ഉദയസൂര്യനായ് സി.പി. രാധാകൃഷ്ണൻ
ജോർജ് കള്ളിവയലിൽ
Wednesday, September 10, 2025 2:31 AM IST
ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ എന്ന സി.പി. രാധാകൃഷ്ണൻ ഇനി ഇന്ത്യയുടെ ഉപരാഷ്ട്രപതി. സിപിആർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന 68 വയസുള്ള രാധാകൃഷ്ണൻ ഭാവിയിൽ രാഷ്ട്രപതിസ്ഥാനത്തേക്കെത്തിയാലും അദ്ഭുതപ്പെടാനില്ല.
കേരളത്തിന്റെ പ്രിയമിത്രം
കേരളത്തിന്റെയും മലയാളികളുടെയും പ്രിയസുഹൃത്താണ് തമിഴ്നാട്ടിലെ തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ. എറണാകുളത്ത് കയർ ബോർഡിന്റെ ചെയർമാനായി നാലു വർഷം തിളങ്ങി. 2016 മുതൽ 2020 വരെ കൊച്ചിയും കോയന്പത്തൂരും ചെന്നൈയും ഡൽഹിയും കേന്ദ്രീകരിച്ചായിരുന്നു രാധാകൃഷ്ണന്റെ പ്രവർത്തനം. ഇന്ത്യയിൽനിന്നുള്ള കയർ കയറ്റുമതി അക്കാലത്തെ റിക്കാർഡായ 2,532 കോടി രൂപയിലെത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ്. 2020 മുതൽ 2022 വരെ അദ്ദേഹം ബിജെപിയുടെ കേരളത്തിലെ അഖിലേന്ത്യാ ചുമതലക്കാരനുമായിരുന്നു. കോയന്പത്തൂരും തിരുപ്പൂരുമായുള്ള അടുപ്പത്തേക്കാളേറെയായിരുന്നു രാധാകൃഷ്ണന്റെ കേരള ബന്ധം.
എന്നും കളികളിലെ കേമൻ
മികച്ചൊരു കായികതാരംകൂടിയാണ് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദമുള്ള രാധാകൃഷ്ണൻ. ക്രിക്കറ്റും വോളിബോളും ഇഷ്ടമുള്ള രാധാകൃഷ്ണൻ കോളജ് പഠനകാലത്ത് ടേബിൾ ടെന്നീസ് ചാന്പ്യനും ദീർഘദൂര ഓട്ടക്കാരനുമായിരുന്നു. ഏതായാലും കായികരംഗത്തെ മെയ്വഴക്കവും ദീർഘദൂര ഓട്ടത്തിലെ സ്റ്റാമിനയും ബിസിനസ് അഡ്മിനിസ്ട്രേഷനിലെ മികവും രാഷ്ട്രീയത്തിലും പ്രയോജനപ്പെട്ടു. കോയന്പത്തൂരിലെ ചിദംബരം കോളജിലായിരുന്നു ബിബിഎ പഠനം. നലംതികഞ്ഞ ആർഎസ്എസുകാരനും ബിജെപിയുടെ ദക്ഷിണേന്ത്യയിലെ പ്രബലനുമായതിനാൽ രാധാകൃഷ്ണനെ തെരഞ്ഞെടുക്കാൻ നേതൃത്വത്തിനു പ്രയാസമുണ്ടായില്ല.
രാഷ്ട്രീയ എതിരാളികളോടുപോലും സൗഹാർദപരമായി പെരുമാറുന്ന രാധാകൃഷ്ണൻ രണ്ടു തവണ എംപിയും രണ്ടു പ്രബല സംസ്ഥാനങ്ങളിൽ ഗവർണറുമായിരുന്നു. അപ്രതീക്ഷിത പദവികൾ എന്നും തേടിയെത്തിയിട്ടുള്ള അദ്ദേഹത്തിന്, ഇത്തവണ ഉപരാഷ്ട്രപതിസ്ഥാനം കൈവന്നതും തികച്ചും അപ്രതീക്ഷിതമായിത്തന്നെ.
