മാർ ജേക്കബ് തൂങ്കുഴി നന്മയുടെ മായാത്ത തേജസ്
Saturday, September 20, 2025 11:57 PM IST
മാർ ആൻഡ്രൂസ് താഴത്ത് (ആർച്ച്ബിഷപ്, തൃശൂർ)
മാർ ജേക്കബ് തൂങ്കുഴി-ആത്മീയചൈതന്യത്തിന്റെ തെളിമയും പുഞ്ചിരിയുമുള്ള മുഖം. പ്രാർഥനയും ധ്യാനവും ആത്മീയവായനയും ഏറെ ഇഷ്ടത്തോടെ അനുദിന ജീവിതചര്യയുടെ ഭാഗമാക്കിയ കർമയോഗി.
വൈദികനായി 69 വർഷത്തെ ശുശ്രൂഷ. മേൽപ്പട്ടക്കാരനായി 52 വർഷത്തെ സേവനം. മെത്രാനെന്ന നിലയിൽ 24ഉം മെത്രാപ്പോലീത്തയെന്ന നിലയിൽ 28ഉം വർഷങ്ങൾ പിന്നിട്ട അപൂർവ വ്യക്തിത്വം, അതിൽ 18 വർഷം എമരിറ്റസ് ആർച്ച്ബിഷപ് എന്ന നിലയിൽ ആത്മീയസേവനം ചെയ്ത ധന്യജീവിതം. പുണ്യജീവിതത്തിലൂടെ ആർജിച്ച തേജസിനാൽ അനേകർക്ക് ആശ്വാസവും പ്രചോദനവും പകർന്നേകിയ ആത്മീയാചാര്യൻ. ദൈവത്തിനും സമൂഹത്തിനും വേണ്ടി സമർപ്പിച്ച ജീവിതത്തിനുടമ. ഈവിധമുള്ള വിശേഷണങ്ങൾ ഇനിയുമേറെയുള്ള തൃശൂരിന്റെ സ്വന്തം വത്സലപിതാവ് മാർ ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്തയെ തന്റെ 95-ാം വയസിലാണ് ദൈവം നിത്യതയുടെ പറുദീസയിലേക്കു കൂട്ടിക്കൊണ്ടുപോയത്.
സ്നേഹപൂർവമുള്ള കരുതലും ചേർത്തുനിർത്തലുമാണ് തൂങ്കുഴിപ്പിതാവിന്റെ ജീവിതശൈലി. ഒപ്പം സമൂഹത്തെ അത്യാധുനികതയിലേക്കു കൈപിടിച്ചുനയിക്കുന്ന വികസനദർശനവും അദ്ദേഹത്തിനു സ്വന്തമായിരുന്നു.
വയനാട്ടിൽ മലനിരകളിലെ ദുർഘട കാട്ടുപാതകളിലൂടെ വന്യമൃഗഭീഷണി കൂസാതെ മോട്ടോർസൈക്കിൾ ഓടിച്ചും ജീപ്പിൽ സഞ്ചരിച്ചും സമൂഹനന്മയ്ക്കായി ഓടിനടന്ന പിതാവ്. വൻസുഹൃദ്വലയങ്ങളുള്ളതിനാൽ ലോകമെങ്ങും സഞ്ചരിച്ചു ശുശ്രൂഷ ചെയ്തു. ഓരോ സേവനകേന്ദ്രത്തിലും എത്താൻ ഒരു മടുപ്പുമില്ലാതെ സ്വന്തമായി വാഹനം ഓടിച്ചു. ‘സഞ്ചരിക്കുന്ന പിതാവ്’ എന്ന ഓമനപ്പേര് തൂങ്കുഴിപ്പിതാവിനു ലഭിച്ചത് അതുകൊണ്ടാണ്.
മറക്കാത്ത ചില കൂടിക്കാഴ്ചകൾ
തൂങ്കുഴിപ്പിതാവുമൊത്ത് അവിസ്മരണീയവും ഹൃദയസ്പർശിയുമായ അനവധി അനുഭവമുഹൂർത്തങ്ങൾ എനിക്കുണ്ടായിട്ടുണ്ട്. തൂങ്കുഴിപ്പിതാവ് മാനന്തവാടിയിൽ മെത്രാനായി അഭിഷിക്തനാകുന്പോൾ ഞാൻ ആലുവ സെമിനാരി വിദ്യാർഥിയായിരുന്നു. വളരെ ചെറുപ്പക്കാരനും സുമുഖനും പണ്ഡിതനുമായിരുന്ന പിതാവിനെ അന്നു ഞങ്ങൾക്കെല്ലാവർക്കും ഇഷ്ടമായിരുന്നു. റോമിൽ ഞാൻ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിൽ പിതാവ് റോമിലേക്കു വരുന്പോൾ ഞങ്ങളെ കാണാൻ വരുമായിരുന്നു. പിതാവിന്റെ സ്നേഹവും സൗഹൃദവും ഞങ്ങൾക്ക് ഒരിക്കലും മറക്കാനാവില്ല.
