വോട്ടർപട്ടിക പരിഷ്കരിക്കുന്നു; ജാഗ്രത!
അനന്തപുരി / ദ്വിജൻ
Saturday, September 20, 2025 11:54 PM IST
രാജ്യത്തു ദശലക്ഷക്കണക്കിന് വോട്ടർമാരുടെ പേരുകൾ അവർപോലും അറിയാതെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുന്നു എന്നതടക്കം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനത്തെക്കുറിച്ചു ശക്തമായ സംശയങ്ങൾ ഉയരുന്ന കാലത്ത് കേരളത്തിലെ വോട്ടർപട്ടികയിൽ തീവ്രപരിഷ്കരണം നടക്കുകയാണ്.
ഇന്ത്യയിലാകെ വോട്ടർപട്ടികയുടെ പ്രത്യേക തീവ്രപരിഷ്കരണം നടത്താൻ സെപ്റ്റംബർ 10ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ സമ്മേളനം തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. 2002ന് ശേഷം ആദ്യമാണ് ഇത്തരമൊരു പരിഷ്കരണം. കേരളത്തിലെ തിരക്കിട്ട പരിഷ്കരണത്തെ യുഡിഎഫ് എതിർത്തിരിക്കുകയാണ്.
പരിഷ്കരിച്ച വോട്ടർപട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും 2026ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എന്ന് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ യു. കേൽക്കർ സെപ്റ്റംബർ 13ന് അറിയിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാർകാട് മണ്ഡലത്തിലെ രണ്ട് ബൂത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പുതുക്കൽ നടന്നു. 2002 ലിസ്റ്റിലെ 80 ശതമാനം വോട്ടർമാരും ഇപ്പോഴുണ്ട്. ബിഎൽഒമാർക്ക് ഫോം ഏഴ് ഉപയോഗിച്ചു പരാതി കൊടുക്കാം. ബിഹാറിൽ സ്വീകരിച്ച എല്ലാ രേഖകളും കേരളത്തിലും സ്വീകരിക്കും. 2025 സെപ്റ്റംബർ എട്ടിന് കേരളത്തിലെ വോട്ടർപട്ടികയിൽ 2,78,24,319 വോട്ടർമാരുണ്ട്. 1,34,35,048 പുരുഷന്മാരും 1,43,88,911 സ്ത്രീകളും ഉണ്ട്. 2002ൽ 2,24,98,941 വോട്ടർമാരാണ് ഉണ്ടായിരുന്നത്. 1,07,27,068 പുരുഷന്മാരും 1,17,71,872 സ്ത്രീകളും.
വോട്ടർപട്ടികയിൽ ഉൾപ്പെടാനും ജനാധിപത്യ സംവിധാനത്തിലെ ഏറ്റവും ശക്തമായ ഇടപെടലിനുള്ള അവകാശം ഉറപ്പിക്കാനും ആത്മാഭിമാനമുള്ള പൗരന്മാർ ഏറെ ജാഗ്രത പുലർത്തേണ്ട നാളുകളാണിത്. വോട്ടർപട്ടികയെക്കുറിച്ചും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പക്ഷപാതിത്വത്തെക്കുറിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ഈ ഉത്തരവാദിത്വത്തിന്റെ പ്രധാന്യത്തിന് അടിവരയിടുന്നു. അർഹതയുള്ളവരെ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനും അർഹത ഇല്ലാത്തവരെ ഉൾപ്പെടുത്തുന്നതിനും സ്ഥാപിത താത്പര്യക്കാർ എല്ലാ അടവും പരീക്ഷിക്കാൻ സാധ്യതയുണ്ടെന്ന തിരിച്ചറിവോടെ ജാഗ്രത പുലർത്തണം.
2002ലെ വോട്ടർപട്ടിക അടിസ്ഥാനരേഖയാക്കിയാണ് പട്ടിക പുതുക്കുന്നത്. 2002ന് ശേഷം 2025 വരെ പട്ടികയിൽ ഉള്ളവർ അതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്നവയിൽ ഒരു രേഖ ഹാജരാക്കണം. ബൂത്തുതല ഓഫീസർമാർ ഓരോ വീട്ടിലുമെത്തി അന്നുവരെ 18 വയസ് പൂർത്തിയാക്കിയവരെ പട്ടികയിൽ ഉൾപ്പെടുത്തും. മരണപ്പെട്ടവർ, മറ്റിടങ്ങളിൽ വോട്ടുള്ളവർ, സ്ഥലത്തില്ലാത്തവർ എന്നിവരെ ഒഴിവാക്കും. കേരളത്തിൽ വോട്ടർപട്ടികയിൽ ചേരാൻ ശ്രമിക്കുന്ന അന്യസംസ്ഥാനക്കാർക്ക് അവിടെ വോട്ടുണ്ടോ എന്നും പരിശോധിക്കും.
