കേന്ദ്ര കൃഷിസംഘത്തിൽ പ്രതീക്ഷയർപ്പിച്ച് നെൽകർഷകർ
ആന്റണി ആറിൽചിറ
Monday, September 22, 2025 12:59 AM IST
പാലക്കാട്, തൃശൂർ, കുട്ടനാട് പ്രദേശങ്ങളിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ നാളെയെത്തുന്ന കേന്ദ്ര കൃഷിമന്ത്രാലയത്തിലെ ഉദ്യോഗസ്ഥ സംഘത്തെ വലിയ പ്രതീക്ഷയോടെയാണ് കേരളത്തിലെ നെൽകർഷകർ കാത്തിരിക്കുന്നത്. കേരളത്തിൽ വ്യത്യസ്ത കൃഷിരീതികൾ നിലവിലിരിക്കുന്ന മൂന്ന് പ്രദേശങ്ങളിലാണ് കേന്ദ്രസംഘം സന്ദർശനം നടത്തുന്നത്.
മൂന്ന് പ്രദേശത്തെയും കർഷകർ നേരിടുന്ന പ്രഥമവും പ്രധാനവുമായ പ്രശ്നം സംഭരിക്കപ്പെടുന്ന നെല്ലിന്റെ വില യഥാസമയം ലഭ്യമാകുന്നില്ല എന്നതാണ്. സംഭരിച്ച് 48 മണിക്കൂറിനകം നെല്ലുവില കർഷകർക്ക് ലഭ്യമാക്കണമെന്ന വ്യവസ്ഥ നിലനില്ക്കുമ്പോഴും മാസങ്ങൾ പലതു കഴിഞ്ഞാലും നെല്ലുവില കിട്ടാറില്ല. മഴക്കെടുതികൾ മൂലം നെല്ലിനുണ്ടാകുന്ന ഈർപ്പവും ഗുണമേന്മയിലുള്ള മറ്റ് ഏറ്റക്കുറച്ചിലുകളുടെ പ്രശ്നവും നെല്ല് സംഭരണത്തിൽ കിഴിവായി കടന്നുവരുന്നത് ഒഴിവാക്കണം. ഓരോ പ്രദേശത്തിന്റെയും പ്രത്യേകതയനുസരിച്ച് ഈർപ്പം, ഗുണമേന്മ പരിശോധനകൾ പുനഃക്രമീകരിക്കണം.
ഗുണമേന്മയുള്ള വിത്തും വളവും കീടനാശിനികളും ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്നതും പ്രധാന ആവശ്യമാണ്. പലപ്പോഴും നല്കുന്ന നെല്ലിന്റെ വിലയേക്കാൾ വളരെ കൂടിയ വില കൊടുത്ത് വിത്ത് വാങ്ങേണ്ടിവരുന്നു. രാസവളത്തിന്റെയും കീടനാശിനികളുടെയും വില വർധന പൊതുവായ പ്രശ്നമാണ്.
ഇൻഷ്വറൻസ് നഷ്ടപരിഹാരങ്ങൾ ലഭ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുകയും അർഹരായ എല്ലാവർക്കും ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുകയും വേണം. നെല്ലിന്റെ സംഭരണ കൈകാര്യ ചെലവുകൾ ആനുപാതികമായി വർധിപ്പിക്കണം. അത് സംഭരണ എജൻസികൾതന്നെ നല്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണം. കൃഷിച്ചെലവിനെ അടിസ്ഥാനപ്പെടുത്തി നെല്ലിന്റെ താങ്ങുവില വർധിപ്പിക്കണമെന്നതാണ് കർഷകർ ഉന്നയിക്കുന്ന മറ്റൊരാവശ്യം.
താങ്ങുവില കേന്ദ്രം വർധിപ്പിക്കുന്നതിനനുസരിച്ച്, സംസ്ഥാന സർക്കാർ നല്കുന്ന പ്രോത്സാഹനതുക കുറച്ചുകൊണ്ടിരിക്കുന്നത് കർഷകദ്രോഹമാണ്. കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന താങ്ങുവിലയുടെ നിശ്ചിത ശതമാനം സംസ്ഥാന സർക്കാർ പ്രോത്സാഹന തുകയായി നല്കണം എന്നൊരു വ്യവസ്ഥ രൂപപ്പെടുത്തണം.
