വാലറ്റ് കാലിയാക്കുന്ന സൈബര്‍ മോഷണം
Wednesday, September 24, 2025 12:41 AM IST
ക്ലിക്കിലെ കെണി / ജെറി എം. തോമസ്
ഓഹരിവിപണിയില്‍ സജീവമായിരുന്ന കൊച്ചി സ്വദേശിയായ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയെ വിപണിമൂല്യമുള്ള കമ്പനികളുടെ ഓഹരി ചെറിയ തുകയ്ക്കു വാങ്ങി നല്‍കാമെന്നും വന്‍തുക ലാഭമായി ലഭിക്കുമെന്നും പറഞ്ഞ് ടെലിഗ്രാമിലൂടെ ഒരു സംഘം സമീപിക്കുന്നു. സംസാരിച്ചതും വിവരങ്ങള്‍ കൈമാറിയതും മലയാളി ആയതുകൊണ്ടുതന്നെ ലവലേശം സംശയം തോന്നാതിരുന്ന കമ്പനി ഉടമ അവരുമായി ഡീലില്‍ എത്തുന്നു.
ആദ്യഘട്ടത്തില്‍ രണ്ട് കോടി രൂപ നിക്ഷേപിച്ചപ്പോള്‍ നാല് കോടിയോളം രൂപ ലാഭം ലഭിച്ചതായി പ്രത്യേക ആപ്പിലൂടെ സംഘം നിക്ഷേപകനെ വിശ്വസിപ്പിക്കുന്നു. വിശ്വാസം ഇരട്ടിച്ചതോടെ നിക്ഷേപകന് മുന്നും പിന്നും നോക്കാതെ പല ഘട്ടങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിക്കുന്നു.
ഓരോ തവണ നിക്ഷേപിക്കുമ്പോഴും അക്കൗണ്ടില്‍ ലാഭമായി കാണിക്കുന്നത് ഇരട്ടിത്തുക. എന്നാല്‍, നിക്ഷേപം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോഴാണ് ആപ്പ് വ്യാജമാണെന്നു മനസിലായത്. അപ്പോഴേക്കും 24.76 കോടി രൂപ അയാൾക്ക് നഷ്ടമായികഴിഞ്ഞിരുന്നു.
ഫാര്‍മസ്യൂട്ടിക്കൽ കമ്പനി ഉടമയുടേത് ഒറ്റപ്പെട്ട സംഭവമല്ല. ഇത്തരം ചതികൾ സംസ്ഥാനത്ത് ഇന്നു സര്‍വസാധാരണമാവുകയാണ്. തട്ടിപ്പുകാര്‍ വലവിരിച്ച് കാത്തിരിക്കുകയാണെന്നറിഞ്ഞിട്ടും കെണിയില്‍ വീഴുന്നവരുടെ എണ്ണത്തിലും നഷ്ടപ്പെടുന്ന പണത്തിലും കുറവില്ല. പഴ്സിലും ബാഗിലും പണം സൂക്ഷിച്ചിരുന്നപ്പോള്‍ പോക്കറ്റടിക്കാരെയാണ് പേടിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഭയക്കേണ്ടത് ഡിജിറ്റല്‍ തട്ടിപ്പുകാരെയാണ്.
സൈബര്‍ തട്ടിപ്പുകളെക്കുറിച്ച് സര്ക്കാര്തലത്തിലടക്കം ഒട്ടേറെ ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും ഇത്തരം കേസുകള്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നതായാണ് പോലീസിന്റെ കണക്കുകള്‍. കൗമാരക്കാര്‍ മുതല്‍ 90കാരന് വരെ നീളുന്നതാണ് തട്ടിപ്പിലെ ഇരകള്‍. ഉയര്‍ന്ന ഉദ്യോഗസ്ഥരും തട്ടിപ്പിനിരയായിട്ടുണ്ട്. കഴിഞ്ഞ മാസം 28 കോടിയോളം രൂപയാണ് എറണാകുളം ജില്ലയില്‍നിന്നു മാത്രം തട്ടിയെടുത്തത്. പോയ വര്ഷത്തെയാകെ കേസുകളോളം വര്‍ധനയാണ് കഴിഞ്ഞ എട്ടു മാസത്തിനിടെ ജില്ലയില്‍ ഉണ്ടായിട്ടുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉടമയ്ക്ക് 24.76 കോടി രൂപ നഷ്ടമായതാണ് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്ത ഏറ്റവും വലിയ സൈബർ തട്ടിപ്പ് കേസ്.