പിതാവിനെ ഞാൻ അടുത്തറിയുന്നത് 1984 മുതലാണ്. അദ്ദേഹം മാനന്തവാടി മെത്രാനായിരുന്നപ്പോൾ തൃശൂർ രൂപതയിലെ വൈദികരെ ധ്യാനിപ്പിക്കാൻ എത്തി. എന്നെ ഏറ്റവും സ്വാധീനിച്ച ധ്യാനമായിരുന്നു അത്. ഗഹനമായ ആശയങ്ങൾ കൊച്ചുകൊച്ചു കഥകളിലൂടെ വളരെ ശാന്തവും പതുങ്ങിയതുമായ സ്വരത്തിൽ അദ്ദേഹം അവതരിപ്പിച്ചിരുന്നു. വലിയ സന്ദേശങ്ങളുള്ള ആ വാക്കുകൾ ഹൃദയത്തിൽ തുളച്ചുകയറും. തമാശകളിലൂടെ പൊട്ടിച്ചിരിപ്പിച്ചും അദ്ദേഹം ആശയവിനിമയം നടത്താറുണ്ട്.
തൃശൂരിന്റെ മെത്രാപ്പോലീത്തയായി നിയമിതനായപ്പോൾ വളരെയധികം ആശങ്ക തൂങ്കുഴിപ്പിതാവിന്റെ മനസിലുണ്ടായിരുന്നു. അങ്ങനെയൊരു ആശങ്കയുണ്ടെന്ന് മനസിലാക്കി, പിതാവിനെ തൃശൂരിലേക്കു സ്വാഗതം ചെയ്യാൻ താമരശേരിയിലെത്തിയ വൈദികരും അല്മായരുമുൾപ്പെടുന്ന തൃശൂർക്കാരുടെ സംഘത്തിൽ ഞാനുമുണ്ടായിരുന്നു. പിതാവിനുണ്ടായിരുന്ന ഭയവും ആശങ്കയും ഈ സന്ദർശനംവഴി മാറിയെന്ന് പിതാവ് വ്യക്തിപരമായി എന്നോടു പറഞ്ഞിട്ടുണ്ട്.
വികസനനായകൻ
തൃശൂരിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായിരുന്നു തൂങ്കുഴിപ്പിതാവ് തൃശൂർ ആർച്ച്ബിഷപ്പായതിനു ശേഷമുള്ളത്. തൃശൂർ അതിരൂപതയിലും തൃശൂരിന്റെ സാമൂഹ്യമണ്ഡലത്തിലും വൻ വികസനമുന്നേറ്റം നടത്തിയത് അദ്ദേഹം പത്തുവർഷം മെത്രാപ്പോലീത്തയായിരുന്ന കാലഘട്ടത്തിലാണ്. മുളയത്തെ മേരിമാതാ മേജർ സെമിനാരി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളജ്, നഴ്സിംഗ് കോളജ്, ജ്യോതി എൻജിനിയറിംഗ് കോളജ്, മുള്ളൂർക്കരയിലെ മഹാജൂബിലി ബിഎഡ് കോളജ്, പെരിങ്ങണ്ടൂരിൽ എയ്ഡ്സ് രോഗികളെ സംരക്ഷിക്കുന്ന മാർ കുണ്ടുകുളം മെമ്മോറിയൽ റിസർച്ച് ആൻഡ് റിഹാബിലിറ്റേഷൻ സെന്റർ (ഗ്രെയ്സ് ഹോം), കുരിയച്ചിറയിൽ സെന്റ് ജോസഫ്സ് ടിടിഐ എന്നിവ സ്ഥാപിക്കാൻ അദ്ദേഹം നേതൃത്വം നൽകി. അഗതികളുടെ പിതാവായ കുണ്ടുകുളം പിതാവ് സ്ഥാപിച്ച ജീവകാരുണ്യ സ്ഥാപനങ്ങളിലെ ശുശ്രൂഷകൾ കൂടുതൽ മികച്ചതാക്കി. ഇതടക്കമുള്ള സേവനങ്ങളെ അനുസ്മരിക്കുന്പോൾ തൃശൂർ അതിരൂപതയ്ക്കുള്ള അദ്ദേഹത്തോടുള്ള കൃതജ്ഞത നിസീമമാണ്.
