കാണുന്നതെല്ലാം കാശല്ല
Thursday, September 25, 2025 12:52 AM IST
ക്ലിക്കിലെ കെണി -2/ ജെറി എം. തോമസ്
“ശ്രദ്ധിക്കുക, പോലീസില്‍നിന്നോ സിബിഐയില്‍നിന്നോ കസ്റ്റംസില്നിന്നോ ജഡ്ജിയില്നിന്നോ ആണെന്നവകാശപ്പെടുന്ന അജ്ഞാത നമ്പറില്‍നിന്ന് നിങ്ങള്‍ക്ക് വീഡിയോകോളുകള്‍ ലഭിക്കുകയാണെങ്കില്‍ പരിഭ്രാന്തരാകരുത്. അവര്‍ സൈബര്‍ കുറ്റവാളികളായിരിക്കാം...” കഴിഞ്ഞ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഫോണെടുത്ത് ആരെ വിളിച്ചാലും ആദ്യം കേട്ടിരുന്ന സംഭാഷണം ഇതായിരുന്നു. രാജ്യത്ത് പലതരത്തിലുള്ള സൈബര്‍ തട്ടിപ്പുകള്‍ പെരുകിയതോടെ തട്ടിപ്പില്‍നിന്നു രക്ഷനേടുന്നതിനായി മുഴുവന്‍ ആളുകളിലേക്കും കേന്ദ്രസര്‍ക്കാര്‍ എത്തിച്ചിരുന്ന നിയമപരമായ മുന്നറിയിപ്പായിരുന്നു ഇത്. എന്നാല്‍, ദിവസത്തില്‍ ഒന്നിലധികം പ്രാവശ്യം ഇത് കേട്ടിട്ടും തട്ടിപ്പില്‍ വീണവര്‍ നിരവധിയാണ്.
സമൂഹമാധ്യമങ്ങളില്‍ സജീവമായവരെ ഉന്നമിട്ടുള്ള സൈബര്‍ തട്ടിപ്പ് സംസ്ഥാനത്ത് പെരുകുന്നതായാണ് സൈബര്‍ പോലീസിന്റെ കണ്ടെത്തല്‍. സ്മാര്‍ട്ട് ഫോണും ഇന്റര്‍നെറ്റും എല്ലാവരിലേക്കും എത്തിയെങ്കിലും ഇത് സുരക്ഷിതമായി ഉപയോഗിക്കാന്‍ എല്ലാവര്ക്കും അറിയില്ലെന്നതാണു തട്ടിപ്പ് പെരുകുന്നതിന്റെ പ്രധാന കാരണമായി പോലീസ് കണ്ടെത്തിയിട്ടുള്ളത്.
അപരിചിതരുടെ കൈയില്‍നിന്ന് മിഠായിപോലും വാങ്ങിക്കഴിക്കരുതെന്ന് കുട്ടികളെ ഉപദേശിക്കുന്ന മുതിര്‍ന്നവര്‍ കണ്ടുപരിചയം പോലുമില്ലാത്ത, ശബ്ദപരിചയം മാത്രമുള്ള, അല്ലെങ്കില്‍ ചാറ്റില്‍ വന്നു മാത്രം കാര്യങ്ങള്‍ സംസാരിക്കുന്ന ഒരാള്‍ക്ക് ചോദിക്കുമ്പോള്‍തന്നെ ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങളടക്കം മൈമാറുകയാണ്. ഒരോ വര്‍ഷവും കേസുകളുടെ എണ്ണം വര്‍ധിക്കുമ്പോള്‍ അത്രത്തോളംതന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളുമുണ്ടെന്നാണ് സൈബര്‍ വിദഗ്ധരുടെ വാദം. തട്ടിപ്പില്‍ അകപ്പെടാതിരിക്കാനുള്ള മാര്‍ഗം ജാഗ്രതയും മുന്‍കരുതലും മാത്രമാണ്.