റാംസർ സൈറ്റിന്റെ അവകാശങ്ങൾ ലഭ്യമാക്കണം
ആലപ്പുഴ ജില്ല മുതൽ തൃശൂർ വരെ വ്യാപിച്ചു കിടക്കുന്ന വിശാലമായ വേമ്പനാട് കായൽ പ്രദേശം ഇന്ത്യയിലെതന്നെ പ്രധാന റാംസർ സൈറ്റാണ്. റാംസർ ഉടമ്പടി പ്രകാരം പ്രത്യേക പരിഗണന ലഭിക്കേണ്ട പ്രദേശമാണിത്. എന്നാൽ, ഇക്കാര്യത്തിൽ അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾ നടത്തേണ്ടത് കേന്ദ്രസർക്കാരാണ്. വേണ്ട ഇടപെടലുകൾ കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ വിശാലമായ വേമ്പനാട് കായലിന്റെ സംരക്ഷണത്തിനു മാത്രമല്ല അനുബന്ധ പ്രദേശങ്ങളിലെ നെൽകൃഷിക്കും മത്സ്യകൃഷിക്കും മറ്റ് കൃഷികൾക്കും അർഹമായ വലിയ സാമ്പത്തിക-സാങ്കേതിക സഹായങ്ങൾ അന്താരാഷ്ട്ര ഏജൻസികളിൽനിന്ന് ലഭ്യമാക്കാൻ കഴിയും.
കുട്ടനാട്ടിലെ പ്രശ്നങ്ങൾ
കുട്ടനാട്ടിൽ എപ്പോൾ വേണമെങ്കിലും വെള്ളപ്പൊക്കം ഉണ്ടാകാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഇത് ഏറ്റവും അധികം ബാധിക്കുന്നത് ഇവിടത്തെ നെൽകൃഷിയെയാണ്. മൺസൂൺ കാലത്ത് കുട്ടനാട്ടിലെ ജലനിരപ്പ് പരിധിയിൽ നിലനിർത്തണണം. കനാലുകളിലും തോടുകളിലും ക്രമാതീതമായി ഉയർന്നിരിക്കുന്ന എക്കൽ നീക്കം ചെയ്ത് അവ പൂർവ സ്ഥിതിയിലാക്കണം. നെൽകൃഷി ചെയ്യുന്നപാടശേഖരങ്ങളുടെ ബണ്ട് ശാസ്ത്രീയമായി കെട്ടി ബലപ്പെടുത്തണണം. അതിനായി സ്വാമിനാഥൻ കമ്മീഷന്റെ നിർദേശങ്ങൾ നടപ്പിലാക്കണം. കുട്ടനാട്ടിലെ പാടശേഖരങ്ങളുടെ ബണ്ട് ശാസ്ത്രീയമായും പരിസ്ഥിതിക്ക് ഇണങ്ങുംവിധവും മത്സ്യസമ്പത്തിന്റെ നിലനില്പിന് യോജിച്ചവിധവും നദികളിലെ മണ്ണും ചെളിയും ഉപയോഗിച്ച് ബലപ്പെടുത്തണമെന്നാണ് സ്വാമിനാഥൻ കമ്മീഷന്റെ ശിപാർശ.
കാർഷിക മേഖലയിലെ തൊഴിലാളിക്ഷാമത്തിന് പരിഹാരം ഉണ്ടാവണം, തൊഴിലുറപ്പ് കാർഷിക മേഖലയിലേക്ക് അനുയോജ്യമായി പുനഃക്രമീകരിക്കണം. കുട്ടനാടിന് അനുയോജ്യമായ വിത്തിനങ്ങൾ കുട്ടനാട്ടിൽതന്നെ ഉത്പാദിപ്പിക്കുകയും കായൽനിലങ്ങൾ ദേശീയതലത്തിൽ വിത്തുത്പാദന കേന്ദ്രങ്ങളാക്കി മാറ്റാൻ വേണ്ട നടപടി സ്വീകരിക്കുകയും വേണം.