വ്യാജസന്ദേശങ്ങൾ
വ്യാജ സന്ദേശങ്ങളിലും മോഹനവാഗ്ദാനങ്ങളിലും ഇരകൾ പെട്ടെന്ന് വീണുപോകും. കറന്റ് ബില്ലടയ്ക്കാന്‍ വരുന്ന വ്യാജസന്ദേശങ്ങള്‍ ഇവര്‍ വിശ്വസിക്കും, ഒടിപികള്‍ പറഞ്ഞുകൊടുക്കും. സൈബര്‍ ലോകത്തെക്കുറിച്ച് കൃത്യമായ അവബോധം ഇത്തരക്കാര്‍ക്ക് ആവശ്യമാണ്. ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ അറിവുള്ള, വിദ്യാഭ്യാസമുള്ള ഒരുപാടുപേരും തട്ടിപ്പിന് ഇരയാകുന്നുണ്ട്.
ഒരു വ്യാജസന്ദേശം വരുമ്പോള്‍ ഒന്നിരുത്തി ചിന്തിച്ചാല്‍ മതി, ചതിയിൽ വീഴാതിരിക്കാൻ. പക്ഷേ, ഒന്നുകൂടി ഉറപ്പുവരുത്താനുള്ള ക്ഷമയില്ലാത്തതുകൊണ്ട് പലപ്പോഴും എടുത്തുചാടി അപകടം വിളിച്ചുവരുത്തുന്നു.
ഒറ്റ ക്ലിക്കില്‍ എല്ലാം ഒലിച്ചുപോകുമ്പോള്‍
എറണാകുളം ജില്ലയില്‍ നാളിതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കേസുകളില്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ ഇരകളാക്കപ്പെട്ടിട്ടുണ്ട്. ഗൂഗിള്‍, ഇ-മെയില്‍, വാട്സാപ്പ്, ട്വിറ്റര്‍, ഫേസ്ബുക്ക്, ഓണ്‍ലൈന്‍ ഷോപ്പിംഗ് തുടങ്ങിയവയുടെ ഉപയോഗം വര്‍ധിച്ചതോടെയാണു തട്ടിപ്പുകളും വര്‍ധിക്കാന്‍ തുടങ്ങിയത്.
ഒരായുസ് മുഴുവന്‍ ചോര നീരാക്കി സമ്പാദിച്ച പണം വ്യാജ ട്രേഡിംഗ് ആപ്പില്‍ നിക്ഷേപിച്ചു തട്ടിപ്പിനിരയായവർ മുതല്‍ പാര്‍ട്ട് ടൈം ജോലിയുടെ പേരില്‍വരെ പണം പോയവർ വരെയുണ്ട്. രജിസ്റ്റര്‍ ചെയ്യപ്പെട്ട നല്ലൊരു ശതമാനം കേസുകളിലും പണം തിരികെ പിടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകള്‍ക്ക് പുറമേ മാനഹാനി ഭയന്ന് പുറത്തുപറയാത്ത കേസുകളും നിരവധിയാണെന്ന് സൈബര്‍ പോലീസും സമ്മതിക്കുന്നു. പണം നഷ്ടപ്പെട്ടവരില്‍ ഒട്ടു മിക്കവരും മാനസികമായി തകര്‍ന്ന നിലയിലുമാണ്.
പാര്‍ട്ട് ടൈം ജോലി മുതല്‍ വെര്‍ച്വല്‍ കോടതി വരെ
സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സൈബര്‍ കേസുകളില്‍ ഇരകളില്‍നിന്നു പണം പോയത് പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ് മുതല്‍ വെര്‍ച്വല്‍ കോടതി വരെ നീളുന്നതാണ്. പോലീസിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020ല്‍ സംസ്ഥാനത്ത് 466 സൈബര്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ 2021ല്‍ അത് 626 ആയും 2022ല്‍ 773, 2023ൽ 3,295, 2024ൽ 3,581 ആയും ഉയര്‍ന്നു. ഈ വര്‍ഷം ജൂലൈ വരെ 1,438 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്.
മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ പ്രധാനികള്‍. സംഘങ്ങളില്‍ മലയാളികളും മലയാളം സംസാരിക്കാനറിയാവുന്നവരും ഉണ്ട്.
അടുത്തയിടെ രജിസ്റ്റര്‍ ചെയ്ത വ്യാജ ട്രേഡിംഗ് കേസിന് പിന്നില്‍ സൈപ്രസില്‍നിന്നുള്ള സംഘമായിരുന്നു. ഏതാണു ശരി, ഏതാണ് തെറ്റ് എന്നറിയാത്ത സൈബര്‍ ലോകത്ത് വളരെ ശക്തമായ അടിത്തറയുണ്ടാകേണ്ട ഒന്നാണ് സൈബര്‍ വിദ്യാഭ്യാസം. ഇത് ശരിവയ്ക്കുന്നതാണ് സമീപകാല സംഭവങ്ങളും.
പറ്റിക്കാൻ എളുപ്പം; പറ്റിക്കപ്പെടാനും
ആളുകളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തുക എന്ന തന്ത്രമാണ് തട്ടിപ്പുകാര്‍ പയറ്റുന്നത്. സൈബര്‍ തട്ടിപ്പുകള്‍ പ്രധാനമായും രണ്ട് രീതിയിലാണ്. ഒന്ന്, നമ്മുടെ ആവശ്യങ്ങളെയും അത്യാര്‍ത്തിയെയും മുതലെടുത്തുകൊണ്ട് പ്രലോഭനങ്ങളിലൂടെ തട്ടിപ്പു നടത്തുന്ന രീതി. രണ്ടാമത്തേത്, നമ്മുടെ അജ്ഞതയും അശ്രദ്ധയും മുതലെടുക്കുന്നത്.
എത്ര പണം കിട്ടിയാലും മതിയാകാത്തവരും പെട്ടെന്നു പണക്കാരാകാൻ ആഗ്രഹമുള്ളവരും നിരവധിയാണ്. അവരെ ലക്ഷ്യംവയ്ക്കുന്ന വലിയൊരു സംഘം വലവിരിച്ചു കാത്തുനില്‍ക്കുകയാണ്. ചെറിയ തുക ഇരയായി കോര്‍ത്തുവച്ച് പിന്നീട് നമ്മുടെ സമ്പാദ്യം മുഴുവനായും തട്ടിപ്പു വിരുതന്മാര് വിഴുങ്ങും.
പണം സംഘടിപ്പിക്കാനുള്ള തിടുക്കത്തിനിടയിലാണു മറ്റൊരു വിഭാഗം സൈബര്‍ കെണിയില്‍ വീഴുന്നത്. ആവശ്യങ്ങളോ അത്യാവശ്യങ്ങളോ ആയിരിക്കും സൈബര്‍ തട്ടിപ്പുകളിലെ ഇരകളാക്കി ഇവരെ മാറ്റുന്നത്. ജീവിതത്തില്‍ എങ്ങനെയും രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ചു നടക്കുന്നതിനിടയില്‍ കെണിയില്‍ വീണുപോയവരാണ് ഇക്കൂട്ടര്‍.
ലോണ്‍ ആപ്പുകളുടെ ചതിക്കുഴിയില്‍ വീഴുന്ന ഭൂരിഭാഗം പേരും ഈ വിഭാഗത്തില്‍പ്പെടുന്നവരാണ്. ഇവരില്‍ പലരും വിഷാദരോഗത്തിലേക്കും ചിലർ ആത്മഹത്യയിലേക്കുംവരെ എത്തിപ്പെട്ട സംഭവങ്ങളും നമുക്കു മുന്നിൽ സാക്ഷ്യങ്ങളായുണ്ട്.
(തുടരും)