മുൻഗാമികളുടെ ശോഭയിൽ
രാജ്യസഭാ ചെയർമാന്റെ അധികചുമതല കൂടിയുള്ള ഉപരാഷ്ട്രപതിക്കു രാജ്യസഭയിലെ പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുക്കാൻ കഴിയുകയെന്നതു പ്രധാനമാണ്. പ്രഗത്ഭരായ മുൻ ഉപരാഷ്ട്രപതിമാരെപ്പോലെ പ്രവർത്തിക്കാൻ രാധാകൃഷ്ണനു കഴിയുമെന്നു പ്രതീക്ഷിക്കാം. വെങ്കയ്യ നായിഡു, ഹമീദ് അൻസാരി, കെ.ആർ. നാരായണൻ, ശങ്കർദയാൽ ശർമ, ആർ. വെങ്കിട്ടരാമൻ, വി.വി. ഗിരി, സക്കീർ ഹുസൈൻ, എസ്. രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള മുൻഗാമികളെപ്പോലെ പക്വതയോടെയും വിവേകത്തോടെയും മാന്യതയോടെയും ചട്ടങ്ങളും കീഴ്വഴക്കങ്ങളും പാലിച്ച് രാജ്യസഭ നിയന്ത്രിക്കുകയെന്നതാണു പ്രധാനം.
ഒന്നര വർഷത്തോളം ജാർഖണ്ഡിലും തുടർന്നു കഴിഞ്ഞവർഷം ജൂലൈ 31 മുതൽ മഹാരാഷ്ട്രയിലും ഗവർണറായിരുന്ന രാധാകൃഷ്ണൻ ആർഎസ്എസിനും ബിജെപിക്കും പ്രിയപ്പെട്ടവനായിരുന്നു. എന്നാൽ, സംസ്ഥാന സർക്കാരുകൾക്കു കാര്യമായ തലവേദന സൃഷ്ടിച്ചതുമില്ല. ജാർഖണ്ഡ് ഗവർണറായിരിക്കെ തെലുങ്കാന ഗവർണറുടെയും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറുടെയും അധികച്ചുമതലയുമുണ്ടായിരുന്നു. എംപി, ഗവർണർ തുടങ്ങിയ പദവികളിലെ പരിചയവും സിപിആറിന് കരുത്തേകും.
ജനാധിപത്യത്തിന്റെ വിജയം
‘സമർപ്പണം, വിനയം, ബുദ്ധിശക്തി’ എന്നിവയാൽ വ്യത്യസ്തനാണ് രാധാകൃഷ്ണൻ എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടത്. ഏതായാലും നിരവധി പ്രമുഖരെ പരിഗണിച്ച ശേഷമാണു പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയും ചേർന്നു രാധാകൃഷ്ണനെ എൻഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാർഥിയാക്കിയത്. ബിജെപിക്കുള്ളിൽ അസാധാരണമായ ഉയർച്ചയാണെങ്കിലും സിപിആറിന് അർഹതപ്പെട്ട പദവി തേടിയെത്തുകയായിരുന്നു.
പരാജയം ഉറപ്പായിരുന്നെങ്കിലും ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ കഴിഞ്ഞുവെന്നതിൽ സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി മുൻ സുപ്രീം കോടതി ജഡ്ജി ബി. സുദർശൻ റെഡ്ഡിക്ക് അഭിമാനിക്കാം. മാന്യമായ മത്സരങ്ങളാണു ജനാധിപത്യത്തിന്റെ ശക്തി. സുദർശൻ റെഡ്ഡിയെപ്പോലെ രാജ്യമെങ്ങും സഞ്ചരിച്ചു വിപുലമായ പ്രചാരണം നടത്താൻ രാധാകൃഷ്ണനെ ബിജെപി നേതൃത്വം അനുവദിച്ചില്ലെന്ന പ്രതിപക്ഷ ആക്ഷേപം ബാക്കിയാകും.
രഥയാത്രയിലൂടെ തലപ്പത്ത്
1957 മേയ് നാലിനു തിരുപ്പൂരിൽ ജനിച്ച രാധാകൃഷ്ണൻ ആർഎസ്എസ് സ്വയംസേവകനായാണു തുടങ്ങിയത്. ആർഎസ്എസിന്റെ തിരുപ്പൂർ ടൗണ് മേധാവിയും ജില്ലാ മേധാവിയുമായിരുന്നു. 1974ൽ ഭാരതീയ ജനസംഘത്തിന്റെ തമിഴ്നാട് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായി. 1996ൽ തമിഴ്നാട്ടിലെ ബിജെപിയുടെ സെക്രട്ടറിയായി നിയമിച്ചതോടെ ബിജെപിക്കും രാധാകൃഷ്ണനും നല്ലകാലം തുടങ്ങി. 1998ൽ ലോക്സഭാംഗമായതോടെ ദേശീയ ശ്രദ്ധയിലെത്തി.
