അമീബയും മസ്തിഷ്കജ്വരവും
ഡോ. സോഷിന നാഥൻ
Friday, September 19, 2025 12:20 AM IST
കേരളത്തിൽ അപൂർവവും അതീവ അപകടകരവുമായ ഒരു അണുബാധ വ്യാപിക്കുകയാണ്. അമീബിക് മെനിൻജോ എൻസെഫലൈറ്റിസ് എന്നറിയപ്പെടുന്ന ഈ രോഗം കുളങ്ങൾ, തടാകങ്ങൾ, നദികൾ, കിണറുകൾ പോലുള്ള ജലസ്രോതസുകളിൽ കാണപ്പെടുന്ന സൂക്ഷ്മജീവികളായ അമീബകൾ മൂലമാണ് ഉണ്ടാകുന്നത്. അതീവ തീവ്രതയുള്ള ഈ രോഗത്തെ ശരിയായ അറിവും മുൻകരുതലുകളും ഉണ്ടെങ്കിൽ തടയാൻ കഴിയും.
കേരളത്തിൽ സംഭവിക്കുന്നത്...
രോഗം സ്ഥിരീകരിച്ച 69 കേസുകളും 19 മരണങ്ങളും 2025ൽ മാത്രം കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ വർധനയാണ് കാണിക്കുന്നത്. ആഗോളതലത്തിൽ ഈ രോഗത്തിന്റെ മരണനിരക്ക് ഏകദേശം 97% ആണെങ്കിലും, കേരളത്തിൽ ഇത് 24% ആണ്. അതിന്റെ കാരണം വേഗത്തിലുള്ള രോഗനിർണയവും മെച്ചപ്പെട്ട ചികിത്സാരീതികളുമാണ്. ഓഗസ്റ്റിൽ മരിച്ച എട്ടു വയസുള്ള പെൺകുട്ടിയുടെ രണ്ടു സഹോദരങ്ങൾക്ക് രോഗം ഭേദമായി എന്നത് ആശ്വാസകരമായ വാർത്തയാണ്.
പ്രശ്നം ഗുരുതരമാകുന്നത്...
ഉയരുന്ന താപനിലയും മലിനജലവുമാണ് പ്രശ്നം കൂടുതൽ ഗുരുതരമാക്കുന്നത്. അമീബകൾ ഉയർന്ന താപനിലയുള്ള വെള്ളത്തിൽ ജീവിക്കാൻ സജ്ജരായ സൂക്ഷ്മജീവികളാണ്. പ്രകൃതിദത്തമായി വെള്ളത്തിൽ കാണപ്പെടുന്ന ബാക്ടീരിയയും ആൽഗെയുമാണ് ഇവയുടെ പ്രധാന ഭക്ഷണം. കേരളത്തിലെ ജലാശയങ്ങളിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലായാണു കാണപ്പെടുന്നത്. ഇതു മലിനജലത്തിന്റെ സൂചനയാണ്. ഈ സാഹചര്യങ്ങൾ അമീബകൾക്കു വളരാൻ അനുയോജ്യമായ അന്തരീക്ഷം ഒരുക്കുന്നു.
രോഗം പകരുന്നത്
പിഎഎം പിടിപെടുന്നത് മലിനജലം മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുമ്പോഴാണ്. സാധാരണയായി കുളങ്ങളിലും തടാകങ്ങളിലും ശുദ്ധീകരിക്കാത്ത പൂളുകളിലും മറ്റും കുളിക്കുമ്പോഴാണ് ഇത് സംഭവിക്കുന്നത്. അമീബ നാസാദ്വാരത്തിലൂടെ പ്രവേശിച്ചു മസ്തിഷ്കത്തിൽ എത്തിച്ചേർന്നു തലച്ചോറിന്റെ കോശങ്ങൾ ഭക്ഷിക്കുകയും തലച്ചോറിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുകയും ചെയുന്നു.
ജിഎഇയിൽ, അമീബകൾ ശ്വാസകോശത്തിലൂടെ (അന്തരീക്ഷത്തിൽ കാണപ്പെടുന്ന പൊടിപടലങ്ങൾ വഴി) അല്ലെങ്കിൽ ശരീരത്തിലെ മുറിവുകളിലൂടെ പ്രവേശിക്കുന്നു. പ്രത്യേകിച്ച് പ്രതിരോധശക്തി കുറവുള്ളവരിൽ. ഇവ രക്തം വഴി മസ്തിഷ്കത്തിൽ എത്തുകയും മന്ദഗതിയിൽ തലച്ചോറിന്റെ പ്രവർത്തനങ്ങൾ തകരാറിലാക്കുകയും ചെയുന്നു.