അല്പം സ്വകാര്യം
ഏതാനും വർഷംമുന്പ് ഷെക്കെയ്ന ടിവിക്കുവേണ്ടി തൂങ്കുഴിപ്പിതാവിനെ ഇന്റർവ്യു ചെയ്യാൻ എനിക്ക് അവസരമുണ്ടായി. പിതാവിന്റെ പുണ്യജീവിതത്തെയും ആത്മീയദർശനങ്ങളെയും അനാവരണം ചെയ്യുന്ന അഭിമുഖമായിരുന്നു അത്. സംഭാഷണത്തിനിടെ ഞാൻ പിതാവിനെ വിശേഷിപ്പിച്ചത് ‘നല്ല അപ്പച്ചൻ, നല്ല പിതാവ്’ എന്നായിരുന്നു.
തന്റെ പിൻഗാമിയായി തൂങ്കുഴിപ്പിതാവ് എന്നെ തെരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് എനിക്കു പലപ്പോഴും അദ്ഭുതം തോന്നിയിട്ടുണ്ട്. എന്തു കണ്ടിട്ടാണ് പിതാവ് എന്നെ മെത്രാനായി ശിപാർശ ചെയ്തതെന്ന് ഞാൻ അന്നു പിതാവിനോടു ചോദിച്ചു. “അത് എന്റെമാത്രം തീരുമാനമല്ല, ദൈവത്തിന്റെ തീരുമാനമാണ്. ആ പ്രക്രിയയിൽ അവിടുത്തെ കരങ്ങളിലെ ഒരു ഉപകരണമാകാൻ കഴിഞ്ഞതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്.” എന്നായിരുന്നു ആ പ്രതികരണം.
വൈവിധ്യമാർന്ന കർമമേഖലകൾ
കാനോനിക നിയമത്തിലും സിവിൽ നിയമത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലുമുള്ള വലിയ പാണ്ഡിത്യവുമായാണ് തൂങ്കുഴിപ്പിതാവ് തന്റെ ശുശ്രൂഷാമേഖലകളിൽ വിരാജിച്ചത്. 1930 ഡിസംബർ 13ന് പാലാ രൂപതയിലെ വിളക്കുമാടത്ത് തൂങ്കുഴി കുരിയപ്പൻ-റോസ ദന്പതികളുടെ മകനായാണ് പിതാവിന്റെ ജനനം. ചങ്ങനാശേരി, ആലുവ, റോം എന്നിവിടങ്ങളിലെ സെമിനാരി പരിശീലനത്തിനുശേഷം 1956 ഡിസംബർ 22ന് റോമിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. കാനൻ നിയമത്തിലും സിവിൽ നിയമത്തിലും റോമിൽനിന്നു ഡോക്ടറേറ്റ് നേടി തിരിച്ചെത്തിയ അദ്ദേഹം, തലശേരി രൂപതാധ്യക്ഷനായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സെക്രട്ടറി, രൂപതയുടെ ചാൻസലർ, മൈനർ സെമിനാരി റെക്ടർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന് ന്യൂയോർക്കിലെ ഫോർഡാം യൂണിവേഴ്സിറ്റിയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം കരസ്ഥമാക്കി. രൂപതയിൽ തിരിച്ചെത്തിയശേഷം വീണ്ടും മൈനർ സെമിനാരി റെക്ടറായി നിയമിതനായി.
