മണിപ്പുരിൽ സമാധാനവഴി തെളിഞ്ഞില്ല
നിരേന്ദ്രദേവ്
Friday, September 26, 2025 12:25 AM IST
മാധ്യമങ്ങൾ എപ്പോഴും ശ്രദ്ധിക്കുന്നത് പുതുമയുള്ള കാര്യങ്ങളിലാണ്. എന്നാൽ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും, വിശേഷിച്ച് മണിപ്പുരിനെക്കുറിച്ചും ആർജവത്തോടെ വിശകലനം ചെയ്യണമെങ്കിൽ അതിന്റെ സമീപ ഭൂതകാലത്തേക്ക് തിരിഞ്ഞുനോക്കാതെ വയ്യ. 2023ൽ വാർത്തകളിൽ നിറഞ്ഞ സംസ്ഥാനത്ത് ഏറ്റവും പ്രധാനമായത് മനുഷ്യഘടകമാണ് (Human Quotient). കൂടാതെ, ജനങ്ങളുടെ സ്വത്വവും ഭൂമിയും പ്രധാന പ്രശ്നങ്ങളാണ്.
മണിപ്പുരിലെ അക്രമം ഉച്ചസ്ഥായിയിലെത്തിയപ്പോൾ ആഭ്യന്തരമന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയത് മ്യാൻമറിൽനിന്നുള്ള കുക്കി ഗോത്രവർഗക്കാരുടെ വരവിനെയാണ്. കുക്കികളുടെ വരവ് മെയ്തെയ്കൾക്കിടയിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചതായി 2023 ഓഗസ്റ്റ് ഒന്പതിന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു. കുക്കികളും സോ വംശജരും ക്രൈസ്തവരാണ്. അതേസമയം, മണിപ്പൂരിനകത്തും പുറത്തുമുള്ള മെയ്തെയ് വംശജരിൽ ഭൂരിഭാഗവും ഹിന്ദുക്കളാണ്.
കുക്കി-മെയ്തെയ് വംശീയസംഘർഷത്തിൽ ഹിന്ദു-ക്രിസ്ത്യൻ ഘടകങ്ങളും പങ്കു വഹിച്ചെന്ന് പലരും മുൻകാലത്തു പറഞ്ഞിട്ടുണ്ട്. പള്ളികൾ കത്തിക്കുകപോലും ചെയ്തു.
വടക്കുകിഴക്കൻ മേഖലയിൽ, നാഗാലാൻഡിലും മിസോറമിലും 87 ശതമാനത്തിലധികം പേർ ക്രൈസ്തവരാണ്. മണിപ്പുരിൽ 41 ശതമാനം, അരുണാചൽ പ്രദേശിൽ 30 ശതമാനം എന്നിങ്ങനെയുമാണ് ക്രൈസ്തവരുള്ളത്. 2023 മേയിൽ മണിപ്പുരിൽ അക്രമം തുടങ്ങിയപ്പോൾ അധികാരത്തിലിരുന്ന മുഖ്യമന്ത്രി മെയ്തെയ് ഹിന്ദുവായിരുന്നു- എൻ. ബിരെൻ സിംഗ്.
മ്യാൻമറുമായുള്ള അതിർത്തിയിൽ വേലി കെട്ടണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നത്രെ. ഇത് ആഭ്യന്തരമന്ത്രി അമിത് ഷാ അംഗീകരിക്കുകയും ചെയ്തു. നാഗാലാൻഡും മിസോറമും ഇതിനെതിരേ രോഷാകുലരായി പ്രതികരിച്ചു. ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് 2023 നവംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മണിപ്പുർ കലാപത്തിലെ കുക്കികളുടെ യാതനയ്ക്ക് വില കൊടുക്കുകയും ചെയ്തു. കുക്കികളും മിസോകളും തമ്മിൽ വംശീയബന്ധമുള്ളതിനാൽ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രതികരണം സ്വാഭാവികമായിരുന്നു.
