ക്രൈസ്തവ വിദ്യാഭ്യാസമേഖലയ്ക്ക് നിരന്തര പീഡനം
ഡോ. കുര്യാസ് കുമ്പളക്കുഴി
Tuesday, September 23, 2025 1:04 AM IST
കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ വിസ്മയകരമായ മുന്നേറ്റത്തിന് ഏറ്റവും കനപ്പെട്ട സംഭാവന നല്‍കിയത് ഇവിടത്തെ ക്രൈസ്തവ സമൂഹമാണ്. എന്നാല്‍, എല്ലാക്കാലത്തും ഭരണതലത്തില്‍നിന്ന് അവര്‍ക്കു കടുത്ത വിവേചനവും പീഡനവുമാണ് നേരിടേണ്ടിവന്നിട്ടുള്ളത്. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഭിന്നശേഷി സംവരണത്തിന്റെ പേരില്‍ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളുകളിലെ ആയിരക്കണക്കിന് അധ്യാപകര്‍ അനുഭവിക്കുന്ന നിയമനാംഗീകാര നിഷേധം.
ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്നു ലഭിച്ച അനുകൂലവിധിപ്രകാരം എന്‍എസ്എസ് മാനേജ്മെന്റിലെ സമാന നിയമനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും അവര്‍ക്കു ശമ്പളം ലഭിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിധി ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് ബാധകമല്ലെന്നാണു സര്‍ക്കാരിന്റെ വിചിത്രമായ കണ്ടുപിടിത്തം! ക്രൈസ്തവ മാനേജ്മെന്റുകള്‍ സുപ്രീംകോടതിയില്‍ പോയി പ്രത്യേകം വിധി കൊണ്ടുവരണമത്രെ! ക്രൈസ്തവ വിദ്വേഷിയായ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥന് എഴുതിക്കയറ്റിവിട്ട ഫയലില്‍ ഉണ്ടായ തീരുമാനമാണിതെന്നു വ്യക്തം.
അത് കൊണ്ടുപോയി ചവറ്റുകുട്ടയിലിടൂ എന്നു പറയേണ്ടതിനു പകരം, അതിന്റെ ഉള്ളടക്കം കൃത്യമായി മനസിലാക്കാതെ തുല്യം ചാര്ത്തിവിടുന്ന വകുപ്പുമന്ത്രിയോടും മറ്റ് ഉന്നതാധികാരികളോടും സഹതപിക്കുകയേ നിര്‍വാഹമുള്ളൂ. ജനവിരുദ്ധമായ തീരുമാനങ്ങള്ക്കിടയാക്കുന്ന ഇത്തരം ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുകയാണു ബന്ധപ്പെട്ട അധികാരികള്‍ ചെയ്യേണ്ടത്.
ഒരു തുടര്‍ക്കഥപോലെ നീണ്ടുപോകുന്ന ഈ പീഡനപരമ്പര ആരംഭിക്കുന്നത് 1945ലാണ്. തിരുവിതാംകൂര്‍ ദിവാനായിരുന്ന സര് സി.പി. രാമസ്വാമി അയ്യര്‍ രാജ്യത്തെ പ്രൈമറി വിദ്യാലയങ്ങളെല്ലാം ദേശസാത്കരിക്കാന്‍ തീരുമാനമെടുത്തു. അന്ന് ഭൂരിപക്ഷം വിദ്യാലയങ്ങളും ക്രൈസ്തവ മാനേജ്മെന്റുകളുടേതായിരുന്നു. ദിവാനാകട്ടെ ക്രൈസ്തവവിരോധം സഹജമായിരുന്നുതാനും. പക്ഷേ, സഭാനേതൃത്വവും വിശ്വാസിസമൂഹവും ഒന്നടങ്കം ദേശസാത്കരണ നീക്കത്തിനെതിരേ രംഗത്തിറങ്ങിയപ്പോള്‍ സര്‍ക്കാരിന് പിന്‍വാങ്ങേണ്ടിവന്നു.
