മതസ്വാതന്ത്ര്യത്തിലെ ഇരട്ടത്താപ്പ്
പ്രഫ. ഡോ. പി.ജെ. തോമസ്
Monday, September 22, 2025 1:04 AM IST
ഇക്കഴിഞ്ഞ അമേരിക്കൻ യാത്രയിൽ ന്യൂയോർക്കിന്റെ ഹൃദയഭാഗത്തുള്ള മാൻഹാട്ടനിലെ ഏറ്റവും തിരക്കേറിയ യൂണിയൻ സ്ക്വയറിൽ ഇരുപത്തഞ്ചോളം വരുന്ന ഹരേകൃഷ്ണ ഗായകസംഗം ഹാർമോണിയത്തിന്റെ സഹായത്തോടെ ഉച്ചത്തിൽ ഭജന പാടുകയും ഡാൻസ് ചെയ്യുകയും അവരുടെ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയുകയും ചെയ്യുന്നതു കാണാനിടയായി. ഗായകസംഘത്തിൽ ഇന്ത്യക്കാരും വളരെ ചെറുപ്പക്കാരായ അമേരിക്കക്കാരും ഉണ്ടായിരുന്നു. അവർക്കെല്ലാം ചെറിയ കുടുമയും വെളുത്ത ഇന്ത്യൻ വസ്ത്രവുമായിരുന്നു. കാഷായ വസ്ത്രധാരിയായ സന്യാസി ഇന്ത്യക്കാരനായിരുന്നു.
വളരെ തിരക്കുള്ള ഇതുവഴി വന്ന എല്ലാവരെയും അവർ തടഞ്ഞുനിർത്തി അവരുടെ ലഘുലേഖ കൊടുക്കുകയും ഇതിനെല്ലാം സുരക്ഷ കൊടുക്കുന്ന രീതിയിൽ ഒരു പോലീസ് സംഘം അവിടെ നിലയുറപ്പിക്കുകയും ചെയ്തിരുന്നു. അതുവഴിവന്ന ആരും പ്രശ്നമുണ്ടാക്കിയതായി കണ്ടില്ല. ഇങ്ങനെ പൊതുപരിപാടികൾ നടക്കുന്ന ഒരു സ്ഥലം കൂടിയാണത്.
അമേരിക്കയിലെ ഹിന്ദുമത വിശ്വാസികൾ തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായ കുറി, ചരട് ഉൾപ്പെടെയുള്ള അടയാളങ്ങൾ ധരിക്കുന്നതിൽ മുമ്പത്തെക്കാൾ താത്പര്യം കാട്ടുന്നതായും കാണാനിടയായി. ചുവന്ന തിലകം അണിഞ്ഞ പല ചെറുപ്പക്കാരെയും ഹോട്ടലുകളിലും മറ്റും കാണാനിടയായി. ഈ പ്രകടനപരത പൊതു മത ആചരണത്തിന്റെയും പ്രചാരണത്തിന്റെയും ഭാഗമാണ്. അതിനെ ആദരവോടെ കാണുകയും വേണം. ന്യൂയോർക്കിന്റെ മറ്റൊരു ഭാഗത്തു നടന്ന സമ്മർ ഫുഡ് കാർണിവലിലും കണ്ടു, പ്രായമുള്ള ഒരു മുസ്ലിം വിശ്വാസി തന്റെ മതം പ്രസംഗിക്കുന്നതും അവരുടെ ലഘുലേഖകൾ വിതരണം ചെയ്യുന്നതും. സന്തോഷകരമായ, അഭിമാനകരമായ കാഴ്ചകളായിരുന്നു ഇവയെല്ലാം.
ഒരു ജനാധിപത്യ രാജ്യത്ത് ഇങ്ങനെ ആയിരിക്കണം കാര്യങ്ങൾ. ഇന്ത്യയിലെ മതസ്വാതന്ത്ര്യ ചർച്ചകളും മതപരിവർത്തന നിരോധന നിയമ ചർച്ചകളുമൊക്കെ കണ്ടപ്പോൾ ഈ സംഭവങ്ങൾ ഓർത്തുപോയി. എന്നാൽ, ഇവയൊക്കെ മറ്റു മതങ്ങൾക്കും ഇന്ത്യയിൽ ഉറപ്പുവരുത്താൻ ഈ മത വിശ്വാസികൾതന്നെ മുൻകൈയെടുക്കണം. എങ്കിലേ മതസ്വാതന്ത്ര്യമാകൂ. അല്ലാത്തപക്ഷം മത മേൽക്കൊയ്മയായി അധഃപതിക്കും.