2004ൽ ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റായി രാധാകൃഷ്ണനെ കേന്ദ്ര നേതൃത്വം നിയമിച്ചു. മൂന്നു വർഷം നീണ്ട ഈ കാലയളവിൽ സിപിആർ നടത്തിയ 93 ദിവസത്തെ 19,000 കിലോമീറ്റർ ‘രഥയാത്ര’ ബിജെപിക്ക് പുത്തനുണർവ് നൽകി. ഇന്ത്യയിലെ എല്ലാ നദികളെയും ബന്ധിപ്പിക്കുകയെന്നതു മുതൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുക വരെയായിരുന്നു രഥയാത്രയിലെ ആവശ്യങ്ങൾ. പിന്നീടു രണ്ടു പദയാത്രകൾകൂടി അദ്ദേഹം നടത്തിയിട്ടുണ്ട്.
കോയന്പത്തൂർ സ്ഫോടനം
അണ്ണാ ഡിഎംകെ സഖ്യത്തിൽ 1998ൽ കോയന്പത്തൂരിൽനിന്നാണ് ആദ്യമായി രാധാകൃഷ്ണൻ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. എൽ.കെ. അഡ്വാനിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കോയന്പത്തൂരിലുണ്ടായ ബോംബ് സ്ഫോടന പരന്പര ഫലത്തിൽ സിപിആറിനു ഗുണകരമായി. 58 പേർ കൊല്ലപ്പെട്ട സ്ഫോടനങ്ങൾ കോയന്പത്തൂരിൽ ഹിന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിൽ കലാശിച്ചു. 1,44,676 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തോടെയാണു വിജയിച്ചത്. ഇത് അദ്ദേഹത്തിന്റെ ആദ്യ തെരഞ്ഞെടുപ്പുവിജയം മാത്രമല്ല, തമിഴ്നാട്ടിൽ ബിജെപിയുടെ ആദ്യത്തെ പ്രധാന മുന്നേറ്റവുമായിരുന്നു.
തോൽവിയിലും തളരാതെ
കേന്ദ്രത്തിലെ വാജ്പേയി മന്ത്രിസഭ രാജിവയ്ക്കേണ്ടിവന്നതോടെ 1999ൽ വീണ്ടും നടന്ന തെരഞ്ഞെടുപ്പിൽ കോയന്പത്തൂരിൽനിന്നു രണ്ടാമതും ലോക്സഭാംഗമായി. എംപിയായിരിക്കെ ടെക്സ്റ്റൈൽസിനായുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾക്കായുള്ള പാർലമെന്ററി കമ്മിറ്റിയിലും ധനകാര്യ കണ്സൾട്ടേറ്റീവ് കമ്മിറ്റിയിലും സ്റ്റോക്ക് എക്സ്ചേഞ്ച് കുംഭകോണം അന്വേഷിച്ച പ്രത്യേക പാർലമെന്ററി കമ്മിറ്റിയിലും അദ്ദേഹം അംഗമായിരുന്നു.
2004, 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ സിപിആർ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. അണ്ണാ ഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ബിജെപിക്ക് 2004ൽ തമിഴ്നാട്ടിൽ ഒരു സീറ്റുപോലും നേടാനായില്ല. 2006ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 225 മണ്ഡലങ്ങളിൽ ഒറ്റയ്ക്കു മത്സരിച്ചപ്പോഴും ബിജെപി വട്ടപ്പൂജ്യമായതു സമീപകാല ചരിത്രം. തുടർതോൽവികളിലും പക്ഷേ സിപിആർ നിരാശനായില്ല.
ധൻകറുടെ വീഴ്ച അവസരമായി
കഴിഞ്ഞ ജൂലൈയിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് അപ്രതീക്ഷിതമായി പുറത്തു പോയതിന്റെ പൂർണരഹസ്യം ഇനിയും പുറത്തുവന്നിട്ടില്ല. സജീവമായി രാജ്യസഭയെ നിയന്ത്രിച്ചശേഷം രാത്രി ഒന്പതു മണിയോടെ രാജിവയ്ക്കാൻ നിർബന്ധിതനായ ധൻകറിന്റെ ഗതികേട്, ചരിത്രത്തിൽ മുന്പൊരു ഉപരാഷ്ട്രപതിക്കും ഉണ്ടായിട്ടില്ല. തികച്ചും ഏകപക്ഷീയമായി പ്രവർത്തിച്ച ധൻകറിനെതിരേ പ്രതിപക്ഷം ഇംപീച്ച്മെന്റ് നോട്ടീസ് നൽകിയതും അത്യപൂർവമായി.
