മലയാളസിനിമയിലെ നൊസ്റ്റ് ‘ലാൽ’ജിയ
ഡോ. ബിൻസ് എം. മാത്യു
Tuesday, September 23, 2025 12:20 AM IST
എൺപതുകൾ മുതലുള്ള മലയാളിയുടെ ജീവിതപരിണാമങ്ങളെ വിനിമയം ചെയ്ത താരശരീരമാണ് മോഹൻലാൽ . അദ്ദേഹത്തിന്റെ കഥാപാത്ര /ഭാവപരിണാമങ്ങൾ മലയാളിയുടെ ജീവിതമാറ്റത്തിന്റെ ദൃശ്യപ്പെടുത്തൽകൂടിയാണ്. ഭാവുകത്വപരവും സാങ്കേതികവുമായ വലിയ മാറ്റങ്ങൾ പിന്നിട്ടാണ് മലയാള സിനിമ ടാക്കീസുകളിൽനിന്ന് മൾട്ടിപ്ലക്സുകളിൽ ഇന്ന് എത്തിനിൽക്കുന്നത്. ഈ ഘട്ടങ്ങളിലെല്ലാം മലയാളസിനിമാവ്യവസായത്തിന് ലാൽ ഒരു അനിവാര്യതയായിരുന്നു.
താരശരീരത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു പുസ്തകമാണ് റിച്ചാർഡ് ഡയർ എഴുതിയ ‘സ്റ്റാർസ്.’ താരത്തെ ഒരു പാഠമായാണ് (text) ഡയർ വിശകലനം ചെയ്യുന്നത്. അഭിനേതാവ് സിനിമയിൽ നിരന്തരം ആവർത്തിക്കുന്ന വേഷങ്ങൾ, കൈകാര്യംചെയ്യുന്ന പരസ്യങ്ങൾ, അഭിമുഖങ്ങൾ, പോസ്റ്ററുകൾ ഇവയിലൂടെ നിർമിക്കുന്നതാണ് താരബിംബം. കഥാപാത്രങ്ങൾ, അതിന്റെ ലിംഗപരവും വർഗപരവും രാഷ്ട്രീയവുമായ വിവക്ഷകൾ ഇവയെല്ലാം അഭിനേതാവ് എന്ന നിലവിട്ടു താരത്തിലേക്കു വളർത്തുന്ന ഘടകങ്ങളാണ്. താരശരീരത്തെ ഒരു ഉത്പന്നമായാണ് റിച്ചാർഡ് ഡയർ നിരീക്ഷിക്കുന്നത്. വിപണി മുതൽ രാഷ്ട്രീയംവരെ തങ്ങളുടെ ആശയങ്ങൾ വിറ്റഴിക്കാനുള്ള ഒരു ഉപാധിയായി താരശരീരത്തെ ഉപയോഗിക്കുന്നു.
1980ൽ മോഹൻലാലിന്റെ ആദ്യചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ പുറത്തുവരുമ്പോഴേക്കും കേരളത്തിൽ അടിയന്തരാവസ്ഥയുടെ അലകൾ നേർത്തുതുടങ്ങിയിരുന്നു. നമ്മൾ കൊയ്യുന്ന വയലുകളുടെ പൊന്നരിവാൾ സ്വപ്നങ്ങളും തീർന്നുതുടങ്ങിയിരുന്നു. ഹിന്ദി സ്ക്രീനുകളിലെ അമിതാഭ്ബച്ചന്റെ രോഷാഗ്നിയെ മലയാളത്തിൽ ആവാഹിച്ച ജയൻ മരിച്ച് ഒരു മാസവും 10 ദിവസവും പൂർത്തിയാകുമ്പോഴാണ് ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ റിലീസാകുന്നത്.
പ്രണയഋതു
രോഷങ്ങളും രാഷ്ട്രീയ അതിഭാവുകത്വങ്ങളും ഇടതൂർന്നുവളർന്ന ഒരു കാലത്തിനുശേഷമാണ് സിനിമയിൽ മോഹൻലാൽ യുഗം ആരംഭിക്കുന്നത്. മലയാളിക്ക് ശൃംഗാരത്തോടും ഹാസ്യത്തോടും പക്ഷപാതിത്വം കൂടും. ഈ പ്രണയസംസ്കാരത്തിന്റെ സ്ക്രീൻ പതിപ്പുകളായിരുന്നു പ്രേംനസീറും മോഹൻലാലും.