അമേരിക്കയിലെ ഹിന്ദുമത പ്രചാരണം
ഒരു കണക്കു പ്രകാരം 20 വർഷം മുമ്പ് അമേരിക്കയിലുണ്ടായിരുന്ന 435 ഹിന്ദു ക്ഷേത്രങ്ങളുടെ സ്ഥാനത്ത് 2025ൽ ഏതാണ്ട് 1500 ആയി വർധിച്ചു എന്നുകാണുന്നു. കലിഫോർണിയ സംസ്ഥാനത്തു മാത്രം 187ഉം ന്യൂയോർക്കിൽ 173ഉം ഹൈന്ദവ ക്ഷേത്രങ്ങളുണ്ട്. പ്യു റിസർച്ച് പ്രകാരം 2020ൽ 30 ലക്ഷം ഹിന്ദുക്കൾ അമേരിക്കയിൽ ഉണ്ടെന്നും 2050 ആകുമ്പോഴേക്കും അവർ 47.8 ലക്ഷമാകുമെന്നുമാണ് കണക്ക്.
2014-15ലെ പ്യു റിസർച്ച് പ്രകാരം അമേരിക്കൻ ഹിന്ദുക്കളിൽ എട്ടു മുതൽ 10 ശതമാനം വരെ മതപരിവർത്തനത്തിലൂടെ ഹിന്ദുക്കളായവരാണ്. കൂടാതെ, ലക്ഷക്കണക്കിന് അമേരിക്കക്കാർ ഇന്ത്യൻ യോഗ, ധ്യാന രീതികൾ പരിശീലിക്കുകയും ചെയ്യുന്നു. കൂടാതെ, ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസ്, വേദാന്ത സൊസൈറ്റി, യോഗ ആൻഡ് മെഡിറ്റേഷൻ മൂവ്മെന്റ്സ് തുടങ്ങിയ സംഘടനകളിൽകൂടി ഹിന്ദുമത പ്രചാരണം അമേരിക്കയിൽ നടക്കുന്നു. അതിലുപരി അവിടത്തെ വളരെ പ്രധാന വ്യക്തികൾ ഹിന്ദുമതം സ്വീകരിക്കുകയും അതു പരസ്യപ്പെടുത്തുകയും ചെയ്യുന്നു. ജൂലിയ റോബർട്സ് എന്ന ഹോളിവുഡ് നടി ഉദാഹരണമാണ്.
അമേരിക്കൻ ഭരണഘടനയിലെ ആദ്യ ഭേദഗതി പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നിർബന്ധിത മതപരിവർത്തനത്തെ ഉപദ്രവം, പിറകെ നടന്നു ശല്യപ്പെടുത്തൽ തുടങ്ങിയ ഇനത്തിലാണ് പെടുത്തിയിരിക്കുന്നത്. പൊതുവെ ക്രിസ്ത്യൻ രാജ്യം എന്നറിയപ്പെടുന്ന ജനാധിപത്യ രാജ്യമാണല്ലോ അമേരിക്ക. അവിടെ ഇന്ത്യക്കാരായ ഹിന്ദുക്കൾ അനുഭവിക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ അനുഭവമാണിത്. ഒരർഥത്തിൽ അഭിമാനമുള്ള കാര്യമാണിത്. മറ്റു പല പരിമിതികൾ ഉണ്ടെങ്കിലും അമേരിക്കയുടെ ജനാധിപത്യ സംസ്കാരം അഭിനന്ദനാർഹമാണ്.