കാലം മാറി, പരാതികളും
മൂന്നുവര്‍ഷംമുമ്പ് സംസ്ഥാനത്തെ സൈബര്‍ സ്റ്റേഷനില്‍ എത്തിയിരുന്ന കേസുകളില്‍ നല്ലൊരു ശതമാനവും സാമ്പത്തികതട്ടിപ്പുമായി ബന്ധമില്ലാത്ത പരാതികളായിരുന്നു. സെലിബ്രിറ്റികള്‍ക്കെതിരേ മോശം കമന്റ് ഇടുക, സ്ത്രീകളോട് മോശമായി പെരുമാറുക തുടങ്ങിയ സ്വഭാവമുള്ളവ. എന്നാല്‍, ഇന്ന് 95 ശതമാനം പരാതികളും സാമ്പത്തിക തട്ടിപ്പുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. വ്യാജ ട്രേഡിംഗ് തട്ടിപ്പ്, വെര്‍ച്വല്‍ അറസ്റ്റ്, ലാഭവിഹിതം വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്, ലോണ്‍ ആപ്പ് തട്ടിപ്പ് തുടങ്ങിയവയാണ് ഭൂരിഭാഗവും. ബിഹാര്‍, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളെ കേന്ദ്രീകരിച്ചാണ് ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ ഉടലെടുക്കുന്നത്. ഓണ്‍ലൈന്‍ ജോലി നോക്കുന്നവരെ ചതിയുടെ വലക്കുഴികളില് വീഴ്ത്തുന്ന സംഘവും സജീവമാണ്.
മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘങ്ങളാണ് വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ പ്രധാനികള്‍. അതേസമയം, ഷെയര്‍ ട്രേഡിംഗിലൂടെയും ക്രിപ്റ്റോ ട്രേഡിംഗിലൂടെയും അധികവരുമാനം വാഗ്ദാനംചെയ്ത് പണം തട്ടുന്നതില്‍ അധികവും വിദേശ കമ്പനികളാണെന്നാണ് പോലീസ് പറയുന്നത്.
പേടിപ്പിക്കും; വാഗ്ദാനം ചൊരിയും
സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിരപരാധികളെ കബളിപ്പിക്കാനായി അവരില്‍ ഭയം ജനിപ്പിക്കുകയാണ് തട്ടിപ്പുകാര്‍ സാധാരണ ചെയ്യുന്നത്. നിഷ്കളങ്കരായ ഇരകളെ കബളിപ്പിക്കാനുള്ള ഏറ്റവും പുതിയ വഴി പോലീസിനെയോ സര്‍ക്കാര്‍ അധികാരികളെയോ പോലുള്ള നിയമപാലക അധികാരികളെക്കുറിച്ചുള്ള നിലവിലുള്ള ഭയത്തെ ചൂഷണം ചെയ്യുക എന്നതാണ്. ഡിജിറ്റല്‍ അറസ്റ്റ് എന്ന തട്ടിപ്പ് നിയമപരമായ നൂലാമാലകളെക്കുറിച്ചുള്ള ആളുകളുടെ ഭയത്തെ ഉപയോഗപ്പെടുത്തുന്നു. മുന്നറിയിപ്പ് സൂചനകള്‍ മനസിലായില്ലെങ്കില്‍ തട്ടിപ്പുകാരുടെ ഇരകളാകുമെന്നത് തീര്‍ച്ച.
ഒരുവശത്ത് ഭയത്തെ ചൂഷണം ചെയ്തുള്ള തട്ടിപ്പുകള്‍ പെരുകുമ്പോള്‍ മറുവശത്ത് വാഗ്ദാനപ്പെരുമഴകൊണ്ടുള്ള തട്ടിപ്പുകളാണ്. ആയിരങ്ങള്‍ നിക്ഷേപിച്ച് ലക്ഷങ്ങളും കോടികളും ഉണ്ടാക്കാമെന്ന തട്ടിപ്പുകാരുടെ മോഹനവാഗ്ദാനത്തില്‍ വീണുപോകുന്നവരാണ് ഏറെയും. ആദ്യപടിയായി ചെറിയ തുക അക്കൗണ്ടിലെത്തുന്നതോടെ തുടങ്ങുന്ന തട്ടിപ്പ് നിക്ഷേപകനെ സാന്പത്തികമായും മാനസികമായും ഇല്ലാതാക്കിയ ശേഷമാകും മടങ്ങുക.