2023ലെ മിസോറം നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണത്തിനെത്തിയില്ല. അതുപോലെ 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണിപ്പുരിലും മിസോറമിലും അദ്ദേഹം വന്നില്ലെന്നതും ശ്രദ്ധേയമായി. കുക്കികൾക്കും സോ വംശജർക്കും മിസോകളുമായുള്ള വംശീയബന്ധം അത്രയും ശക്തമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടാണ് ബിജെപിയുടെ ഇലക്ഷന് മാനേജർമാർ പ്രധാനമന്ത്രിയോട് മിസോറമിൽ പോകേണ്ടെന്ന് ഉപദേശിച്ചത്.
യഥാർഥത്തിൽ, 2023 മേയിൽ കലാപം തുടങ്ങിയതിൽപ്പിന്നെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശനം ഒഴിവാക്കുകയായിരുന്നു. ഒടുവിൽ ഈ മാസം 13നാണ് അദ്ദേഹം മണിപ്പുരിലെത്തിയത്. സമാശ്വാസകേന്ദ്രങ്ങളിലെ അന്തേവാസികളെ കണ്ട അദ്ദേഹം ചില പദ്ധതികൾ ഉദ്ഘാടനം ചെയ്യുകയും രണ്ടു റാലികളെ അഭിസംബോധന ചെയ്യുകയുമുണ്ടായി. ഈ റാലികളിലൊന്ന് കുക്കി ശക്തികേന്ദ്രമായ ചുരാചന്ദ്പുരിലും മറ്റൊന്ന് മെയ്തെയ് കോട്ടയും തലസ്ഥാനവുമായ ഇംഫാലിലുമായിരുന്നു.
പ്രധാനമന്ത്രിയുടെ ഹ്രസ്വസന്ദർശനത്തിൽ കാര്യമായൊന്നും ഇല്ലായിരുന്നു എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഓക്രം ഇബോബി സിംഗ് പറഞ്ഞത്.
എന്നാൽ, സമാധാനത്തിനുള്ള മാർഗരേഖയൊന്നും പ്രധാനമന്ത്രി പങ്കുവച്ചില്ലെന്ന് ആരോപിക്കാനും വാദിക്കാനും എളുപ്പമാണ്. മണിപ്പുർ പോലൊരു സംസ്ഥാനത്ത് ഏതെങ്കിലുമൊരു ദേശീയനേതാവിന് എളുപ്പത്തിലൊരു പരിഹാരവും സമാധാനവും സാധ്യമാകുമെന്ന് കരുതുക അസാധ്യം തന്നെയാണ്.
‘നമ്മളും അവരും’ മനോഭാവം എല്ലാ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പൊതുവായുള്ളതാണ്. അതിനാൽ ഡൽഹിയിൽനിന്നുള്ള ഒരു പറക്കൽകൊണ്ട് സമാധാനവഴികൾ തുറക്കാമെന്നത് വന്യഭാവന മാത്രമാണ്.
അവർക്ക് അങ്ങേയറ്റം ചെയ്യാനാകുന്നത് വികസനപദ്ധതികൾ പ്രഖ്യാപിക്കുകയാണ്; എന്നിട്ടതിനെ സമാധാനത്തിനുള്ളൂ ഉപകരണമാക്കുക. 2023 മേയിലെ പോരാട്ടങ്ങൾക്ക് മുന്പുതന്നെ ഈ വികസനപ്രതിഭാസം സംസ്ഥാനത്തെ ബാധിച്ചിട്ടുണ്ട്. ഒന്നിലേറെ മേഖലകളിൽ അതിശയകരമായ പുരോഗതിയുമുണ്ടായി. കുറച്ചുകാലമായി ‘സമാധാനത്തിന്റെ ദ്വീപ്’ ആയി ഉയർത്തിക്കാട്ടിയിരുന്ന മണിപ്പുർ, ബിജെപിയുടെ ‘ഇരട്ട എൻജിൻ’ സർക്കാരിനു കീഴിൽ വികസനത്തിന്റെ പുതുവഴികളിലേക്കു നടന്നിട്ടുണ്ട്. ഒട്ടേറെ നിക്ഷേപങ്ങളും സംസ്ഥാനത്തുണ്ടായി. എന്നാൽ, ആ ശ്രമങ്ങളെല്ലാം പാഴായി. യാത്ര പാളംതെറ്റുകയും ചെയ്തു.