1957ല്‍ കേരളത്തിൽ അധികാരത്തില്‍ വന്ന ആദ്യ ജനാധിപത്യ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകള്‍ തകിടംമറിച്ചു. മാനേജ്മെന്റ് വിരോധം കൈമുതലായ വിദ്യാഭ്യാസമന്ത്രി ജോസഫ് മുണ്ടശേരി കൊണ്ടുവന്ന വിവാദവിധേയമായ വിദ്യാഭ്യാസ ബില്ലിലാണ് തുടക്കം. മാനേജ്മെന്റുകള്‍ക്ക് മൂക്കുകയറിടുക എന്ന ഉദ്ദേശ്യത്തോടെ തയാറാക്കിയ ആ ബില്ലില്‍, ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന ന്യൂനപക്ഷാവകാശങ്ങളെപ്പോലും മറികടന്ന് ആവശ്യം വന്നാല്‍ മാനേജ്മെന്റ് സ്കൂളുകള്‍ സര്‍ക്കാരിനു പിടിച്ചെടുക്കാമെന്ന വ്യവസ്ഥവരെ ഉണ്ടായിരുന്നു.
നിയമസഭയിലെ നേരിയ ഭൂരിപക്ഷത്തിന്റെ ബലത്തില്‍ പാസാക്കിയ ബില്ലിനു പക്ഷേ, ഗവര്‍ണര്‍ ബി. രാമകൃഷ്ണ റാവു അംഗീകാരം നല്‍കിയില്ല. പകരം രാഷ്ട്രപതിയുടെ പരിഗണനയ്ക്കയച്ചു. രാഷ്ട്രപതി ബില്‍ സുപ്രീംകോടതിക്കു റഫര്‍ ചെയ്തു. ബില്ലിലെ പല വകുപ്പുകളും ഭരണഘടനാവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ ഉപദേശമനുസരിച്ച് വിവാദ വ്യവസ്ഥകള്‍ ഒഴിവാക്കിയാണു രാഷ്ട്രപതി ബില്ലിന് അംഗീകാരം നല്‍കിയത്.
ബില്ലിനെതിരേ കേരളത്തില്‍ ഉയര്‍ന്നുവന്ന ജനരോഷം വിമോചനസമരമായി രൂപം മാറുകയും അതിന്റെ ഫലമായി രാഷ്ട്രപതി സര്‍ക്കാരിനെ ഡിസ്മിസ് ചെയ്യുകയും ചെയ്തു. അങ്ങനെ, ക്രൈസ്തവ വിദ്യാലയങ്ങള്ക്കെതിരേയുള്ള സര്‍ക്കാര്‍ നീക്കം വീണ്ടും പരാജയപ്പെട്ടു.
1972-73 വര്‍ഷങ്ങളിൽ കോണ്‍ഗ്രസ് മുഖ്യപങ്കാളിയായ അച്യുതമേനോന് ഗവണ്മെന്റ് അധികാരത്തിലിരിക്കുന്ന കാലം. കോളജ് വിദ്യാര്‍ഥികളുടെ ഫീസ് ഏകീകരണത്തിന്റെയും അധ്യാപകരുടെ ഡയറക്ട് പേയ്മെന്റിന്റെയും പേരില്‍ സ്വകാര്യ കോളജുകളുടെ നിയന്ത്രണം ഉപായത്തില്‍ കരസ്ഥമാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. അന്നും കേരളത്തിലെ ഭൂരിപക്ഷം കോളജുകളും ക്രൈസ്തവ മാനേജ്മെന്റിലായിരുന്നു. സ്വാഭാവികമായുമുണ്ടായ ആശങ്ക ശക്തമായ വിദ്യാഭ്യാസ പ്രക്ഷോഭമായി മാറി.
കേരളത്തിലെ മിക്ക നഗരങ്ങളിലും രൂപതാധ്യക്ഷന്മാര് പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് ചരിത്രത്തിലാദ്യമായി തെരുവിലിറങ്ങി. പ്രൈവറ്റ് കോളജുകളിലെ ഫീസ് സര്‍ക്കാര്‍ കോളജുകളിലേതിനു തുല്യമാക്കുമ്പോള്‍ വരുമാനനഷ്ടം കണക്കിലെടുത്ത് കോളജുകള്‍ക്ക് ഗ്രാന്റ് വര്ധിപ്പിച്ചുനല്കില്ലെന്നും സര്‍ക്കാര്‍ ശാഠ്യംപിടിച്ചു. ഇതോടെ കോളജുകള്‍ തുറക്കേണ്ടതില്ലെന്നു മാനേജ്മെന്റ് തീരുമാനിച്ചു.