പുതുതായി രൂപംനൽകിയ മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മേയ് ഒന്നിന് അദ്ദേഹം സ്ഥാനമേറ്റു. മലനിരകളിലെ മുക്കിലും മൂലയിലുമുള്ള ജനങ്ങൾക്കിടയിലേക്ക് അദ്ദേഹം ഓടിയെത്തി. എല്ലാവരോടും നൈർമല്യമുള്ള പുഞ്ചിരിയോടെ സ്നേഹവാത്സല്യങ്ങളോടെ ഇടപഴകി. അദ്ദേഹത്തിന്റെ ഇടപെടലുകളിലൂടെ വയനാട്ടിലുണ്ടായ ആധ്യാത്മികവും ഭൗതികവുമായ വളർച്ച അദ്ഭുതാവഹമായിരുന്നു. 22 വർഷത്തെ ശുശ്രൂഷയ്ക്കുശേഷം 1995 ജൂണ് ഏഴിന് താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായി. ജൂലൈ 28നു രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുത്തു.
തൃശൂരിന്റെ പ്രഥമ ആർച്ച്ബിഷപ്പായിരുന്ന മാർ ജോസഫ് കുണ്ടുകുളത്തിന്റെ പിൻഗാമിയായി 1996 ഡിസംബർ 18നാണ് തൃശൂർ ആർച്ച്ബിഷപ്പായി നിയമിതനായത്. 1997 ഫെബ്രുവരി 15നു തൃശൂരിലെ മെത്രാപ്പോലീത്തയായി ചുമതലയേറ്റു.
മെത്രാന്മാരുടെ അഖിലേന്ത്യാ സമിതിയായ സിബിസിഐയുടെ ഉപാധ്യക്ഷനായിരുന്നു തൂങ്കുഴിപ്പിതാവ്. ഈ കാലഘട്ടത്തിലാണ് 2004 ഫെബ്രുവരിയിൽ പിതാവിന്റെ നേതൃത്വത്തിൽ തൃശൂരിൽ നടത്തിയ സിബിസിഐ ജനറൽ ബോഡി സമ്മേളനം ചരിത്രത്തിൽ ഇടംനേടിയത്.
സമർപ്പിതസമൂഹ സ്ഥാപകൻ
വയനാട്ടിൽ വിദ്യാഭ്യാസം, ആതുരസേവനം എന്നിങ്ങനെയുള്ള മേഖലകളിൽ ശുശ്രൂഷ ചെയ്യാൻ സിസ്റ്റേഴ്സ് കൂടുതൽ ആവശ്യമാണെന്ന്, മാനന്തവാടിയിൽ മെത്രാനായിരുന്നപ്പോൾ മാർ ജേക്കബ് തൂങ്കുഴിക്കു ബോധ്യമായി. ഇക്കാര്യം വൈദികരുമായി കൂടിയാലോചിച്ചു.
വയനാടുപോലുള്ള പ്രദേശങ്ങളിൽ സേവനംചെയ്യാൻ സമർപ്പിതരായ സിസ്റ്റേഴ്സിനെ കണ്ടെത്താൻ ഒരു സമർപ്പിതസമൂഹത്തിനുതന്നെ രൂപംനൽകാൻ തീരുമാനിച്ചത് അങ്ങനെയാണ്. പിതാവ് സ്ഥാപിച്ച ‘സൊസൈറ്റി ഓഫ് ക്രിസ്തുദാസി’ (എസ്കെഡി) സന്യാസിനീസമൂഹാംഗങ്ങൾ ഇന്നു ലോകമെങ്ങും സേവനം ചെയ്യുന്നു. തൃശൂരിലെ പീച്ചി കേന്ദ്രീകരിച്ച് ‘സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് ദ വർക്കർ’ (എസ്എസ്ജെഡബ്ല്യു) എന്ന ഭക്തസമൂഹത്തിന് അദ്ദേഹം സഭാത്മക രൂപം നൽകി.
ഒരു പുരുഷായുസു കാലം പുരോഹിതനായി ദൈവത്തിനും സമൂഹത്തിനും വേണ്ടി ശുശ്രൂഷ ചെയ്ത മാർ ജേക്കബ് തൂങ്കുഴിപ്പിതാവിനോട് കേരളത്തിന്, പ്രത്യേകിച്ച് തൃശൂർ അതിരൂപതയ്ക്ക് നിസീമമായ കടപ്പാടുകളുണ്ട്. ദൈവത്തിന്റെ മനസും മനുഷ്യരുടെ ആവശ്യങ്ങളും ആകുലതകളും വിവേചിച്ചറിഞ്ഞ് തന്റെ ശുശ്രൂഷാജീവിതത്തെ വർണാഭമാക്കിയ അഭിവന്ദ്യ തൂങ്കുഴിപ്പിതാവിന് ഹൃദയപൂർവം പ്രണാമമർപ്പിക്കുന്നു.