മറ്റൊരാളിലേക്കു പകരില്ല
ഈ രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്കു പകരുന്നില്ല. മലിനജലം കുടിക്കുന്നതു സാധാരണയായി അപകടകരമല്ല. കാരണം, അമീബകൾ വയറ്റിലെ ആസിഡുകൊണ്ട് നശിക്കുന്നു. പിഎഎം, മൂക്കിലൂടെ വെള്ളം ശക്തിയായി പ്രവേശിക്കുമ്പോഴാണ് അപകടം. ജിഎഇയും മറ്റൊരാളിലേക്കു പകരുന്നില്ല. ഇത് പരിസ്ഥിതിയിൽനിന്നുള്ള പൊടി, മണ്ണ്, അല്ലെങ്കിൽ ത്വക്കിലൂടെയാണു പകരുന്നത്.
ഇതു ഭയപ്പെടേണ്ട സമയമല്ലെങ്കിലും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഈ രോഗാവസ്ഥയുടെ കാരണം സൂക്ഷ്മമായതായിരിക്കാം. എന്നാൽ, അനന്തരഫലങ്ങൾ അതീവ ഗുരുതരമാണ്. ലളിതമായ മുൻകരുതലുകൾ സ്വീകരിച്ച്, അറിവോടെ പ്രവർത്തിച്ചാൽ, ഈ അപകടം തടയാനും നമ്മുടെ സമൂഹത്തെ സംരക്ഷിക്കാനും കഴിയും.
(കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളജിലെ സുവോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖിക)
അമീബയുമായി ബന്ധപ്പെട്ട മസ്തിഷ്ക അണുബാധ രണ്ടു വിധം
പ്രൈമറി അമീബിക് മെനിൻജോഎൻസെഫലൈറ്റിസ് (പിഎഎം): നീഗ്ലേറിയ ഫൗലെറി എന്ന അമീബയാണ് ഈ രോഗത്തിനു കാരണം. ‘ബ്രെയിൻ ഈറ്റിംഗ് അമീബ’ എന്ന് ഇത് അറിയപ്പെടുന്നു. തലവേദന, ജ്വരം, ഛർദ്ദി, കഴുത്തിലെ പേശികൾക്ക് അനുഭവപ്പെടുന്ന കാഠിന്യം, അപസ്മാരം എന്നിവ ഒന്നു മുതൽ ഒന്പത് ദിവസത്തിനുള്ളിൽ രോഗിയിൽ പ്രത്യക്ഷപ്പെടുന്നു. രോഗം വളരെ വേഗത്തിൽ ഗുരതരമാകുന്നു.
ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസ് (ജിഎഇ): അകാന്താമീബ, ബാലമുതിയ എന്നീ അമീബകളാണ് കാരണകാരികൾ. തലവേദന, ജ്വരം, അപസ്മാരം എന്നിവ അനേകം ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം പ്രത്യക്ഷപ്പെടാം. അതിനാൽ, രോഗനിർണയം വൈകുകയോ തെറ്റുകയോ ചെയ്യാം.
സുരക്ഷിത മാർഗങ്ങൾ
നിങ്ങളെയും കുടുംബത്തെയും സംരക്ഷിക്കാൻ ലളിതമായ മുൻകരുതലുകൾ:
മലിനജലത്തിൽ കുളിക്കാതിരിക്കുക, പ്രത്യേകിച്ച് കുളങ്ങൾ, തടാകങ്ങൾ, ശുദ്ധീകരിക്കാത്ത പൂളുകൾ എന്നിവയിൽ.
വെള്ളം മൂക്കിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആവശ്യമെങ്കിൽ നോസ് ക്ലിപ്പ് ഉപയോഗിക്കുക.
ടാങ്കുകൾ, പൂളുകൾ എന്നിവ ശുദ്ധീകരിച്ചിരിക്കണം. ക്ലോറിനേഷൻ ഉറപ്പാക്കുക.
മൂക്കുവഴി മതപരമായ ശുദ്ധീകരണത്തിനും മറ്റും ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ചശേഷം മാത്രം ഉപയോഗിക്കുക.
ത്വക്കിലെ മുറിവുകൾ സംരക്ഷിക്കുക: മണ്ണ്, മലിനജലം, പൊടി എന്നിവയുമായി സമ്പർക്കം ഒഴിവാക്കുക. കുളിക്കുമ്പോഴും തോട്ടത്തിലും മറ്റും പണിയെടുക്കുമ്പോഴും വാട്ടർപ്രൂഫ് ബാൻഡേജ് ഉപയോഗിക്കുക.
കണ്ണുകളുടെ സംരക്ഷണത്തിന് സ്റ്റെറൈൽ സൊലൂഷനുകൾ ഉപയോഗിക്കുക: അകാന്താമീബ കണ്ണിൽ അണുബാധയ്ക്ക് കാരണമാകാം.
