്റ് പാല് വാങ്ങുമ്പോള്‍, അതുത്പാദിപ്പിക്കുന്ന ക്ഷീരകര്ഷകന് എത്ര രൂപ കിട്ടുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ശരാശരി 38-40 രൂപയാണ് പ്രാഥമിക സഹകരണ സംഘങ്ങളില്‍ പാല് നല്കുന്ന കര്‍ഷകനു കിട്ടുന്നത്. ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കുന്നതിനു ചെലവെത്രയെന്ന്, ആ പാല് ചായയാക്കിയും ഫ്രീസ് ചെയ്തു നവപാനീയങ്ങളാക്കിയും ആസ്വദിച്ചു കുടിക്കുന്ന നാം ആലോചിച്ചിട്ടുണ്ടോ? 60-65 രൂപയാണ് ചെലവെന്ന് ചെറുകിട കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. അങ്ങനെയെങ്കില്‍ കര്‍ഷകനു നഷ്ടം 20 രൂപയ്ക്കു മുകളില്‍?
ഏതൊരുത്പന്നവും വിപണിയിലെത്തുമ്പോള്‍, ഉത്പാദനകേന്ദ്രത്തില്‍നിന്ന് ഉപഭോക്താവ് വരെയുള്ള തലങ്ങളിലെല്ലാം ലാഭം ഉറപ്പാക്കും. പക്ഷേ പാലിന്റെ കാര്യത്തില്‍ പശുവിനെ പരിപാലിച്ചു വളര്‍ത്തി കറന്നു വില്‍ക്കുന്ന കര്‍ഷകനു കിട്ടുന്നതും വിപണിവിലയും തമ്മില്‍ തെല്ലും പൊരുത്തമില്ല.
കര്‍ഷകര്‍ പറയുന്ന ചെലവിന്റെ കണക്കുകള്‍ തത്കാലം മാറ്റിവയ്ക്കാം. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍ പരിശോധിക്കാം. കേരള സംസ്ഥാന ക്ഷീരവിപണന ഫെഡറേഷന്റെ 2019 ലെ കണക്കുകള്‍ പ്രകാരം ഒരു ലിറ്റര്‍ പാല് ഉത്പാദിപ്പിക്കാനുള്ള ചെലവ് 48.68 രൂപയാണ്. ഈ കണക്കുപ്രകാരം കര്‍ഷകനു നഷ്ടം ലിറ്ററിന് 15.01 രൂപ. ആറു വര്‍ഷം മുമ്പാണ് ഫെഡറേഷന് ഇത്തരമൊരു ശാസ്ത്രീയ പഠനം തയാറാക്കിയത്. അന്ന് ഒരു കിലോ കാലിത്തീറ്റയ്ക്ക് 23.40 രൂപയാണ് വിലയെങ്കില്‍, അഞ്ചു വര്‍ഷത്തിനുശേഷം അത് 32 രൂപയാണ്. ഇതുള്‍പ്പെടെ ഇപ്പോഴത്തെ ഉത്പാദനച്ചെലവിന്റെയും നഷ്ടത്തിന്റെയും അനുപാതം സ്വാഭാവികമായി ഉയര്‍ന്നിട്ടുണ്ട്.
നഷ്ടം തന്നെ നഷ്ടം!
ക്ഷീരവിപണന ഫെഡറേഷന്റെ 2019ലെ കണക്കുകള്‍ പ്രകാരം സങ്കരയിനം പശുവിന്റെ ശരാശരി ഉത്പാദനക്ഷമത പ്രതിദിനം പത്തു ലിറ്ററാണ്. ഈയിനത്തിലുള്ള പശുവിനെ കിട്ടാന്‍ ശരാശരി വിപണി വില 60,000 രൂപ. സമീകൃത കാലിത്തീറ്റയുടെ വില കിലോഗ്രാമിന് 23.40 രൂപ. വൈക്കോലിന് കിലോയ്ക്ക് എട്ടു രൂപ. പച്ചപ്പുല്ലിനും കൊടുക്കണം മൂന്നു രൂപ.