സാന്പത്തിക മുതലെടുപ്പ് മാത്രം
ബ്രിട്ടീഷ് കൊളോണിയൽ സംവിധാനത്തിന്റെ ഉദ്ദേശ്യം സാമ്പത്തിക മുതലെടുപ്പു മാത്രമായിരുന്നു എന്ന് ശശി തരൂരിന്റെ An Era of Darkness : The British Empire in India എന്ന ഗവേഷണ ഗ്രന്ഥത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. അതല്ലായിരുന്നെങ്കിൽ കൊളോണിയൽ കാലഘട്ടത്തിൽതന്നെ മതപരിവർത്തനം ഒരു പ്രധാന വ്യവസ്ഥയായി മാറ്റിക്കൊണ്ട് വിപുലമായമായ രീതിയിൽ ക്രിസ്തുമത പ്രചാരണവും പരിവർത്തനവും നടത്താമായിരുന്നു. അങ്ങനെ അല്ലായിരുന്നു സംഭവിച്ചത് എന്നുള്ളതിന് തെളിവാണല്ലോ ഇപ്പോഴും ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ എണ്ണം.
അതിലുപരി അധികാര കൈമാറ്റം നടത്തുന്ന അവസരത്തിലും ഇങ്ങനെ ഒരു ഉപാധി ചർച്ചചെയ്തതായി കേട്ടിട്ടില്ല. അക്കാലത്തെ സ്വാതന്ത്ര്യസമര നേതാക്കളെയോ അധികാരം ഏല്പിച്ച നേതാക്കളെയോ മതം മാറ്റാൻ ബ്രിട്ടീഷുകാർ ശ്രമിച്ചില്ല എന്നുള്ളതിന് തെളിവാണല്ലോ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റു അജ്ഞേയവാദിയും നിരീശ്വരനും ആയിരുന്നു എന്നുള്ളത്. കൂടാതെ, ആദ്യത്തെ മന്ത്രിസഭയിൽ ഭൂരിപക്ഷം പേരും സവർണ ഹിന്ദുമത വിശ്വാസികളായിരുന്നു. എന്നിട്ടും പ്രത്യേക ന്യൂനപക്ഷ പദവി അന്നത്തെ ക്രിസ്ത്യാനികൾക്കു നൽകി എന്നത് അവർ വിദേശമതക്കാർ അല്ലെന്നും അവർ പ്രത്യേക പരിഗണന അർഹിക്കുന്നവരാണ് എന്നുമുള്ള പരിഗണനയിലായിരിക്കണമല്ലോ. പിന്നീടാണല്ലോ അതിനെല്ലാം മാറ്റം വരുന്നത്.
ഒന്നാം നൂറ്റാണ്ടിൽതന്നെ ഇന്ത്യയിൽ എത്തുകയും സമാധാനപരമായി ഇവിടത്തെ മത-സാംസ്കാരിക പരിസരവുമായി ഇണങ്ങിച്ചേർന്ന് എല്ലാ അർഥത്തിലും ഒരു ഇന്ത്യൻ മതമായി തീരുകയും ചെയ്ത ക്രിസ്തുമതം എങ്ങനെയാണ് ഇപ്പോഴും കൊളോണിയലും വൈദേശികവും പേടിക്കേണ്ടതും നിയന്ത്രിക്കേണ്ടതും ആകുന്നത് എന്ന് ഗൗരവമായി ചിന്തിക്കണം. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ മാർത്തോമ്മാ ക്രിസ്ത്യാനികൾ പങ്കെടുത്തതിന്റെ ചരിത്ര വിശദാംശങ്ങൾ Rutledge പ്രസിദ്ധീകരിച്ച എ.ബി. ക്ലാര എന്ന പ്രശസ്ത ഗവേഷകയുടെ Christianity in India: The Anti Colonial Turn, India’s Non Violent Freedom Struggle: The Thomas Christians (1599-1799) എന്ന പുസ്തകങ്ങളിൽ അന്താരാഷ്ട്ര തലത്തിൽതന്നെ ഇന്നു ലഭ്യമാണ്.
