എന്നെയൊന്നു പറ്റിക്കൂ പ്ലീസ്...
Friday, September 26, 2025 12:16 AM IST
ക്ലിക്കിലെ കെണി -3/ ജെറി എം. തോമസ്
“എന്നെയൊന്നു പറ്റിച്ചോളൂ...” എന്നു പറഞ്ഞുനടക്കുന്ന മട്ടിലാണു കേരളത്തിലെ ചില ആളുകളുടെ നില. ഇതു പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പെരുകുന്ന സൈബര്‍ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ നിയമസഭയില്‍ ഉയര്‍ന്ന ചോദ്യത്തിനു മറുപടി നല്കവേയായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമര്‍ശം ശരിവയ്ക്കുന്നതാണ് കണക്കുകളും. സൈബര്‍ കെണിയൊരുക്കി കേരളത്തില്‍ വലവിരിച്ച ഒരു തട്ടിപ്പുസംഘവും വെറുതേ മടങ്ങിയിട്ടില്ല. അപൂര്‍വം ചില കേസുകളില്‍ മാത്രം, ഇരകളാക്കാന്‍ നോക്കിയവരുടെ മനക്കരുത്തിന്റെയും സമയോചിത ഇടപെടലിന്റെയും പശ്ചാത്തലത്തിലാണ് തട്ടിപ്പുകാര്‍ തോറ്റു മടങ്ങിയിട്ടുള്ളത്.
കഴിഞ്ഞ എട്ടു മാസത്തിനിടെ 380 കോടിയോളം രൂപ സൈബര്‍ സാമ്പത്തിക തട്ടിപ്പിലൂടെ കേരളത്തില്‍നിന്നു നഷ്ടമായി. ഇതില്‍ ഏഴു മാസത്തിനിടെ തിരിച്ചുപിടിക്കാനായതാകട്ടെ 54.7 കോടി രൂപ മാത്രം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന സ്ഥിരം പല്ലവി തന്നെയാണ് അധികൃതര്‍ക്കു നല്‍കാനുള്ളത്. മുന്നറിയിപ്പുകള്‍ മുഖവിലയ്ക്കെടുത്തു പ്രതിരോധം തീര്‍ക്കേണ്ടതു നാം ഒരോരുത്തരുടെയും ഉത്തരവാദിത്തമാണ്.
151 കോടി കൊണ്ടുപോയത് ട്രേഡിംഗ് വ്യാജന്മാര്
കേരള പോലീസിനു ലഭിച്ച പരാതികളില്‍ അധികവും ട്രേഡിംഗിലൂടെ പണം നഷ്ടമായതു സംബന്ധിച്ചുള്ളതാണ്. 151 കോടി രൂപയാണ് ട്രേഡിംഗിലൂടെ നഷ്ടമായത്. ഉന്നത ഉദ്യോഗത്തില്‍നിന്നു വിരമിച്ചവരും വിദ്യാസമ്പന്നരുമാണ് തട്ടിപ്പിനിരയായവരില്‍ ഏറെയും. ഹൈക്കോടതി ജഡ്ജി, റിട്ട. ഓഫീസര്‍മാര്‍, ഡോക്ടര്‍മാര്‍, സെലിബ്രിറ്റികള്‍ എന്നിവരെല്ലാം ഇക്കൂട്ടത്തിലുണ്ട്. 40 മുതല്‍ 60 വരെ പ്രായപരിധിയിലുള്ളവരാണ് ട്രേഡിംഗ് തട്ടിപ്പിന്റെ ഇരകള്‍.
മാന്യരാണ്, പക്ഷേ മുടിപ്പിക്കും
കൃത്യമായ പ്ലാനോടെയാണ് ഒരോ സമയത്തും തട്ടിപ്പുസംഘത്തിന്റെ രംഗ പ്രവേശം. ഒരോ പ്രാവശ്യവും വ്യത്യസ്ത വഴികളിലൂടെയാണു തട്ടിപ്പ് നടപ്പിലാക്കുന്നത്. മാന്യമായ ഇടപെടലും വിശ്വാസയോഗ്യമായ പ്രവൃത്തികളുമാണ് ഇവരുടെ മുഖമുദ്ര.
വിദേശരാജ്യങ്ങളെപ്പോലെ പ്രോക്സി സംവിധാനം ഉപയോഗിച്ചു സര്‍ക്കാര്‍ മോണിറ്റര്‍ ചെയ്യുന്ന ഇന്റര്‍നെറ്റ് സംവിധാനമല്ല ഇന്ത്യയിലുള്ളത്. അതുകൊണ്ടുതന്നെ സൈബര്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങളില്‍ കാലതാമസം നേരിടുകയും ചെയ്യുന്നു. സംസ്ഥാനത്തടക്കം രജിസ്റ്റര്‍ ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ പലതും വിദേശത്ത് കുറ്റകൃത്യം അല്ലാത്തതിനാല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വിദേശകമ്പനികളില്നിന്നു കിട്ടേണ്ട ഡേറ്റ പലപ്പോഴും ലഭിക്കാറുമില്ല.