മൂന്നു ഘട്ടങ്ങളായാണു പട്ടിക തയാറാക്കുക. വീടുകയറി തയാറാക്കിയ പട്ടികയുടെ കരടുരേഖയുടെ പ്രസിദ്ധീകരണമാണ് ആദ്യ ചുവട്. അതേക്കുറിച്ചുള്ള പരാതികളുടെ പരിശോധനയാണു രണ്ടാം ഘട്ടം. അന്തിമപട്ടികയുടെ പ്രസിദ്ധീകരണം അവസാനത്തെ ഘട്ടവും -കേൽക്കർ വിശദീകരിച്ചു.
വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനു ഹാജരാക്കേണ്ട രേഖകൾ നിശ്ചയിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർമാരോട് മുഖ്യ കമ്മീഷണർ ആവശ്യപ്പെട്ടു. ബിഹാറിൽ ആശ്രയിച്ച രേഖകൾതന്നെയാണ് ഇവിടെയും ഉപയോഗിക്കുക. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ആധാർ കാർഡ് അടക്കമുള്ള രേഖകൾ തെളിവായി സ്വീകരിക്കും - കേൽക്കർ അറിയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഗോത്രവർഗക്കാർ കൂടുതലുള്ള സംസ്ഥാനങ്ങൾ, തീരദേശ മേഖലകൾ എന്നിവിടങ്ങളിൽ തിരിച്ചറിയലിനും താമസത്തിനും പ്രത്യേക രേഖകൾ ഉപയോഗിക്കാറുണ്ട്.
1950ലെ ഇന്ത്യൻ പ്രാതിനിധ്യ നിയമം 21-ാം വകുപ്പ് അനുസരിച്ച് വോട്ടർപട്ടിക തയാറാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷനാണ് അധികാരം. ഇന്ത്യൻ പ്രാതിനിധ്യ നിയമത്തിലെ 16-ാംവകുപ്പ് അനുസരിച്ച് ഇന്ത്യൻ പൗരന്മാർക്കാണ് വോട്ടവകാശം. നിയമത്തിലെ 19-ാം വകുപ്പ് അനുസരിച്ച് 18 വയസ് കഴിഞ്ഞവർക്കെല്ലാം വോട്ടുണ്ട്. അതായത്, വോട്ടർപട്ടികയിൽ ഉൾപ്പെടേണ്ടത് 18 വയസ് കഴിഞ്ഞ ഇന്ത്യൻ പൗരന്മാരാണ്. മൂന്നു തരത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർപട്ടിക പുതുക്കുന്നത്. ഒന്ന് സമഗ്രമായ പരിഷ്കരണം. രണ്ട് സമ്മറി പരിഷ്കരണം. മൂന്ന് പ്രത്യേകമായ സമഗ്ര പരിഷ്കരണം. വീടുകൾ കയറിയിറങ്ങി ലിസ്റ്റ് ഉണ്ടാക്കുന്നതാണു സമഗ്രമായ പരിഷ്കരണം. ഇതു വല്ലപ്പോഴുമാണു നടക്കുക. 2002ലാണ് ഇത്തരം പരിഷ്കരണം അവസാനമായി നടന്നത്. അന്ന് എന്യുമറേറ്റർമാർ ഓരോ വീട്ടിലും എത്തി വിവരം ശേഖരിച്ചു. വോട്ടർപട്ടിക പരിഷ്കരിക്കുന്ന ദിവസംവരെ 18 വയസായ യുവാക്കളെ പട്ടികയിൽ ഉൾപ്പെടുത്തി. എന്നാൽ, എല്ലാ വർഷവും വോട്ടർപട്ടിക പുതുക്കാറുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷൻ കൈവശമുള്ള വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നു. വോട്ടർമാരോട് തിരുത്തലുകൾ ചൂണ്ടിക്കാണിക്കാൻ ആവശ്യപ്പെടുന്നു. പരാതികളും ആക്ഷേപങ്ങളും പരിശോധിച്ച് അന്തിമപട്ടിക തയാറാക്കുന്നു.