മലയാളിയുടെ കാമുകഭാവത്തിന് സെല്ലുലോയ്ഡിൽ എഴുതിയ നിറപ്പകർച്ചയായിരുന്നു മോഹൻലാൽ. നമ്മുടെ പ്രണയസ്വപ്നങ്ങൾക്കാണ് അയാൾ നിറം നൽകിയത്. പൈങ്കിളി നോവലിസ്റ്റുകൾ ഇരുകൈകളുംകൊണ്ട് അതിഭാവുകത്വത്തിൽ ചാലിച്ച കഥകൾ എഴുതിപ്പിടിപ്പിച്ച കാലം കൂടിയായിരുന്നു അത്. പൈങ്കിളി ഭാവുകത്വത്തിന് കുറുകെ നടന്നാണ് മോഹൻലാൽ റൊമാന്റിക് ഹീറോയായി മാറുന്നത്.
എഴുപതുകളിലെ നായകന്മാർ കൊടികൾകൊണ്ട് സമരമുഖം ഉയർത്തിയപ്പോൾ എൺപതുകളിൽ ലാൽ പ്രണയംകൊണ്ട് വ്യവസ്ഥിതികളെ വെല്ലുവിളിക്കുന്നു. ‘സുഖമോ ദേവി’ എന്ന സിനിമയിൽ സണ്ണി താരയെ കോളജ് കാമ്പസിൽ ബൈക്കിൽ ഇറക്കിയതിനുശേഷം തിരികെ വിളിച്ച് നെറ്റിയിൽ ചുംബിക്കുന്നുണ്ട്. സ്വന്തം കാമുകിയെ ബൈക്കിലിരുത്തി യാത്ര ചെയ്യുകയും പരസ്യമായി ചുംബിക്കുകയും ചെയ്യുന്ന കഥാപാത്രം അന്ന് വിസ്മയമായിരുന്നു. രണ്ടുപേർ ചുംബിക്കുമ്പോൾ ലോകം മാറുമെന്ന് പറഞ്ഞത് പ്രശസ്ത മെക്സിക്കൻ കവി ഒക്ടോവിയോ പാസാണ്.
ആൺ-പെൺ സൗഹൃദങ്ങൾക്കുമേൽ അച്ചടക്കവാളുകൾ ഉയർന്നുനിന്ന കാലത്ത് കാമ്പസ് സ്വപ്നം കണ്ട സ്വാതന്ത്ര്യത്തെ സ്ക്രീനിൽ ദൃശ്യപ്പെടുത്തിയ രംഗം കൂടിയായിരുന്നു അത്.
‘തൂവാനത്തുമ്പികളി’ലെ പ്രണയവർഷം ഇന്നും പെയ്തുതീർന്നിട്ടില്ല. ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിലെ ക്ലാരയുടെ ട്രെയിൻ ഒറ്റക്കൽശില്പംപോലെ ഫ്രീസ്ചെയ്ത് അവിടെത്തന്നെ നിൽക്കുകയാണ്. മുന്തിരിത്തോപ്പിലെ അവസാനരംഗത്ത് രണ്ടാനച്ഛനാൽ ബലാത്കാരം ചെയ്യപ്പെട്ട സോഫിയയെ സോളമൻ തൂക്കിയെടുക്കുമ്പോൾ നമ്മുടെ പെൺ-പവിത്രതാസങ്കല്പങ്ങളെകൂടിയാണ് മറുകൈകൊണ്ട് തൂക്കിയെറിയുന്നത്. ഇങ്ങനെ വ്യവസ്ഥാപിത സങ്കല്പങ്ങൾക്കുമേൽ തീമഴ പെയ്യിച്ച കാമുകനായിരുന്നു അയാൾ. അസാമാന്യമായ മുഖസൗന്ദര്യമോ ശരീരത്തിന്റെ അഴകളവുകളോ അല്ല മലയാളിയെ മോഹൻലാലിനോട് ഇഴചേർത്തത്. ആ മാനറിസങ്ങളിലും അലസഭാവങ്ങളിലും ഒരു സാധാരണ മലയാളിയുണ്ടായിരുന്നു.