കോളജുകള്‍ സര്‍ക്കാര്‍ പിടിച്ചെടുത്തു ബലമായി തുറപ്പിച്ചു ക്ലാസ് നടത്തിയേക്കുമെന്ന കിംവദന്തിയും പ്രചരിച്ചു. അതോടെ എന്‍എസ്എസും ക്രൈസ്തവ മാനേജ്മെന്റുകളും കോളജ് സംരക്ഷണസമിതികള്ക്ക് രൂപംനല്കി. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ഇടപെടലിനെത്തുടര്‍ന്ന് മാനേജ്മെന്റിന്റെ അവകാശങ്ങള്‍ അഭംഗുരം നിലനിര്‍ത്തിക്കൊണ്ടുള്ള ഒത്തുതീര്‍പ്പുണ്ടായി.
സെപ്റ്റംബര്‍ ഒന്നുമുതല്‍ കോളജുകള്‍ തുറന്നുപ്രവര്‍ത്തിച്ചു. അങ്ങനെ ക്രൈസ്തവസമൂഹത്തിന്റെ വിദ്യാഭ്യാസാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള സര്‍ക്കാരിന്റെ മൂന്നാംഘട്ട നീക്കവും പരാജയപ്പെട്ടു.
ഈ ക്രൈസ്തവവിരുദ്ധതയ്ക്ക് ഇടതുവലതു ഭേദമില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. അടുത്ത ഘട്ടം യുഡിഎഫ് ഗവണ്മെന്റ് വകയായിരുന്നു. 2001ല്‍ അധികാരത്തില്‍വന്ന എ.കെ. ആന്റണി സര്‍ക്കാര്‍, കേരളത്തില്‍നിന്നു പ്രഫഷണല്‍ വിദ്യാഭ്യാസം തേടി പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അന്യസംസ്ഥാനങ്ങളിലേക്കു പോകുന്ന ദുരവസ്ഥയ്ക്ക് വിരാമമിടാന്‍ ഉദ്ദേശിച്ചുകൊണ്ട് സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിക്കാന്‍ തീരുമാനമെടുത്തു.
കാലോചിതമായ ഈ തീരുമാനത്തെ സ്വാഗതംചെയ്ത ക്രൈസ്തവ മാനേജ്മെന്റുകള്‍ സര്‍ക്കാരിനോടു സഹകരിച്ചുകൊണ്ടു ധാരാളം സ്ഥാപനങ്ങള്‍ ആരംഭിച്ചു. അത്തരം സംരംഭങ്ങള്‍ വന്‍ വിജയമായതിനെത്തുടര്‍ന്ന്, സര്‍ക്കാര്‍ പുതിയ വ്യവസ്ഥകളുമായി രംഗത്തുവന്നു. അതിലൊന്നായിരുന്നു രണ്ടു മാനേജ്മെന്റ് സ്ഥാപനം സമം ഒരു സര്‍ക്കാര്‍ സ്ഥാപനം എന്ന വിചിത്രമായ വ്യവസ്ഥ.
മാനേജ്മെന്റ് സീറ്റുകളില്‍ ഉയര്‍ന്ന ഫീസും ഓപ്പണ്‍ മെറിറ്റ് സീറ്റുകളില്‍ കുറഞ്ഞ ഫീസും. തുല്യനീതി നിഷേധിക്കുന്നതും സാമൂഹികാസന്തുലിതത്വത്തിനു കാരണമാകുന്നതുമായ ഈ വ്യവസ്ഥ അംഗീകരിക്കാന്‍ മാനേജ്മെന്റുകള്‍ തയാറായില്ല. അപ്പോള്‍ സര്‍ക്കാര്‍ അതൊരു നിയമമാക്കാന്‍ തീരുമാനിച്ചു. അങ്ങനെയാണ് 2004ലെ സ്വാശ്രയ പ്രഫഷണല്‍ വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചതും പാസാക്കിയതും.