വോട്ടർപട്ടികയിൽ വലിയ ക്രമക്കേടുണ്ടെന്നു കാണുന്പോൾ ചിലപ്പോൾ രണ്ടു രീതികളും ചേർത്തു പരിഷ്കരണം നടത്തുന്നു. യഥാർഥ പൗരന്മാരാണ് വോട്ട് ചെയ്യുന്നത് എന്ന് ഉറപ്പാക്കുന്നതിനാണ് കമ്മീഷൻ ഇത്തരമൊരു പരിഷ്കരണം നടത്തുന്നത്. ഓരോ പരിഷ്കരണത്തിലും പുതിയ വോട്ടർമാരെ ഉൾപ്പെടുത്തേണ്ടതുള്ളതുപോലെ പലരെയും ഒഴിവാക്കേണ്ടിയും വരും. മരണംമൂലം ഈ ലോകം വിട്ടവരാണ് ഒന്നാമത്തെ വിഭാഗം. കുടിയേറ്റം വഴി രാജ്യം വിട്ടവർ, അന്യരാജ്യങ്ങളിൽ പൗരത്വം സ്വീകരിച്ചവർ, മറ്റുസ്ഥലങ്ങളിൽ വോട്ടർമാരായവർ, അന്യസംസ്ഥാനങ്ങളിലെ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവർ എന്നിവരെ ഒഴിവാക്കേണ്ടതുണ്ട്.
അനധികൃതമായി പട്ടികയിൽ കടന്നുകൂടിയ വിദേശികളുണ്ട്. ധാരാളം നേപ്പാളികൾ, ബംഗ്ലാദേശികൾ, മ്യാൻമർകാർ എന്നിവർ ഇങ്ങനെ ഇന്ത്യയിലെ വോട്ടർപട്ടികയിൽ ഇടം നേടുന്നതായി പരാതിയുണ്ട്. ഇവരെ പുറത്താക്കി യഥാർഥ പൗരന്മാർക്കു മാത്രം വോട്ടവകാശം ഉറപ്പാക്കുന്നതിനാണ് കമ്മീഷൻ ശ്രമിക്കുന്നത്.
89 ലക്ഷം പരാതികൾ
ബിഹാറിലെ വോട്ടർപട്ടികയെക്കുറിച്ച് കോണ്ഗ്രസ് തന്നെ 89 ലക്ഷം പരാതികൾ തെരഞ്ഞെടുപ്പ് കമ്മീഷനു കൊടുത്തതായാണ് പാർട്ടി വക്താവ് പവൻ ഖേര അവകാശപ്പെട്ടത്. പരാതി ഒന്നും ഇല്ലെന്നായിരുന്നു കമ്മീഷന്റെ നിലപാട്. വോട്ടർപട്ടികയിൽനിന്ന് നീക്കംചെയ്ത പേരുകളെല്ലാം പുനഃപരിശോധിക്കണമെന്ന് കോണ്ഗ്രസ് ആവശ്യപ്പെട്ടു. വോട്ടർപട്ടികയിൽ അനർഹരായ ആരും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്നതുപോലെ അർഹതയുള്ളവർ എല്ലാവരും ഉണ്ടാകണമെന്നും ആഗ്രഹിക്കുന്നതായി പവൻ ഖേര വിശദീകരിച്ചു.
20,638 ബൂത്തുകളിൽ നൂറിലധികം പേരുകൾ പുറത്താക്കപ്പെട്ടു. ഇരുനൂറിലധികം പേർ പുറത്താക്കപ്പെട്ട 1,988 ബൂത്തുകളുണ്ട്. 7,613 ബൂത്തുകളിലും പുറത്താക്കപ്പെട്ടവരിൽ 70 ശതമാനവും വനിതകളാണ്. 635 ബൂത്തുകളിൽ പുറത്താക്കപ്പെട്ട കുടിയേറ്റക്കാരിൽ 75 ശതമാനവും സ്ത്രീകളാണ്. ജോലികൾക്കും മറ്റുമായി കുടിയേറുന്നത് പുരുഷന്മാരായിരിക്കെ ഈ കണക്ക് അന്പരപ്പിക്കുന്നു- ഖേര പറഞ്ഞു. 7,931 ബൂത്തുകളിൽ വോട്ടർമാരിൽ 75 ശതമാനവും മരിച്ചതായി കണക്കാക്കി പട്ടികയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. തീവ്രപരിശോധനക്കാർ മരിച്ചവരെന്നു പറഞ്ഞ പലരും രാഹുൽ ഗാന്ധിയെ നേരിട്ടു കണ്ട് പരാതി കൊടുത്തതായും ഖേര പറഞ്ഞു. കോണ്ഗ്രസ് നല്ല ജാഗ്രത പുലർത്തുന്നു എന്നു കരുതാം.