ജീവിതസമരം
എൺപതുകളിലെ മോഹൻലാൽസിനിമകളിൽ കാണുന്നത് മധ്യവർഗ മലയാളി പുരുഷന്റെ അതിജീവന സമരങ്ങളാണ്. കേരളത്തിൽ പ്രവാസത്തിന്റെ വാതിലുകൾ തുറന്നുവരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ വ്യാവസായികമായി പുരോഗമിച്ചപ്പോൾ കേരളം അവിടെ മുരടിച്ചുനിന്നു. ഇതിന്റെ തിക്തഫലങ്ങൾ തീവ്രമായി ഏറ്റുവാങ്ങിയത് എൺപതുകളിലെ യുവത്വമാണ്. ‘ടി.പി. ബാലഗോപാലൻ എംഎ’യെപ്പോലെ വാലുപോലെ ബിരുദവും പേറി നടക്കേണ്ടിവന്ന ചെറുപ്പക്കാരുടെ പെരുക്കം അന്നുണ്ടായിരുന്നു. തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ കാലമായിരുന്നു അത്. ശരാശരി മലയാളിയുടെ സ്വർഗരാജ്യമായിരുന്നു ഗൾഫ്. അനേകം മലയാളികൾ ഗൾഫിലേക്കു രക്ഷപ്പെട്ടു. ചിലർ ‘ഗഫൂറു’മാരുടെ വലയിൽ വീണു.
ഗൾഫ് രാജ്യങ്ങളിൽ ഓയിൽ ബൂമിന്റെ കാലമായിരുന്നു അത്. ഗൾഫിലേക്ക് പോകാൻ ഭാഗ്യം ലഭിച്ചവരിൽ ഏറെയും മുസ്ലിംകളായിരുന്നു. ഭൂപരിഷ്കരണവും മറ്റു മാറ്റങ്ങളുംമൂലം ഭൂമിയുടെയും കൃഷിയുടെയും ആധിപത്യംകൂടി നഷ്ടമായ നായർ, സവർണ വിഭാഗങ്ങൾ വലിയ പ്രതിസന്ധിയിലായി. മധ്യവർഗ ഹിന്ദു കുടുംബങ്ങളുടെ പ്രതിസന്ധികളെ അനേകം സിനിമകളിലൂടെ മോഹൻലാൽ പ്രതിനിധാനം ചെയ്യുന്നുണ്ട്.
ഈ സിനിമകളിൽ പരമസാത്വികരും വ്യവസ്ഥിതിക്കു മുന്നിലെ കോമാളികളുമാണ് കഥാപാത്രങ്ങൾ. വെള്ളാനകളുടെ നാട്, സന്മനസുള്ളവർക്ക് സമാധാനം എന്നിങ്ങനെ ഉദാഹരണങ്ങൾ.
അതിജീവനമാണു ലക്ഷ്യം. സംരംഭങ്ങൾ തുടങ്ങുന്നുണ്ടെങ്കിലും ബ്യൂറോക്രസിയും ഭരണകൂടങ്ങളും നിർദയമായി അയാളെ പരാജയപ്പെടുത്തുന്നു - വരവേൽപ്പ്, മിഥുനം തുടങ്ങിയ ചിത്രങ്ങൾ. നെറ്റിയിലെ ചന്ദനക്കുറിയും മലയാളവസ്ത്രവും കാലൻകുടയുമാണ് അയാളുടെ അടയാളങ്ങൾ. അയാളുടെ മീശ - അത് താഴേക്കുതന്നെയാണ്.
മീശ
തൊണ്ണൂറുകൾക്കുശേഷം കേരളീയ ജീവിതത്തിനും മോഹൻലാൽകഥാപാത്രങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നു. കേരളസമൂഹത്തിൽ മറ്റൊരു പരിണാമത്തിന്റെ കാലം കൂടിയാണ് ഇത്. ഗൾഫ്പണത്തിന്റെ ഒഴുക്കുമൂലം ഉണ്ടായ സാമ്പത്തിക മാറ്റങ്ങൾ. ബാബറി മസ്ജിദും തുടർന്നുണ്ടായ പ്രശ്നങ്ങളും കേരളസമൂഹത്തിൽ ഉണ്ടാക്കിയ ആഴമേറിയ വിഭജനങ്ങൾ. ഇത്തരം ഒരു ചരിത്രസന്ദർഭത്തിലാണു പ്രതികാരത്തിന്റെ ആൾരൂപമായി അയാൾ വരുന്നത്. എൺപതിലെ സാത്വിക നായകനല്ല അയാൾ. വേഷത്തിലും രൂപഭാവങ്ങളിലും മാറ്റം. വീട്ടുകഥകൾക്കു പകരം തറവാട്ടുകഥകൾ.