ഭരണഘടനാവിരുദ്ധം
യാഥാർഥ്യം ഇതായിരിക്കേ, ജനാധിപത്യത്തിന്റെ മാതാവ് എന്നൊക്കെ അവകാശപ്പെടുന്ന ഇന്ത്യയിൽ മതസ്വാതന്ത്ര്യത്തിന്റെ അവസ്ഥ അതിനു കടകവിരുദ്ധമാണ്. ഒരു മതത്തിനുമാത്രം ഭരണഘടന സർവസ്വാതന്ത്ര്യവും കൊടുക്കുകയും ക്രിസ്തുമതം ഉൾപ്പെടെ മറ്റു മതങ്ങൾക്ക് അത് നിഷേധിക്കുകയും ചെയ്യുന്നതു ഭരണഘടനാവിരുദ്ധമാണ്, തീർത്തും അനീതിയാണ്, ഇരട്ടത്താപ്പാണ്. അതിലുപരി മതം പരിശീലിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകൃത്യമാണെങ്കിൽ എന്തുകൊണ്ടാണു മറ്റു രാജ്യങ്ങളിൽ അതിനുള്ള ശ്രമങ്ങൾ ഇത്തരം മതങ്ങൾ ആവേശത്തോടെ നടപ്പിലാക്കുന്നത് എന്നുള്ളത് ചിന്തിക്കേണ്ടതാണ്.
അവിടത്തെപോലെതന്നെ ഇവിടെയും ഭരണഘടനാപ്രകാരം അതിനുള്ള സ്വാതന്ത്ര്യവും അവകാശവും എല്ലാ മതങ്ങൾക്കും ഉറപ്പുവരുത്താൻ ജനാധിപത്യ രാജ്യമെന്നവകാശപ്പെടുന്ന ഇന്ത്യക്കും സാധിക്കണം. അല്ലാതെ അജ്ഞതയും മുൻവിധിയും അസത്യവും ചരിത്ര വക്രീകരണവും അടിസ്ഥാനമാക്കിയുള്ള മതവിദ്വേഷവും വിവേചനവും മനുഷ്യവിരുദ്ധമാണ്, ഇന്ത്യാവിരുദ്ധമാണ്, ജനാധിപത്യ വിരുദ്ധമാണ്. അതുകൊണ്ടുതന്നെ മതപരിവർത്തന നിരോധനം പോലെയുള്ള ഭരണഘടനാ വിരുദ്ധ നിയമങ്ങൾ പിൻവലിക്കാൻ ഇവിടത്തെ ഭൂരിപക്ഷമത നേതാക്കൾതന്നെ മുൻകൈയെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം പഴയ കാല കൊളോണിയൽ രാജ്യങ്ങൾ സ്വന്തം ജനങ്ങൾക്ക് അവകാശങ്ങളും ലിബറലിസവും നടപ്പിലാക്കുകയും കോളനികളിലെ ജനങ്ങൾക്ക് അതു നിഷേധിക്കുകയും ചെയ്തതുപോലെയുള്ള കൊളോണിയൽ മാതൃകയിലുള്ള ഇരട്ടത്താപ്പും വഞ്ചനയുമാകും. ഇന്ത്യ അങ്ങനെ ആകാതിരിക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്ത്യയിലെ അവസ്ഥ!
ഈ സന്ദർഭത്തിലാണ് അതിലും വലിയ ജനാധിപത്യ രാജ്യം എന്ന് അവകാശപ്പെടുന്ന ഇന്ത്യയിലുള്ള മതസ്വാതന്ത്രത്തിന്റെ ദയനീയസ്ഥിതി മനസിലാക്കേണ്ടത്. ഡസനോളം സംസ്ഥാനങ്ങളാണ് വളരെ കാടത്തരീതിയിലുള്ള മതപരിവർത്തന നിരോധന നിയമങ്ങൾ പാസാക്കി, സമാധാനപരമായ മത കൂട്ടായ്മകളെപോലും കുറ്റകൃത്യമായി കണ്ട് ശിക്ഷിക്കുന്നത്. അമേരിക്കപോലുള്ള രാജ്യങ്ങളിൽ മതസ്വാതന്ത്ര്യം യഥേഷ്ടം ആസ്വദിക്കുന്നവരുടെ വിഭാഗത്തിൽപ്പെടുന്നവരാണ് ഇവിടെ ഇന്ത്യയിൽ മറ്റു വിഭാഗങ്ങളെ അതിന് അനുവദിക്കാത്തത് എന്നുള്ളത് വിചിത്രമാണ്.
