രഹസ്യം
ഡോ. മുഞ്ഞിനാട് പത്മകുമാര്‍
Wednesday, September 24, 2025 12:35 AM IST
രഹസ്യമായി സൂക്ഷിക്കേണ്ട ചിലതു തലയണയ്ക്കടിയില്‍ വച്ചാണ് ഞാന്‍ കുട്ടിക്കാലത്ത് കിടന്നിരുന്നത്. തലയ്ക്കുള്ളില്‍ സൂക്ഷിക്കാനും തലയണയ്ക്കുള്ളില്‍ സൂക്ഷിക്കാനുമുള്ള രണ്ടുതരം രഹസ്യങ്ങള്‍ എനിക്കുണ്ടായിരുന്നു. തലയ്ക്കുള്ളിലെ സൂക്ഷിപ്പ് ഏറെക്കുറെ ഭദ്രമായിരുന്നു.
എന്നാല്‍, തലയണയ്ക്കുള്ളിലെ സൂക്ഷിപ്പിന് ഒരു സുരക്ഷിതത്വവുമില്ലായിരുന്നു. പ്രണയലേഖനമൊഴികെ ചിലതെല്ലാം ഞാന്‍ സൂക്ഷിച്ചിരുന്നത് തലയണയ്ക്കടിയിലായിരുന്നു. പ്രോഗ്രസ് കാര്‍ഡ്, സഞ്ചയിക ലഘുസമ്പാദ്യ കാര്‍ഡ്, കൂട്ടുകാരില്‍നിന്ന് ഒളിച്ചുകടത്തിയ ചിത്രകഥകള്‍ അങ്ങനെ ചിലത്.
എന്റെയീ ഒളിച്ചുവയ്പ് വീട്ടില്‍ അമ്മയ്ക്കു മാത്രമേ അറിയുമായിരുന്നുള്ളൂ. ഒന്നുരണ്ടു തവണ ഞാനുറങ്ങുന്നതും കാത്ത് അമ്മ ഉറക്കമിളച്ച് ഇരുന്നിട്ടുണ്ട്. ഒരിക്കല്‍ ഞാന്‍ പിടിക്കപ്പെടുംവരെ എത്തിയിരുന്നു. ഭാഗ്യത്തിന് ഞാനുണര്‍ന്നു; നോക്കുമ്പോള്‍ തൊട്ടുമുന്നില്‍ അമ്മ നില്ക്കുന്നു.
എന്തോ ഒരു ശബ്ദം കേട്ട് മുറിയിലേക്കു വന്നതാണെന്ന് അമ്മ പറഞ്ഞു. അമ്മയ്ക്ക് നുണ പറയാന്‍ അറിയില്ലായിരുന്നു. അതിന്റെ ജാള്യം മുഴുവന്‍ ആ മുഖത്തുണ്ടായിരുന്നു. ചിരി വന്നെങ്കിലും ഞാന്‍ ചിരിച്ചില്ല. അമ്മ പോയിക്കഴിഞ്ഞപ്പോള്‍ തലയണയില്‍ മുഖംതാഴ്ത്തിക്കിടന്ന് ചിരിച്ചു.
തലയണയ്ക്കു താഴെയായിരുന്നില്ല ഞാനിതെല്ലാം സൂക്ഷിച്ചിരുന്നത്. തലയണയുടെ കവറിനുള്ളിലായിരുന്നു എന്റെ ഒളിസങ്കേതം. വെറുതെ തലവച്ചു കിടക്കുകയല്ല എന്റെ രീതി. തലയണയെ പൂണ്ടടക്കം പിടിച്ചുകൊണ്ടാണ് കിടന്നിരുന്നത്. ഒരുറുമ്പിനുപോലും എന്റെ അറിവോ സമ്മതമോ ഇല്ലാതെ അതിനുള്ളില്‍ കയറിപ്പറ്റാനാകില്ല. പകല്‍ ഞാന്‍ വീട്ടിലുണ്ടെങ്കില്‍ കണ്‍വെട്ടത്തെവിടെയെങ്കിലും അതെല്ലാം വയ്ക്കും. പുറത്തേക്കു പോകുമ്പോള്‍ വസ്ത്രത്തിനുള്ളിലെവിടെയെങ്കിലും സൂക്ഷിക്കും. ഇപ്പോള്‍ അതൊക്കെ ഓര്‍ക്കുമ്പോള്‍ നാണക്കേടല്ല തോന്നുന്നത്; ഭയം തോന്നും.
