പശുവിനെ വളർത്തി ശാന്തിക്കാരനായ ബിരുദധാരിയുടെ കഥ!
Wednesday, September 10, 2025 2:23 AM IST
ക്ഷീണിക്കുന്ന ക്ഷീര ജീവിതം-2/ സിജോ പൈനാടത്ത്
പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രി പൂർത്തിയാക്കിയ ഘട്ടത്തിൽ, ഉപരിപഠനത്തിനു പോകാൻ അഭിജിത് കാളിദാസിനെ പലരും ഉപദേശിച്ചതാണ്. പോയില്ല. മടികൊണ്ടല്ല; പശുവളർത്തലിനോടു വല്ലാത്ത ഇഷ്ടം. അതിലൂടെ ജീവിതം ക്രമപ്പെടുത്താനാകുമെന്ന പ്രതീക്ഷയും. അതായിരുന്നു പഠനവഴിയിൽനിന്ന് 21-ാം വയസിൽ ക്ഷീരപദത്തിലേക്കു ശ്രദ്ധ തിരിക്കാൻ പ്രചോദനം.
പത്തനംതിട്ട കുറ്റൂർ സ്വദേശിയായ അഭിജിത് കടംവാങ്ങിയ പണംകൊണ്ട് ആദ്യം നാലു പശുവിനെ വാങ്ങി. ക്രമേണ പശുക്കളുടെ എണ്ണം കൂട്ടി, വരുമാനവും. 22 പശുക്കളുടെ ഉടമയായി അഭിജിത് മാറിയത് വേഗത്തിലായിരുന്നു. വീടിനോടു ചേർന്നുള്ള ഫാമിൽനിന്നു രാവിലെ മാത്രം കറന്നെടുത്തത് 230-250 ലിറ്റർ പാൽ. പ്രാദേശിക വിൽപ്പനയ്ക്കുശേഷമുള്ള പാൽ മിൽമയ്ക്ക്. പശുക്കളും അഭിജിത്തും ഹാപ്പി!
വർഷം നാലു കഴിഞ്ഞപ്പോഴേക്കും പശുവളർത്തലിലെ ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടാതായി. ഫാമിൽനിന്ന് അഴിച്ചുകെട്ടാൻ വേറെ സ്ഥലമില്ല. പുല്ല് കിട്ടാനില്ല. തമിഴ്നാട്ടിൽനിന്ന് നേരിട്ടു ചോളം ഇറക്കിയെങ്കിലും ചെലവധികമായതിനാൽ തുടരാനായില്ല.
പശുക്കളെ പരിപാലിക്കാനുള്ള ചെലവേറിയതും അവയ്ക്ക് രോഗങ്ങളും മറ്റു ബുദ്ധിമുട്ടുകളും പിടിമുറുക്കിയതും പ്രതിസന്ധിയായി.
കൊടുക്കുന്പോൾ 28, വാങ്ങുന്പോൾ 45
കുറ്റൂർ ക്ഷീരോത്പാദക സഹകരണ സംഘത്തിൽ 2016-18ൽ പാൽ അളന്നിരുന്ന അഭിജിത്തിന് മിൽമ അന്നു കൊടുത്തത് ലിറ്ററിന് പരമാവധി 28 രൂപ. അഭിജിത്ത് അളന്ന പാൽ പിന്നാലെ വരുന്ന ഉപഭോക്താവിന് മിൽമ കൊടുത്തത് 45 രൂപയ്ക്ക്! ഇതെങ്ങനെ ശരിയാകുമെന്നാണ് അഭിജിത്തിന്റെ ചോദ്യം.
പലയിടത്തും ചോദ്യമുന്നയിച്ചെങ്കിലും കുറ്റൂരിൽ മാത്രമല്ല, കേരളമെങ്ങും അന്നു ക്ഷീരകർഷകന് കിട്ടിയ തുക 28 കടന്നില്ല! സംഘത്തിൽ വാങ്ങാൻ വന്നവർക്ക് 45 രൂപയിൽ കുറച്ച് പാൽ കിട്ടിയതുമില്ല!