നമ്മുടെ നാട്ടിൽത്തന്നെ എത്രയോ പേരാണ് മാതാ അമൃതാനന്ദമയിയുടെ മഠംപോലെയുള്ള സ്ഥലങ്ങളിൽ ചേരുന്നതും ശിഷ്യത്വം സ്വീകരിക്കുന്നതും. അതിൽ ഏറെപേർ വിദേശികളുമാണ്. ഇതിലാരും ഇടപെടാറില്ല. പക്ഷേ, ചില മതങ്ങൾക്ക് ഇതൊന്നും അനുവദിച്ചിട്ടില്ല എന്ന മട്ടിൽ പ്രവർത്തിക്കുന്നത് അനീതിയല്ലേ. മതാചരണവും പ്രചാരണവും പരിവർത്തനവുമെല്ലാം വ്യക്തിസ്വാതന്ത്ര്യ പ്രവർത്തനമാണ്. സർക്കാരുകൾക്ക് അവിടെ കാര്യമില്ല. അതു തടയുന്നത് മനുഷ്യാവകാശ ലംഘനം കൂടിയാണ്.
ഇനി പരാതികളുണ്ടെങ്കിൽ, ഇപ്പോൾതന്നെ നാട്ടിൽ നിലനിൽക്കുന്ന നിയമങ്ങൾകൊണ്ടുതന്നെ അവ നിയന്ത്രിക്കാവുന്നതാണ്. അതിനുപകരം ഇപ്പോൾ സംസ്ഥാനങ്ങൾ നടപ്പിലാക്കുന്ന നിയമങ്ങൾ പഴയ കൊളോണിയൽ ഭരണകർത്താക്കളെപ്പോലും നാണിപ്പിക്കുന്ന തരത്തിലുള്ളതാണ്. സർക്കാർ സ്വന്തം ജനങ്ങളോട് ഇത് ചെയ്യുന്നത് അങ്ങേയറ്റം കാടത്തമാണ്.
ഇന്ത്യൻ ഭരണഘടനയിലെ 25 മുതൽ 28 വരെയുള്ള ആർട്ടിക്കിളുകൾ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതാണ്. പ്രത്യേകിച്ചും ആർട്ടിക്കിൾ 25 മതപ്രചാരണത്തിനുള്ള സ്വാതന്ത്ര്യം ഉറപ്പുതരുന്നു. പൊതുക്രമത്തിന് ഭംഗംവരാതെയും ധാർമികതയ്ക്ക് എതിരാകാതെയും മനഃസാക്ഷിക്കനുസരിച്ച് അവരവരുടെ മതം ആചരിക്കാനും പ്രചരിപ്പിക്കാനും അനുവാദമുണ്ട്. അങ്ങനെയെങ്കിൽ മതപരിവർത്തനത്തിനുള്ള സ്വാതന്ത്ര്യവും ഇതേ ആർട്ടിക്കിളിൽ അടങ്ങിയിരിക്കുന്നു. പേടിപ്പിച്ചോ പണം കൊടുത്തോ മറ്റു മാർഗങ്ങളിൽകൂടിയോ മതം ഇക്കാലത്തു പ്രചരിപ്പിക്കാം, ആളെക്കൂട്ടാം എന്ന് വിചാരിക്കുന്നത് എത്രയോ ബാലിശമായ ചിന്തയാണ്. അത്രയേയുള്ളോ മനുഷ്യർ. ഇനി അങ്ങനെ ആണെങ്കിൽതന്നെ അത്തരം ഗതികേടിലായ മനുഷ്യരെ അതിൽനിന്ന് മോചിപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്.
ക്രിസ്തുമതത്തോടുള്ള വിവേചനം
ഭരണഘടന ഇങ്ങനെയായിരിക്കേ, 1950ലെ സംവരണഘടന തീരുമാനിക്കാനുള്ള പ്രത്യേക പ്രസിഡൻഷ്യൽ ഓർഡറിൽ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്നവർക്ക് സംവരണ പരിരക്ഷ നൽകേണ്ട എന്ന തീരുമാനമുണ്ടായി. നെഹ്റുവിന്റെ ആദ്യ മന്ത്രിസഭയിൽതന്നെ ക്രിസ്തുമതത്തോടുള്ള പേടിയും പ്രത്യേക നയവും പ്രകടമാണ്.