ഒരിക്കല്‍ അമ്മ ചോദിച്ചു: “ഈ പ്രായത്തില്‍ ഇത്രമാത്രം ഒളിച്ചുവയ്ക്കാന്‍ നിനക്കെന്താ ഉള്ളത്.” ഞാന്‍ പരുങ്ങി. നമ്മുടെ ജനാധിപത്യവ്യവസ്ഥയില്‍ ഒരു പൗരന് അയാളുടെ സ്വകാര്യരഹസ്യങ്ങള്‍ സൂക്ഷിച്ചുവയ്ക്കാന്‍ അവകാശമുണ്ടെന്നും അതിനയാള്‍ പ്രായപൂര്ത്തിയാകണമെന്നില്ലെന്നും പറയാനുള്ള ജ്ഞാനം എനിക്കന്നില്ലായിരുന്നു. ഞാന്‍ ചിരിച്ചു. ആ ചിരി അമ്മയ്ക്ക് തീരെ പിടിച്ചില്ല. “ഇന്നല്ലെങ്കില്‍ നാളെ ഈ രഹസ്യങ്ങളെല്ലാം നിനക്കു പരസ്യപ്പെടുത്തേണ്ടി വരും” എന്നൊരു ശാപവാക്കു പറഞ്ഞ് അമ്മ അടുക്കളയിലേക്കു പോയി. “മോക്ഷം കിട്ടാത്ത ശാപം തരല്ലേ” എന്ന് ഞാന്‍ അമ്മയോട് അപേക്ഷിച്ചു. അമ്മയത് കേട്ടില്ല.
പതിയെപ്പതിയേ തലയണയ്ക്കുള്ളിലെ രഹസ്യങ്ങള്‍ ഞാന്‍ ഉപേക്ഷിക്കാന്‍ തുടങ്ങി. ആദ്യം ഉപേക്ഷിച്ചത് പ്രോഗ്രസ് കാര്‍ഡ് സൂക്ഷിപ്പായിരുന്നു. പരീക്ഷക്കാലം കഴിഞ്ഞെത്തുമ്പോള്‍ ഉത്തരക്കടലാസുകള്‍ക്ക് പിന്നാലെ പ്രധാന അധ്യാപകന് കൊണ്ടുവരുന്ന ഒരുതരം ഇളംമഞ്ഞ കാര്‍ഡ് വല്ലാത്ത ഭയം ജനിപ്പിച്ചിരുന്നു. എനിക്കു വച്ചുനീട്ടുന്ന കാര്‍ഡില്‍ ഒന്നിലധികം ചുവന്ന അക്കങ്ങളുണ്ടായിരിക്കും. ഗ
ണിതത്തിനും ഊര്‍ജതന്ത്രത്തിനും രസതന്ത്രത്തിനും നേരേയുള്ള അക്കങ്ങള്‍ ചുവന്ന ജഴ്സിയണിഞ്ഞ് നില്ക്കും. കലണ്ടറില്‍ ചൂട്ടുകത്തിച്ചു കിടക്കുന്ന അവധിദിവസങ്ങള്പോലെയായിരുന്നു അവ. എന്നാല്‍, മലയാളം, ഹിന്ദി, ചരിത്രം എന്നീ വിഷയങ്ങള്‍ക്ക് നേരേയുള്ള അക്കങ്ങള്‍ തവള വിഴുങ്ങിയതുപോലെയിരിക്കും. സസ്യശാസ്ത്രവും പരന്ത്രീസും കഷ്ടിച്ചു രക്ഷപ്പെടും. ഇതായിരുന്നു എന്റെ പ്രോഗ്രസ് ഗ്രാഫ്. ഇതു വീട്ടില്‍ കാണിച്ചാലുള്ള പുകില് പറഞ്ഞറിയിക്കാനോ എഴുതിത്തീര്‍ക്കാനോ പറ്റില്ല. കൈ പൊള്ളിച്ചിട്ടാണ് തീയുടെ അടുത്തേക്ക് പോകരുതെന്ന് അമ്മ എന്നെ പഠിപ്പിച്ചത്. അച്ഛനൊന്നും പറയില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു ചുവടെ ഒപ്പിടുന്നതുപോലെ അച്ഛന് പ്രോഗ്രസ് കാര്‍ഡ് ഒപ്പിട്ടു തരും. എല്ലാം ശാന്തമായി പര്യവസാനിച്ചുവെന്നു കണ്ടുനില്ക്കുന്നവര്ക്കു തോന്നും. പക്ഷേ, ആഭ്യന്തര അടിയന്തരാവസ്ഥ തുടങ്ങുന്നതേയുള്ളുവെന്ന് എനിക്കു മാത്രം അറിയാവുന്ന കാര്യമായിരുന്നു.