‘സന്മനസുള്ളവർക്കു സമാധാന’ത്തിൽ വീട് തിരിച്ചുപിടിക്കാൻ വേണ്ടിയായിരുന്നു അയാളുടെ സമരമെങ്കിൽ ‘ആറാം തമ്പുരാനി’ൽ കണിമംഗലം തറവാടിനുവേണ്ടി. സൂക്ഷ്മചലനങ്ങളിൽപോലും അയാൾ തറവാടിയും മാടമ്പിയുമായി മാറുന്നുണ്ട്. യുവതയുടെ ക്ഷുഭിതഭാവങ്ങളെയാണ് ആ കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അപ്പോഴും അയാളുടെ കാമുകഭാവം അങ്ങനെതന്നെയുണ്ട്.
മലയാള സിനിമ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലം കൂടിയായിരുന്നു തൊണ്ണൂറുകൾക്ക് ശേഷമുള്ള കാലം. സാറ്റലൈറ്റ് ചാനലുകൾ കൊണ്ടുവന്ന പുതിയ ദൃശ്യസംസ്കാരം നിർമിച്ച ആദ്യകാലകൗതുകങ്ങൾ മലയാളിയെ വീട്ടിൽ പിടിച്ചിരുത്തി.
ഗ്രാമീണ ടാക്കീസുകളിൽ ആളുകൾ കുറഞ്ഞു. തിയറ്ററുകൾ കല്യാണമണ്ഡപങ്ങളായി. അമർത്തിയ ലൈംഗികശീലങ്ങളെയും കപടസദാചാരത്തെയും ആഴത്തിൽ ചോദ്യംചെയ്തുകൊണ്ട് ഷക്കീലയും പരിവാരങ്ങളും അവശേഷിച്ച സ്ക്രീനുകൾ കൈയേറി. ഇത്തരമൊരു പ്രതിസന്ധിയിൽനിന്നു മലയാളസിനിമയെ രക്ഷിക്കുന്നതിൽ മോഹൻലാൽ സിനിമകൾ വഹിച്ചപങ്ക് വളരെ വലുതായിരുന്നു.
വൈവിധ്യം നിറഞ്ഞ അഭിനയ നാട്യശാസ്ത്രമാണ് മോഹൻലാലിന്റേത്. 2010നു ശേഷം ലോകവും അഭിരുചികളും പാടെ മാറിമറിഞ്ഞു. പഴയതൊക്കെ കൺവെട്ടത്തുനിന്ന് അപ്രത്യക്ഷമായി. വടിവൊത്ത താരശരീരങ്ങൾ രൂപംകൊണ്ടു.
എന്നിട്ടും മോഹൻലാലിന്റെ പ്രതാപം കുറഞ്ഞിട്ടില്ല. ‘തുടരും’ സിനിമയിലെ കണ്ണുകൾകൊണ്ടുമാത്രം നടത്തിയ അഭിനയം മാത്രംമതി ഇതു തെളിയിക്കാൻ. സ്ക്രീൻ വിട്ടിറങ്ങിയാലും തുളഞ്ഞുകയറുന്ന ആ നോട്ടം കൂടെയുണ്ടാകും.
എൺപതുകളിലും തൊണ്ണൂറുകളിലും മോഹൻലാലും അദ്ദേഹത്തിനുവേണ്ടി നിർമിച്ച കഥാപാത്രങ്ങളും അവ നൽകിയ ഊർജവും മലയാളിയുടെ അവബോധത്തിൽ ആഴത്തിൽ മുദ്രിതമായിരുന്നു. ഗൃഹാതുരസമൂഹമായ മലയാളി പഴയ ഓർമകൾ പുതുക്കുവാൻ തങ്ങളുടെ പ്രണയത്തെയും കാമനകളെയും യൗവനത്തെയും വീണ്ടെടുക്കുവാൻ സ്ക്രീനിൽ പഴയ മോഹൻലാലിനെ അന്വേഷിച്ചുചെല്ലുന്നു. കമ്യൂണിസവും ഫ്യൂഡലിസവും മാത്രമല്ല പഴയ മോഹൻലാലും നമുക്ക് ഒരു നൊസ്റ്റാൾജിയയാണ്.