സങ്കടത്തിരുവോണം
കാത്സ്യത്തിന്റെ കുറവും രോഗങ്ങളും മൂലം മൂന്നു പശുക്കൾ ചത്തു. പശു വീണാൽ അന്ന് മൃഗഡോക്ടറെ കിട്ടാൻ ഭാഗ്യംകൂടി വേണമെന്ന് അഭിജിത്.
2016ൽ തിരുവോണനാൾ അഭിജിത്തിനു മറക്കാനാവില്ല. ഉത്രാടരാത്രിയിൽ വീണ പശുവിനെ പരിശോധിക്കാൻ ഡോക്ടർമാർക്കായി അഭിജിത് അന്ന് ഓടാത്ത ഇടങ്ങളില്ല. ആരും തിരിഞ്ഞുനോക്കിയില്ല. തിരുവോണനാളിൽ രാവിലെ പശു ചത്തു.
ഒരു ലക്ഷം രൂപയിലധികം ചെലവഴിച്ചു തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്ന പശുവാണ്. പരിപാലിക്കാനും ആയിരക്കണക്കിനു രൂപ ചെലവഴിച്ചു. പെട്ടെന്നൊരു നാൾ! അതേക്കുറിച്ചു പറയുന്പോൾ അഭിജിത്തിനു വാക്കുകൾ ഇടറുന്നു.
കടം കയറിയ തൊഴുത്ത്!
സബ്സിഡി ഉറപ്പാക്കാൻവേണ്ടിയാണു തമിഴ്നാട്ടിൽനിന്ന് ഒന്നിന് 1.10 ലക്ഷം രൂപയിലധികം കൊടുത്ത് അഭിജിത് പശുക്കളെ കൊണ്ടുവന്നത്. നാട്ടിലെത്തിച്ചാൽ ഇവിടത്തെ കാലാവസ്ഥയും അനുബന്ധപ്രശ്നങ്ങളും പശുവിനെ അലട്ടുന്നതു പതിവായി. പലരിൽനിന്നായി കടം വാങ്ങിയാണു പലപ്പോഴും പശുവിനെ വാങ്ങിയത്. വരുമാനം കുറഞ്ഞതും ചെലവേറിയതും ഏതാനും പശുക്കൾ ചത്തതുമെല്ലാം മനസ് മടുപ്പിച്ചെന്ന് അഭിജിത്.
കാര്യങ്ങൾ കൈവിട്ടുപോകുന്ന ഘട്ടമെത്തി. ഇഷ്ടപ്പെട്ടു ചെയ്തുതുടങ്ങിയ, ഏഴു വർഷത്തിലധികം മുന്നോട്ട് കൊണ്ടുപോയ പശുവളർത്തലിൽനിന്ന് അഭിജിത് പിൻവാങ്ങാൻ തീരുമാനിച്ചു. ആ തീരുമാനമെടുത്തപ്പോഴേക്കും പശുവളർത്തലിലൂടെ അഭിജിത്തിനുണ്ടായ ബാധ്യതയുടെ കണക്ക് ഒന്പതു ലക്ഷം രൂപ പിന്നിട്ടിരുന്നു...!
പശുവിനെ വിട്ടു, അനന്തരം ശാന്തി...
ബിരുദത്തിളക്കത്തിൽ പശുവിനെ വളർത്താൻ തൊഴുത്തിൽ കയറിയ അഭിജിത് കാളിദാസ്, ഇപ്പോൾ അതെല്ലാം വിട്ട് അക്ഷരാർഥത്തിൽ ശാന്തിമാർഗത്തിലാണ്! ഇപ്പോൾ സമീപത്തെ അന്പലത്തിലെ ശാന്തിക്കാരനാണ് അഭിജിത്. ഒപ്പം, സ്വകാര്യ ഫൈനാൻസ് സ്ഥാപനത്തിൽ പാർട്ട് ടൈം ഫീൽഡ് വർക്കും.