ഉത്തരേന്ത്യയില്‍ നിര്‍ത്തും; മലയാളി തുടരും
സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസ് അന്വേഷണങ്ങള്‍ക്ക് ഉത്തരേന്ത്യയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ പറയുന്ന വാക്കുകളിങ്ങനെ: ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമടക്കം കേസുകളുടെ എണ്ണം കൂടുതലാണെങ്കിലും നഷ്ടപ്പെടുന്ന പണത്തിന്റെ വലിപ്പം കുറവാണ്.
അവിടെയുള്ളവര്‍ ഒരു ലക്ഷം രൂപവരെയൊക്കെ നഷ്ടമാകുമ്പോള്‍ തട്ടിപ്പാണെന്ന് മനസിലാക്കുകയും നിര്‍ത്തുകയും ചെയ്യും. കേരളത്തിലെ സ്ഥിതി അതല്ല. പൈസ നഷ്ടപ്പെട്ടാലും കുറച്ചുകൂടി പണം ഇറക്കി നഷ്ടപ്പെട്ടതടക്കം തിരിച്ചുപിടിക്കാനുള്ള ശ്രമമാണ് കൂടുതല്‍ ആളുകളും നടത്തുന്നതെന്ന് പോലീസ് പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ഭീമമായ നഷ്ടം ഉണ്ടാകാനും സാധ്യതയുണ്ട്. അധ്വാനിക്കാതെയും വേഗത്തിലും പണം ഉണ്ടാക്കുന്നതിനോടുള്ള താത്പര്യവും ആഡംബരജീവിതം മോഹിച്ചുള്ള പ്രവൃത്തികളുമാണ് ഇത്തരം തട്ടിപ്പുകളില്‍ വീഴുന്നതിനു കാരണം.
യുവാക്കളെയല്ല; വേണ്ടത് പ്രായമായവരെ
യുവാക്കളെ തൊട്ടാല്‍ പണിപാളുമെന്ന് അറിയാവുന്നതോടെ പണം കൈവശമുള്ള വൃദ്ധരെ ലക്ഷ്യമിട്ടാണ് സൈബര്‍ സാമ്പത്തിക തട്ടിപ്പുകളേറെയും. കൊച്ചിയിലുള്‍പ്പെടെ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇരയായവരില്‍ ബഹുഭൂരിഭാഗവും അമ്പതു വയസിന് മുകളിലുള്ളവരാണ്.
സൈബര്‍ തട്ടിപ്പുകളെക്കുറിച്ചു ധാരണയില്ലാത്തതും സാങ്കേതികവിദ്യയിലെ ജ്ഞാനക്കുറവും ബാങ്ക് നിക്ഷേപം ഉറപ്പായിരിക്കുമെന്ന അവരുടെ വിശ്വാസവുമാണു പ്രായമായവരെ സൈബര്‍ മോഷ്ടാക്കള്‍ നോട്ടമിടാന്‍ കാരണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു. വന്‍ നിക്ഷേപമുള്ള വൃദ്ധരുടെ വിവരങ്ങള്‍ ബാങ്കില്‍നിന്ന് തട്ടിപ്പുസംഘങ്ങള്‍ക്കു ലഭിക്കുന്നുണ്ടെന്നതും പോലീസ് തള്ളിക്കളയുന്നില്ല.
സുവര്‍ണ മണിക്കൂര്‍ പ്രധാനം
തട്ടിപ്പു നടന്നതിനു പിന്നാലെ സുവര്‍ണ മണിക്കൂറില്‍ (ആദ്യ ഒരു മണിക്കൂര്‍) പോലീസില്‍ പരാതിപ്പെട്ടവരുടെ പണം വേഗത്തില്‍ തിരിച്ചുപിടിക്കാനാകും. തട്ടിപ്പുരീതികള്ക്കെതിരേ പോലീസും സൈബര്‍ ഡിവിഷനും നിരന്തരം ബോധവത്കരണം നടത്തുന്നുണ്ടെങ്കിലും പരാതികള്‍ ലഭിക്കുന്നത് വൈകിയാണ്. തട്ടിപ്പിനിരയായവര്‍ എത്രയുംവേഗം വിവരം 1930 എന്ന നമ്പറില്‍ സൈബര്‍ പോലീസിനെ അറിയിക്കണം. www.cybercrime.gov.in വെബ്സൈറ്റിലും പരാതി രജിസ്റ്റര്‍ ചെയ്യാം.
(തുടരും)