പൊതുജനങ്ങൾക്കായി ജലസുരക്ഷയെക്കുറിച്ച് ബോധവത്കരണം നടത്തുക.
ജലസമ്പർക്കത്തിനുശേഷം ജ്വരം, തലവേദന, ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കാണുക.
കിണർ ക്ലോറിനേഷൻ ഫലപ്രദമല്ല
പ്രഫ. എം.ജി. സിറിയക്
അമീബിക് മസ്തിഷ്കജ്വരം നിയന്ത്രിക്കുന്നതിനു കിണർ ക്ലോറിനേഷൻ ഉത്തമമാണ് എന്ന് ചിലരുടെ അഭിപ്രായം കാണാനിടയായി. എന്നാൽ, ഇത് ഒരു ഫലപ്രദമായ നിവാരണ മാർഗമല്ല.
അതിനുള്ള ചില കാരണങ്ങൾ താഴെച്ചേർക്കുന്നു:
1) ക്ലോറിൻ വെള്ളത്തിൽ ചേർക്കുമ്പോൾ നല്ലതുപോലെ ഇളക്കിച്ചേർക്കണം. എന്നാൽ മാത്രമാണ് ജലത്തിന്റെ എല്ലാ ഭാഗത്തും ക്ലോറിൻ എത്തുകയും ജലശുദ്ധീകരണം പൂർത്തിയാകുകയും ചെയ്യുന്നത്. കിണറ്റിൽ പൊതുവെ ഇത് അസാധ്യമാണ്. കിണറിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്ന പമ്പുസെറ്റിന്റെ ഫുട്ട് വാൽവ് അടിയിലാണെങ്കിൽ ക്ലോറിൻ അവിടെ എത്തണമെന്നുതന്നെയില്ല.
2) കിണറ്റിലെ വെള്ളം എപ്പോഴും ഒരു സ്ഥലത്തു നിൽക്കണമെന്നില്ല. അത് മണ്ണിനടിയിലൂടെ പതുക്കെ സഞ്ചരിക്കുന്നുണ്ടാകും. അപ്പോൾ ക്ലോറിൻ ചേർത്ത വെള്ളം കുറച്ചു സമയം കഴിയുമ്പോൾ അവിടെയുണ്ടാകണമെന്നില്ല.
3) കിണർ വെള്ളത്തിൽ നമ്മൾ ചേർക്കുന്ന ബ്ലീച്ചിങ് പൗഡറിലുള്ള ക്ലോറിൻ സമ്പർക്ക സാധ്യത അധികമായതിനാൽ വളരെ പെട്ടെന്ന് അന്തരീക്ഷത്തിലേക്കും വശങ്ങളിലേക്കും വ്യാപിച്ചു പോകുന്നു. അത് ക്ലോറിനേഷന്റെ ഫലപ്രാപ്തി കുറയ്ക്കുന്നു.
എന്നാൽ, കിണർ ക്ലോറിനേഷൻ ആവശ്യമാകുന്ന ചില സാഹചര്യങ്ങളുണ്ട്. കിണർ നല്ലതുപോലെ മലിനീകരിക്കപ്പെട്ടാൽ ഹൈ ഡോസ് ക്ലോറിൻ ചേർത്ത് 24 മണിക്കൂർ ഉപേയാഗിക്കാതെ കിണർ ശുദ്ധമാക്കുന്ന സംവിധാനമുണ്ട്. ഇതിന്റെ മാർഗനിർദേശങ്ങൾ ലോകാരോഗ്യ സംഘടനയിൽനിന്നു ലഭ്യമാണ്.
നാം ഇപ്പോൾ നേരിടുന്നതുപോലെയുള്ള സന്നിഗ്ധ സാഹചര്യങ്ങളിൽ ക്ലോറിനേഷൻ നിർബന്ധമായും ടാങ്കിൽതന്നെ ചെയ്യണം. വലിയ മലിനീകരണമില്ലാത്ത വെള്ളമാണെങ്കിൽ 1,000 ലിറ്റർ വെള്ളത്തിൽ നാല് ഗ്രാം ബ്ലീച്ചിങ് പൗഡർ മിക്സ് ചെയ്ത തെളിനീരെടുത്തു ടാങ്കിൽ മിക്സ് ചെയ്താൽ അര മണിക്കൂർ കഴിയുമ്പോൾ വെള്ളം സുരക്ഷിതമാകും. സെൽഫ് ക്ലീനിംഗ് ടാങ്കുകൾ ഉപയോഗിക്കുന്നത് എപ്പോഴും നല്ലതാണ്.