ഭൂപതിവ് ചട്ടഭേദഗതി ജനങ്ങളെ വട്ടം കറക്കരുത്
കെ.ജെ. ദേവസ്യ
Thursday, September 25, 2025 12:56 AM IST
ഭൂനിയമങ്ങളുടെ അഴിയാക്കുരുക്കിൽ പെട്ടുഴലുന്ന മലയോരജനങ്ങൾ പ്രതീക്ഷിച്ചത് 2023ലെ ഭൂപതിവ് ചട്ട ഭേദഗതി തങ്ങളെ സ്വതന്ത്രരാക്കുമെന്നാണ്. എന്നാൽ, രണ്ടു വർഷത്തിനുശേഷമുണ്ടായ ചട്ടങ്ങൾ അവരെ വീണ്ടും ചുവപ്പുനാടയിൽ വരിഞ്ഞുമുറുക്കുന്നു, അവർ തെറ്റുകാരാണെന്ന് കണ്ടുപിടിച്ചിരിക്കുന്നു. ഇത്തരം ജനദ്രോഹത്തിന് പച്ചക്കൊടി കാണിച്ച സബ്ജക്ട് കമ്മിറ്റിയോട് പറയാനുള്ളത്, ഇത് ജനാധിപത്യ സംവിധാനങ്ങളുടെ വേരറക്കുന്ന നെറികെട്ട നടപടിയാണ് എന്നു മാത്രമാണ്. 1964ൽ ചട്ടമുണ്ടാക്കി നടപ്പാക്കിയവർ ചട്ടലംഘനങ്ങൾക്ക് യഥാസമയം നടപടിയെടുക്കാതെ അനങ്ങാതെയിരുന്ന് 61-ാം കൊല്ലം ചട്ടങ്ങൾ ലംഘിച്ചതായി കണ്ടുപിടിച്ച് നാട്ടിലാകമാനമുള്ള കുടുംബങ്ങളെ അശാന്തിയിൽ കുരുക്കിയത് ശരിയല്ല.
2023 സെപ്റ്റംബർ 14ന് പാസാക്കിയ ബിൽ നന്പർ 73 കേരള ഭൂപതിവ് നിയമ ഭേദഗതിയിൽ എന്തുകൊണ്ടാണ് ചട്ടങ്ങളുണ്ടാക്കാൻ രണ്ടുകൊല്ലം വച്ചുതാമസിപ്പിച്ചത്? കേരളം ആകമാനം അന്ധകാരത്തിലായിരുന്നില്ലല്ലോ? അപ്പോൾ അതിന് പിന്നിൽ ഈ ബില്ലിന്റെ ഉദ്ദേശ്യശുദ്ധിക്ക് കളങ്കം ചാർത്താൻ ഗൂഢാലോചന നടത്തിയതാരാണ്? നിസംശയം ഉത്തരമുണ്ട്. ഇത് ഒരുപറ്റം ഉദ്യോഗസ്ഥ ലോബിയുടെ ഗൂഢാലോചനകൊണ്ടുണ്ടായതാണ്. ഈ ചട്ടങ്ങൾ റവന്യു വകുപ്പിലും നിയമവകുപ്പിലും അതീവ രഹസ്യസ്വഭാവത്തോടെയാണ് രണ്ടു കൊല്ലക്കാലം സൂക്ഷിച്ചത്. എന്താണതിന്റെ കാരണം?
‘പിഴ’കൊണ്ട് പണമുണ്ടാക്കാന് നോക്കണ്ട
മന്ത്രിതന്നെ പറഞ്ഞത്, ഐഎഎസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ, ജനപ്രതിനിധികൾ തുടങ്ങി വിവിധ മേഖലയിൽ ചർച്ച നടത്തിയാണ് ചട്ടമുണ്ടാക്കിയത് എന്നാണ്. എന്നാൽ, ചർച്ചയിൽ ഉദ്യോഗസ്ഥരല്ലാതെ ആരുംതന്നെ പിഴയടയ്ക്കണമെന്ന് പറഞ്ഞതായി അറിയുന്നില്ല. കേന്ദ്രാവഗണന നിമിത്തമുള്ള സാന്പത്തികഞെരുക്കം സംസ്ഥാനത്തിനുണ്ട്. അതു മറികടക്കാൻ കേരളീയർ ഒരുമിച്ചുതന്നെ നിൽക്കും. എന്നാൽ, നാട്ടിലെ ജനങ്ങളുടെമേൽ വിവിധ യിനം പിഴകൾ അടിച്ചേൽപ്പിച്ചു പണമുണ്ടാക്കണം എന്ന നിലയിലാണെങ്കിൽ അത് ശരിയല്ലെന്നുതന്നെ പറയാതെ വയ്യ. നിയമക്കുരുക്കുണ്ടാക്കി സാധാരണ ജനങ്ങളെ വട്ടംകറക്കുന്നത് അനുവദിക്കാൻ പാടില്ല.