നാഗന്മാരുടെ പ്രശ്നങ്ങൾ
മണിപ്പുരിലെ നാഗന്മാർക്ക് അവരുടേതായി പരാതിക്കഥകളുണ്ട്. കൊട്ടിഘോഷിക്കപ്പെട്ട നാഗാ സമാധാനചർച്ച തികഞ്ഞ അനിശ്ചിതത്വത്തിലാണ്. നാഗാ കലാപം തീർക്കാൻ എന്താണു കൈയിലുള്ളതെന്ന് ആർക്കുമറിയില്ല. ശക്തമായ ഒരു നാഗാ തീവ്രവാദി സംഘം തൊണ്ണൂറുകളിലെ പഴയ കലാപത്തെ പുനരുജ്ജീവിപ്പിച്ചേക്കാമെന്നാണ് സുരക്ഷാ സേനകളിൽനിന്നുള്ള റിപ്പോർട്ട്. നാഗാ പ്രദേശങ്ങളോടു ചേർന്നയിടങ്ങളിൽ ‘അഖണ്ഡത’ വേണമെന്ന് നാഗാ ഗോത്രവർഗക്കാർക്കിടയിൽ പ്രവർത്തിക്കുന്ന വിമത സായുധഗ്രൂപ്പായ എൻഎസ്സിഎൻ-ഐഎം പറയുന്പോൾ, നാഗന്മാരും മെയ്തെയ്കളും പരസ്പരം അവിശ്വസിക്കുന്നു.
രാജ്യാന്തര അതിർത്തി പരിപാലനം
‘രാജ്യസുരക്ഷ ഉറപ്പാക്കുന്നതിനും മ്യാൻമറുമായി അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ജനസംഖ്യാ ഘടന നിലനിർത്തുന്നതിനുമായി’ ഇന്ത്യയും മ്യാൻമറും തമ്മിലുള്ള എഫ്എംആർ (Free Movement Regime) റദ്ദാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2024 ജനുവരിയിൽ തീരുമാനിച്ചു.
ഇന്ത്യയു മ്യാൻമറും തമ്മിലുള്ള 1643 കി.മീ അതിർത്തിയിൽ താമസിക്കുന്ന ഗോത്രവർഗക്കാരെ പരസ്പരം വീസയില്ലാതെ യാത്രചെയ്യാൻ അനുവദിക്കുന്ന ഉഭയകക്ഷി ക്രമീകരണമായിരുന്നു എഫ്എംആർ. അതിർത്തിക്കിരുവശവുമുള്ള സമുദായങ്ങൾ തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവും കുടുംബപരവുമായ ബന്ധം നിലനിർത്താനാണ് ഇതാരംഭിച്ചത്.
എഫ്എംആർ റദ്ദാക്കലിനെ നാഗന്മാരും മോസോകളും ശക്തമായി എതിർത്തു. ന്യൂഡൽഹിയിലെ ഭരണക്കാർ അതിർത്തികളിൽ കുടുംബങ്ങളെ ഭിന്നിപ്പിക്കുകയാണ്. എഫ്എംആർ ഒഴിവാക്കുന്നതിനെ ന്യായീകരിക്കാൻ സുരക്ഷയെ കൂട്ടുപിടിക്കുന്നു.
ചുരുക്കത്തിൽ
മണിപ്പുർ നിലവിൽ പ്രസിഡന്റ് ഭരണത്തിലാണ്. കാര്യങ്ങളുടെ അവസാനമെന്തെന്നറിയാൻ ബന്ധപ്പെട്ടവർക്കെല്ലാം ക്ഷമ, കഠിനാധ്വാനം, ശരിയായ ന്യായബോധം എന്നീ മൂന്നു ഗുണങ്ങളുണ്ടായിരിക്കണം. ശരിയായ സന്തുലിതാവസ്ഥയുണ്ടായില്ലെങ്കിൽ പ്രധാനമന്ത്രിയുടെ പ്രസ്താവനകളും വാക്ചാതുര്യവും വെറും വാചകക്കസർത്തു മാത്രമായി അവശേഷിക്കുമെന്ന് നിരീക്ഷകർ മുന്നറിയിപ്പു നല്കുന്നു.