ഏറെ ഇഷ്ടപ്പെട്ടിരുന്നതാണെങ്കിലും ഇന്ന് പേരിനുപോലും ഒരു പശുവിനെ വളർത്തുന്നില്ല. ഇനി ആ വഴിക്കില്ലെന്ന് ഉറപ്പിച്ചു പറയുന്നു, 32കാരനായ അഭിജിത്.
കാലികൾ കുറഞ്ഞു, വളർത്തുന്നവരും
സംസ്ഥാനത്ത് കന്നുകാലികളുടെ എണ്ണത്തിൽ ഓരോ വർഷവും കുറവുണ്ടാകുന്നതായി സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. മൃഗസംരക്ഷണവകുപ്പിന്റെ 2024 ലെ ലൈവ്സ്റ്റോക് സെൻസസ് (പൂർത്തിയായത് 2025 ഏപ്രിലിൽ) പ്രകാരം സംസ്ഥാനത്തു കാലികളുടെ എണ്ണത്തിൽ 32.15 ശതമാനം കുറവുണ്ടായെന്നു കണ്ടെത്തിയിട്ടുണ്ട്. 2019ലെ സെൻസസുമായി താരതമ്യം ചെയ്തുള്ള കണക്കാണിത്.
2019ൽ കേരളത്തിൽ 13,41,996 കന്നുകാലികളാണുണ്ടായിരുന്നു. ഇപ്പോൾ ഇത് 9,10,556ലേക്കെത്തി. എല്ലാ ജില്ലകളിലും കന്നുകാലികളുടെ എണ്ണം കുറഞ്ഞെന്നു ലൈവ് സ്റ്റോക്ക് സെൻസസ് രേഖകൾ വ്യക്തമാക്കുന്നു.
പശുവളർത്തലും ക്ഷീരകർഷകരും വലിയ തോതിൽ ഉണ്ടായിരുന്ന ഇടുക്കി ജില്ലയിൽ അഞ്ചു വർഷത്തിനിടെ കാലികളുടെ എണ്ണത്തിലുണ്ടായ കുറവ് 42.05 ശതമാനമാണ്. 2019ൽ 97,395 കന്നുകാലികളുണ്ടായിരുന്ന ഇടുക്കിയിൽ ഇപ്പോഴുള്ളത് 56,444 എണ്ണം മാത്രം. ക്ഷീരമേഖലയിൽ കർഷകരെ പിടിച്ചുനിർത്താനുള്ള സർക്കാരിന്റെ പദ്ധതികൾക്കെന്തു പറ്റി? അതേക്കുറിച്ചു നാളെ.

കന്നുകാലികൾ കുറയുന്നത് എന്തുകൊണ്ട്?
☛ ഉത്പാദനച്ചെലവിനനുസരിച്ച് പാലിന് വില ലഭിക്കുന്നില്ല.
☛ ചെറുകിട ക്ഷീരകർഷകരിൽ പലരും പശുവളർത്തൽ ഉപേക്ഷിച്ചു.
☛ പുതിയ തലമുറയ്ക്കു താത്പര്യക്കുറവ്.
☛ കടുത്ത വേനലിൽ പശുക്കൾക്ക് ജീവഹാനി.
☛ കാലിത്തീറ്റ വിലയിൽ വർധന.
☛ പച്ചപ്പുല്ലും വയ്ക്കോലും ലഭിക്കാൻ ബുദ്ധിമുട്ട്.
☛ കാലികളിലെ രോഗബാധകൾ.
☛ ക്ഷീരകർഷക സൗഹൃദപദ്ധതികളുടെ അഭാവം.
(തുടരും)