രഹസ്യങ്ങളെക്കുറിച്ച് എഴുതിവന്നപ്പോള്‍ പഴയൊരു തമിഴ് നാടോടിക്കഥ വായിച്ചത് ഓര്മ വരുന്നു. കഥയിങ്ങനെയാണ്; നല്ല നിലാവുള്ള രാത്രിയില്‍ ഒരു ഭാര്യയും ഭര്‍ത്താവും വീടിന്റെ ഉമ്മറത്തിരുന്ന് സംസാരിക്കുകയായിരുന്നു. സംസാരത്തിനിടയില്‍ ഭര്‍ത്താവ് ആകാശത്ത് തെളിഞ്ഞുനിന്ന ചന്ദ്രനെ നോക്കി പൊട്ടിച്ചിരിച്ചു. “എന്തിനാണ് അങ്ങ് ചന്ദ്രനെ നോക്കി പൊട്ടിച്ചിരിച്ചത്” എന്നായി ഭാര്യ. “അതു പറയാന്‍ പാടില്ല. അതൊരു രഹസ്യമാണ്. പ്രത്യേകിച്ച് അത്തരം രഹസ്യങ്ങള്‍ സ്ത്രീകളോടു പറയാന്‍ പാടില്ല എന്നാണു പ്രമാണം.” അയാള്‍ പറഞ്ഞു. അതു കേട്ടതോടെ അവള് പിണങ്ങി. പിന്നെയും അവള് അത് ചോദിച്ചുകൊണ്ടേയിരുന്നു.
ഒടുവില്‍ ആ രഹസ്യം ആരോടും പറയില്ല എന്ന് അവളെക്കൊണ്ട് സത്യം ചെയ്യിച്ചശേഷം അയാള്‍ കാര്യം വെളിപ്പെടുത്തി. “കുറച്ചുനാള്‍മുമ്പ് അയല്പക്കത്തെ വീട്ടിലെ ചന്ദ്രന് വയല്ക്കരയില് മരിച്ചുകിടന്നില്ലേ. അയാള്‍ എങ്ങനെയാണ് മരിച്ചതെന്നറിയാമോ?” “അറിയില്ല.”അവള് പറഞ്ഞു. “അതേയ്, നിലാവുള്ള ഇതുപോലൊരു രാത്രിയില്‍ ഞാന്‍ വയലില്‍ വെള്ളം തേവിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ അതുവഴിയേ ചന്ദ്രന് വന്നു. ഞങ്ങള്‍ ഒന്നുംരണ്ടും പറഞ്ഞ് ഏറെ മുഷിഞ്ഞു. വഴക്കായി. ഞാന്‍ കൈയിലിരുന്ന തൂമ്പാകൊണ്ട് അവന്റെ തലയ്ക്കടിച്ചു. അവന് അപ്പോള്‍ത്തന്നെ മരിച്ചു.” അയാള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞുനിര്‍ത്തി. “ഇനിയിത് ആരോടും പറയരുത്.” അയാൾ അവളെക്കൊണ്ട് സത്യം ചെയ്യിച്ചു.
നാളുകള്‍ കടന്നുപോയി. ഒരുനാള്‍ അയാളുടെ വീട്ടില്‍ വലിയ വഴക്കായി. അവളെ അടിക്കാന്‍ അയാള്‍ തൂമ്പയുമെടുത്തുകൊണ്ട് പാഞ്ഞുവന്നപ്പോള്‍, അവള് മുറ്റത്തേക്കിറങ്ങിനിന്ന് എല്ലാവരും കേള്‍ക്കേ വിളിച്ചുപറഞ്ഞു. “അയലത്തുവീട്ടിലെ ചന്ദ്രനെ കൊന്നപോലെ നിങ്ങളെന്നെയും കൊല്ലാന്‍ പോകുകയാണോ?” എല്ലാവരും അതുകേട്ടു. കേള്‍ക്കാത്തവര്‍ പിന്നീടതു കേട്ടു.
അതീവരഹസ്യമായി അര്‍ധരാത്രി ചെയ്യുന്ന കാര്യങ്ങള്‍ നേരം വെളുക്കുമ്പോള്‍ പുരപ്പുറങ്ങളില്‍നിന്ന് ഘോഷിക്കപ്പെടും എന്ന് വേദപുസ്തകം.