1967 മുതൽ ഈ നിർമാണനിരോധനം വരെ കേരളത്തിന്റെ ഗവണ്മെന്റുകളും അതിന്റെ ഭാഗമായ സർക്കാർ ഉദ്യോഗസ്ഥരും എന്തുകൊണ്ട് ഇത്ര ശിക്ഷവിധിക്കാവുന്ന ലക്ഷക്കണക്കിനായുള്ള കുടുംബങ്ങളുടെ നിയമനിഷേധത്തെ കാണാതെപോയി? ഇപ്പോൾ ജനങ്ങളെയല്ലാം പിഴയടപ്പിക്കാൻ ചട്ടങ്ങളുണ്ടാക്കിയവരെപ്പോലെ നിയമം ലംഘിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെയല്ലേ ശിക്ഷയ്ക്ക് വിധേയരാക്കേണ്ടത്.
കേരളത്തിൽ ഭൂപരിഷ്കരണത്തെത്തുടർന്ന് ജന്മിത്തം ഇല്ലാതായി, ജന്മി ആധാരം ചെയ്തുകൊടുത്ത രേഖ അംഗീകൃതമായി. കുടികിടപ്പുകാർക്ക് ലാന്ഡ് ട്രൈബ്യൂണൽ വഴി അപേക്ഷ വാങ്ങി ക്രയസർട്ടിഫിക്കറ്റ് നൽകി. റവന്യു ഭൂമിപതിച്ചു നൽകിയപ്പോൾ ഫീസ് വാങ്ങി പട്ടയം നൽകി. വിമുക്തഭടന്മാരെ പുനരധിവസിപ്പിക്കാൻ വയനാട്ടിൽ ഡബ്ല്യുസിഎസ് പട്ടയം, രാജാവിന്റെ കാലത്ത് ചെന്പുപട്ടയം, ബ്രിട്ടീഷ് പട്ടയം, ഇടുക്കിയിലെ സിഎച്ച്ആർ പട്ടയം, വയനാട്ടിലെ എൽഎ പട്ടയം, ഡികെ പട്ടയം തുടങ്ങി കേരളത്തിന്റെ 14 ജില്ലകളിലും വ്യത്യസ്ത നിയമങ്ങളും ചട്ടങ്ങളുമുണ്ട്. ഇക്കാലമത്രയും വന്നതിലെ സർക്കാർ ഉദ്യോഗസ്ഥരുടെ നോട്ടക്കുറവിനാൽ ഉണ്ടായവയടക്കം പൊറുക്കപ്പെടേണ്ടതാണ്.
ഉദ്യോഗസ്ഥഭാഷ മാത്രം പോരാ
സർക്കാർ കേവലം ഉദ്യോഗസ്ഥഭാഷയിൽ ഭരണം നടത്തിയാൽ പോരാ. ജനങ്ങളുടെ താത്പര്യങ്ങൾക്ക് മുൻതൂക്കം നൽകണം. ഭരണം നടത്തുന്നവർതന്നെ നെഗറ്റീവ് ഫയലുകളുണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കേരളത്തിന്റെ ഭൗതിക മേഖലകളിലും സാമൂഹ്യവികസന ക്ഷേമകാര്യങ്ങളിലുമെല്ലാം ഗവണ്മെന്റ് നല്ലപ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. എന്നാൽ, ഓരോ പൗരനും ഏതൊരു ആവശ്യവുമായി ഉദ്യോഗസ്ഥരെ സമീപിക്കുന്പോൾ തികച്ചും നെഗറ്റീവ് മറുപടിയാണ് ലഭിക്കുന്നത്. ഓഫീസുകൾ കയറിയിറങ്ങി നടന്നും തളർന്നും കാര്യങ്ങൾ സാധിക്കാത്തതിന്റെ കടുത്ത ദുഃഖഭാരത്താൽ ജനങ്ങൾ നിരാശയിലാണ്.