കൃത്രിമ ബീജസങ്കലനത്തിനു പശു ഒന്നിന് 150 രൂപ നല്‍കണം. (ചിലയിടങ്ങളില്‍ അതില്‍ കൂടുതല്‍ ചെലവാണെന്നു കര്‍ഷകര്‍). വെറ്ററിനറി മരുന്നുകള്‍ക്കും ഡോക്ടര്‍മാരുടെ ഫീസിനത്തിലും ഒരു പശുവിന് പ്രതിവര്‍ഷം 3,000 രൂപയിലധികം ചെലവഴിക്കേണ്ടിവരും.
ഒരു ക്ഷീരകര്ഷകന് ഒരു ദിവസത്തെ പണിക്കൂലി 660 രൂപയാണെന്നാണ് ഫെഡറേഷന് പറയുന്നത്.
ഒരു പശുവിനായി ഒരു മണിക്കൂര്‍ മാറ്റിവയ്ക്കേണ്ടിവരുന്ന കര്ഷകന് ഈയിനത്തില്‍ പണിക്കൂലി കണക്കാക്കുന്നത് 82.50 രൂപ.
പാലൊഴുകും ഭാരതം
ഇന്ത്യയിൽ എട്ടു കോടിയോളം ക്ഷീരകർഷകരുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ രേഖകൾ വ്യക്തമാക്കുന്നത്. ലോകത്താകെയുള്ള പാലുത്പാദനത്തിൽ 24.64 ശതമാനമാണ് ഇന്ത്യക്കുള്ളത്.
രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ആറു ശതമാനത്തിലധികം ക്ഷീരമേഖലയുടെ സംഭാവനയാണ്. രാജ്യത്തെ ആകെ കാർഷിക വരുമാനം പരിശോധിച്ചാൽ ക്ഷീരമേഖലയുടെ പങ്ക് 13-14 ശതമാനം വരും. രാജ്യത്തെ പാലിന്റെ പ്രതിശീർഷ ഉപഭോഗം പ്രതിദിനം 459 ഗ്രാമാണ്. എന്നാൽ ലോക ശരാശരി 322 ഗ്രാം മാത്രമാണുള്ളതെന്നും കണക്കുകൾ വ്യക്തമാക്കുന്നു.കണക്കുകൾ ഇങ്ങനെയൊക്കെയായിട്ടും കേരളത്തിലെ ക്ഷീരകർഷകരുടെ ബാലൻസ് ഷീറ്റിൽ ചുരത്തുന്നതത്രയും സങ്കടങ്ങളാണ്.
കൃഷിയിൽ മാത്രമല്ല, ഏതു മേഖലയിലും ഉത്പാദനച്ചെലവിനേക്കാൾ താഴെയാണ് ഉത്പന്നവിലയെങ്കിൽ, ഉത്പാദകൻ പിന്മാറുകയോ പുതുവഴി തേടുകയോ ചെയ്യും. കേരളത്തിലെ ക്ഷീരകർഷക മേഖലയിലുമുണ്ട് അങ്ങനെ മടുത്തു പിന്മാറിയ ആയിരക്കണക്കിന് ക്ഷീരകർഷകർ. അതിന്റെ കണക്കുകൾ കാർഷിക കേരളത്തെ ആശങ്കപ്പെടുത്തുന്നതാണ്. അതേക്കുറിച്ചു നാളെ.
ഒരു ലിറ്റര്‍ പാല്- ചെലവുകള്‍ ഇങ്ങനെ
വര്‍ഷത്തില്‍ 305 ദിവസം കറവക്കാലവും 105 ദിവസം ഡ്രൈ പിരീഡും കണക്കാക്കി
ഉത്പാദനച്ചെലവ്
1. സമീകൃത കാലിത്തീറ്റ- 19.49 രൂപ
2. വൈക്കോല്‍- 4.30 രൂപ
3. പുല്ല്- 9.41 രൂപ
4. മൃഗചികിത്സ, ബീജസങ്കലന ചെലവുകള്‍- 1.08 രൂപ
5. പണിക്കൂലി- 2.21 രൂപ
6. പലിശച്ചെലവ്- 2.21 രൂപ
7. ഇന്‍ഷ്വറന്‍സ് പ്രീമിയം- 1.10 രൂപ
ആകെ ചെലവ് (ഒരു ലിറ്റര്‍ പാലിന്)- 48.68 രൂപ.
(തുടരും)