ഒരു സോഷ്യല്‍ മീഡിയ
ഫ്രണ്ടിന്റെ കഥ സൊല്ലട്ടുമ്മ...
സമൂഹമാധ്യമങ്ങളില്‍ സജീവമായ വീട്ടമ്മയുമായി മുന്‍പരിചയം ഒന്നുമില്ലാത്ത ഒരാള്‍ സംശയങ്ങള്‍ക്കൊന്നും ഇടനല്‍കാതെ അടുപ്പം സ്ഥാപിക്കുന്നു. തുടര്‍ന്നുള്ള ഇവരുടെ സംസാരത്തിനിടയില്‍ വീട്ടമ്മയുടെ പക്കല്‍ പണം ഉണ്ടെന്നു മനസിലാക്കിയ സോഷ്യല്‍ മീഡിയ ഫ്രണ്ട് പിന്നീടങ്ങോട്ട് നീങ്ങിയത് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തിലാണ്.
വീട്ടമ്മയുടെ പൂര്‍ണവിശ്വാസം പിടിച്ചുപറ്റിയ ഇയാള്‍ 15 കോടി രൂപ സമ്മാനം ലഭിച്ചിട്ടുണ്ടെന്നും ഇതു ലഭിക്കുന്നതിന് കുറച്ച് പണം നല്‍കണമെന്നും അറിയിച്ചു. 15 കോടി എന്നു കേട്ടതോടെ വീട്ടമ്മ കൊടുത്തത് 11 ലക്ഷം രൂപയാണ്. ഇത്രയും തുക ലഭിച്ചിട്ടും 15 കോടി കിട്ടാന്‍ വീണ്ടും പണം നല്‍കണമെന്ന് അറിഞ്ഞതോടെയാണ് 15 കോടിയോ തന്റെ 11 ലക്ഷമോ ഇനി തിരിച്ചുകിട്ടാന്‍ പോകുന്നില്ലെന്ന് വീട്ടമ്മയ്ക്കു മനസിലായത്.
ഇതിനുശേഷം പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍നിന്നിറങ്ങിയ വീട്ടമ്മ പത്ത് ദിവസത്തെ ആശങ്ക അവസാനിപ്പിച്ച് കഴിഞ്ഞദിവസമാണ് വീട്ടില്‍ തിരിച്ചെത്തിയത്. കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തി ദമ്പതിമാര്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പാക്കെണിയായിരുന്നു.
സൈബര്‍ തട്ടിപ്പ് സംഘത്തിന്റെ ഏറ്റവും പുതിയ തട്ടിപ്പ് രീതികളിലൊന്നാണ് അടുത്തിടെ കൊച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസില്‍ സംഭവിച്ചത്. വെര്‍ച്വല്‍ കോടതിയില്‍ ഹാജരാക്കി വിചാരണ ചെയ്യുകയും പണം ആവശ്യപ്പെടുകയുമായിരുന്നു.
19,927 പരാതികള്‍; നഷ്ടം 380 കോടിയോളം രൂപ
സംസ്ഥാനത്ത് കഴിഞ്ഞ എട്ടു മാസത്തിനിടെ ഓണ്‍ലൈന്‍ സാമ്പത്തികതട്ടിപ്പില്‍ നഷ്ടമായത് 380 കോടിയോളം രൂപ. രാജ്യത്തുതന്നെ ഏറ്റവും വലിയ തട്ടിപ്പ് ഈ കാലയളവില്‍ രജിസ്റ്റര്‍ ചെയ്തതും കേരളത്തില്‍ തന്നെ. തട്ടിപ്പില്‍ നഷ്ടപ്പെട്ട 54.79 കോടി രൂപ ആറു മാസത്തിനിടെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തിന് തിരിച്ചുപിടിക്കാനായി.
19,927 പരാതികളാണ് ഈ കാലയളവില്‍ കേരള പോലീസിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിനു ലഭിച്ചത്. പരാതികളിലേറെയും മലപ്പുറം ജില്ലയില്‍നിന്നാണ്. ഇവിടെനിന്ന് 2,892 പരാതികളാണുണ്ടായത്. തൊട്ടുപിന്നില്‍ എറണാകുളം സിറ്റിയാണ്. 2,268 പരാതികള്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട്ട് 2,226 പരാതികള്‍ റിപ്പോര്‍ട്ട് ചെയ്തു. കുറവു പരാതികള്‍ വയനാട് ജില്ലയില്‍നിന്നാണ്. 137 പരാതികള്‍ മാത്രമാണ് ഇവിടെനിന്ന് റിപ്പോര്‍ട്ട് ചെയ്തത്.
(തുടരും)