2010ൽ ഇടുക്കിയിൽ തുടങ്ങി കേരളമാകെ വ്യാപിച്ച നിർമാണനിരോധനത്തിൽ ഹൈക്കോടതിയിൽ ഹാജരാകാതെ കാര്യങ്ങൾ വേണ്ടവിധം ഗ്രഹിച്ച് അവതരിപ്പിക്കാനുള്ള ഗൃഹപാഠം ചെയ്യാതെ ‘കാട്ടിലെ തടി തേവരുടെ ആന’ എന്നപോലെ പ്രവർത്തിച്ച ഉദ്യോഗസ്ഥരും അഭിഭാഷകരും തെറ്റുകാരാണ്. ഫലത്തിൽ അതിന്റെ പാപഭാരം സർക്കാരിന് ചുമക്കേണ്ടതായി വന്നു. സുപ്രീംകോടതിയിൽനിന്നു തിരിച്ചടി നേരിടേണ്ടതായി വരികയും ചെയ്തു. ഇനിയും ഈ സബ്ജറ്റ് കമ്മിറ്റി അംഗീകരിച്ച ചട്ടപ്പിഴയുമായി പോകാനാണെങ്കിൽ ജനങ്ങൾ വലിയതോതിൽ നിരാശരാകുമെന്ന കാര്യത്തിൽ തർക്കമില്ല.
എംഎൽഎമാരും മാപ്പർഹിക്കുന്നില്ല
ഓരോ സന്ദർഭത്തിലും ഭേദഗതി കൊണ്ടുവരുന്പോൾ അത് ഉദ്യോഗസ്ഥ ഭാഷയെന്നു പറഞ്ഞ് ആർക്കെങ്കിലും വഴിമാറാൻ പറ്റുമോ? ഗൃഹപാഠം ചെയ്യാത്ത നിയമസഭാ സാമാജികരും ഇക്കാര്യത്തിൽ മാപ്പർഹിക്കുന്നില്ല. ഈ ബില്ലും ഐകകണ്ഠേ്യനയാണ് പാസാക്കിയത്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കൽ ബിൽ നിയമസഭ ഐകകണ്ഠ്യേനയാണ് പാസാക്കിയത്. എന്നാൽ, പിൽക്കാലത്ത് ആ ബില്ലിൽ പറഞ്ഞ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിയാതെപോയി.
നിയമസഭാ കക്ഷികളുടെ രാഷ്ട്രീയ പോരാട്ടങ്ങളെ ബഹുമാനിക്കുന്നു. എന്നാൽ, ജനജീവിതവുമായി ബന്ധപ്പെട്ട ഒരു ബില്ലിലെ വ്യവസ്ഥകളെന്തെല്ലാമാണെന്ന് പലരും അറിയുന്നില്ല. അതിന്റെ പ്രധാന കാരണം നിയമസഭയിൽ അവതരിപ്പിക്കുന്ന ബില്ലുകളിലെ കുത്തുകളും കോമകളും ചൂണ്ടിക്കാട്ടലുകളുമെല്ലാം പലരും മനസിലാക്കാൻ ശ്രമിക്കുന്നില്ല. പഴയ രീതികൾ തുടരാതെ ഡിജിറ്റൽ കാലത്ത് അവയെല്ലാം തിരുത്താൻ മെംബർമാർക്കും ഗവണ്മെന്റിനും കഴിയണം. ഐകകണ്ഠ്യേന പാസാക്കിയതുകൊണ്ട് ശരിയാകണമെന്നില്ല എന്നതിന്റെ മറ്റൊരു തെളിവാണ് ഇപ്പോഴത്തെ ചട്ടങ്ങൾ.
മലയോരത്തെ ജനങ്ങൾ നിർമാണങ്ങൾക്ക് നിയമാനുസരണം ഫീസടച്ചു, കാലാകാലങ്ങളിൽ ഭൂനികുതിയടച്ചു. 60 കൊല്ലത്തിനുശേഷം അനാവശ്യമായ ഒരു ചട്ടമുണ്ടാക്കി അതിൽ സ്ലാബ് നിശ്ചയിച്ച് ഓരോ സ്ലാബിലും പ്രത്യേകം പ്രത്യേകം പിഴപ്പണമടയ്ക്കാൻ ഇവർ എന്തു തെറ്റാണ് നാടിനോട് ചെയ്തത്? കേരളത്തിൽ കുടിയേറ്റ കൈവശ കർഷകർ മണ്ണിനെ പൊന്നാക്കിയ പരിശ്രമശാലികളാണ്. നാടിന്റെ അഭിവൃദ്ധിയും ഉപജീവനത്തിന്റെ തീക്ഷ്ണമായ പാതയിൽ വികാസത്തിനും പുരോഗതിക്കും സമസ്ത മേഖലകളിലും നല്ല സംഭാവന ചെയ്തവരാണ്. അവർ പിഴയടയ്ക്കണമെന്ന ഈ ആവശ്യത്തിന്റെ മുന്പിൽ അരുത് എന്നു മാത്രമേ പറയാൻ കഴിയൂ.