ക്രിസ്തുമതത്തിൽ തൊട്ടുകൂടായ്മയും ജാതിവ്യവസ്ഥയും ഇല്ലാത്തതിനാൽ അതിലേക്ക് പരിവർത്തനം ചെയ്യുന്നവർക്ക് സംവരണ പരിരക്ഷ വേണ്ടെന്ന വാദമാണ് അന്നുണ്ടായത്. അങ്ങനെയെങ്കിൽതന്നെ ഇന്ത്യയിലെ ദളിത് പ്രശ്നവും ജാതി വേർതിരിവും പരിഹരിക്കാൻ ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനമാണു പ്രതിവിധി എന്നു പറയാതെ പറയുകയാണ്. തുടക്കംമുതലേ ക്രിസ്തുമതത്തോട് ഇന്ത്യയിൽ നിലനിൽക്കുന്ന ഇരട്ടത്താപ്പും അവ്യക്തതയും സംശയവും വ്യക്തമാണ്.
ഇതിന് പ്രധാന കാരണമായിട്ടുള്ളത് ക്രിസ്തുമതത്തെയും കൊളോണിയലിസത്തെയും ബന്ധിപ്പിച്ചുള്ള ചിന്തകളാണ്. ഏക ശിലാത്മകമായി ക്രിസ്തുമതത്തെ കാണുകയും വൈവിധ്യത്തെ താമസ്കരിക്കുകയും അതിന്റെ ഉദ്ദേശ്യത്തെ വക്രീകരിച്ച് കൊളോണിയലിസത്തെ സഹായിക്കുക മാത്രമായിരുന്നു എന്ന് ചിന്തിക്കുകയും ചെയ്തതാണ് പ്രശ്നമായത്.
എഡി 52ൽ തന്നെ ക്രിസ്തുമതം അന്നത്തെ ഇന്ത്യയിൽ, കേരളത്തിൽ എത്തിയെന്നുള്ളത് പല ഹിന്ദുമത നേതാക്കൾക്കോ കൊളോണിയലിസം പഠിച്ച വലിയ പണ്ഡിതർക്കോ അജ്ഞാതമാണ്. ഉദാഹരണത്തിനു പ്രസിദ്ധനായ പോസ്റ്റ് കൊളോണിയൽ ചിന്തകൻ ഹോമി ഭാഭ തന്റെ കൊളോണിയൽ മിമിക്രി എന്ന എക്കാലത്തെയും പ്രസിദ്ധമായ ലേഖനത്തിൽ കൊളോണിയലിസത്തെയും ക്രിസ്തുമതത്തെയും ഇത്തരത്തിലാണ് സമീപിക്കുന്നത്.
കൊളോണിയൽ കാലഘട്ടത്തിലും ക്രിസ്തുമതം ഇന്ത്യയിൽ വന്നു എന്നുള്ളതും ശരിയെങ്കിലും, മതപരിവർത്തനവും കൊളോണിയലിസത്തെ ശക്തിപ്പെടുത്തുന്നതും മാത്രമായിരുന്നു അതിന്റെ ഉദ്ദേശ്യം എന്നുള്ളത് മുൻവിധിയും അസത്യവുമാണ്. ഒരുപക്ഷേ, രണ്ടു കൂട്ടരും ബ്രിട്ടീഷുകാരായിരുന്നതും കൊളോണിയൽ കാലഘട്ടത്തിൽതന്നെ ജനോപകാരപ്രദവും നിസ്വാർഥവുമായ വിദ്യാഭാസ സാമൂഹിക പ്രവർത്തങ്ങൾ നടത്തിയതും തെറ്റിദ്ധാരണ ജനിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. ഒറ്റപ്പെട്ട രേഖകളോ സംഭവങ്ങളോ അടിസ്ഥാനമാക്കി ഈ രീതിയിലുള്ള ഗവേഷണങ്ങളും നടന്നിട്ടുണ്ട്, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്.