കുക്കികൾക്കും മെയ്തെയ്കൾക്കും പരസ്പരം വിശ്വസിക്കാനാകുന്നില്ല. മെയ്തെയ് നിയന്ത്രിത ഭരണകൂടം തങ്ങളോട് വിവേചനം കാണിക്കുന്നതായി കുക്കികൾ പറയുന്നു. തങ്ങളുടെ ഗുരുതരമായ പരാതികൾ കേന്ദ്രം അവഗണിക്കുന്നതായി മെയ്തെയ്കളും പറയുന്നു.
അവസാനമായി നമുക്കൊന്നു പറയാം. ജനങ്ങളുടെ ദുരവസ്ഥ മനസിലാക്കുന്ന നല്ലൊരു നേതൃത്വം മണിപ്പുരിന് ആവശ്യമാണ്. എന്നാൽ പകുതി വിശുദ്ധമായിരിക്കുന്നതിനൊപ്പം ഭരണകൂടം തെറ്റു ചെയ്യുന്നവരോട് നിർദാക്ഷിണ്യം പെരുമാറണം. നിയമവാഴ്ച തിരിച്ചുവരണം.
വംശീയ അകൽച്ച പഴയപടിതന്നെ
സമാധാനത്തിനുള്ള ഏതെങ്കിലും മാന്ത്രിക സൂത്രവാക്യവുമായി മോദി വരുമെന്ന പ്രതീക്ഷ തകർന്നുവെന്നത് വസ്തുതയാണ്. കുടിയൊഴിക്കപ്പെട്ട് 28 മാസമായി ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയുന്ന മെയ്തെയ്, കുക്കി വിഭാഗങ്ങളിൽപ്പെട്ട മനുഷ്യരെ പുനരധിവസിപ്പിക്കാൻ പ്രധാനമന്ത്രി ഒന്നും കൊണ്ടുവന്നില്ലെന്ന് മുൻ മുഖ്യമന്ത്രി ഇബോബി പറഞ്ഞു. നിരവധി കുക്കികൾ മിസോറമിൽ അഭയം തേടിയിട്ടുണ്ട്.
പഴയതും വിവാദവിഷയവുമായ ഒരാവശ്യം വീണ്ടും ഉയർന്നുവന്നു എന്നത് സ്ഥിതി അതിലും വഷളാക്കി. മണിപ്പുർ വിഭജിച്ച് പുതിയ കേന്ദ്രഭരണപ്രദേശം സ്ഥാപിക്കണമെന്ന് ബിജെപിയുടേതടക്കമുള്ള കുക്കി എംഎൽഎമാർ ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ സന്ദർശനം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ, ഈ മാസം 19ന്, പ്രളയ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞു മടങ്ങുകയായിരുന്ന ആസാം റൈഫിൾസിന്റെ വാഹനവ്യൂഹത്തെ മെയ്തെയ് തീവ്രവാദികളെന്നു കരുതുന്നവർ ആക്രമിച്ചു. രണ്ട് സൈനികർ ജീവത്യാഗം ചെയ്തു. മറ്റു നാലുപേർക്കു പരിക്കേറ്റു. വിദഗ്ധ വിശകലനമനുസരിച്ച്, ഇത് ഒരു പട്ടാളവ്യൂഹത്തിനു നേരേ മാത്രമുള്ള ആക്രമണമല്ല. പ്രധാനമന്ത്രിയുടെ സന്ദർശനത്തിലും അദ്ദേഹം കുക്കികൾക്കു നല്കിയെന്നു കരുതപ്പെടുന്ന പ്രാധാന്യത്തിലും താഴ്വരയിലെ ചിലർ സന്തുഷ്ടരല്ല എന്ന സന്ദേശമാണതു നല്കുന്നത്.
ഭാഗ്യമെന്നു പറയട്ടെ, സമൂഹം പൊതുവെയും മണിപ്പുരിലെ മറ്റു ജനങ്ങളും സന്ദർഭത്തിനൊത്തുയർന്നു. അടുത്ത ദിവസം, ആസാം റൈഫിൾസിനെതിരേയുണ്ടായ ആക്രമണത്തെ അപലപിച്ച് സംസ്ഥാനവ്യാപകമായി പ്രതിഷേധമുണ്ടായി.
(വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചും നയതന്ത്രത്തെക്കുറിച്ചും എഴുതുന്ന, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ജേർണലിസ്റ്റാണ് ലേഖകൻ)