ആവശ്യമില്ലാതെ ബുദ്ധിമുട്ടിക്കരുത്
സ്ഥിരാവകാശ പട്ടയത്തിന് അനാവശ്യ ഉപാധികൾ ഉണ്ടാവേണ്ടതില്ല. ഗവണ്മെന്റ് സർവാധികാരിയാണ്. അതിനാൽതന്നെ ഉദ്യോഗസ്ഥവീഴ്ചയാൽ വന്ന കൈത്തെറ്റ് പൊറുക്കപ്പെടേണ്ടതാണ്. ജനങ്ങളറിയാത്ത നിയമം വ്യാഖ്യാനിച്ചു കൊടുക്കേണ്ടത്, തെറ്റ് തിരുത്താൻ നിയമം കാണിച്ചു പറഞ്ഞുകൊടുക്കേണ്ടത് ഉദ്യോഗസ്ഥരുടെ ചുമതലയാണ്. അവർ പോയ കാലങ്ങളിൽ സർക്കാരിനെയും ബോധ്യപ്പെടുത്തേണ്ടതായിരുന്നു. ആറു പതിറ്റാണ്ടുകൾ പിന്നിട്ടപ്പോഴല്ല പറയേണ്ടത്.
ഈ ചട്ടങ്ങളിലെ എല്ലാ ശിക്ഷകളും ഒഴിവാക്കി ഉപാധി രഹിത പട്ടയം, ഒറ്റപ്പട്ടയരേഖ കേരളത്തിനായി നൽകാനാണ് ഗവണ്മെന്റ് തയാറാകേണ്ടത്. 1964ൽ ചട്ടങ്ങളുണ്ടാക്കിയപ്പോൾ ഒരു വീടിന്റെയും ഉയർന്ന ചതുരശ്ര അടി കണക്കാക്കി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ, പുതിയ ചട്ടത്തിൽ 3,000 ചതുരശ്ര അടി എന്നു കാണുന്നു. 3,000 ചതുരശ്ര അടി വീടുള്ളവർക്ക് 50 രൂപ മുദ്രപത്രത്തിൽ സത്യവാങ്മൂലം നൽകി അപേക്ഷിക്കണമെന്ന് പറയുന്നു. ചട്ടങ്ങളിൽ ഉൾപ്പെടുത്തിയോ ഗവണ്മെന്റിന്റെ എക്സിക്യൂട്ടീവ് ഉത്തരവുകളിലൂടെയോ ചെയ്യാവുന്നതുമാണ്. ഇതിനായി വീണ്ടും വീണ്ടും ഉദ്യോസ്ഥരുടെ അടുത്തു പോകാതെ, പ്രാദേശിക ഗവണ്മെന്റുകളുടെ രജിസ്റ്ററുകൾ, വില്ലേജ് ഓഫീസുകളിലെ രേഖകൾ എന്നിവ പരിശോധിച്ച് ക്രമപ്പെടുത്താവുന്ന കാര്യത്തിന് ആവശ്യമില്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്.
24.06.27ന് ശേഷം ഒരു വീട് അഥവാ കെട്ടിടം പണിയുന്നവർ എന്തു ചെയ്യണമെന്ന് പറയുന്നില്ല. ഇനിയും ആറ് പതിറ്റാണ്ട് കഴിയണമോ, അതിന്റെ ചട്ടം വരാൻ? ഈ ചട്ടങ്ങളിൽതന്നെ ഉപാധിരഹിതമായി ചേർത്താൽ എന്താണ് തകരാറ്. അഥവാ തകരാറുണ്ടെങ്കിൽ അത് പരിഹരിക്കാൻ ഇപ്പോൾതന്നെ ഗവണ്മെന്റിന് കഴിയേണ്ടതല്ലേ?
മന്ത്രി സൂചിപ്പിച്ചതുപോലെ വീട്ടിലിരുന്ന് ഇതെല്ലാം ചെയ്യാൻ മാത്രം കേരളത്തിലെ എല്ലാ കുടുംബങ്ങളും പ്രാപ്തരായിട്ടുണ്ടോ എന്നത് സംശയകരമാണ്. മാത്രവുമല്ല, ഇന്ന് ഇ-ഗവേണ്സിന്റെ ഭാഗമായി ഒരു സർട്ടിഫിക്കറ്റിനുവേണ്ടി അക്ഷയപോലുള്ള സംവിധാനങ്ങളിൽ ജനങ്ങൾ ക്യൂ നിൽക്കുകയാണ്. ഇതെല്ലാം പരിഗണിച്ച് ജനങ്ങളെ വട്ടം കറക്കാതെ സബ്ജക്ട് കമ്മിറ്റി അംഗീകരിച്ച ചട്ടങ്ങളിലെ ജനവിരുദ്ധമായവ തള്ളിക്കളയാൻ ഗവണ്മെന്റ് സധൈര്യം മുന്നോട്ടുവരണം.