ധൻകറുടെ രാജിക്കത്തിൽ പറയുന്ന ‘ആരോഗ്യകാരണങ്ങൾ’ ആകില്ല അദ്ദേഹത്തെ രാജിയിലേക്കു നയിച്ചതെന്നു വ്യക്തം. ഒഴിയുന്നതിനു മുന്പായി വിടവാങ്ങൽ പ്രസംഗം നടത്താനോ രാജിയുടെ കാരണം പാർലമെന്റിനോടും രാജ്യത്തോടും വിശദീകരിക്കാനോ ഉള്ള അവസരം പോലും അദ്ദേഹത്തിനു നിഷേധിക്കപ്പെട്ടു.
ജസ്റ്റീസ് വർമയുടെ ദുരൂഹത
ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരായി രാജ്യസഭയിൽ പ്രതിപക്ഷം മാത്രം ഒപ്പിട്ടു നോട്ടീസ് നൽകിയ ഇംപീച്ച്മെന്റ് പ്രമേയം സർക്കാരിനോട് ആലോചിക്കാതെ സ്വീകരിച്ചതായി പ്രഖ്യാപിച്ചത് ധൻകറിന്റെ കസേര തെറിച്ചതിൽ ഒരു പ്രധാന കാരണം മാത്രമാകും. മോദിക്കും ഷായ്ക്കും രുചിക്കാത്ത മറ്റെന്തൊക്കെയോ കാരണങ്ങളും ധൻകറിനു വിനയായിരിക്കും. ചാക്കിൽ കെട്ടി സൂക്ഷിച്ചിരുന്ന കണക്കിൽപ്പെടാത്ത 15 കോടിയോളം രൂപയുടെ കറൻസി ജഡ്ജിയുടെ ഔദ്യോഗിക വസതിയിൽനിന്നു കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര പോലീസ് ഇതേവരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തതും ഇംപീച്ച്മെന്റ് പ്രമേയം പാസാക്കാതെ പാർലമെന്റ് പിരിഞ്ഞതുമൊക്കെ ഇതിന്റെ ബാക്കിപത്രമാണ്. ഡൽഹി ഹൈക്കോടതിയിൽനിന്ന് അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റപ്പെട്ട വർമ ജോലി ചെയ്യാതെ ശന്പളം പറ്റുന്നതു തുടരുകയും ചെയ്യുന്നു.
പ്രതീക്ഷയാകുന്ന സ്വീകാര്യത
‘ഒരു വെടിക്കു പല പക്ഷികൾ’ എന്നതാണു സിപിആറിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് ഉയർത്തിയതിലൂടെയുള്ള ബിജെപി തന്ത്രം. അടുത്തവർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യുകയാണ് ഒരു ലക്ഷ്യം.
കോയന്പത്തൂർ, തിരുപ്പൂർ, ഈറോഡ്, നാമക്കൽ, സേലം ജില്ലകൾ ഉൾപ്പെടുന്ന കൊങ്കു മേഖലകളിലെ പിന്തുണ ആർജിക്കുന്നതിന് സിപിആറിന്റെ ജാതിസ്വത്വവും രാഷ്ട്രീയ, സംഘ പശ്ചാത്തലവും പ്രയോജനപ്പെടുമെന്നു ബിജെപി കരുതുന്നു. കൊങ്കു വെള്ളാള ഗൗണ്ടർ സമുദായത്തിൽപെട്ടയാളാണ് സിപിആർ.
ആർഎസ്എസിലും ജനസംഘത്തിലും ബിജെപിയിലും സംഘടനാതലങ്ങളിൽ സജീവമായിരുന്നു സിപിആർ.
പാർലമെന്റ് അംഗം എന്ന നിലയിലുള്ള അനുഭവപരിജ്ഞാനവും കൂറും മുഖ്യഘടകമാണ്. ഉപരാഷ്ട്രപതിയെന്ന നിലയിലും രാജ്യസഭാ ചെയർമാന് എന്ന നിലയിലും മോദി- ഷാ നേതൃത്വത്തിനും ബിജെപിക്കും ആർഎസ്എസിനും തികച്ചും വിശ്വസ്തൻ.
തമിഴ്നാട് രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും നാലു പതിറ്റാണ്ടിലേറെ പരിചയസന്പത്തുള്ള രാധാകൃഷ്ണൻ പൊതുവേ സ്വീകാര്യനും ആദരണീയനുമാണ്. ഇതുതന്നെയാണ് പുതിയ ഉപരാഷ്ട്രപതിയെക്കുറിച്ചുള്ള രാജ്യത്തിന്റെ വലിയ പ്രതീക്ഷ.