സ്വാഭാവികമായും മാനേജ്മെന്റുകള്‍, പ്രത്യേകിച്ചും ക്രൈസ്തവ മാനേജ്മെന്റുകള്‍ ബില്ലിലെ ന്യൂനപക്ഷ ധ്വംസനവും സാമൂഹിക നീതിനിഷേധവും ചൂണ്ടിക്കാണിച്ചുകൊണ്ട് കോടതിയെ സമീപിച്ചു. ജൂലൈ 29ന് സുപ്രീംകോടതി പുതിയ നിയമം സ്റ്റേ ചെയ്തു. ഒപ്പം, ബില്‍ ഭരണഘടനാ ബെഞ്ചിനു റഫര്‍ ചെയ്യുകയും ചെയ്തു.
2005 ഓഗസ്റ്റ് 13ന് ഏഴംഗ ഭരണഘടനാബെഞ്ചിന്റെ വിധിയുണ്ടായി. സര്‍ക്കാര്‍ നിലപാടിനേറ്റ കനത്ത തിരിച്ചടിയായിരുന്നു വിധി. അതനുസരിച്ച് നൂറു ശതമാനം സീറ്റും മാനേജ്മെന്റിനായി. ഇഷ്ടമുള്ള ഫീസും നിശ്ചയിക്കാം. സര്‍ക്കാര്‍ ക്വോട്ടയും സംവരണവും ഇല്ല. ഭരണഘടനാ തത്വങ്ങള്‍ക്ക് വിരുദ്ധമായി നിയമനിര്‍മാണം നടത്താന്‍ പാടില്ലെന്ന കൃത്യമായ ഓര്‍മപ്പെടുത്തലായിരുന്നു സുപ്രീംകോടതി വിധി.
ഈ വിധി മറികടക്കാനും മാനേജ്മെന്റുകളെ നിലയ്ക്കു നിര്‍ത്താനും ഉദ്ദേശിച്ചു കൊണ്ട് 2006 മേയില്‍ അധികാരം ഏറ്റെടുത്ത എല്‍ഡിഎഫ് സര്‍ക്കാര്‍ കൂടുതല്‍ കര്‍ക്കശമായ വ്യവസ്ഥകളോടെ പുതിയൊരു ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. പ്രതിപക്ഷം കൂടി ഉദാരമായി സഹകരിച്ചുകൊണ്ട് ബില്‍ ഏകകണ്ഠമായി പാസാക്കി. ബില്‍ വ്യവസ്ഥകള്‍ ലംഘിക്കുന്ന മാനേജ്മെന്റിന് 50 ലക്ഷം രൂപ പിഴയും ഒരു വര്‍ഷത്തില്‍ കുറയാത്തതും മൂന്നു വര്‍ഷത്തില്‍ കവിയാത്തതുമായ തടവുശിക്ഷയുമാണ് ബില്ലില്‍ നിര്‍ദേശിച്ചത്.
മാനേജ്മെന്റ് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദേശിച്ചുകൊണ്ട് കോടതി ഹര്‍ജി തള്ളി. ഹൈക്കോടതിയില്‍നിന്ന് 2006 ജൂലൈ 29ന് ആദ്യ വിധി വന്നു. 50:50 എന്ന പ്രവേശനരീതി തുടരാനും കെ.ടി. തോമസ് കമ്മീഷന് നിശ്ചയിക്കുന്ന ഫീസ് മാത്രം ചുമത്താനും മാത്രമേ കോടതി അനുവദിച്ചുള്ളൂ. ഇതിനെതിരേ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പോയെങ്കിലും പ്രയോജനമുണ്ടായില്ല.
2007 ജനുവരി നാലിന് ഹൈക്കോടതിയുടെ അന്തിമവിധി വന്നു. ബില്ലിലെ ഭരണഘടനാവിരുദ്ധമായ വകുപ്പുകളെല്ലാം കോടതി റദ്ദ് ചെയ്തു. മാനേജ്മെന്റുകള്‍ക്ക് ആശ്വാസമായി.
സര്‍ക്കാര്‍ ഉദാസീനമായി നിയമനിര്‍മാണങ്ങള്‍ നടത്തുന്നു. മാനേജ്മെന്റ് നീതിക്കുവേണ്ടി കോടതികള്‍ കയറിയിറങ്ങുന്നു. ഇതിന് വേണ്ടിവരുന്ന കനത്ത സാമ്പത്തിക ബാധ്യതയാണു മറ്റൊരു ശിക്ഷ. പ്രത്യക്ഷവും പരോക്ഷവുമായ ഇരട്ട പീഡനങ്ങളില്‍നിന്ന് എന്നു രക്ഷയുണ്ടാകും?