ഗ്യാനേഷ് കുമാറിന്റെ നിലപാട് ശരിയല്ല
ഇതൊക്കെ ആയാലും രാജ്യത്തെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വോട്ടർപട്ടിക സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളോട് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്വീകരിക്കുന്ന നിലപാടു ശരിയല്ലെന്നു ജനം പൊതുവെ കരുതുന്നു. വോട്ടർപട്ടികയിൽനിന്ന് പേര് നീക്കംചെയ്യുന്നതിനു പ്രവർത്തിച്ചവരെക്കുറിച്ച് കർണാടക സിഐഡി വിഭാഗം ആവശ്യപ്പെട്ട തെളിവുകൾ വിട്ടുകൊടുക്കുന്നതിലടക്കം കമ്മീഷൻ സ്വീകരിക്കുന്ന സമീപനം വല്ലാതെ സംശയം ഉണർത്തുന്നു. കൂടാതെ, മൂന്ന് മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇക്കാര്യം തുറന്നു പറഞ്ഞത് കമ്മീഷനു വലിയ അടിയായി.
മണ്ഡലങ്ങളുടെ പുനർവിഭജനം
വോട്ടർപട്ടികയുടെ നടക്കാനിരിക്കുന്ന പ്രത്യേക പരിഷ്കരണത്തേക്കാൾ വിവാദമാകാനിരിക്കുന്നത് ഇതേത്തുടർന്നു വരുന്ന നിയോജകമണ്ഡലങ്ങളുടെ പുനർവിഭജനമാണ്. എൻഡിഎയ്ക്കുതന്നെ വലിയ കീറാമുട്ടിയാകും ഈ വിഷയം. ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർനിശ്ചയിച്ചാൽ പ്രാതിനിധ്യത്തിൽ തെന്നിന്ത്യ പാടെ പിന്നിലാകും. അത് ബിജെപി സർക്കാരിനെ താങ്ങുന്ന തെലുങ്കുദേശത്തിന് അംഗീകരിക്കാനാകില്ല. ഇതെല്ലാം എന്തുമാകട്ടെ വോട്ടർപട്ടികയുടെ തീവ്രപരിഷ്കരണം കേരളം ഏറെ ഗൗരവത്തോടെ കാണണം. ജാഗ്രത പുലർത്തണം.
പ്രതിപക്ഷ ഭീതി
ചൂടുവെള്ളത്തിൽ പെട്ട പൂച്ച തണുത്ത വെള്ളം കണ്ടാലും ഭയപ്പെടും എന്നതുപോലാണ് വോട്ടർപട്ടിക പരിഷകരണം സംബന്ധിച്ചു പ്രതിപക്ഷം.
മഹാരാഷ്ട്രയിൽ 2024 ഏപ്രിൽ മുതൽ ജൂണ്വരെ നടന്ന ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം 2024 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി നടന്ന സമ്മറി പരിഷ്കരണത്തിലൂടെ ലോക്സഭയിലേക്ക് വോട്ട് ചെയ്തവരിൽ എട്ടു ലക്ഷം പേർ പുറത്താക്കപ്പെട്ടതും, പുതുതായി 48.82 ലക്ഷം വോട്ടർമാർ കൂടിയതും പ്രതിപക്ഷത്തെ അന്പരപ്പിച്ചിരുന്നു. ആ പശ്ചാത്തലത്തിലാണ് ഈ പരിഷ്കരണത്തെയും അവർ സംശയിക്കുന്നത്.
2003ൽ രണ്ടുവർഷം കൊണ്ടു നടന്ന പരിഷ്കരണമാണ് ഇപ്പോൾ ജൂണ് 21 മുതൽ ജൂലൈ 24 വരെയുള്ള ഒരു മാസംകൊണ്ട് ബിഹാറിൽ നടത്തുന്നത്. തിടുക്കത്തിൽ നടത്തുന്നത് ഗൂഢാലോചനയാണെന്ന് ബിഹാറിലെ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് പറഞ്ഞു.